ADVERTISEMENT

ഏറെ താൽപര്യമുള്ള മേഖലയെ വരുമാനമാർഗമാക്കിമാറ്റിയ നിരവധിപേർ ചുറ്റുമുണ്ട്. കാർഷിക മേഖലയിലാണ് ഇത്തരത്തിൽ ഇഷ്ടങ്ങളെ വരുമാനമാർഗമാക്കാൻ കഴിഞ്ഞവർ നിരവധിയുള്ളത്. അത്തരത്തിൽ താൽപര്യംകൊണ്ടും വിപണിസാധ്യതകൊണ്ടും പ്രചാരമാർജിച്ച ഒരു മേഖലയാണ് അലങ്കാരപ്പക്ഷിവളർത്തൽ. ഓരോ പക്ഷികൾക്കും വെവ്വേറെ ജീവിതരീതിയും പരിചരണവുമാണ് വേണ്ടത്. അതുകൊണ്ടുതന്നെ ചില പ്രത്യേക ഇനങ്ങളെ മാത്രം വളർത്തുന്ന ബ്രീഡർമാരാണ് ഇന്ന് നമ്മുടെ നാട്ടിൽ ഏറെയുള്ളത്. അലങ്കാരപ്പക്ഷികളിലെ ഇത്തിരിക്കുഞ്ഞന്മാരാണ് ഫിഞ്ചുകൾ. അവയുടെ പരിചരണം ശ്രദ്ധ ആവശ്യമായതാണ്. ശ്രദ്ധയുണ്ടെങ്കിൽ മികച്ച വരുമാനമുണ്ടാക്കാനും കഴിയും. 

പ്രചാരമുള്ള ഇനങ്ങൾ

  • സീബ്രാ ഫിഞ്ച്‌സ്
  • ‌കട്ട്‌ത്രോട്ട് ഫിഞ്ച്‌സ് (Cutthrot Finches)
  • കോര്‍ഡന്‍ ബ്ലൂ ഫിഞ്ച്‌സ് (Corden Blue Finches)
  • ജാവാ കുരുവികള്‍ (Java Sparows)
  • ബംഗാളി ഫിഞ്ച്‌സ്
  • ഔള്‍ ഫിഞ്ച്‌സ് (Owl Finches)
  • ലോംഗ്‌ടെയ്ല്‍ ഫിഞ്ച്‌സ് (Longtail Finches)
  • ഗോള്‍ഡിയന്‍ ഫിഞ്ച്‌സ് (Gouldean Finches)
  • സ്റ്റാര്‍ ഫിഞ്ച്‌സ് (Star Finches)

വലിയ കൂടുകളൊരുക്കുവാന്‍ ശ്രദ്ധിക്കണം. കൂടിനുപയോഗിക്കുന്ന വലയുടെ കണ്ണികള്‍ അര ഇഞ്ചോ അതില്‍ താഴെയോ ആയിരിക്കണം. പക്ഷികൾക്കും അവയുടെ മുട്ടകൾക്കും സംരക്ഷണമൊരുക്കാൻ ഇത്തരം വലകളാണ് നല്ലത്.

ഒരു ജോടി ഫിഞ്ചിന് കുറഞ്ഞത് ഒന്നര മുതല്‍ രണ്ടു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് അവയുടെ രോഗപ്രതിരോധശേഷിയും കൂടും. കൂടുതൽ പറക്കാൻ കഴിയുന്നു എന്നതുതന്നെ കാരണം. വലിയ കൂടൊരുക്കുമ്പോള്‍ അവയില്‍ ചെടികളും വളര്‍ത്താം. 

പ്രജനനത്തിനായി മണ്‍കുടങ്ങള്‍, മരപ്പെട്ടികള്‍, ചിരട്ട എന്നിവ കൂടിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കാം. ഇഷ്ടാനുസരണം പ്രജനനകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. ഫിഞ്ചുകള്‍ സ്വയം കൂടു നിര്‍മിക്കുന്നവരായതിനാൽ കൂടിനുള്ളില്‍ ചകിരിനാരുകള്‍, പഞ്ഞി, ചെറിയ ഓലക്കീറുകള്‍, നീളമുള്ള ഉണങ്ങിയ പുല്ല് മുതലായവ നൽകിയിരിക്കണം. ഇത്തരം കൂടുകളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും. 

