രക്തബന്ധമുള്ള ആടുകൾ തമ്മിൽ ഇണചേർക്കുന്നതു വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു തൂക്കക്കുറവുണ്ടാകാം. മേൽത്തരം മലബാറി ഇനം മുട്ടനാടുകളുടെ ബീജം ഉപയോഗിച്ചു കൃത്രിമ ബീജാധാനം നടത്തുന്നതിനുള്ള സൗകര്യം മൃഗാശുപത്രികളിലുണ്ട്. ഇതു പ്രയോജനപ്പെടുത്താം. മുട്ടനാടുകളെയാണ് ഉപയോഗിക്കുന്നതെങ്കില്‍ പുറമെനിന്നു നല്ലതിനെ തിരഞ്ഞെടുത്തു കൊണ്ടുവരികയും പ്രത്യേക റജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുകയും വേണം.
ജനിച്ച് അര മണിക്കൂറിനുള്ളിൽ കുട്ടിയെ കന്നിപ്പാൽ കുടിപ്പിക്കണം. പ്രതിരോധശക്തി കിട്ടാൻ ഇത് ആവശ്യമാണ്. തള്ളയാടിനെ പിടിച്ചു നിർത്തി കുട്ടിയെ കുടിപ്പിക്കണം. ജനിച്ച ദിവസം തന്നെ പരമാവധി പാൽ കുടിപ്പിച്ചാൽ അത്രയും നന്ന്. തള്ളയാടിന് ചെനയുടെ 4-5 മാസങ്ങളിൽ ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പ് നിശ്ചയമായും നൽകണം. ചെനയുള്ള ആടിനു നല്ല തീറ്റ സംരക്ഷണവും ടോണിക്കായി ധാതുലവണ ജീവകമിശ്രിതം നൽകുകയും ചെയ്താലേ ആട്ടിൻകുഞ്ഞുങ്ങൾ മെച്ചപ്പെടുകയുള്ളൂ.
ജനിച്ച കുഞ്ഞുങ്ങളുടെ പൊക്കിൾത്തണ്ട് ടിംചർ അയഡിൻ പുരട്ടി അണുവിമുക്തമാക്കണം. ആട്ടിൻകുഞ്ഞിന് വിരമരുന്നുകൾ ആറു മാസംവരെ മാസംതോറും വെറ്ററിനറി ഡോക്ടറുടെ ശുപാർശ അനുസരിച്ചു നൽകണം. മരണനിരക്ക് കൂട്ടുന്നതിനാൽ വയറിളക്കരോഗങ്ങൾ ശ്രദ്ധിക്കണം. ചിലപ്പോൾ വിരയ്ക്കു പുറമെ, കോക്സീഡിയ ഉണ്ടാക്കുന്ന വയറിളക്കവും പ്രശ്നമാണ്. കാഷ്ഠം പരിശോധിച്ച് രോഗമുണ്ടെങ്കില്‍ സൾഫാ മരുന്നു നൽകണം. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഫാമിലെ ആട്ടിൻകാഷ്ഠവും മൂത്രവും മേൽക്കൂരയുള്ള വളക്കുഴിയിൽ നിക്ഷേപിക്കണം.
ആടുകൾക്കു നൽകുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം നോക്കണം. വെള്ളത്തിലെ കോളിഫോം ബാക്ടീരിയ വയറിളക്കത്തിനു കാരണമാകാം. ഫാമിലെ വെള്ളം ആരോഗ്യവകുപ്പിലെയോ വാട്ടർ അതോ റിറ്റിയിലെ ലാബിലോ പരിശോധിക്കുക. കോളിഫോം കണ്ടാൽ1000 ലീറ്റർ വെള്ളത്തിന് അര സ്പൂൺ ബ്ലീച്ചിങ് പൗഡർ എന്ന തോതിൽ വെള്ളത്തിൽ രണ്ടു മൂന്ന് ആഴ്ച ഇടവേളകളിൽ ചേർക്കുക. ഈച്ച, പേൻ എന്നിവ അകറ്റാനുള്ള മരുന്നുകൾ ആടുകളുടെ ദേഹത്തും കൂട്ടിലും തളിച്ച് അവ ഒഴിവാക്കുക.
ആടു വസന്ത, എന്ററോ ടോക്സീമിയ എന്നിവയ്ക്ക് മൂന്നാം മാസം പ്രായത്തില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കണം. പിന്നീട് വർഷംതോറും നിശ്ചയമായും നൽകണം. ഏതെങ്കിലും കാരണവശാൽ ആടുകൾ പെട്ടെന്ന് മരണപ്പെട്ടാൽ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കൃത്യമായ പോസ്റ്റ്മോർട്ടം വഴി രോഗനിർണയം നടത്തണം. മൃഗസംരക്ഷണവകുപ്പിന്റെയും വെറ്ററിനറി സർവകലാശാലയുടെയും ലാബുകളില്‍ ഇതിനു സംവിധാനമുണ്ട്.
ആടുകളെ ഇൻഷുർ ചെയ്യണം. മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പരിശീലനപരിപാടിയില്‍ പങ്കെടുത്തു കാര്യങ്ങൾ മനസ്സിലാക്കണം. ആടുകളെ നിരന്തരമായി നിരീക്ഷിക്കണം. രോഗബാധയുള്ള സ്ഥലത്തുനിന്ന് ആടുകളെ വാങ്ങരുത്. പുറമെനിന്നു വാങ്ങുന്നവയെ മൂന്നാഴ്ച മാറ്റി പാർപ്പിച്ച് രോഗമൊന്നുമില്ലെന്ന് ഉറപ്പാക്കി മാത്രമേ ഫാമിലേക്കു ചേർക്കാവൂ.