sections
MORE

കന്നുകാലികളിൽ പ്രത്യുല്‍പാദനക്ഷമതയും പാലുല്‍പാദനവും വര്‍ധിപ്പിക്കാന്‍ വേണം പുതിയ തീറ്റരീതികള്‍

HIGHLIGHTS
  • ടോട്ടല്‍ മികസ്ഡ് റേഷന്‍(ടിഎംആര്‍) സമ്പൂർണ കാലിത്തീറ്റ രീതിയാണ് ഏറ്റവും പുതിയ മാതൃക
  • കാലിത്തീറ്റ കുതിർത്ത് സൂക്ഷിച്ചുവയ്‌ക്കുന്നതു നന്നല്ല
cow-feed-1
SHARE

പശുവിന്റെ പാലുല്‍പാദനം അതിന്റെ ജനിതകശേഷി, ആരോഗ്യം, പരിപാലനഗുണം, തീറ്റക്രമം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഉല്‍പാദനച്ചെലവിന്റെ 70ശതമാനം തീറ്റയ്ക്കാണ് വേണ്ടിവരുന്നത്. പശുവിന്റെ ഉല്‍പാദനത്തെയും ആരോഗ്യത്തെയും ബാധിക്കാത്തവിധം, തീറ്റ കൃത്യമായ അളവിലും ഗുണനിലവാര ത്തിലുംനൽകുന്ന പ്രിസിഷൻ ഫീഡിങ് അഥവാ സൂക്ഷ്‌മപോഷണമാണ് ഏറ്റവും പുതിയ രീതി.  

അത്യുൽപാദനശേഷിയുള്ള പശുക്കളെ പ്രസവത്തിന് 2 മാസം മുൻപും പിൻപും ശ്രദ്ധയോടെ പരിപാലിക്കുകയാണ് ഏറെ പ്രധാനം. കാരണം തീറ്റയെടുക്കാൻ മടുപ്പുള്ള ഈ സമയത്താണ് പോഷകം ഏറെ വേണ്ടത്. കറവപ്പശുക്കളുടെ തീറ്റക്രമത്തിലെ പുത്തൻരീതികള്‍ പരിചയപ്പെടാം.

സമ്പൂർണ കാലിത്തീറ്റ മിശ്രിതം

ഓരോ പിടി തീറ്റയിലും സമ്പൂർണ പോഷകങ്ങൾ ലഭിക്കുന്ന ടോട്ടല്‍ മികസ്ഡ് റേഷന്‍(ടിഎംആര്‍) സമ്പൂർണ കാലിത്തീറ്റ രീതിയാണ് ഏറ്റവും പുതിയ മാതൃക. പാലുൽപാദനത്തിനും, ശാരീരികാവസ്ഥയ്‌ക്കും, വളർച്ചയ്‌ക്കും ആനുപാതികമായി കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ കൃത്യമായ അളവിലും രൂപത്തിലും കലർത്തി നൽകുന്നതാണ് ടിഎംആർ. ഖരാഹാരവും നാരു കൂടുതലുള്ള പരുഷാഹാരവും സംയോജിപ്പിച്ച് പശുക്കൾക്കു സമ്പൂർണാഹാരമായി നൽകുമ്പോള്‍ തീറ്റയെടുപ്പും ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുകയും ഉല്‍പാദനവും ആരോഗ്യവും വര്‍ധിക്കുകയും ചെയ്യുന്നു.  

കാലിത്തീറ്റ, വൈക്കോൽ, പച്ചപ്പുല്ല് എന്നിവയോടൊപ്പം പിണ്ണാക്കും, തവിടും, വീട്ടിലെ ഭക്ഷണാവശിഷ്‌ടങ്ങളും കാടിവെള്ളവുമൊക്കെ കണക്കും സമയക്രമവുമില്ലാതെ നൽകിയാൽ കന്നുകാലികളുടെ ദഹനവ്യവസ്ഥയിലെ സൂക്ഷ്‌മാണുക്കൾ നശിക്കുകയും ദഹനക്കുറവും പോഷകന്യൂനതയും ഉണ്ടാവുകയും ചെയ്യുന്നു. പാലുല്‍പാദനം, ഗുണമേന്മ, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങളാകും അനന്തരഫലം. ചാണകത്തിന്റെ ഘടനയിൽ മാത്രമല്ല, ഗന്ധത്തിലും ഇതു വ്യത്യാസമുണ്ടാക്കും. ഇവയെല്ലാം ഒഴിവാക്കാന്‍ ടിഎംആർ സഹായിക്കും.  

യന്ത്രമുണ്ട് വിപണിയില്‍

വിപണിയിൽ ലഭ്യമായ ടിഎംആർ തീറ്റകളോ, വീട്ടിൽ സ്വയം തയാറാക്കുന്ന തീറ്റമിശ്രിതമോ സമ്പൂർണാഹാരമായി ഉപയോഗിക്കാം. വിവിധ ബ്രാൻഡുകളിൽ വിപണിയിൽ ലഭ്യമായ ടിഎംആർ തീറ്റകൾ യന്ത്ര സഹായത്തോടെ മിശ്രണം നടത്തി ഉണ്ടാക്കുന്നവയാണ്. ഉൽപാദനശേഷിയനുസരിച്ച് 3 മുതൽ 10 ലക്ഷം രൂപവരെ വിലയുണ്ട് ഈ യന്ത്രത്തിന്. ചോളം, പിണ്ണാക്ക്, വിറ്റാമിൻ, ലവണമിശ്രിതങ്ങൾ തുടങ്ങിയ സാന്ദ്രിത ഖരാഹാരങ്ങളോടൊപ്പം പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയ പരുഷാഹാരങ്ങൾ സമന്വയിപ്പിച്ചു സമീകൃതമാക്കിയ ടിഎംആർ തീറ്റ ദഹനപ്രക്രിയയെ സുഗമമാക്കുന്നു. പോഷകങ്ങളെല്ലാം ആവശ്യമായ അള വിൽ ലഭിക്കുന്നതിനാൽ പാലിന്റെ അളവും, ഗുണവും കൂടുന്നു. കന്നുകാലികളുടെ പൊതുവായ ആരോ ഗ്യം മെച്ചപ്പെടുന്നതോടൊപ്പം ചാണകത്തിലെ ജലാംശവും, ദുർഗന്ധവും കുറയുന്നു. സാധാരണ രീതിയിൽ 45 ശതമാനമാണ് ടിഎംആറിലെ ജലാംശം. ഒപ്പം നാരിന്റെ അളവ് 28ശതമാനമായി ക്രമപ്പെടുത്തണം. ടിഎംആർ നൽകുമ്പോൾ വിറ്റാമിനുകളും, ധാതുക്കളും വീണ്ടും നൽകേണ്ടിവരുന്നില്ല. തീറ്റ ദിവസത്തിൽ 3 തവണയായി നൽകാം. ശരാശരി15 കിലോയുള്ള ബ്ലോക്കുകളായോ, പൊടിരൂപത്തിലോ ഇതു വിപണിയിൽ ലഭ്യമാണ്. വീട്ടിൽതന്നെ ടിഎംആർ തയാറാക്കുമ്പോൾ വിദഗ്‌ധസഹായം തേടാം.  

സ്വന്തമായുണ്ടാക്കാം  

വിപണിയിൽ ലഭ്യമായ ടിഎംആർ കാലിത്തീറ്റ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കും വലിയ ചെലവില്‍ യന്ത്രങ്ങൾ സ്ഥാപിക്കാൻ കഴിയാത്തവർക്കും സമ്പൂർണാഹാരം വീട്ടിൽ തയാറാക്കാം. അടിസ്ഥാന തത്വങ്ങൾ പാലിച്ചു മൃഗപോഷണത്തിൽ വൈദഗ്‌ധ്യം നേടിയവരുടെ ഉപദേശപ്രകാരം ഇതു ചെയ്യാം. പച്ചപ്പുല്ല്, വൈക്കോൽ, വിപണിയിൽനിന്നു വാങ്ങുന്ന കാലിത്തീറ്റ അല്ലെങ്കിൽ മറ്റു സാന്ദ്രിത തീറ്റ ഘടകങ്ങൾ എന്നിവയാണ് അസംസ്കൃതവസ്തുക്കൾ. പച്ചപ്പുല്ലും, വൈക്കോലും യഥാക്രമം ഒരു ഇഞ്ച്, ഒരു ഇഞ്ചിൽ താഴെ നീളത്തിൽ ചാഫ്‌കട്ടർ അഥവാ പുല്ല് മുറിക്കുന്ന യന്ത്രംകൊണ്ടു മുറിച്ചു പൊടിത്തീറ്റയോടൊപ്പമോ, പെ ല്ലറ്റ് രൂപത്തിലുള്ള കാലിത്തീറ്റ വെള്ളം ചേർത്തു കുതിർത്ത് പൊടിരൂപത്തിലാക്കിയതിനൊപ്പമോ കൂട്ടി യോജിപ്പിച്ചു നൽകണം. ലഭ്യതയനുസരിച്ചു പച്ചപ്പുല്ലിന്റെയും, വൈക്കോലിന്റെയും, കാലിത്തീറ്റയുടെയും അളവിൽ വ്യത്യാസം വരുത്താം.  

കാലിത്തീറ്റ കുതിർത്ത് സൂക്ഷിച്ചുവയ്‌ക്കുന്നതു നന്നല്ല. ഓരോ ദിവസത്തേക്കുള്ളതു മാത്രം തയാറാക്കി 2 തവണയായി നൽകുക. ധാരാളം ശുദ്ധജലം നൽകണം. പെല്ലറ്റ് തീറ്റ കുതിർക്കുമ്പോൾ പൊടിയാനുള്ള ജലം മതി. ഉദാഹരണമായി 20 കിലോയെങ്കിലും പച്ചപ്പുല്ല് ലഭ്യമാകുമെങ്കിൽ 7 ലീറ്റർ കറവയുള്ള പശുവി ന് 3 കിലോ കാലിത്തീറ്റയും, 3 കിലോ വൈക്കോലും കൂടി ചേർത്ത് നൽകാം. പ്രാദേശികമായി സുലഭവും വില കുറഞ്ഞതും രുചിയൽപം കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ ടിഎംആർ തീറ്റയിൽ ചേർക്കാം. പൈനാപ്പിൾ, ചക്ക, തേയില, കുരുമുളക്, കശുവണ്ടി എന്നിവയുടെ അവശിഷ്‌ടങ്ങളും മരച്ചീനി ഇല, തണ്ട്, കാപ്പിക്കുരുത്തൊണ്ട്, ശീമക്കൊന്നയുടെ ഇല ഇവയൊക്കെ ഒരു പരിധിവരെ ഉപയോഗിക്കാം. ഒരു അനിമൽ ന്യൂട്രീഷന്റെ സഹായത്തോടെ കാര്യങ്ങൾ മനസ്സിലാക്കി ടിഎംആർ തീറ്റ തയാറാക്കുന്നതു നന്ന്. 

അധികപോഷണത്തിനു ബൈപാസ്  

കന്നുകാലികളുടെ ആമാശയത്തിന് നാല് അറകളുണ്ട്. ഇവയിൽ ആദ്യ അറയായ റൂമനിൽ താമസമുറപ്പി ച്ചിരിക്കുന്ന ലക്ഷക്കണക്കിനു സൂക്ഷ്‌മജീവികളാണ് ദഹനത്തെ സഹായിക്കുന്നത്. അയവെട്ടുന്ന ജീവികളിൽ അന്നജം, പ്രോട്ടീൻ (മാംസ്യം), കൊഴുപ്പ് തുടങ്ങിയ ആഹാരഘടകങ്ങളുടെ ദഹനം പ്രധാനമായും ഈ വിധത്തിൽ ബാക്‌ടീരിയ, പ്രോട്ടോസോവ തുടങ്ങിയ റൂമൻ നിവാസികളിലൂടെയാണ്. എന്നാൽ മേൽപ്പറഞ്ഞ ആഹാരഘടകങ്ങളെ പ്രത്യേക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റൂമനിൽ ദഹനം നടക്കാത്ത വിധത്തിൽ രൂപം മാറ്റി കുടലിൽവച്ചു ശരീരത്തിലേക്ക് ആഗിരണം ചെയ്യിക്കുന്നതിനാണ് ബൈപാസ് പോഷണമെന്നു പറയുന്നത്.  

ഉയർന്ന ഉല്‍പാദനശേഷിയുള്ള പശുക്കൾക്കു കറവയുടെ ആദ്യഘട്ടത്തിലാണ് ഇത്തരം പോഷകങ്ങൾ നൽകുന്നത്. ബൈപാസ് കൊഴുപ്പ്(ഫാറ്റ്), ബൈപാസ് പ്രോട്ടീൻ(മാംസ്യം) എന്നിവയാണ് വപണിയിൽ ലഭ്യമായ ഇത്തരം തീറ്റഘടകങ്ങൾ. കറവയുടെ ആദ്യഘട്ടത്തിൽ വിശേഷിച്ച് ഉയർന്ന ഉല്‍പാദനമുള്ള ആദ്യത്തെ 2 മാസക്കാലം പശുക്കൾക്ക് കൂടുതൽ ഊർജം ആവശ്യമാണ്. ആവശ്യമായ ഊർജം തീറ്റയിലൂടെ ലഭ്യമായില്ലെങ്കിൽ ഉല്‍പാദനശേഷിക്കനുസരിച്ച് പാൽ കിട്ടാതാകും. അതേസമയം കറവയ്ക്ക് അനുസരിച്ച് പോഷകങ്ങൾ ശരീരത്തിൽനിന്നു ചോർത്തപ്പെടുകയും പശു ക്ഷീണിക്കുകയുംചെയ്യുന്നു. കറവ കൂടുന്നതനുസരിച്ച് സാധാരണയായി കർഷകർ പശുവിന്റെ ക്ഷീണമകറ്റാനും, പാൽ കൂട്ടാനുമായി കൂടുതൽ കാലിത്തീറ്റയും ഒപ്പം ധാന്യങ്ങൾ, കഞ്ഞി എന്നിവ നൽകുകയുമാണ് പതിവ്. എന്നാൽ ഇതു പലപ്പോഴും റൂമനിലെ സൂക്ഷ്‌മജീവികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ദഹനക്കേടുണ്ടാക്കുകയും ചെയ്യുന്നു. തീറ്റയിൽ അന്നജത്തിന്റെ അളവു കൂടുന്നത് പാലിൽ കൊഴുപ്പ് കുറയാനിടയാക്കാം.  

കറവയുടെ ആദ്യഘട്ടത്തിൽ പശുക്കൾക്ക് വിശപ്പും, തീറ്റയെടുക്കാനുള്ള കഴിവും കുറവായതിനാൽ കൂടുതൽ തീറ്റ നൽകി വർധിച്ച ആവശ്യം നിറവേറ്റുക പ്രായോഗികമാകാറില്ല. കൊഴുപ്പ് കൂടുതൽ നൽകി തീറ്റയിൽ ഊർജസാന്ദ്രത കൂട്ടാനും ചിലർ ശ്രമിക്കാറുണ്ട്. ഇതിനായി സസ്യഎണ്ണകളും, എണ്ണക്കുരുക്കളും നൽകുന്ന രീതിയുമുണ്ട്. പക്ഷേ റൂമനിലെ സൂക്ഷ്‌മജീവികൾക്കു കൊഴുപ്പ് ദഹിപ്പിക്കാനുള്ള കഴിവ് കുറവായതിനാൽ ഇതും ലക്ഷ്യം കാണാറില്ല. മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി കൂടുതൽ ഊർജം അടങ്ങിയ കൊഴുപ്പുകളെ ബൈപാസ് രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ഇതിനുവേണ്ടി കൊഴുപ്പിലെ അമ്ലങ്ങളെ കാത്സ്യം കണങ്ങളുമായി ചേർത്തു ലയിക്കാത്ത രൂപത്തിലാക്കുന്നു. തന്മൂലം റൂമനിൽ ഇവ യ്‌ക്കു മാറ്റങ്ങളുണ്ടാകുന്നില്ല. തീറ്റയുടെ ഊർജസാന്ദ്രത കൂടുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. റൂമനിൽ ദഹിക്കാത്ത ഇവ കുടലിൽ ആഗിരണം ചെയ്യപ്പെടുന്നു. ആവശ്യത്തിനുള്ള ഊർജം ലഭ്യമാകുന്ന തോടെ പാലുല്‍പാദനം, പാലിലെ കൊഴുപ്പ് എന്നിവ വർധിക്കുന്നു. പശുക്കളുടെ പ്രത്യുല്‍പാദനക്ഷമത വർധിക്കുന്നതിനാൽ അടുത്ത ഗർഭധാരണം എളുപ്പമാകുകയും ചെയ്യുന്നു. ഇങ്ങനെ കറവയുടെ ആരംഭ ത്തിൽ ഉല്‍പാദനശേഷി കൂടിയ പശുക്കൾക്കുണ്ടാകുന്ന വർധിച്ച ഊർജാവശ്യം നിറവേറ്റാൻ ബൈപാസ് കൊഴുപ്പുകൾ ഉപയോഗിക്കാം. പല പേരുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്. 10 ലീറ്ററിൽ കൂടുതൽ കറവയുള്ള പശുക്കൾക്കു കറവയുടെ തുടക്കത്തിൽ ഇത്തരം ബൈപാസ് പോഷകങ്ങൾ നൽകുന്നത് ഉല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയും വർധിപ്പിക്കുകയും പശു മെലിഞ്ഞുപോകുന്നതു തടയുകയും ചെയ്യുന്നു. കറവപ്പശുക്കളുടെ വളർച്ച, പാലുല്‍പാദനം എന്നിവയിൽ പ്രോട്ടീനുകളുടെയും അവയുടെ അടിസ്ഥാ ന ഘടകങ്ങളായ അമിനോ ആസിഡുകളുടെയും പങ്കു വലുതാണ്. പ്രോട്ടീൻ കുറവും കറവയെ ബാധിക്കുന്നു.  

