ADVERTISEMENT

ഇന്ത്യൻ സ്വാതന്ത്രസമര കാലത്ത് ബ്രിട്ടീഷുകാരെ നേരിടാൻ ജനങ്ങൾക്കൊപ്പം നിന്നവരാണ് രാജപാളയം നായ്ക്കൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം പറയാനുള്ള ഇന്ത്യയുടെ നാടൻ നായ ഇനം. തമിഴ്‍നാട്ടിലെ വിരുതുനഗർ ജില്ലയിലെ രാജപാളയം പട്ടണത്തിലാണ് ഇവർ ഉരുത്തിരിഞ്ഞത്. അതുകൊണ്ടുതന്നെ ഇവർക്ക് രാജപാളയം എന്ന പേരും ലഭിച്ചു.

സൗന്ദര്യവും ശൗര്യവും

വേട്ടനായ്ക്കളുടെ ഇനത്തിൽപ്പെട്ട രാജപാളയം നായ്ക്കൾക്ക് 25–30 ഇഞ്ച് ഉയരമാണുള്ളത്. മെലിഞ്ഞ ശരീരം ഇവയെ അതിവേഗം ഓടാൻ സഹായിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വരെ കുതിക്കാൻ ഇവർക്കാകും. 

പാൽവെള്ള ശരീരവും പിങ്ക് മൂക്കുമാണ് രാജപാളയം നായ്ക്കളുടെ പ്രത്യേകത. ഫംഗസ് ബാധ ഇവരിൽ സാധാരണമാണ്. അതുകൊണ്ടുതന്നെ ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ പാർപ്പിക്കാൻ കഴിയില്ല.

വേട്ടനായ ഇനമാണെങ്കിലും മനുഷ്യരെ ആക്രമിക്കാൻ മെനക്കെടാറില്ല. എന്നാൽ, ശത്രുക്കളെ ശൗര്യംകൊ​ണ്ട് തടഞ്ഞുനിർത്താനും ഭയപ്പെടുത്താനും പ്രത്യേക കഴിവാണ്. തമിഴ്‍നാട്ടിലെ നായ്ക്കർ വിഭാഗത്തിൽപ്പെട്ടവരുടെ ഇഷ്ട വളർത്തുനായയായിരുന്നു. ആഢ്യത്ത്വത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായായിരുന്നു ഇവയെ വളർത്തിയിരുന്നത്. പിന്നീടാണ് യുദ്ധങ്ങളുടെ ഭാഗമായത്. സ്വാതന്ത്രസമര കാലത്ത് ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളത്തിന്റെ ഇടയിലേക്ക് പാഞ്ഞുകയറി കുതിരകളെ വിരട്ടിയോടിക്കുകയായിരുന്നു ദൗത്യം. 

നെൽപ്പാടങ്ങൾക്കും ഫാമുകൾക്കും കാവൽ നിൽക്കാനും ഇവയെ ഉപയോഗിച്ചിരുന്നു. തമിഴ്‍നാട്ടിലെ മിക്ക ഫാമുകളിലും ഇപ്പോഴും ഇവയുടെ സേവനമുണ്ട്. 

വംശനാശഭീഷണിയിൽ

ചരിത്രപ്രാധാന്യമുള്ള ഇനമാണെങ്കിലും രാജപാളയം നായ്ക്കൾ വംശനാശഭീഷണിയിലാണ്. അതുകൊണ്ടുതന്നെ രാജപാളയം നായ്ക്കളുടെ പ്രചാരം വർധിപ്പിക്കാൻ തമിഴ്‍നാട് മൃഗസംരക്ഷണ വകുപ്പ് പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല സർക്കാർ മേൽനോട്ടത്തിൽ പ്രജനനകേന്ദ്രങ്ങളും നടത്തിവരുന്നു. ഇന്ത്യൻ നായ്ക്കളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യൻ തപാൽ വകുപ്പ് 2005ൽ പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പുകളിൽ ഇടംപിടിച്ച നാല് നായ്ക്കളിൽ ഒന്ന് രാജപാളയമായിരുന്നു. 

പരിശീലനം

പരിശീലിപ്പിക്കാൻ വലിയ ബുദ്ധിമുട്ടുള്ള ഇനം നായയല്ല രാജപാളയം. എന്നാൽ, പരീശീലകൻ തന്നെയായിരിക്കണം ഉടമ. അല്ലാത്തപക്ഷം അനുസരിക്കാൻ മടിയുണ്ടാകും. അതിനാൽ സ്കൂളുകളിൽ അയച്ചുള്ള പരിശീലനം ഉപകാരപ്പെടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com