ADVERTISEMENT

 

അരുമകളോടുള്ള അടങ്ങാത്ത അഭിനിവേശം, വളരുന്ന പെറ്റ് വിപണിണങ്ങിയ പുത്തൻ ആശയങ്ങൾ, സ്വപ്നം കാണുന്ന മനസ്; ഈ മൂലധനത്തിൽ അരുമകളെയും, ഉടമകളെയും ലക്ഷ്യംവച്ച സ്റ്റാർട്ടപ് സംരംഭങ്ങൾ ഇന്ത്യയിലും ചുവടുറപ്പിച്ചിരിക്കുകയാണ്. 

സ്റ്റാർട്ടപ്പുകൾ വളരുന്ന വിപണിയിൽ  അരുമകൾക്ക് ഉടമകളല്ല പകരം രക്ഷകർത്താക്കളാണ് ഉള്ളതെന്ന (pet parents) വിപണിമന്ത്രം ശ്രദ്ധിക്കുക. ഒരു വെബ് പോർട്ടൽ സന്ദർശനം, കംപ്യൂട്ടർ  മൗസിലെ ഒരു ക്ലിക്ക്, സ്മാർട്ട് ഫോണിലെ ഒരു ആപ്ലിക്കേഷൻ, ഒരു ഫോൺവിളി മതിയാകും അരുമയുടേയും, രക്ഷകർത്താവിന്റേയും ആവശ്യം നിറവേറ്റുന്ന  സേവനം വീട്ടിലെത്താൻ. ഇന്ത്യയിലെ പെറ്റ് വിപണിയിൽ കാലുറപ്പിക്കുന്ന ചില സ്റ്റാർട്ടപ്പുകളുടെ പിന്നിലെ ആശയങ്ങൾ നോക്കുക, മറ്റാരും  ചിന്തിക്കാത്ത വഴിയേ നടന്നവയാണ് ഇവയിൽ മിക്കവരും. അതുതന്നെ അവരുടെ വിജയരഹസ്യം. 

ആരോഗ്യം അതുക്കും മീതെ

പൊണ്ണത്തടി കുറയ്ക്കാം, ക്യാൻസർ മാറ്റാം, ഷുഗറിനെ പമ്പ കടത്താം... ഇത്തരം പരസ്യങ്ങൾക്ക്  എന്നും ആവശ്യക്കാരുണ്ട്. നിങ്ങളുടെ അരുമയെ ഞങ്ങൾ കരുതുമെന്ന പ്രഖ്യാപനം കൂടിയായാൽ പൂർണ്ണമായി അരുമയുടേയും, ഉടമയുടേയും ആരോഗ്യസംരക്ഷണമാണ് സർവ്വധനാൽ പ്രധാനം എന്നു കരുതുന്ന പുത്തൻ കാലത്ത്, ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ കൂട്ടുകൂടാൻ ഒരു സംരംഭവുമുണ്ടെങ്കിൽ കൊള്ളാം അല്ലേ ? ഈ കണക്കുകൂട്ടലാണ് വിവാൾഡിസ് (Vivaldis Health  and Foods) പോലെയുള്ള ആരോഗ്യപരിപാലന ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായുള്ള  സ്റ്റാർട്ടപ്പുകളുടെ ജനനം. ഓർക്കുക ഇന്ത്യയിലെ അരുമമൃഗങ്ങളിൽ 40 ശതമാനത്തോളം ജീവിതശൈലീ രോഗങ്ങളുടെ ഭീഷണിയിലാണ്.  പൊണ്ണത്തടി, പ്രമേഹം, അർബുദം, സന്ധിവാതം, ആമാശയ രോഗങ്ങൾ, കരൾ, വൃക്ക രോഗങ്ങൾ തുടങ്ങിയവയെ നേരിടാൻ സഹായിക്കുന്ന ഉൽപന്നങ്ങളുടെ വിപണി സാധ്യത ഏറെയാണ്. അരുമയുടെ  ആരോഗ്യസംരക്ഷണത്തിന്  ഞങ്ങൾ കൂടെയുണ്ട് എന്നു പറയുന്ന കരുതലും, കേവലം  മരുന്നുകളേക്കാൾ  ജീവിതശൈലി രോഗനിയന്ത്രണം ലക്ഷ്യംവച്ചുള്ള  ഉൽപന്നങ്ങൾ മാത്രം  നൽകുന്നതും ഈ സംരംഭകരുടെ പ്രത്യേകതയാണ്.

