ADVERTISEMENT

‘ആടുകളിലെ പ്ലേഗ്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈറസ് രോഗമാണ്  ആടുവസന്ത. പാരമിക്സോ  എന്ന വൈറസ് കുടുംബത്തിലെ  മോർബില്ലി എന്നയിനം വൈറസുകൾ  കാരണമായുണ്ടാവുന്ന ഈ രോഗം പിപിആർ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്റ്സ് എന്നാണ് ശാസ്ത്രീയമായി  വിളിക്കപ്പെടുന്നത്. 

ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും  ചെമ്മരിയാടുകളെയും രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയ്ക്കാണ് രോഗസാധ്യതയും മരണനിരക്കും കൂടുതൽ. ചെമ്മരിയാടുകളേക്കാൾ കോലാടുകൾക്കാണ് ഉയർന്ന രോഗസാധ്യത. വൈറസ് ബാധയേറ്റാൽ രോഗലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതൽ 90 ശതമാനം വരെ  ഉയർന്നതുമാണ്.  വൈറസ് രോഗമായതിനാൽ  ചികിത്സകൾ ഒന്നും ഫലപ്രദമവുമല്ല. 

ലോകഭക്ഷ്യ കാർഷിക സമിതിയുടെ നിരീക്ഷണപ്രകാരം ഇന്ന് ആഗോളമായി 63 ശതമാനത്തോളം ആടുകളും ചെമ്മരിയാടുകളും പിപി ആർ  രോഗത്തിന്റെ ഭീഷണിയിലാണ്. ഇന്ത്യയിൽ ഈ രോഗം  ആദ്യമായി കണ്ടെത്തിയത് 1989കളുടെ അവസാനത്തിൽ തമിഴ്നാട്ടിലെ വില്ലിപുരത്ത് ചെമ്മരിയാടുകളിലാണ്. 

കേരളത്തിൽ 2003ലാണ് പിപിആർ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം കണ്ടെത്തുകയുണ്ടായി. ഇക്കഴിഞ്ഞ മാസങ്ങളിൽ പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ആടുവസന്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തിൽ രോഗം വ്യാപകമാവുന്നതിന്റെ മുഖ്യകാരണം. 

രോഗവ്യാപനമെങ്ങനെ ?

രോഗം ബാധിച്ച ആടുകൾ കാഷ്ഠത്തിലൂടെയും മൂത്രത്തിലൂടെയും മറ്റ്  ശരീരസ്രവങ്ങളിലൂടെയും രോഗാണുക്കളെ പുറന്തള്ളും. രോഗബാധയേറ്റ  ആടുകളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റസാധനങ്ങൾ, കുടിവെള്ളം, ഫാം  ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും. വായുവിലൂടെ വ്യാപിക്കാനും വൈറസിന് ശേഷിയുണ്ട് . 

രോഗാണുക്കൾ ശരീരത്തിൽ  പ്രവേശിച്ച്  ഒരാഴ്ചയ്ക്കകം ആടുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച്  തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണിൽനിന്നും മൂക്കിൽനിന്നും സ്രവമൊലിക്കൽ എന്നിവയെല്ലാമാണ്  ആടുവസന്തയുടെ  ആരംഭലക്ഷണങ്ങൾ.  വൈറസുകൾ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലർന്ന തുടർച്ചയായ വയറിളക്കം, ശ്വസനതടസ്സം, മൂക്കിൽനിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന്  ദുർഗന്ധം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാവും. 

വായ്ക്കകത്തും പുറത്തും വ്രണങ്ങൾ പ്രത്യക്ഷപ്പെടുകയും കണ്ണുകൾ ചുവന്ന് പഴുക്കുകയും ചെയ്യും. ഗർഭിണി ആടുകളുടെ ഗർഭമലസാനിടയുണ്ട്.  ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാൽ കോളിഫോം, കുരലടപ്പൻ, കോക്സീഡിയൽ രക്താതിസാരം പോലുള്ള പാർശ്വാണുബാധകൾക്കും സാധ്യതയുണ്ട്. ശ്വസനതടസ്സവും ന്യുമോണിയയും മൂർച്ഛിച്ചാണ്  ഒടുവിൽ ആടുകളുടെ മരണം സംഭവിക്കുക.

പ്രതിരോധം ചികിത്സയേക്കാൾ ഫലപ്രദം

ഗോരക്ഷാപദ്ധതിയുടെ കീഴിൽ  മൃഗസംരക്ഷണവകുപ്പ് ഉൽപ്പാദിപ്പിച്ച് സംസ്ഥാനത്തുടനീളം സൗജന്യമായി വിതരണം ചെയ്യുന്ന പി‌പിആർ സെൽകൾച്ചർ വാക്സിൻ ആടുവസന്ത പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്. മൂന്ന് മാസത്തിന്  മുകളിൽ  പ്രായമുള്ള ആടുകൾക്ക് ആദ്യ പ്രതിരോധകുത്തിവയ്പ്പെടുക്കാം.  തുടർന്ന് വർഷം തോറും  കുത്തിവയ്പ്പ് ആവർത്തിക്കണം. ഒരു മില്ലിലിറ്റർ വീതം മരുന്ന് തൊലിക്കടിയിൽ  കുത്തിവെക്കുന്ന  പിപിആർ വാക്സിൻ  ഗർഭിണികളായ  ആടുകൾക്ക് പോലും  സുരക്ഷിതമായി നൽകാവുന്നതാണ്. ഇത് കൂടാതെ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ എന്ന സ്ഥാപനം ഉൽപ്പാദിപ്പിക്കുന്ന രക്ഷാ പിപിആർ വാക്സിനും ഇന്ന് വിപണിയിൽ ലഭ്യമാണ്.

രോഗം സംശയിക്കുന്ന ആടുകളെ പ്രത്യേകം  മാറ്റിപ്പാർപ്പിച്ച്  പരിചരിക്കണം. രോഗബാധ കണ്ടെത്തിയ പ്രദേശത്തുനിന്ന് ആടുകളെ വാങ്ങുന്നതിനും തീറ്റസാധനങ്ങൾ ശേഖരിക്കുന്നതിനും താൽക്കാലികമായി ഒഴിവാക്കണം. പുതിയ ആടുകളെ  ഫാമുകളിലേക്ക് കൊണ്ടുവരുമ്പോൾ മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാർപ്പിച്ച്  ക്വാറനൈ്റൻ  പരിചരണം നൽകണം. തുടർന്ന് രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം  മറ്റാടുകൾക്കൊപ്പം ചേർക്കാനും കർഷകർ ശ്രദ്ധിക്കണം. 

പുതുതായി കൊണ്ടുവരുന്ന മുട്ടനാടുകളെ ക്വാറനൈ്റൻ നിരീക്ഷണ കാലയളവിൽ  പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രജനനാവശ്യത്തിനായി ഫാമുകളിലേക്ക് ആടുകളെ കൊണ്ടുവരുമ്പോഴും മറ്റ് ഫാമുകളിലേക്ക് ആടുകളെ കൊണ്ടുപോവുമ്പോഴും  രോഗബാധയില്ലെന്നുറപ്പാക്കാൻ  കർഷകർ ശ്രദ്ധ പുലർത്തണം. ആരോഗ്യത്തെ കുറിച്ചും പ്രതിരോധ കുത്തിവെപ്പുകളെ  പറ്റിയുമുള്ള മതിയായ വിവരങ്ങൾ ലഭ്യമല്ലാത്ത ആടുകളെ ചന്തയിൽനിന്നും മറ്റും വളർത്താനായി  വാങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com