sections
MORE

പക്ഷിവളർത്തലിൽ സിബിയുടെ വിജയമന്ത്രങ്ങൾ – വിഡിയോ

HIGHLIGHTS
  • കുഞ്ഞുങ്ങളെ വിൽക്കുന്നതാണ് സിബിയുടെ പ്രധാന വരുമാനമാർഗം
  • കോഴികളുടെയും ഫെസന്റുകളുടെയും വിൽപന ബുദ്ധിമുട്ടാകുന്നില്ല
SHARE

അനുദിനം വളർന്നുവരുന്ന പക്ഷിവളർത്തൽ മേഖലയിൽ നിരവധി പുതുസംരംഭകരുണ്ടെങ്കിലും വർഷങ്ങളായി ഈ മേഖലയിൽ നിലനിൽക്കുന്നവർ ഒരുപാടുപേരുണ്ട്. അത്തരത്തിൽ ഈ മേഖലയിൽ രണ്ടു പതിറ്റാണ്ടിന്റെ കഥ പറയാനുള്ള വ്യക്തിയാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേവടയിലുള്ള പുറ്റനാനിക്കൽ സിബി തോമസ്. അദ്ദേഹത്തെത്തേടി കർഷകശ്രീ എത്തുമ്പോൾ പുതിയ കോഴിക്കൂട് നിർമിക്കുന്നതിന്റെ തിരക്കിലായിരുന്നു സിബി. കൂടുനിർമാണത്തിന്റെ തിരക്കിലായിരുന്നെങ്കിലും കർഷകശ്രീക്കുവേണ്ടി സമയം കണ്ടെത്താൻ അദ്ദേഹം ശ്രദ്ധിച്ചു.

പുതിയ കൂടുകൾ നിർമിക്കുന്നതിനൊപ്പം പഴയ കൂടുകളുടെ അറ്റകുറ്റപ്പണികളും നടക്കുകയാണ്. വലിയ ഷെഡുകളിൽ ആറു മുതൽ 12 വരെ ചെറു കള്ളികൾ തീർത്താണ് സിബി തന്റെ പക്ഷികൾക്കുള്ള വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. നേരത്തെ പ്ലാസ്റ്റിക് വലകൾ ഉപയോഗിച്ചായിരുന്നു സുരക്ഷയൊരുക്കിയിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ കൂടുകളും വെൽഡ് മെഷ് ഉപയോഗിച്ച് ഉറപ്പുള്ളതാക്കിയിട്ടുണ്ട്. ഇരപിടിയന്മാരായ കാട്ടുജീവികളുടെ ശല്യം ഈ പ്രദേശങ്ങളിൽ ഏറിയതാണ് ഉറപ്പുള്ള കൂടുകൾ നിർമിക്കാൻ പ്രധാന കാരണം. 

പ്രാധാന്യം ഫെസന്റുകൾക്കും കോഴികൾക്കും

വിവിധ ഇനത്തിൽപ്പെട്ട സൗന്ദര്യരാജാക്കന്മാരായ ഫെസന്റുകളും പതിനഞ്ചോളം ഇനം അലങ്കാരക്കോഴികളുമാണ് സിബിയുടെ ശേഖരത്തിലുള്ളത്. എല്ലാ പക്ഷികളുടെയുംകൂടി എണ്ണമെടുത്താൽ മുന്നൂറോളം വരും. ലേഡി, ഗോള്‍ഡന്‍, യെല്ലോ ഗോള്‍ഡ്, ഗ്രീന്‍ മെലാന്റിക്, വൈറ്റ്, ഡീപ് ഗ്രീന്‍, റീവ്, ഭൂമിയാന്‍, സില്‍വര്‍ തുടങ്ങിയ ഇനം ഫെസന്റുകളാണ് ഇവിടുള്ളത്. കൂടാതെ അലങ്കാര കോഴികളായ അമേരിക്കന്‍ ബാന്റം, ബ്ലൂ കൊച്ചിന്‍, പോളിഷ് ക്യാപ് (ഗോള്‍ഡന്‍, ബ്ലാക്ക്, വൈറ്റ്, ബഫ് ലേസ്, സില്‍വര്‍ തുടങ്ങിയ ഇനങ്ങള്‍), ഓള്‍ഡ് ഇംഗ്ലീഷ് ഗെയിം കോക്ക്, അമേരിക്കന്‍ ഫ്രില്‍ (ബ്ലാക്ക്, വെറ്റ്), ഫോണിക്‌സ്, സീബ്രൈറ്റ്, ബ്ലൂ ലേസ്ഡ്, സില്‍ക്കി, മില്ലി (റെഡ്, വൈറ്റ്, ലവന്‍ഡര്‍), വിവിധ തരം ബ്രഹ്മകൾ തുടങ്ങിയവയുമുണ്ട്. ഇവയെക്കൂടാതെ വിവിധതരം കോന്യൂറുകൾ, കക്കാരിക്കി, ഷോ ബഡ്‌ജീസ് തുടങ്ങിയ പക്ഷികളെയും സിബി വളർത്തുന്നു.