പെറ്റ്ഷോപ്പുകൾ വീട്ടിലേക്ക്

പെറ്റ് ഷോപ്പിൽ പോയി ഇഷ്ട സാധനങ്ങൾ തിരഞ്ഞ് അരുമയെ സന്തോഷിപ്പിക്കാൻ സമയമില്ലാത്തവർക്കായി  വെബ്പോർട്ടലുകളിൽ ഡിജിറ്റൽ വ്യാപാരം നടത്തുന്ന സ്റ്റാർട്ടപ്പുകൾ റെഡി. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ഇലക്ട്രോണിക് വാണിജ്യമാണ്  സ്റ്റാർട്ടപ്പുകളുടെ പ്രധാന  സേവനം. Ask for pets, woof bub, Dog spot, Bark Loot, Heads up for Tails, The paws pack, Home 4 pet, Scoopy scrub തുടങ്ങിയ  നിരവധി  ഇന്ത്യൻ  സ്റ്റാർട്ടപ്പുകൾ രംഗത്തുണ്ട്.

സേവനമാണ് ഞങ്ങളുടെ ലക്ഷ്യം

അരുമമൃഗത്തിന്  കൂട്ടിരിക്കാൻ, അവയുടെ ദേഹം ചീകിമിനുക്കി ഭംഗിയാക്കാൻ, നായ്ക്കളെ ഇൻഷ്വർ ചെയ്യാൻ, ആവശ്യഘട്ടത്തിൽ പരിശീലനം നൽകാൻ തുടങ്ങി എല്ലാത്തിനും സഹായിക്കുന്ന സ്റ്റാർട്ടപ്പുകളാണ് മറ്റൊരു വിഭാഗം. അത്യാവശ്യ സന്ദർഭങ്ങളിൽ  ആംബുലൻസ് സേവനം നൽകാനും അരുമകളുടെ  ശരീര ശുചിത്വം, ആരോമ തെറാപ്പി, ഹൈഡ്രോ തെറാപ്പി, മെഡിക്കേറ്റഡ് ബാത്ത്, ഗ്രൂമിങ്ങ്, സ്പാ തുടങ്ങി  സേവനങ്ങൾക്ക് വഴിയൊരുക്കുന്ന  scoopy scrub പോലുള്ള സ്റ്റാർട്ടപ്പുകളുണ്ട്.  Time 4 pet പോലുള്ള വെബ്സൈറ്റുകൾ ബാംഗ്ലൂർ നഗരത്തിലെ നായ ഉടമകൾക്ക് സേവനം, വെറ്ററിനറി ചികിത്സ  ഏർപ്പാടാക്കി നൽകുകയും ചെയ്യുന്നു.

ദത്തെടുക്കാം, സ്വന്തമാക്കാം

അരുമകളെ ദത്തെടുത്ത് (Adoption) സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായഹസ്തമാകുന്ന സ്റ്റാർട്ടപ് പോർട്ടലുകളുണ്ട്. ഉദാഹരണത്തിന് Time for pet പോലുള്ള  വെബ് പോർട്ടലുകൾ നിങ്ങൾക്ക് സൗജന്യമായി പരസ്യങ്ങൾ പോസ്റ്റ് ചെയ്യാൻ അവസരമൊരുക്കുന്നു. നിങ്ങളുടെ അരുമകളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നൽകാനും, നിങ്ങൾക്ക് സ്വന്തമാക്കാനും ഇത്തരം പരസ്യങ്ങൾ സഹായിക്കുന്നു. Pet dom പോലെയുള്ള സ്റ്റാർട്ടപ് പോർട്ടലുകൾ  അരുമകളുടെ ദത്തെടുക്കൽ  ഒരു മിഷൻ എന്ന രീതിയിൽ  കൈകാര്യം ചെയ്യുന്നവയാണ്.  നിങ്ങളുടെ അരുമയ്ക്ക് ഏറ്റവും യോജിച്ച  ഒരു വീട് കണ്ടെത്തുക എന്നതിന് ഇവർ സഹായിക്കുന്നു. എല്ലാ നായ്ക്കൾക്കും  സുരക്ഷിതമായ ഒരു വീട് എന്ന മിഷനാണ്  Pet dom സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. 

കൂടെയുണ്ടാവണം എവിടെയും

അരുമകളെയും ഉൾക്കൊള്ളാൻ  കഴിയുന്ന  ടൂർ പേക്കേജുകൾ തയ്യാറാക്കി നൽകുന്ന സ്റ്റാർട്ടപ്പുകൾ ഇന്ന് നിരവധിയുണ്ട്.  അതിനാൽ  അവധിക്കാലയാത്രകൾ കൃത്യമായി ആസൂത്രണം ചെയ്യാനും, ഓമന മൃഗത്തോടൊപ്പം യാത്ര ചെയ്യാനും  നിങ്ങൾക്ക് കഴിയും. ഓർക്കുക രാജ്യതലസ്ഥാനമായ  ന്യൂഡൽഹിയിൽ  അരുമകളെ കൂടി കൊണ്ടുപോകാവുന്ന  പ്രത്യേക ടാക്സി സർവീസ്  പോലും ഒരുക്കുന്നു.  Collar folk എന്ന സ്റ്റാർട്ടപ്  സംരംഭം. 

