ADVERTISEMENT

ജോലിയും തിരക്കുകളും മാനസിക പിരിമുറുക്കങ്ങളും നിറഞ്ഞ ലോകത്ത് അവയ്ക്കൊരു പരിഹാരമെന്നോണം വിനോദമാർഗങ്ങൾ തേടുന്നവർ നിരവധിയുണ്ട്. അത്തരത്തിൽ പക്ഷിവളർത്തലിലേക്കു തിരിഞ്ഞവരും നിരവധിയുണ്ട്. മനുഷ്യർ സംഘർഷങ്ങളിൽനിന്നു സംഘർഷങ്ങളിലേക്കു യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനസിനും ശരീരത്തിനും കുളിർമയേകി ആരെയും ബോറടിപ്പിക്കാതെ എന്നും നിലനിൽക്കുന്ന ഒരു മേഘലയാണ് അലങ്കാരപ്പക്ഷിവളർത്തൽ. ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു അലങ്കാരപ്പക്ഷിയെങ്കിലും ഉണ്ടെന്നു വയ്ക്കു, എല്ലാ ദിവസവും ജോലി കഴിഞ്ഞ് ചുരുങ്ങിയത് അര മരണിക്കൂർ അവയെ ഒന്നു ശ്രദ്ധിച്ചാൽ നമ്മളറിയാതെതന്നെ നമ്മളിൽ മാറ്റങ്ങള്‍ ഉടലെടുക്കും.

ചെറിയ രീതിയിൽ അലങ്കാരപക്ഷികളെ ആരോഗ്യകരമായി വളർത്താം. അവയുടെ സന്തോഷത്തിനും പ്രജനനത്തിനുമായുള്ള അന്തരീക്ഷം ഒരുക്കുന്നതിനുള്ള പ്രധാന ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കടകളിലായാലും വീടുകളിലായാലും പക്ഷിവളർത്തൽ വൃത്തിയുള്ള സാഹചര്യത്തില്‍ തുടങ്ങിയാലും പിന്നീടത് മാറിവരുന്നതാണ് കാണാറുള്ളത്. ഇങ്ങനെയുണ്ടാകുന്ന അന്തരീക്ഷമാറ്റം പലപ്പോഴും പക്ഷികളുടെ ആരോഗ്യം ക്ഷയിപ്പിക്കുകയും അവയെ രോഗങ്ങളിലേക്കും മരണത്തിലേക്കും തള്ളിവിടുകയും ചെയ്യും. ഇത് ഉടമയ്ക്ക് സാമ്പത്തിക നഷ്ടവും മടുപ്പും ഉണ്ടാക്കും. അങ്ങനെ സാവധാനം നമ്മളിലെ പക്ഷിപ്രേമി മുരടിച്ചുപോകുന്നു. പിന്നീട് ആരെങ്കിലും അതേ പ്രസ്ഥാനം തുടങ്ങിയാൽ അയാളെ മാനസികമായി പിന്തിരിപ്പിക്കാനായിരിക്കും ഇത്തരക്കാർ ശ്രമിക്കുക. എന്നാൽ, സ്വന്തം പിടിപ്പുകേടുമൂലമുള്ള നഷ്ടങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യും.

പരിപാലിക്കാൻ കഴിയുമോ?

പക്ഷികളെ വളർത്താൻ ആഗ്രഹിക്കുമ്പോൾത്തന്നെ പ്രധാനമായും ചിന്തിക്കേണ്ടത് അവയെ വളർത്താൻ തനിക്ക് കഴിയുമോ എന്നാണ്. ആദ്യത്തെ ഇഷ്ടവും മറ്റുള്ളവർ വളർത്തുന്നതു കണ്ടിട്ടുള്ള താൽപര്യവും ഏറെ നാൾ നിലനിൽക്കില്ല. അതുകൊണ്ടുതന്നെ തന്നേക്കൊണ്ടു കഴിയും എന്ന ഉറച്ച തീരുമാനമുണ്ടെങ്കിൽ മാത്രമേ മുന്നോട്ടുപോകാവു. കൂടാതെ, അനുഭവ പരിചയവും പ്രവൃത്തി പരിചയവുമുള്ള പക്ഷിസ്‌നേഹികളുടെ നിർദേശങ്ങളും ആശയങ്ങളും സ്വീകരിക്കുകയും വേണം. 

ഏതു പക്ഷിയെയാണോ വളർത്താൻ ഉദ്ദേശിക്കുന്നത്, അതിനേക്കുറിച്ച് പരമാവധി അറിവുകൾ ലഭ്യമായ ഉറവിടങ്ങളിൽനിന്ന് അറിഞ്ഞുവച്ചിരിക്കണം. അവയുടെ സ്വഭാവം, ലിംഗനിർണയം, ഭക്ഷണശീലങ്ങൾ, കുഞ്ഞുങ്ങളുടെ പരിപാലനം എന്നിവ ഇതിൽ പ്രധാനമാണ്. 

ശ്രദ്ധ കൂടൊരുക്കാനും

ഷെഡിലോ മറ്റും പാർപ്പിക്കാൻ കഴിഞ്ഞാൽ കാലാവസ്ഥാമാറ്റം അവയെ ബാധിക്കാതിരിക്കും. വളർത്താൻ ഉദ്ദേശിക്കുന്ന പക്ഷികളുടെ സ്വഭാവത്തെപ്പറ്റി ചെറിയ രീതിയിലെങ്കിലും മനസിലാക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന്, സാധാരണ എല്ലാവരും പൊതുവെ വളർത്തിവരുന്ന ലവ് ബേർഡുകൾ എന്നു വിളിക്കുന്ന ബഡ്ജെറിഗാറുകൾ കൂട്ടത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.  ശബ്ദങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ ഇഷ്ടപ്പെടുന്നവരാണിവർ. ആഫ്രിക്കൻ ലവ് ബേർഡുകൾക്കും കൊക്കറ്റീലുകൾക്കും ചെറു പാരക്കീറ്റ് വംശങ്ങൾക്കും ഇത് ബാധകമാണ്. 

പക്ഷികൾക്കു സുഗമമായി പറന്നു നടക്കുന്നതിനും ഇരിക്കാനും പ്രചനനത്തിനായുള്ള കുടങ്ങൾ വയ്ക്കുന്നതിനും കഴിയുന്ന വിധത്തിൽ വലുപ്പമുള്ള കൂടുകൾ വേണം നിർ‌മിക്കാൻ. ഇഴജന്തുക്കളും, എലികളും, പൂച്ചയുമൊക്കെ പക്ഷികളുടെ ശത്രുക്കളായതിനാൽ അവയിൽനിന്നു രക്ഷനേടാനുതകുന്ന വിധത്തിലായിരിക്കണം കൂട് തയാറാക്കേണ്ടത്. 

egg-food-1

ഭക്ഷണശീലത്തിലും വേണം ശ്രദ്ധ

പാലും പഴവും കൊടുത്ത് പക്ഷികളെ വളർത്തുന്ന രീതി ഇന്നു പലർക്കുമുണ്ട്. പക്ഷിക്കുഞ്ഞുങ്ങൾക്ക് മനുഷ്യക്കുഞ്ഞുങ്ങൾക്കുള്ള ബേബി ഫുഡുകൾ നൽകുന്നവരുമുണ്ട്. ഇതൊക്കെ നൽകി പക്ഷികളുടെ ആരോഗ്യം നശിപ്പിക്കുകയാണെന്ന് പലരും ബോധവാന്മാരല്ല. അറിവില്ലായ്മകൊണ്ട് പലരും ഉപദേശിച്ചു നൽകുന്നതും ഇത്തരം ഭക്ഷണങ്ങളാണ്. ചെറുപ്രായത്തിൽത്തന്നെ ലിവർ സിറോസിസും പ്രമേഹവുമെല്ലാം ബാധിച്ച് പക്ഷികൾ ചത്തുപോകാനുള്ള എളുപ്പവഴിയാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ.

കൂടുകളിൽ വളർത്തുന്ന പക്ഷികൾക്കു പോഷകസമ്പുഷ്ടമായ ഭക്ഷണം വേണം നൽകാൻ. പച്ചക്കറികൾ, ഇലവർഗങ്ങൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ നൽകി ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com