ADVERTISEMENT

ഇറച്ചിക്കോഴികളിൽ വളർച്ചയ്ക്ക് ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം നാട്ടിൽ ഏറെ കാലമായുണ്ട്. ചുരുങ്ങിയ നാളുകൾക്കൊ‌ണ്ട് അതായത് ആറാഴ്ചകൊണ്ട് രണ്ടു കിലോയോളം തൂക്കം വയ്ക്കുന്നതാണ് ഈ പ്രചാരണങ്ങൾക്കൊക്കെ കാരണം. എത്ര നല്ല തീറ്റ നൽകിയാലും ഇറച്ചിക്കോഴികൾ വളരുന്നതുപോലെ നാടൻ കോഴികൾ വളരുന്നില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറച്ചിക്കോഴി വിരോധികളുടെ ആരോപണം. എന്നാൽ, മികച്ച തീറ്റപരിവർത്തനശേഷിയുള്ള ഇനങ്ങളെ ഉരുത്തിരിച്ചെടുത്ത് അവയ്ക്ക് മികച്ച തീറ്റ നൽകി വളർത്തുന്നതാണ് ചുരുങ്ങിയ നാളുകൾക്കൊണ്ട് വളർച്ച കൈവരിക്കുന്നതിനു കാരണം. വളർച്ചയുടെ ആദ്യ നാളുകളിൽ അതായത് അഞ്ച് ആഴ്ച വരെ ഇറിച്ചിക്കോഴികൾക്ക് പ്രോ‌ട്ടീൻ കൂടുതലും ഊർജം കുറവുമുള്ള സ്റ്റാർട്ടർ ഫീഡ് ആണ് നൽകുക. അതിനുശേഷം കശാപ്പുവരെ പ്രോട്ടീൻ കുറവും ഊർജം കൂടുതലുമുള്ള ഫിനിഷർ ഫീഡും നൽകും.

ഹോർമോണും ആന്റിബയോട്ടിക്കും കൂടാതെ ഇറച്ചിക്കോഴി കഴിച്ചാൽ ഹാർട്ട് അറ്റാക്ക് വരും എന്നും വാദിക്കുന്നവരുണ്ട്. ചില കോഴികൾ പെട്ടെന്ന് ചത്തുവീഴുന്നതാണ് ഇതിനായി അവർ ചൂണ്ടിക്കാണിക്കുന്നത്. ഹാർട്ട് അറ്റാക്ക് വന്നതാണെ‌ന്നാണ് കണ്ടുപിടിത്തം. എന്നാൽ, ഇറച്ചിക്കോഴികളിൽ സ‍ഡൻ ഡെത്ത് സിൻഡ്രോം (sudden death syndrome) എന്നൊരു അവസ്ഥയുണ്ട്. രണ്ടു ദിവസം പ്രായമുള്ളപ്പോൾ മുതൽ അതിന്റെ വളർച്ചാകാലത്തിൽ എപ്പോൾ വേണമെങ്കിലും പെട്ടെന്നുള്ള മരണം ഉണ്ടായേക്കാം. മാത്രമല്ല പൂവൻകോഴികളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. 

ഇറച്ചിക്കോഴികളിൽ മാത്രമല്ല വീടുകളിൽ സാധാരണ ചെറിയ കൂടുകളിൽ അന്നജം കൂടിയ തീറ്റ നൽകി വളർത്തുന്ന കോഴികൾക്കും സ‍ഡൻ ഡെത്ത് സിൻഡ്രോം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ അവയ്ക്ക് തീറ്റ നൽകുമ്പോഴും ശ്രദ്ധ വേണം.

പെട്ടെന്നുള്ള മരണത്തിന് കാരണമൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും വിറ്റാമിൻ കുറവ്, ഭയം, തീവ്രത കൂടിയ പ്രകാശം എന്നിവയൊക്കെ ഇതിനു കാരണമായി കരുതപ്പെടുന്നത്. കൂ‌ടിനുള്ളിലെ പ്രകാശം കുറയ്ക്കുക, പെട്ടെന്നുള്ള പേടി ഉണ്ടാവാതെ ശ്രദ്ധിക്കുക എന്നിവയിലൂടെ സ‍ഡൻ ഡെത്ത് സിൻഡ്രോം നിയന്ത്രിക്കാവുന്നതാണ്.

കോഴികളിലെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് ഡോ. മരിയ ലിസ മാത്യു പറയുന്നത് ശ്രദ്ധിക്കൂ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com