കൂടെ നടക്കാൻ ഞങ്ങളുമുണ്ട്

ഓൺലൈൻ വ്യാപാരവും, ഗ്രൂമിങ് സേവനവും ഡോഗ് സിറ്റിങ് സൗകര്യങ്ങളുമൊക്കെ ചെയ്തു തരുന്ന, അരുമകൾക്കാവശ്യമായ  എല്ലാ ഉൽപന്നങ്ങളുടെയും വിശാലലോകം തുറന്നു തരുന്ന  Woof hub പോലുള്ള  സ്റ്റാർട്ടപ് സംരംഭങ്ങൾ നൽകുന്ന, രസകരമായ മറ്റൊരു സേവനമാണ് ഡോഗ് വാക്കിങ് സർവീസ്. സംശയിക്കേണ്ട ഏറെ വ്യായാമവും, നടത്തവുമൊക്കെ ആവശ്യമായ നായ്ക്കൾക്ക് അവ നൽകാൻ രക്ഷിതാവിന് സമയമില്ലെങ്കിൽ ഒരു മാസത്തേക്കോ, വർഷത്തേക്കോ ഇവരുടെ വരിക്കാരാവുക, നിങ്ങളുടെ നായയുടെ ഒപ്പം നടന്ന് അവയെ സന്തോഷിപ്പിക്കാൻ ഇവരെത്തും. 

ഞങ്ങൾക്കും വേണം ഹോംലി ഫുഡ്

നായ്ക്കൾക്കു മാത്രമായ രാജ്യം വേണമെന്ന്  റിങ് മാസ്റ്റർ സിനിമയിൽ നായ്ക്കൾ പാടുന്നതുപോലെ ഞങ്ങൾക്ക്  പാക്കറ്റ് ഫുഡ് വേണ്ട വീട്ടിലുണ്ടാക്കിയ ഹോംലി  നാടൻ ഭക്ഷണം മതിയെന്നു നായ്ക്കൾ പറഞ്ഞാലോ അല്ലെങ്കിൽ ആഗ്രഹിക്കുന്നുണ്ടെങ്കിലോ? അത്തരത്തിൽ നായ്ക്കൾക്ക്  വീട്ടിൽ പാചകം ചെയ്ത, ആരോഗ്യകരമായ, വൈവിധ്യമുള്ള ഭക്ഷണം ഉണ്ടാക്കി വീട്ടുപടിക്കലെത്തിച്ചു തരാൻ Doggie Dabbas എന്ന സ്റ്റാർട്ടപ് തയാറാണ്.

അരുമകളുടെ ഓർമ്മച്ചിത്രങ്ങൾ

ഓമനമൃഗത്തോടൊപ്പമുള്ള  അവിസ്മരണീയ മുഹൂർത്തങ്ങൾ, അരുമകളുടെ  കിടിലൻ പോസിലുള്ള  ഫോട്ടോകൾ ഇവയൊക്കെ സുന്ദരമായി പകർത്തിയെടുക്കാൻ ഇനി പെറ്റ് ഫോട്ടോഗ്രാഫർമാരുണ്ടാകും. വീട്ടിനകത്തും, പുറത്തും നിങ്ങളുടെഓമനയുടെ സൗന്ദര്യവും, വ്യക്തിത്വവും, ചലനങ്ങളും, ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ഉടമകൾക്കു സൂക്ഷിക്കാം.  

അൽപ്പം ഓർഗാനിക്കാവാം

നായയെ സ്നേഹിക്കുന്നവർ അവർക്ക് തീർച്ചയായും ജൈവ ഉത്പന്നങ്ങൾ നൽകാൻ  ആഗ്രഹിക്കും. ഇത് മുന്നിൽക്കണ്ട സംരംഭമാണ് Dog see chew. ഹിമാലയത്തിലെ കർഷകരുടെ വിശുദ്ധ വിളവുകളും, പ്രകൃതി ഉൽപന്നങ്ങളും യാക്കിന്റെയും, പശുവിന്റെയും പാലിനൊപ്പം ചേർക്കുന്നു. പരമ്പരാഗത പാചകക്കൂട്ടിൽ നിർമ്മിച്ച ഡോഗ് ട്രീറ്റുകൾ ആണ് ഇവരുടെ ഹൈലൈറ്റ്. നഗട്ടുകൾ, ബാർസ് ക്രഞ്ചീസ്, പഫീസ് തുടങ്ങി ഡോഗ് ബിസ്ക്കറ്റുകൾവരെ ജൈവരീതിയുടെ  നന്മയുള്ളവ. ജൈവരീതിയിലുള്ള  ഡോഗ് ച്യൂവാണ്  ഇവരുടെ പ്രീമിയം ഉത്പന്നം.

