ADVERTISEMENT

പക്ഷിപ്രേമികൾക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന  ഒന്നാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം. ഏതൊക്കെ പക്ഷികളെ വളർത്താം, വളർത്താൻ പാടില്ല, ഇന്ത്യൻ ഉത്ഭവമുള്ള പക്ഷികളെ കിട്ടിയാൻ എന്തു ചെയ്യണം എന്നിവയൊക്കെ കുഴക്കുന്ന പ്രശ്‌നങ്ങൾ തന്നെ. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയാടലുമാണ് പല നാടൻ പക്ഷികളുടെയും നാശത്തിനു കാരണം. പ്രാവ്, കൊറ്റി, പരുന്ത് തുടങ്ങിയ പക്ഷികളുടെ എണ്ണത്തിൽ വന്ന കുറവ് പക്ഷിവേട്ട തന്നെ. 

ഒരു പക്ഷി അല്ലെങ്കിൽ ഒരു കൂട്ടം പക്ഷികൾ കൊല്ലപ്പെടുമ്പോഴോ പിടിക്കപ്പെടുമ്പോഴോ അവ മാത്രമല്ല നശിക്കുന്നത് എന്ന് ഓർമ വേണം. അവയെ കാത്തിരിക്കുന്ന മുട്ടകൾ, കുഞ്ഞുങ്ങൾ, ഇണകൾ എല്ലാം നശിക്കുന്നു. 

1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർന്ന തത്തകൾ (നാടന് ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻ‍ഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലം ഷെഡ്യൂളിൽ ഉൾപ്പെടും. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതുമാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം. 

നിയമത്തിലെ 55സി പ്രകാരം ഏതൊരു വ്യക്തിക്കും ഏതെങ്കിലും തരത്തിലുള്ള വന്യജീവി സംരക്ഷണ നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചീഫ് വൈല്ഡ്‌ലൈഫ് വാർഡനോ, കേന്ദ്ര സർക്കാരിന്റെ വന്യജീവി വിഭാഗത്തിനോ നോട്ടീസ് നൽകാം. വ്യക്തി നൽകുന്ന നോട്ടീസിന്റെ അടിസ്ഥാനത്തില് 60 ദിവസത്തിനകം നിയമനടപടികൾ വന്നില്ലെങ്കിൽ വ്യക്തിക്കു നേരിട്ട് കോടതിയെ സമീപിക്കാം. നേരത്തെ ഇല്ലാതിരുന്ന ഈ ഭേദഗതി 1991ലാണ് നിലവിൽ വന്നത്. നിയമത്തിൽ ‌ഉൾപ്പെട്ട എല്ലാത്തരം പക്ഷിമൃഗാദികളുടെയും ഉരഗജീവികളുടെയും ഉൽപാദനം, കയറ്റുമതി, വ്യാപാരം എന്നിവയും തടഞ്ഞിട്ടുണ്ട്. 

സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.

വന്യജീവികളല്ലെങ്കിലും പണി കിട്ടും

അലങ്കാരപക്ഷികളെ വളർത്തുമ്പോൾ പോലും അവയുടെ കൂടിന്റെയും മറ്റ് ആവശ്യസാധനങ്ങളുടെയും കാര്യത്തിൽ ശ്രദ്ധ വേണം. വീടുകളിൽ പ്രജനനം നടത്തി വിൽക്കുന്നവരാണെങ്കിലും പെറ്റ് ഷോപ്പുകളിലാണെങ്കിലും അവയെ സൂക്ഷിക്കേണ്ട കൂടുകൾക്ക് നിശ്ചിത വലുപ്പമുണ്ട്. മാത്രമല്ല, കൂടുകളിൽ എപ്പോഴും ശുദ്ധജലവും വൃത്തിയുള്ള ഭക്ഷണവും ആവശ്യത്തിനു വെളിച്ചവും കിട്ടേണ്ടതാണ്. കടയിലോ വീട്ടിലോ വൃത്തിഹീനമായ സാഹചര്യത്തിൽ പീഡിപ്പിക്കപ്പെടുന്ന പക്ഷിമൃഗാദികളെ കണ്ടാൽ അതും നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കാര്യമാണ്.

യാത്രയിൽ ഒപ്പം കൂട്ടാം

യാത്രകളിൽ ചിലർ തങ്ങളുടെ അരുമപ്പക്ഷികളെയും കൂടെക്കൂട്ടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ സൗകര്യത്തിനു കൂട് തെരഞ്ഞെടുക്കാതെ പക്ഷികളുടെ സൗകര്യത്തിനു തെരഞ്ഞെടുക്കുക. കുറഞ്ഞത് അവയ്ക്ക് നിന്നു തിരിയാനും നിവർന്നു നിൽക്കാനും ചിറകുകൾ വിരിക്കാനും സൗകര്യമുള്ള കൂടുകളാണ് ഉത്തമം. കൂടാതെ ദീർഘദൂരയാത്രകളിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും കരുതണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com