ആണോ പെണ്ണോ, പക്ഷിവളർത്തലുകാരുടെ ആദ്യത്തെ ചോദ്യം

HIGHLIGHTS
  • ചില പക്ഷിയിനങ്ങളില്‍ ആണും പെണ്ണും തമ്മില്‍ രൂപവ്യത്യാസമില്ല
  • ആണിനെയും, പെണ്ണിനേയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണ ചേരണമെന്നില്ല
parrot-1
SHARE

അലങ്കാരപക്ഷികളുടെ പ്രജനനത്തിലെ പ്രഥമവും പ്രധാനവുമായ ഭാഗമാണ് നമ്മള്‍ വളര്‍ത്തുന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്.  ചില അരുമപക്ഷികളില്‍ കാഴ്ചയില്‍തന്നെ കണ്ടുപിടിക്കാവുന്ന വിധം എളുപ്പമാണെങ്കിലും, തത്തയിനത്തില്‍പ്പെടുന്ന മിക്ക പക്ഷികളിലും മറ്റും ഇത് പ്രയാസമേറിയ, പലപ്പോഴും അസാധ്യമായ കാര്യമാണ്.  വിലയേറിയ അലങ്കാരപക്ഷികളെ പ്രജനനം ലക്ഷ്യംവച്ച് വാങ്ങുമ്പോള്‍ അവ ആണും പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പക്ഷിവളര്‍ത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മേഖലയാണിത്.  അതിനാല്‍ പക്ഷിപരിപാലനത്തില്‍ തുടക്കംകുറിക്കുന്നവര്‍ ആദ്യമായി സ്വായത്തമാക്കേണ്ട അറിവ്, തിരഞ്ഞെടുക്കുന്ന അരുമപക്ഷികളിലെ ലിംഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ളതായിരിക്കണം. 

ഇണ ചേര്‍ന്നില്ലെങ്കിലും പെണ്‍പക്ഷികള്‍ മുട്ടയിടും എന്നാല്‍ മുട്ടകള്‍ വിരിയണമെങ്കില്‍ ഇണചേരല്‍ ആവശ്യമാണ്. ആണ്‍, പെണ്‍ പക്ഷികളുടെ കൃത്യമായ അനുപാതം പ്രജനനത്തില്‍, പ്രത്യേകിച്ച്  പക്ഷികളെ കൂട്ടമായി പാര്‍പ്പിക്കുന്ന കോളനി പ്രജനന രീതിയില്‍ ഏറെ ആവശ്യമാണ്.  പക്ഷികളെ ഇണകളായി വേര്‍തിരിച്ച് പ്രജനനം നടത്തുമ്പോള്‍ അവര്‍ ആണും, പെണ്ണുമാണെന്ന് ഉറപ്പിക്കുകയും വേണം.   അനുപാതം പാലിക്കുമ്പോള്‍ അധികം വരുന്നവയെ വില്‍പ്പന നടത്തുകയും ചെയ്യാം.  ഓരോ ലിംഗത്തിനുള്ള ശാരീരിക, സ്വഭാവ സവിശേഷതകള്‍ അനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗനിര്‍ണ്ണയം സഹായിക്കുന്നു. ഓരോ ലിംഗത്തിനും വരുന്ന പ്രത്യേക രോഗാവസ്ഥകള്‍  തിരിച്ചറിയാനും  ലിംഗനിര്‍ണ്ണയം പ്രധാനമാണ്.  

തത്തകളില്‍ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തന്നെ ഇണകളായി പെരുമാറി പരസ്പരം കൊക്കുരുമ്മി ഉല്ലസിക്കുന്നത് പതിവാണ്. ഇവ രണ്ടും പിടകളാണെങ്കില്‍ അവ മുട്ടയിടുകയും ചെയ്യും. പക്ഷേ, മുട്ടകള്‍ വിരിയില്ല.  രണ്ടും ആണ്‍പക്ഷികളാണെങ്കില്‍ സമയം ഏറെ കഴിഞ്ഞാലും മുട്ടകള്‍ കാണില്ല.  ഇത്തരം അവസ്ഥകള്‍ തത്ത വളര്‍ത്തല്‍ നടത്തുന്നവരില്‍ പതിവാണ്. മിക്ക തത്തയിനങ്ങളിലും ആണിനെയും, പെണ്ണിനേയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണ ചേരണമെന്നുമില്ല.  ഇവര്‍ തമ്മിലുള്ള പൊരുത്തം ഏറെ പ്രധാനമാണ്. അതിനാല്‍ തന്നെ മിക്ക തത്തയിനങ്ങളിലും ലിംഗനിര്‍ണ്ണയം നടത്തിയവയെ (Sexed Pair) അല്ല, പൊരുത്തപ്പെട്ട (Sexed Proven Pair) ഇണകളെയാണ് ആവശ്യം. അതിനാല്‍ തന്നെ വളരെ  ചെറുപ്പത്തിലെ ലിംഗനിര്‍ണ്ണയം ആവശ്യമായി വരുന്നു.  ആണും പെണ്ണും  തമ്മിലുള്ള ചേര്‍ച്ച കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ.  ദീര്‍ഘകാലമായി ഒരുമിച്ചു പാര്‍ക്കുന്ന തത്തകളില്‍ പരസ്പരം കൊക്കുരുമ്മിയിരുന്ന്  ഇണചേരാന്‍ ശ്രമിക്കുന്നതു പോലും  പലപ്പോഴും ചേര്‍ച്ചയുടെ ലക്ഷണങ്ങളാകണമെന്നില്ല. 

