ADVERTISEMENT

പന്നിക്ക് ഏതെല്ലാം രോഗങ്ങൾക്ക് എതിരെ പ്രതിരോധ കുത്തിവയ്പ് നൽകണം. വാക്സിനുകൾ സർക്കാർ സംവിധാനത്തിൽ ലഭ്യമാണോ?
പി.വി. കുര്യാക്കോസ്, അടിമാലി

പന്നികളിൽ പ്രധാനമായും കാണുന്ന പകർച്ചവ്യാധികള്‍ പന്നിപ്പനിയും കുളമ്പുരോഗവുമാണ്. ചില സ്ഥലങ്ങളിൽ മഴക്കാലത്ത് കുരലടപ്പനും കാണാറുണ്ട്. സംസ്ഥാന സർക്കാർ നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി അനുസരിച്ച് സൗജന്യ നിരക്കായ 10 രൂപയ്ക്ക്  കുത്തിവയ്പെടുക്കാം.  നാലു മാസം പ്രായത്തിലാണ്  ആദ്യ പ്രതിരോധ കുത്തിവയ്പ്.  പന്നിപ്പനി (സ്വയിൻ ഫീവർ)  വൈറസ് രോഗമായതിനാല്‍  ഏറെ പ്രാധാന്യത്തോടെ കാണണം. ഇതിനുള്ള ആദ്യ പ്രതിരോധ കുത്തിവയ്പ് പാൽ കുടി മാറ്റി 45 ദിവസം പ്രായമുള്ളപ്പോൾ നൽകണം. തള്ളപ്പന്നികൾക്ക് പ്രസവിച്ച് 5 ദിവസം കഴിഞ്ഞു നൽകാം. ആൺ പന്നികളിൽ 6 മാസം ഇടവിട്ടും മറ്റുള്ളവയ്ക്ക് വർഷംതോറും  ഈ  കുത്തിവയ്പ് നൽകണം.  ചെനയുള്ള പന്നികളിൽ പന്നിപ്പനിക്ക് എതിരെ പ്രതിരോധ കുത്തിവയ്പ് പാടില്ല.  പന്നിപ്പനിക്ക് എതിരെയുള്ള വാക്സിൻ തിരുവനന്തപുരം പാലോടുള്ള ഇൻസ്റ്റിട്ട്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് & വെറ്ററിനറി ബയോളജിക്കൽസ് എന്ന സ്ഥാപനത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. സർക്കാർ മൃഗാശുപത്രിവഴി സൗജന്യമായി വാക്സിനേഷൻ ലഭിക്കും.

കുരലടപ്പൻ എന്ന ബാക്ടീരിയ രോഗം മഴക്കാലത്താണ് കാണാറുള്ളത്.  പനിയോടനുബന്ധിച്ചു  ശ്വാസം മുട്ടൽ, താടനീര് എന്നീ ലക്ഷണങ്ങള്‍  കണ്ടാൽ ഉടന്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. രോഗ സ്ഥിതീകരണം നടത്തിയ ഫാമുകളിൽ കുരലടപ്പന് എതിരെ മഴക്കാലമെത്തും മുമ്പായി പ്രതിരോധ കുത്തിവയ്പ് എല്ലാ ഉരുക്കൾക്കും നൽകുക. 6 മാസം പ്രായമുള്ളപ്പോൾ ആദ്യ കുത്തിവയ്പ്. 6 മാസം ഇടവിട്ട് ആവർത്തിക്കുക. മൃഗാശുപത്രിയിൽ ഇതു സൗജന്യം. 

വിവിധ അസുഖങ്ങൾക്ക് എതിരെ പ്രതിരോധ കുത്തിവയ്പ് നൽകുമ്പോള്‍ അവ തമ്മിൽ 15 ദിവസത്തെ ഇടവേള വേണം കൂട്, പരിസരം, തീറ്റപ്പാത്രം,  ഉപകരണങ്ങൾ എന്നിവ അണുവിമുക്തമാക്കി ശുചിത്വം ഉറപ്പാക്കണം. തീറ്റയായി നല്‍കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍,  അറവുശാല അവശിഷ്ടങ്ങൾ എന്നിവ മഞ്ഞൾ ഇട്ട് വേവിച്ച് നൽകണം. വാക്സിൻ യഥാസമയം കൃത്യമായ നിർദേശങ്ങൾ പാലിച്ച് നിർദിഷ്ട ഇടവേളകളിൽ നല്‍കാനും മറക്കരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com