വരുമാനം കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങളെ വിൽക്കുന്നതാണ് സിബിയുടെ പ്രധാന വരുമാനമാർഗം. ഫെസന്റുകൾ ഒരു സീസണിൽ 30–40 മുട്ടകളിടും. ആറു ദിവസം കൂടുമ്പോഴാണ് അടവയ്ക്കുക. ഇതിന് ഇൻകുബേറ്ററുണ്ട്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ തീറ്റയാണ് നൽകുക. ഫെസന്റുകളുടെ കുഞ്ഞുങ്ങൾക്ക് വലുപ്പം കുറവായതിനാൽ ചെറിയ കണ്ണിയകലമുള്ള കൂട്ടിലാണ് ബൾബ് നൽകി പ്രത്യേക പരിചരണം നൽകുക. ആൺ–പെൺ ലിംഗനിർണയം സാധ്യായതിനുശേഷമാണ് വിൽപ്പന. അതായത് ഫെസന്റുകൾ 4–6 മാസം പ്രായത്തിലും കോഴികൾ 3 മാസം പ്രായത്തിലുമാണ് വിൽപന.

നിക്ഷപം വരുമാനത്തിൽനിന്ന്

കോഴികളെയും ഫെസന്റുകളെയും വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഫാം വികസിപ്പിക്കാനും പുതിയ ഇനങ്ങളെ വാങ്ങാനും ചെലവാക്കുന്നു. ഇതിനായി വായ്‌പകൾ എടുക്കാറില്ല. ഇപ്പോൾത്തന്നെ കൂടുകളുടെ അറ്റകുറ്റപ്പണികൾക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ചെലവായിട്ടുണ്ട്. അതും പക്ഷികളിലൂടെത്തന്നെയാണെന്ന് സിബി പറയുന്നു. 

വിജയമന്ത്രം

വർഷങ്ങളായി ഈ മേഖലയിലുള്ളതിനാൽ കോഴികളുടെയും ഫെസന്റുകളുടെയും വിൽപന ബുദ്ധിമുട്ടാകുന്നില്ല. എങ്കിലും ചിലപ്പോൾ വിലയിടിവ് ഉണ്ടായാൽ മുട്ടകൾ അടവയ്ക്കില്ല. വർഷങ്ങളായി തുടർന്നു പോരുന്ന രീതി അതാണ്. കൂടാതെ വിപണിയിൽ ഡിമാൻഡ് ഉള്ളവയെ മാത്രമാണ് വളർത്തുന്നത്. മാത്രമല്ല പക്ഷികളിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതമാണ് പുതിയവയ്ക്കാനി നീക്കിവയ്ക്കുന്നത്. 

പിന്തുണ

കുടുംബമാണ് എല്ലാത്തിനും കൂടെയുള്ളത്. കോഴികളെ പരിചരിക്കാനും തീറ്റ നൽകാനും ഭാര്യ ബിൻസിയും മക്കളായ ടോമും ജോസ്‌ഫെലും ടിജോയും സിബിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഓരോ ഇനത്തെക്കുറിച്ചും സംസാരിക്കാൻ മക്കൾക്കും നൂറു നാവ്.

വിലാസം: 

സിബി തോമസ്, പുറ്റനാനിക്കല്‍, മേവട പി.ഒ, പാലാ, 9447576203, 8606076203

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA