ADVERTISEMENT

നാടൻ മുട്ട എന്നാൽ നാടൻ കോഴികൾ ഇടുന്ന മുട്ടകൾ ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഒരു മുട്ട നാടൻ ആണെന്ന് അറിയാനുള്ള മാനദണ്ഡം എന്താണ്? പലരും പറയും നല്ല ബ്രൗൺ മുട്ടകളാണ് തനി നാടൻ എന്ന്. 8 രൂപയെങ്കിലും ഒന്നിന് കൊടുത്താലേ നല്ല നാടൻ കോഴിമുട്ട വാങ്ങാൻ കിട്ടൂ എന്നും.

നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ 19 നാടൻ കോഴി ജനുസ്സുകൾ അംഗീകാരം നേടിയിട്ടുണ്ട്. അതിൽ കേരളത്തിന്റെ സ്വന്തം കോഴികളാണ് തലശ്ശേരിക്കോഴികൾ. വെറ്ററിനറി സർവകലാശാലയിൽ നടന്ന കേരളത്തിലെ നാടൻ കോഴികളുടെ പഠനങ്ങൾ പ്രകാരം അമ്പതു ശതമാനത്തോളം വരുന്ന നാടൻ കോഴികളുടെ മുട്ടകൾക്കും ഇളം തവിട്ടുനിറമാണ് . 25 ശതമാനം മുട്ടകൾ മീഡിയം ബ്രൗൺ നിറത്തിലും, പതിനഞ്ച് ശതമാനത്തോളം മുട്ടകൾക്ക് ഇളം വെള്ള നിറവുമായിരുന്നു. രസകരമായ വസ്തുത എന്തെന്നാൽ, നല്ല ബ്രൗൺ നിറമുള്ള മുട്ടകളിടുന്ന നാടൻ കോഴികൾ കേവലം 10 ശതമാനത്തിൽ താഴെ മാത്രമാണ്. അത് കൊണ്ട് മുഴുവൻ ബ്രൗൺ മുട്ടകളും നാടൻ ആണെന്നുള്ളത് തെറ്റായ വസ്തുതയാണ് നാം മനസിലാക്കണം.

മറ്റൊരു രസകരമായ കാര്യം ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലെ കോഴികളൊക്കെത്തന്നെ ബ്രൗൺ നിറത്തിലുള്ള മുട്ടകൾ ഇടുന്നവരാണെന്നുള്ളതാണ്. RIR, Cornish, New Hampshire പിന്നെ നമുക് പരിചിതമായ ഹൈബ്രിഡ് ക്രോസ്സ് BV 380 എന്നിവയാണ് ബ്രൗൺ മുട്ടകൾ ഇടുന്നവരിൽ ചിലർ. പലപ്പോഴും ഇത്തരം മുട്ടകളാണ് നാടൻ മുട്ടകൾ എന്ന വിളിപ്പേരിൽ ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടുന്നത്. നാടൻ മുട്ടയ്ക്ക് ശരാശരി തൂക്കം 45 ഗ്രാം ആയിരിക്കും., എന്നാൽ വിദേശ ഇനങ്ങളുടെ തൂക്കം 55 ഗ്രാമിന് മുകളിലാണ്. ബ്രൗൺ മുട്ട ലഭിക്കുന്നത് തോടിനു മുകളിലായി porphyrin എന്ന പിഗ്‌മെന്റ് നിക്ഷേപിക്കപ്പെടുന്നത് മൂലമാണ്. എന്നാൽ വെള്ള മുട്ടയുടെയും ബ്രൗൺ മുട്ടയുടെയും ഗുണങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇനി മറ്റൊരു കാര്യം, നാടൻ കോഴികളെ സമീകൃത തീറ്റ മാത്രം നൽകി കൂട്ടിലിട്ട് പരിപാലിച്ചാൽ ലഭിക്കുന്ന മുട്ടയുടെയും അത് പോലെ വളർത്തുന്ന വിദേശ ഇനത്തിന്റെ മുട്ടയുടെയും ഗുണങ്ങൾ തമ്മിൽ വലിയൊരു വ്യതാസത്തിനു സാധ്യത ഇല്ല. അതായത് ജനറ്റിക് ആയി ലഭിക്കുന്ന മേന്മ താരതമന്യേ കുറവാണെന്നു സാരം. അവിടെയാണ് വിദേശങ്ങളിലെ ഫ്രീ റേഞ്ച് കോൺസെപ്റ്റിന്റെ പ്രസക്തി. നാടൻ ഇനങ്ങളെ നാടൻ രീതിയിൽ വളർത്തി അവ തീറ്റ സ്വയം കണ്ടെത്തി ചികഞ്ഞു തിന്നുന്ന രീതിയാണിത്. ഇത്തരത്തിൽ ചികഞ്ഞുതീറ്റതേടൽ പ്രക്രിയ വഴി പോഷകഗുണമേറിയ തീറ്റ നൽകി, ഗുണമേന്മയുള്ള മുട്ട ഉൽപാദിപ്പിക്കാൻ കഴിയും. സ്റ്റാൾ ഫീഡിങ്ങിൽ തീറ്റപ്പുല്ലു നൽകിയും, ഫിഷ് ഓയിൽ, മറൈൻ ആൽഗേ എന്നിവ നൽകിയുമൊക്കെ ഇതിനു ബദലായി മൂല്യവർധിത മുട്ടകൾ വിദേശയിനം കോഴികളിലും ഉണ്ടാക്കി എടുക്കാവുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com