ചില പക്ഷിയിനങ്ങളില്‍ ആണും പെണ്ണും തമ്മില്‍ രൂപവ്യത്യാസമില്ല. ബാഹ്യപ്രത്യുൽപാദന അവയവങ്ങളില്ലാത്ത പക്ഷികളില്‍ അതിനാല്‍ത്തന്നെ  ലിംഗനിര്‍ണ്ണയം ബുദ്ധിമുട്ടാകുന്നു. ശബ്ദവ്യത്യാസം, വലുപ്പവ്യത്യാസം, സ്വഭാവസവിശേതകള്‍, ചിറകുകളുടേയും തൂവലിന്റേയും വര്‍ണ്ണ വ്യതിയാനങ്ങള്‍ എന്നിവയിലൂടെയാണ് സാധാരണ ഇനങ്ങളില്‍ ലിംഗനിർണയം സാധ്യമാക്കുക. എന്നാല്‍, ഇത്തരം രീതികള്‍ക്ക് നിരവധി പരിമിതികളുള്ളതിനാല്‍  വിശ്വസനീയമായിരിക്കണമെന്നില്ല. പലപ്പോഴും ഇത്തരം സൂക്ഷ്മവ്യത്യാസങ്ങള്‍  തിരിച്ചറിയാന്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുകൊണ്ടേ കഴിയുകയുള്ളൂ.  കാഴ്ചയില്‍ ആണ്‍, പെണ്‍ വ്യത്യാസം വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഇനങ്ങളില്‍ (Dimorphic) പോലും വര്‍ഷത്തില്‍ എല്ലാ സമയത്തും ഇതു കഴിയണമെന്നില്ല. പ്രജനന കാലത്ത് (Breeding season) കടും നിറത്തിലുള്ള വര്‍ണ്ണങ്ങള്‍ അണിയുന്ന ആണ്‍പക്ഷികള്‍ അതിനുശേഷം തൂവലുകള്‍ നഷ്ടപ്പെട്ട് പെണ്‍പക്ഷികളുടേതുപോലെയാകുന്നു.  പിടകളില്‍ മുട്ടയിടുന്ന സമയമാകുമ്പോള്‍ നടത്തുന്ന  ഇടുപ്പെല്ല് പരിശോധന  (Pelvic Bone Test) ലിംഗനിര്‍ണ്ണയത്തിന്  സഹായിക്കാറുണ്ട്. പിടകളില്‍ മുട്ടയിടുന്നതിന്  തൊട്ടുമുമ്പുള്ള സമയത്ത് ഇടുപ്പെല്ല് വിസ്തൃതമാകുന്നതായി കാണുന്നു.  പക്ഷേ ഈ പരിശോധനപോലും മുട്ടയിടുന്ന കാലത്ത്  മാത്രമേ ഫലപ്രദമാകുകയുള്ളൂ. 

