ADVERTISEMENT

ഭീകരസംഘടനാ തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ പിടികൂടാൻ യുഎസ് സൈന്യത്തോടൊപ്പം പോയി താരമായ ബെൽജിയൻ മലിനോയ്‍സ് ഇനം നായ്ക്കൾ കേരള പൊലീസിലേക്കും. ഈ ഇനത്തിലെ 5 നായ്ക്കുട്ടികൾ അടക്കം 15 എണ്ണത്തിനെ പൊലീസ് ഡോഗ് സ്ക്വാഡ് വാങ്ങും. മാവോയിസ്റ്റുകളെ തിരയുന്നതിന് ഉൾപ്പെടെ ലക്ഷ്യമിട്ടാണു ബെൽജിയൻ മലിനോയ്‍സ് നായ്ക്കളെ വാങ്ങുന്നത്. 

ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ ബഗ്ദാദിയെ ഒളിത്താവളത്തിൽ വളഞ്ഞ യുഎസ് സൈനിക സംഘത്തിലുണ്ടായിരുന്ന കോനൻ എന്ന നായ ചെയ്ത സേവനങ്ങളെപ്പറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണു വെളിപ്പെടുത്തിയത്. തുടർന്ന് ഈ ഇനം നായയുടെ വില കുതിച്ചുയർന്നു. ഇവയുടെ ബുദ്ധിശക്തിയും താരത്തിളക്കവും ബോധ്യപ്പെട്ടാണു എഡിജിപി ടോമിൻ തച്ചങ്കരിയുടെ സംഘം പഞ്ചാബ് കെനൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഇവയെ വാങ്ങുന്നത്. ബറ്റാലിയൻ എഡിജിപി എന്ന നിലയിൽ തച്ചങ്കരിയുടെ കീഴിലാണു ഡോഗ് സ്ക്വാഡ്.

ഏകദേശ വില 90,000 

45 ദിവസം പ്രായമുള്ള ഒരു ബെൽജിയൻ മലിനോയ്‍സ് നായ്ക്കുട്ടിയുടെ ഏകദേശ വില 90,000 രൂപയാണ്. ബെൽജിയൻ മലിനോയ്‍സ്–5, ലാബ്രഡോർ–5, ബീഗിൾസ് –5 എന്നീ ഇനങ്ങളാണു വാങ്ങുന്നതെന്ന് തച്ചങ്കരി മനോരമയോടു പറഞ്ഞു.  ശരാശരി വില 30,000 മുതൽ 90,000 രൂപ വരെ. ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിയാണു അന്തിമ വില അംഗീകരിക്കുന്നത്. പഞ്ചാബ് കെനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കഴിഞ്ഞ വർഷം 9 ലാബ് ഇനം നായ്ക്കുട്ടികളെ വാങ്ങിയിരുന്നു. ഇതിനു പുറമേ 6 എണ്ണം ഊട്ടിയിൽ നിന്നു വാങ്ങും.

വേണ്ടി വന്നാൽ കടിച്ചു കുടയും

മണം പിടിക്കാനുള്ള ശക്തിക്കു പുറമേ ആക്രമണകാരി കൂടിയാണു ബെൽജിയൻ മലിനോയ്‍സ്. ഏറ്റുമുട്ടൽ സ്ഥലങ്ങളിൽ മിക്കപ്പോഴും ഇത്തരം നായ്ക്കളെയാണു സേന ആദ്യം വിടുക. സ്പെഷൽ പ്രൊട്ടക്​ഷൻ ഗ്രൂപ്പ്, ദേശീയ അന്വേഷണ ഏജൻസി, സിബിഐ എന്നീ സേനാ വിഭാഗങ്ങൾക്കെല്ലാം ബെൽജിയൻ മലിനോയ്‍സ് നായ്ക്കളുണ്ട്. കേരള പൊലീസിൽ ചേരുന്ന പുതിയ നായ്ക്കുട്ടികൾക്കു പഞ്ചാബിലോ തൃശൂർ പൊലീസ് അക്കാദമിയിലോ ഒരു വർഷത്തെ പരിശീലനം നൽകും. 2 വർഷം പ്രവൃത്തിപരിചയം. മൂന്നാം വർഷം സേനയിൽ ചേർക്കും. 

ആകെ 129 നായ്ക്കൾ

സേനയിൽ നിലവിൽ 129 നായ്ക്കളാണുള്ളത്. മറ്റിനം നായ്ക്കളെ ട്രാക്കർ വിഭാഗത്തിലാണു കുടുതൽ ഉപയോഗിക്കുക. സ്ഫോടക വസ്തുക്കൾ, ലഹരി വസ്തുക്കൾ, കുഴിബോംബുകൾ എന്നിവയെല്ലാം മണത്തു കണ്ടുപിടിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com