മഞ്ഞുകാലത്താണ് യീസ്റ്റ് മൂലമുള്ള രോഗങ്ങൾ നായ്‍ക്കളിൽ കാണപ്പെടുന്നത്. കഠിനമായ ചൊറിച്ചിൽ, വൃണങ്ങൾ, രോമനഷ്ടം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. യീസ്റ്റ് പ്രവർത്തിച്ചു തുടങ്ങുന്നതോടുകൂടി ശരീരത്തിലെ എണ്ണ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കും തൽഫലമായി രോമങ്ങൾക്കിടയിൽ യീസ്റ്റ് വളരുന്നതിനു കാരണമാകും. കണ്ണിനു ചുറ്റും, ചെവിയുടെ ഫ്ളാപ്പുകൾ (pinna), കൈ–കാൽ വിരലുകൾ, കഴുത്തിന് താഴ്‍വശം, കക്ഷം, അനാൽ ഹോളിനു ചുറ്റും തുടങ്ങിയ ഭാഗങ്ങളിലെവിടെയെങ്കിലും യീസ്റ്റിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്ന മാലസേഷൃാ പ്രത്യക്ഷപ്പെടാം.
ശരിരത്തിലെ രോമം പൂർണ്ണമായി നഷ്ടപ്പെടുന്നതും ദുർഗന്ധമനുഭവപ്പെടുന്നതും രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നതിന്റെ ലക്ഷണമാണ്. തുടക്കത്തിലെ കണ്ടെത്തിയാൽ ഷാംപൂ തെറാപ്പികൊണ്ട് ഈ രോഗം മാറ്റാവുന്നതേയുള്ളൂ. എന്നാൽ, ദുർബലമായിത്തീരുന്ന പ്രതിരോധ സംവിധാനം മൂലം മറ്റു ത്വക് രോഗങ്ങൾ ഈ ഘട്ടത്തിൽ ബാധിക്കാനുള്ള സാധൃത ഏറെയാണ്. ഹോർമോൺ തകരാറുകൾ, വിറ്റാമിനുകളുടെ കുറവ്, തൈറോയിഡ്ഗ്രന്ഥികളുടെ വൈകല്യം തുടങ്ങിയവയുടെ ലക്ഷണങ്ങളായി യീസ്റ്റ്ബാധ കാണപ്പെടാമെന്നതിനാൽ പരിശോധനകൾ ആവശൃമാണ്.
യീസ്റ്റ് മൂലമുള്ള ത്വക് രോഗങ്ങൾ ബാധിക്കുന്നതോടൊപ്പംതന്നെ നായ്ക്കളുടെ ചെവിക്കുള്ളിലും ഗുരുതരമായ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മഞ്ഞുകാലത്ത് ചെവിയുടെ സംരക്ഷണത്തിന് പ്രാധാന്യമുണ്ട്.

ചെവികളുടെ അകവും പുറവും വൃത്തിയാക്കണം. കോട്ടൺ (ബാൻഡേജിന് ഉപയോഗിക്കുന്ന പഞ്ഞി) നീളത്തിൽ ചുരുട്ടിയെടുത്ത് ചെവിയുടെ ഉൾവശം വൃത്തിയാക്കാം. ഇത് ചെറുപ്പത്തിൽതന്നെ ശീലിപ്പിക്കണം അല്ലെങ്കിൽ സാധ്യമല്ല. ചെവിക്കായമുണ്ടെങ്കിൽ മഞ്ഞുകാലത്തെ അണുബാധ സാധ്യത കൂടുതലാണ്. ജർമൻ ഷെപ്പേർഡ്, ഗ്രേറ്റ് ഡെയിൻ തുടങ്ങിയ ബ്രീഡുകളിലാണ് അണുബാധസാധ്യത കുടുതലുള്ളത്. ചെവിയിൽ പിൻകാലുകൊണ്ട് തുടരെ തുടരെ ചെറിയ ശബ്ദം പുറപ്പെടുവിച്ച് ചൊറിയുന്നതും ചെവി തുടർച്ചയായി കുടയുന്നതും പ്രാഥമിക ലക്ഷണമാണ്.