ഭക്ഷണക്രമം

റാഗി, നുറുക്കിയ ഗോതമ്പ്, ചെറുപയര്‍ നുറുക്കിയത് എന്നിവ തിന കൂടാതെ നൽകാം. കൂ‌ടാതെ തിന, ഗോതമ്പ്, ചെറുപയര്‍ എന്നിവ മുളപ്പിച്ച് ശരാശരി രണ്ടു ദിവസം വളര്‍ച്ചവരുമ്പോള്‍ കൊടുക്കാം. പക്ഷികൾക്ക് ഉണങ്ങിയ ധാന്യങ്ങളേക്കാളും പ്രിയം മുളപ്പിച്ച ധാന്യങ്ങളും അവയുടെ ഇലകളുമാണ്.

ചെറു പ്രാണികളെയും പുഴുക്കളെയും മറ്റും കഴിക്കുന്നവയാണ് ഫിഞ്ചുകൾ. അത്തരം പുഴുക്കളെ വളര്‍ത്തിയെടുത്തും ഫിഞ്ചുകൾക്ക് നൽകാം. ഇതിനായി ഒരു ബ്രഡില്‍ അൽപം പാലൊഴിച്ച് കുതിര്‍ത്ത് രണ്ടു ദിവസം വച്ചാല്‍മതി. എന്നാല്‍, പുതു ഭക്ഷണശീലങ്ങളോട് പരിചയപ്പെടാന്‍ അൽപം കാലതാമസമെടുത്തേക്കാം.

മുളപ്പിച്ച ധാന്യങ്ങളോടൊപ്പംതന്നെ മരിങ്ങ, മല്ലി, പുതിന, തുളസി, പനിക്കൂര്‍ക്ക തുടങ്ങിയവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രജനനം എളുപ്പമാകും. കാരണം ഇത്തരം ഇലകളില്‍ ഫോളിക് ആസിഡിന്റെ അംശം വളരെ കൂടുതലാണ്. കൂടാതെ പുഴുങ്ങിയ മുട്ട, ബ്രഡ്, മറ്റു ധാതുലവണങ്ങള്‍, വിറ്റാമിന്‍ മരുന്നുകള്‍ എന്നിവ ഒരുമിച്ച് നൽകുന്നത് പക്ഷികള്‍ക്കു മികച്ച രോഗപ്രതിരോധശേഷി നൽകുകയും തൂവലുകള്‍ക്കു തിളക്കം കൂട്ടുകയും ചെയ്യും.

ശുദ്ധജലം ഉറപ്പാക്കണം. കൂട്ടിലെ കുടിവെള്ളം ദിവസേന മാറി നൽണം. പരന്ന പാത്രങ്ങളില്‍ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.

കൂട്ടമായി വളര്‍ത്തുമ്പോൾ ഒരേ സ്വഭാവഗുണങ്ങളുള്ളവയെ ഒരുമിച്ചു പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കാനുള്ള പ്രവണത ചില ഫിഞ്ചുകള്‍ക്കുണ്ട്. കട്ട്‌ത്രോട്ട് ഫിഞ്ച്‌സ്, ഔള്‍ ഫഞ്ച്‌സ്, സീബ്ര ഫിഞ്ച്‌സ് എന്നിവ പ്രജനന കാലങ്ങളില്‍ വൈകാരിക പ്രതികരണം കൂടുതലുള്ളവയാണ്. അവയെ ഒരുമിച്ച് വലിയ കൂടുകളില്‍ പ്രജനനത്തിന് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇനംതിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിക്കാം. ഒപ്പം അന്തര്‍പ്രജനനം നടക്കാന്‍ സാധ്യതയുള്ള ഇനങ്ങളേയും മാറ്റിപ്പാര്‍പ്പിക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com