ആണും പെണ്ണും ബാഹ്യപ്രകൃതിയാല്‍  തിരിച്ചറിയാന്‍ കഴിയുന്ന  ഇനങ്ങളുടെ  അപൂര്‍വ  മ്യൂട്ടേഷനുകളില്‍ (Mutations) ഈ വ്യത്യാസം കാണപ്പെടാറില്ല. പ്രജനന സമയത്തെ സ്വഭാവ വ്യതിയാനങ്ങളാണ് ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. പ്രജനന സമയത്ത് വര്‍ണ്ണങ്ങളില്‍ കുളിച്ച് അതിസുന്ദരന്‍മാരാകുന്ന പൂവന്‍മാര്‍  പല ഇനങ്ങളിലും  ഈണത്തില്‍ പാടുകയും,  ഇണകളെ ആകര്‍ഷിക്കാന്‍ നൃത്തച്ചുവടുകള്‍ വയ്ക്കുകയും, മരച്ചില്ലകളില്‍ ചാടി  ഊയാലാടുകയും ചെയ്യും. പെണ്‍പക്ഷികളാകട്ടെ പ്രജനന സമയത്ത്  മുട്ടയിടാനുള്ള അറയൊരുക്കുകയും കൂടുതല്‍ സമയം അടയിരിക്കാന്‍ തിരഞ്ഞെടുക്കുന്ന  സ്ഥലത്ത്  ചിലവഴിക്കുകയും ചെയ്യുന്നു.  മേല്‍പ്പറഞ്ഞ പല വ്യത്യാസങ്ങളും  പ്രായപൂര്‍ത്തിയായതിനുശേഷം പ്രത്യക്ഷപ്പെടുന്നതിനാല്‍ പക്ഷിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണ്ണയം നടത്താന്‍ സഹായകരമല്ല.

parrots
  • ഏറ്റവും ജനപ്രിയ  അലങ്കാരപ്പക്ഷികളായ ബഡ്‌ജെറിഗാറുകളില്‍ (Budgerigar) നാസികാദ്വാരത്തിനു  ചുറ്റുമുള്ള  മാംസളമായ ഭാഗത്തിന്റെ  (Cere) നിറവ്യത്യാസമാണ്  ലിംഗനിര്‍ണ്ണയത്തിന്  സഹായിക്കുന്നത്. പ്രായപൂര്‍ത്തിയെത്തിയ ആണ്‍പക്ഷികളില്‍ ഈ ഭാഗത്തിന്  കടും നീല അല്ലെങ്കില്‍  പര്‍പ്പിള്‍ നിറവും, കുഞ്ഞുങ്ങളില്‍ പിങ്ക് നിറവുമായിരിക്കും.  പെണ്‍പക്ഷിയിലാകട്ടെ പ്രജനന സമയത്ത്  കടും തവിട്ടുനിറവുമായിരിക്കും.  
  • ഗ്രേ കൊക്കറ്റീലുകളില്‍ മഞ്ഞ നിറത്തിലുള്ള മുഖവും, കവിളിലെ കറുത്ത ഓറഞ്ചുപൊട്ടും പൂവനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.  പിടയിലാവട്ടെ ചോക്കലേറ്റ് മുഖവും, കവിളിലെ മങ്ങിയ ഓറഞ്ച് പുള്ളിയും വാലിലെ മഞ്ഞ, വെള്ള  വരകളുമുണ്ടാകും. എന്നാല്‍  കുഞ്ഞുങ്ങളില്‍ ഈ വ്യത്യാസമൊന്നുമുണ്ടാകില്ല. 
  • ഫിഞ്ചുകളില്‍ ആണ്‍പക്ഷി മനോഹരമായി പാടുന്നു. കൂടാതെ പ്രത്യേക നിറവും വരകളുമൊക്കെ ദേഹത്തുണ്ടാകും. സീബ്രാ ഫിഞ്ചുകളില്‍  കൊക്കിന്റെ നിറവ്യത്യാസം ലിംഗത്തെ തിരിച്ചറിയാന്‍  സഹായിക്കുന്നു. ആണ്‍പക്ഷികള്‍ക്ക്  ചുവന്ന നിറവും, പെണ്‍പക്ഷികള്‍ക്ക് മങ്ങിയ ഓറഞ്ച് നിറവും.  എന്നാല്‍ മൂന്ന് മാസം പ്രായംവരെ ഇത് തിരിച്ചറിയാന്‍  ബുദ്ധിമുട്ടാണു താനും.
  • ആഫ്രിക്കന്‍ ലൗ ബേര്‍ഡ്‌സ് തുടങ്ങി മിക്ക തത്തയിനങ്ങളിലും ആണിനേയും പെണ്ണിനേയും പ്രത്യക്ഷത്തില്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്.  
  • ഇണകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഇനമാണ് എക്‌ലെക്റ്റസ് (Eclectus) തത്തകള്‍. ഇവയില്‍ പൂവന് കടും പച്ചനിറവും പിടയ്ക്ക് ചുവപ്പു നിറവും. ഇത് മൂന്നാഴ്ച പ്രായത്തില്‍ തന്നെ തിരിച്ചറിയാം. 
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA