sections
MORE

മൃഗസംരക്ഷണ സംരംഭ സഹായപദ്ധതികളിൽ മുൻഗണന ലഭിക്കാൻ എൽഎംടിസി സർട്ടിഫിക്കറ്റ്

HIGHLIGHTS
 • പരിശീലനപരിപാടികളില്‍ സംരംഭകര്‍ക്ക് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം
 • സംസ്ഥാനത്ത് ഒന്‍പത് ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററുകളുണ്ട്
LMTC
SHARE

വ്യാവസായികമായി ആട് വളര്‍ത്തല്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സംരംഭകനാണോ നിങ്ങള്‍? കോഴിവളര്‍ത്തലിലും കാടവളര്‍ത്തലിലും മുയല്‍ വളര്‍ത്തലിലുമെല്ലാം ഒരുകൈ നോക്കാന്‍  നിങ്ങള്‍ക്ക്  താല്‍പര്യമുണ്ടോ? നിങ്ങളുടെ നിലവിലുള്ള  ക്ഷീരസംരംഭം ശാസ്ത്രീയ സംവിധാനങ്ങള്‍ കുറെക്കൂടി മെച്ചപ്പെടുത്തി അൽപംകൂടി വിപുലപ്പെടുത്താന്‍  ആഗ്രഹമുണ്ടോ?  എങ്കില്‍ അതിനെല്ലാമായി  നിങ്ങള്‍ക്കുള്ള  വഴികാട്ടികളാണ് മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററുകള്‍ അഥവാ എല്‍എംടിസികള്‍. മൃഗസംരക്ഷണ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് അറിവും അവബോധവും നല്‍കി അവരെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനായുുള്ള മാര്‍ഗ്ഗനിര്‍ദ്ദേശകേന്ദ്രങ്ങളും, ഈ മേഖലയിലെ പുത്തന്‍  പ്രവണതകളും  സാങ്കേതികവിദ്യകളും കര്‍ഷകരിലേക്കെത്തിക്കുന്ന  വിജ്ഞാന വ്യാപനകേന്ദ്രങ്ങളും  കൂടിയാണ് എല്‍എംടിസികള്‍.

മൃഗസംരക്ഷണ രംഗത്തേക്ക് കടന്നുവരുന്ന പുതുസംരംഭകര്‍ക്ക് ക്ലാസുകളും പരിശീലനങ്ങളും നല്‍കുന്നതിനും സ്വയംതൊഴില്‍ കണ്ടെത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായും വിവിധ കേന്ദ്രങ്ങളിലായി ഒന്‍പത് ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ്  ട്രെയിനിംഗ് സെന്‍ററുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി  യാതൊരു തരത്തിലുള്ള ഫീസുകളും  കൂടാതെ തീര്‍ത്തും സൗജന്യമായാണ് എല്‍എംടിസികളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നൽകുന്നത്.

എല്‍എംടിസി സേവനങ്ങള്‍ എന്തെല്ലാം ?

പശു, ആട്, മുട്ടക്കോഴി, ഇറച്ചിക്കോഴി, മുയല്‍, താറാവ്, ടര്‍ക്കി, കാട, പന്നി, എരുമ, പോത്ത്കുട്ടി തുടങ്ങി ഓമനപക്ഷി വളര്‍ത്തല്‍ വരെയുള്ള  വിഷയങ്ങളില്‍ രണ്ടു മുതല്‍ അഞ്ചു ദിവസം വരെ നീളുന്ന പരിശീലനപരിപാടികള്‍ എല്‍എംടിസികള്‍  കേന്ദ്രീകരിച്ച് എല്ലാ മാസവും നടന്നുവരുന്നുണ്ട്. വളര്‍ത്തുനായ്ക്കളുടെ പരിപാലനം, തീറ്റപ്പുല്‍കൃഷി തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനങ്ങള്‍, മൃഗസംരക്ഷണ വകുപ്പിലെ  ലൈവ്സ്റ്റോക്ക്  ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള പരിശീലനങ്ങള്‍ എന്നിവയും അനുബന്ധമായി എല്‍എംടിസികളിള്‍  നടക്കുന്നുണ്ട്.

മൃഗസംരക്ഷണവകുപ്പിലെയും വെറ്ററിനറി കോളജുകളിലെയും വിദഗ്‌ധ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരുമാണ് ഈ പരിശീലന പരിപാടികളില്‍ ക്ലാസുകള്‍ നയിക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നൽകും. സര്‍ക്കാരിന്‍റെ വിവിധ മൃഗസംരക്ഷണ സംരംഭ സഹായ പദ്ധതികളില്‍ മുന്‍ഗണന ലഭിക്കുന്നതിന് എല്‍എംടിസികളില്‍നിന്നുള്ള പരീശീലന സര്‍ട്ടിഫിക്കറ്റുകള്‍ സഹായകമാവും.   ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പാസഹായങ്ങള്‍ ലഭ്യമാകുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ഉപകരിക്കും.

എല്‍എംടിസികളില്‍ നടക്കുന്ന പരിശീനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി റേഡിയോയിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും, നവമാധ്യമങ്ങളിലൂടെയും അറിയിക്കും. എല്‍എംടിസികളുമായോ തൊട്ടടുത്ത മൃഗാശുപത്രികളുമായോ ബന്ധപ്പെട്ട് പരിശീലനങ്ങളുടെ വിവരങ്ങള്‍ അറിയാവുന്നതാണ്. 

തങ്ങള്‍ക്ക് താല്‍പര്യമുള്ള പരിശീലനപരിപാടികളില്‍ സംരംഭകര്‍ക്ക് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും എല്‍എംടിസികളിലുണ്ട്. ഇങ്ങനെ മുന്‍കൂട്ടി പേരുവിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്ത കര്‍ഷകരെ പരിശീലനപരിപാടികള്‍ നിശ്ചയിക്കുമ്പോള്‍ എല്‍എംടിസികളില്‍നിന്ന് നേരിട്ട് വിളിച്ചറിയിക്കും. എല്‍എംടിസികള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനങ്ങള്‍ കൂടാതെ ആവശ്യമാകുന്നപക്ഷം  കര്‍ഷകര്‍ക്ക് സൗകര്യപ്രദമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓഫ് കാമ്പസ് പരിശീലനങ്ങള്‍ നടത്താനുള്ള സംവിധാനവും എല്‍എംടിസികളിലുണ്ട്. കൂടാതെ ഫാം ടൂറുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍ തുടങ്ങിയവയും എസൗജന്യമായി  സംഘടിപ്പിച്ചു പോരുന്നു. മൃഗസംരക്ഷണവകുപ്പ് തയാറാക്കി പുറത്തിറക്കിയ സംരംഭകസഹായികളായ കൈപ്പുസ്തകങ്ങളും ലഘുലേഖകളും കര്‍ഷകര്‍ക്കു ലഭിക്കും. 

മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങളിലെ  പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത് അറിവിന്‍റെ പാഠങ്ങള്‍ സ്വായത്തമാക്കി ആട്, പശു, കാട, കോഴി തുടങ്ങിയ വിവിധ മൃഗസംരക്ഷണ സംരംഭങ്ങളിലേക്ക് ചുവട് വച്ചവരും സ്വയം തൊഴില്‍ കണ്ടെത്തിയവരും ഇന്ന് സംസ്ഥാനത്ത് ഏറെയുണ്ട്. ഇതില്‍  യുവാക്കളും നീണ്ട പ്രവാസജീവിതമവസാനിപ്പിച്ച് മടങ്ങിയെത്തിയവരും വനിതാ കൂട്ടായ്മകളുമെല്ലാം ഉണ്ട്. പരിശീലനങ്ങള്‍ക്ക് ശേഷം തങ്ങളുടെ നിലവിലുള്ള സംരംഭങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി നേട്ടം കൊയ്ത കര്‍ഷകരും ഏറെ. മൃഗസംരക്ഷണസംരംഭം തുടങ്ങാന്‍ മനസ‌ിലാഗ്രഹമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ അടുത്തുള്ള എല്‍എംടിസിയുമായി ബന്ധപ്പെട്ട് ആവശ്യമായ ശാസ്ത്രീയ പരിശീലനവും, അറിവും നേടാന്‍ ഇനി ഒട്ടും വൈകണ്ട.

പരിശീലന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും കോഴ്സ് ദൈർഘ്യവും

 1. കറവപ്പശു പരിപാലനം (3 ദിവസം)
 2. വ്യാവസായികാടിസ്ഥാനത്തിൽ പശു വളർത്തൽ (5 ദിവസം)
 3. വ്യാവസായികാടിസ്ഥാനത്തിൽ ആട് വളർത്തൽ (4 ദിവസം)
 4. ആട് വളർത്തൽ (2 ദിവസം)
 5. മുട്ടക്കോഴി വളർത്തൽ (3 ദിവസം)
 6. ഇറച്ചിക്കോഴി വളർത്തൽ (3 ദിവസം)
 7. മുയൽ വളർത്തൽ (2 ദിവസം)
 8. കാട വളർത്തൽ (1 ദിവസം)
 9. വീട്ടുവളപ്പിലെ കോഴി വളർത്തൽ (2 ദിവസം
 10. എരുമ വളർത്തൽ (2 ദിവസം)
 11. പോത്ത്കുട്ടി വളർത്തൽ (2 ദിവസം)
 12. താറാവ് വളർത്തൽ (2 ദിവസം)
 13. പന്നി വളർത്തൽ (2 ദിവസം)
 14. ഓമനപക്ഷികളുടെ പരിപാലനം (2 ദിവസം)
 15. വളർത്തുനായ്ക്കളുടെ  പരിപാലനം (3 ദിവസം)
 16. തീറ്റപ്പുൽകൃഷി (1 ദിവസം)
 17. ടർക്കിക്കോഴി വളർത്തൽ (1 ദിവസം)

എൽഎംടിസികളുമായി  ബന്ധപ്പെടാൻ

 1. കുടപ്പനക്കുന്ന് (തിരുവനന്തപുരം) 0471 -2732918
 2. കൊട്ടിയം (കൊല്ലം) 0474 -2537300
 3. ചെങ്ങന്നൂർ (ആലപ്പുഴ) 0479 -2452277
 4. തലയോലപ്പറമ്പ് (കോട്ടയം) 0482 -9234323
 5. ആലുവ (എറണാകുളം) 0484- 2631355
 6. മലമ്പുഴ (പാലക്കാട്) 0491 -2815454
 7. മുണ്ടയാട് (കണ്ണൂർ) 0497 -2763473
 8. വാഗമൺ (ഇടുക്കി) 9447979697
 9. സുൽത്താൻ ബത്തേരി (വയനാട്) 0493- 6220399
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA