ADVERTISEMENT

ജോമോനും വറീതും പിന്നെ കുറച്ചു വളർത്തുജീവികളും –5 

"നമ്മുടെ നാട്ടിൽ നല്ല ഇനം മുയലുകളെയും ചെറിയ ഇനം മുയലുകളെയും ലഭിക്കും. നല്ല ഇനം എന്നു പറഞ്ഞത് വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലൻഡ് വൈറ്റ്, സോവിയറ്റ് ചിഞ്ചില എന്നിവയാണ്. ഈ ഇനങ്ങളെയാണ് പ്രധാനമായും ഇറച്ചിയാവശ്യത്തിന് വാണിജ്യാടിസ്ഥാനത്തിൽ വളർത്തിവരുന്നത്. ഇതുകൂടാതെ അങ്കോറ പോലെയുള്ളവും ചെറിയ തോതിലുണ്ട്. പ്രധാനമായും ഇറച്ചിയാവശ്യം ലക്ഷ്യമിട്ട് ആദ്യം പറഞ്ഞ നാലിനവും അവയുടെ ക്രോസ് ബ്രീഡുകളുമാണ് ഇന്ന് വിപണിയിലെ താരങ്ങൾ. അതേസമയം, ശരാശരി രണ്ട് കിലോ തൂക്കമുള്ള മുയലുകളും നമ്മുടെ നാട്ടിൽ ലഭ്യമാണ്. എന്നാൽ അതിന് തീറ്റ നൽകുന്നതനുസരിച്ചുള്ള തൂക്കം ലഭിക്കില്ലാത്തതിനാൽ എല്ലാവരും ഉപേക്ഷിച്ചുതുടങ്ങിയിട്ടുണ്ട്."– ജോമോൻ പറഞ്ഞു.

"അപ്പോൾ തീറ്റ കൊടുക്കുന്നതിനനുസരിച്ചുള്ള തൂക്കം കിട്ടണമല്ലേ?" വറീത്

"അതേ വറീതേട്ടാ... അല്ലെങ്കിൽ മുതലാവില്ല. അതുകൊണ്ടുതന്നെ മികച്ച തീറ്റപരിവർത്തനശേഷിയുള്ള മുയലുകളെ വളർത്തി പ്രോട്ടീൻ കൂടുതലുള്ള തീറ്റ നല്കണം. അതാണ് ഞാൻ മുജീബ് റഹ്‌മാന്റെ ഫീഡിംഗ് ഫോർമുല പിന്തുടരുന്നു എന്ന് പറഞ്ഞത്."–ജോമോൻ പറഞ്ഞു.

"അപ്പോൾ ആ ഫോർമുലയിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളത്?"–വറീതിന് അറിയാൻ തോന്നി.

"ചോളപ്പൊടി (24%), സോയ തവിട് (24%), സോയ പിണ്ണാക്ക് (15%), എള്ളുംപിണ്ണാക്ക് (10%), അരിത്തവിട് (8%), ഉപ്പ് (0.5%), മിനറൽ മിക്സ് (0.5%), മൊളാസസ് (10%), ടെഫ്രോളി പൗഡർ (1000 കിലോഗ്രാം തീറ്റയ്ക്ക് 400 ഗ്രാം) എന്നിവ ചേർത്ത് തീറ്റ തയാറാക്കാം. മുയലുകളുടെ എണ്ണമനുസരിച്ച് മിക്സ് ചെയ്ത് എടുക്കുന്നതാണ് നല്ലത്. മാത്രമല്ല നല്ല ഇനം മുയലുകളല്ലെങ്കിൽ ഇത് നഷ്ടവുമാണ്."–ജോമോൻ പറ‍ഞ്ഞു.

"ജോമോനെ മുയലുകൾ പ്രസവിക്കുമ്പോൾ കുഞ്ഞുങ്ങളെ തിന്നുമെന്ന് പറയുന്നത് ശരിയാണോ?"

"തിന്നില്ല എന്നു ഞാൻ പറയില്ല. പക്ഷേ, വളരെ ചുരുക്കം മുയലുകൾ മാത്രമേ ആ അവസ്ഥയിലേക്ക് എത്തു. അതായത് വിറ്റാമിൻ കുറവോ, ഗർഭകാലത്തെ സമ്മർദമോ ഇതിനു കാരണമാകാം. മാത്രല്ല ഗർഭകാലത്ത് മറ്റു മുയലുകൾ കൂടെയുണ്ടെങ്കിലും ഇത് സംഭവിക്കാം."

"അതല്ല എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ മുയൽ പ്രസവിച്ചിട്ട് നാലു ദിവസം തള്ളമുയൽ പാൽ കൊടുക്കുന്നുണ്ടായിരുന്നു. അഞ്ചാം ദിവസം നോക്കുമ്പോൾ കുഞ്ഞുങ്ങളെ തള്ള തിന്നു. കുഞ്ഞുങ്ങളുടെ അവശിഷ്ടം കൂട്ടിൽ കിടക്കുന്നുണ്ടായിരുന്നുവെന്ന്."

"നാലു ദിവസം കുഞ്ഞുങ്ങളെ പാലൂട്ടിയ തള്ള ഒരിക്കലും അവയെ പിടിച്ചു തിന്നില്ല. തിന്നുമെങ്കിൽ പ്രസവസമയത്ത് മാത്രമേ ഉണ്ടാകൂ. വറീതേട്ടൻ പറ‍ഞ്ഞ കാര്യത്തിൽ എലികൾ ആക്രമിച്ചതാവാനാണ് സാധ്യത. രാത്രിയിൽ കൂടുകളിൽ കടന്ന് കുഞ്ഞുങ്ങളെ എലികൾ തിന്നുന്നത് ഒരുപാട് പേർക്ക് സംഭവിച്ചിട്ടുണ്ട്. എലികൾ കടക്കാത്ത വിധത്തിൽ കൂടുകൾ ക്രമീകരിക്കണം. ആ, പിന്നെ ഒരു കാര്യംകൂടിയുണ്ട് മുയലുകൾ പ്രസവശേഷം മറുപിള്ള കഴിക്കും. അതുകണ്ട് ചിലർ കുഞ്ഞുങ്ങളെ തിന്നുന്നതാണെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്."

തുടരും (1–11–2019)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com