ചെവി കുടയുന്നത് മടങ്ങിക്കിടക്കുന്ന ചെവിയുള്ള ലാബ്രഡോർ, ഡാഷ്ഹണ്ട്, കോക്കർ സ്പാനിയേൽ തുടങ്ങിയ ബ്രീഡുകളിൽ ഇയർ ഹെമിറ്റോമസ് (earhemitomas) എന്ന അവസ്ഥയ്ക്ക് കാരണമാകാം. ചെവിയിലുള്ള ചെറിയ രക്തക്കുഴലിൽ പൊട്ടൽ സംഭവിച്ച് നീർക്കെട്ടുണ്ടാകും. സർജിക്കൽ കറക്ഷൻ ആവശ്യമായിത്തീരാമെന്നതിനാൽ ജാഗ്രത പുലർത്തിയാൽ സാമ്പത്തികനഷ്ടം, സമയനഷ്ടം, മറ്റു ദുരിതങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. ചെവി വൃത്തിയാക്കുന്നതിനുള്ള സാലിസിലിക് ആസിഡ് സൊലൂഷൻസ് (eppiyotic) മാർക്കറ്റിൽ ലഭൃമാണ്.
യീസ്റ്റ് മൂലമുണ്ടാകുന്നരോഗങ്ങൾക്ക് കാലാവസ്ഥയിലെ അനുകൂലഘടകങ്ങൾ കൂടാതെ ഹൊർമോൺ തകരാറുകൾ, ഹൈപ്പോതൈറോയിഡ് തുടങ്ങിയവ കാരണമായിത്തീരാറുണ്ട്. ആയതിനാൽ പ്രാഥമിക ചികിത്സകൾ പ്രയോജനപ്പെടാതെവന്നാൽ രക്തപരിശോധന നടത്തേണ്ടതാണ്. പകൽ കഠിനമായ ചൂടും രാത്രി മഞ്ഞുമുണ്ടാകുന്നതാണ് യീസ്റ്റ് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് അനുകൂല സാഹചര്യമാകുന്നത്. ചികിത്സയേക്കാൾ നല്ലത് പ്രതിരോധ പ്രവർത്തനമാകയാൽ പ്രതിരോധപ്രവർത്തനത്തിൽ ശ്രദ്ധിക്കാം.
- നായ രോമാവൃത ശരീരത്തോടുകൂടിയവരല്ലെങ്കിലും ബ്രഷ് ചെയ്യുക.
- ഗുണമേന്മയുള്ള ഷാംപൂ അല്ലെങ്കിൽ സോപ്പുപയോഗിച്ച് ആഴ്ചയിലൊരിക്കൽ കുളിപ്പിക്കുക.
- നല്ല കടുപ്പമുള്ള കടുംചായ ദേഹത്ത് തേച്ച് പിടിപ്പിച്ച് അര മണിക്കുർ കഴിഞ്ഞ് തുടച്ചു മാറ്റുക.
- ആഹാരത്തിനൊപ്പം വെളിച്ചെണ്ണ നൽകുക.
- മഞ്ഞുകാലത്ത് വെയിൽ ആരംഭിക്കുമ്പോൾ കോട്ടൺ തുണിയോ ടർക്കി ടവ്വലോ ഉപയോഗിച്ച് ശരീരം തുടയ്ക്കുക.

മാലസേഷൃാ രോഗം വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ മുഴുവൻ രോമങ്ങളും കൊഴിഞ്ഞുപോകുന്നതിനാൽ ഗുരുതര രോഗമെന്നു ധരിച്ച് നായ്ക്കളെ പലരും വഴിയിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. ചെവിയിലെ അണുബാധയ്ക്കും കാരണമാകുന്നതിനാൽ അസാധാരണ ദുർഗന്ധത്തിനും സാധൃതയുണ്ട്. ആയതിനാൽ തക്കസമയത്ത് രോഗം കണ്ടെത്തി ചികിത്സ തുടങ്ങേണ്ടത് ആവശ്യമാണ്. ശരീരത്തിൽനിന്ന് ത്വക്കിന്റെയും രോമത്തിന്റെയും സാമ്പിൾ സെല്ലോടേപ്പിന്റെ സഹായത്താൽ ശേഖരിച്ച് മൈക്റോസ്കോപ് ഉപയോഗിച്ച് രോഗനിർണ്ണയം നടത്താം. പ്രതിരോധശേഷി കുറയുന്നതിനാൽ മറ്റു രോഗങ്ങൾ ബാധിക്കാതിരിക്കുന്നതിനും കെന്നലിലെ മറ്റു നായ്ക്കൾക്ക് പകരാതിരിക്കുന്നതിനും രോഗബാധയുള്ള നായയെ മാറ്റിപ്പാർപ്പിക്കണം. വെറ്ററിനറി ഡോക്ടറുടെ നിർദേശം തേടുകയും വേണം.