അറിവിന്റെ ലോകം

നമ്മുടെ കുഞ്ഞുങ്ങൾക്കായിപുത്തൻ വിവരങ്ങൾ തിരയുന്നതുപോലെ അരുമ മൃഗങ്ങളുടെ  രക്ഷിതാക്കൾ തിരയുന്ന വിജ്ഞാന ശേഖരം Dog Express.in, Dogspot, Barkloot തുടങ്ങിയവ ഇത്തരത്തിലുള്ള പോർട്ടലുകളാണ്.  Dog Express.in ശരിക്കും പറഞ്ഞാൽ ഓമന മൃഗങ്ങൾക്കുള്ള ഒരു ഓൺലൈൻ പത്രമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ്. 

സമ്മാനപ്പൊതിയുമായി വീട്ടുപിടിക്കൽ

നിങ്ങളുടെ അരുമയ്ക്കായി മാസത്തിലൊരിക്കൽ ഒരു പെട്ടി നിറയെ സമ്മാനങ്ങളഉമായി എത്തുന്ന ഓൺലൈൻ പോർട്ടലാണ് Bark Loot. നായക്ക് ഉപയോഗപ്രദമായ, സുരക്ഷിതമായ, അവരിഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങൾ മുതൽ ബിസ്ക്കറ്റുകൾ വരെ ആ പെട്ടിയിലുണ്ടാകും. വീട്ടുപടിക്കൽ മാസത്തിലൊരിക്കൽ  സമ്മാനപ്പൊതിയെത്താൻ ഈ വെബ് പോർട്ടലിൽ വരിക്കാരനാവണം. ഒരു മാസത്തേക്ക് അരുമകൾക്കാവശ്യമായ  സാധനങ്ങൾ തേടി പെറ്റ്ഷോപ്പുകൾ  കയറിയിറങ്ങേണ്ട എന്നർത്ഥം. 

സുഖകരമാണോ അന്തരീക്ഷം

നിങ്ങളുടെ പൊന്നോമനയുടെ പാർപ്പിടത്തിൽ അന്തരീക്ഷ താപനിലയും, ആർദ്രതയുമൊക്കെ തൃപ്തികരമായ നിലയിലാവണം. 102 ഡിഗ്രി ഫാരൻ ഹീറ്റിനു മുകളിലും 32 ഡിഗ്രിക്കു താഴെയുമുള്ള താപനില ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അപ്പോൾ ഇത്തരം വ്യതിയാനങ്ങൾ ഉടമയുടെ വിരൽത്തുമ്പിൽ എത്തിയാൽ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാം. Nimble wireless എന്ന സ്റ്റാർട്ടപ് ചെയ്തത് Pet Safety എന്ന ആപ്ലിക്കേഷൻ വികസിപ്പിക്കുകയാണ്. പന്ത്രണ്ടോളം സെൻസറുകൾ ചേർത്ത ഉപകരണം അന്തരീക്ഷ സ്ഥിതിയേക്കുറിച്ചുള്ള വിവരങ്ങൾ  ആപ്ലിക്കേഷനിലെത്തിക്കുന്നു.  

അന്തമില്ലാത്ത ആശയങ്ങൾ

സ്റ്റാർട്ടപ് സംരംഭങ്ങൾ വസന്തം വിരിയിക്കാൻ പോകുന്ന കാലത്ത്  പെറ്റ് വിപണിയിലും  ആശയങ്ങൾക്ക് അവസാനമില്ല. ഭ്രാന്താണെന്ന് ചിന്തിക്കപ്പെടുന്ന ആശയങ്ങൾ ചരിത്രമായതാണ് നമ്മുടെ മുൻപിലുള്ള ചിത്രങ്ങൾ. അരുമകളടെ പരിപാലനത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യങ്ങളും പ്രശ്നങ്ങളുമുണ്ടാകും.  ഇത് മുൻകൂട്ടി കാണുക തന്നെ പ്രധാനം. ഒരു പെറ്റ് ബേക്കറിയേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? പെറ്റിന്റെ ചിത്രങ്ങൾ വരയ്ക്കുന്ന  പോർട്രയിറ്റ് ആർട്ടിസ്റ്റായാലോ ? ഇനിയല്ലെങ്കിൽ കാറ്റ് കഫെ (Cat cafe) ആയാലോ ഒന്നുമല്ലെങ്കിൽ നായ്ക്കളുടെ നഖം വൃത്തിയായി മുറിക്കാൻ നിങ്ങൾക്ക് കഴിയുമോ ? അതോ... വളരുന്ന വിപണിയിൽ ആശയങ്ങൾക്ക് പഞ്ഞമില്ല. വേണ്ടത് ആത്മവിശ്വാസം മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com