ബൈപാസ് പ്രോട്ടീൻ കൂടുതലടങ്ങിയ തീറ്റകൾ കാലിത്തീറ്റ കമ്പനികൾ പ്രത്യേകം പുറത്തിറക്കുന്നുണ്ട്. 30 ലീറ്ററിലധികം പാലുല്‍പാദനമുള്ള പശുക്കൾക്കു തീർച്ചയായും ബൈപാസ് പ്രോട്ടീൻ തീറ്റ ആവശ്യമായിവരും.

ധാതുലവണമിശ്രിതം പല രൂപത്തിൽ

മണ്ണിലെ ധാതുക്കളുടെ കുറവ് പശുക്കളെയും ബാധിക്കുമെന്നതിനാല്‍ ഓരോ പ്രദേശത്തെയും മണ്ണിന്റെ പ്രത്യേകതകൾ അറിഞ്ഞതിനുശേഷം അവിടെയുള്ള സസ്യങ്ങൾ തിന്നുവളരുന്ന പശുക്കൾക്ക് ആവശ്യ മായ മിനറൽ മിക്സ്‌ചർ നൽകാം. കന്നുകാലികള്‍ക്ക് ആവശ്യമായ ധാതുലവണങ്ങളെ മാംസ്യതന്മാത്രകളുമായും അമിനോ അമ്ലങ്ങളുമായും യോജിപ്പിച്ച് സംയുക്തരൂപത്തിലാക്കുന്ന ചീലേഷൻ എന്ന സാങ്കേതികവിദ്യ വഴി തയാറാക്കിയ ഒട്ടേറെ മിശ്രിതങ്ങൾ ഇന്നു വിപണിയിൽ സുലഭമാണ്. സാധാരണ രൂപത്തിലു ള്ള ധാതുജീവകമിശ്രിതങ്ങളെക്കാള്‍ വില അല്‍പം കൂടുമെങ്കിലും ഈ ധാതുലവണ മിശ്രിതങ്ങൾ പശുക്കൾക്കു നൽകിയാൽ വളർച്ചയിലും ഉൽപാദനത്തിലും മെച്ചം ഉറപ്പ്. കുറഞ്ഞ അളവില്‍ നല്‍കിയാല്‍ മതിയെന്ന നേട്ടവുമുണ്ട്.

നാരും പരുഷാഹാരവും പ്രധാനം

പ്രതിദിനം ആകെ കഴിക്കുന്ന തീറ്റയുടെ 40 ശതമാനമെങ്കിലും പരുഷതീറ്റയാകണം. ഉദാഹരണമായി ദിവസം 8 കിലോ കാലിത്തീറ്റ കൊടുക്കുന്ന പശുവിന് 5 കിലോയെങ്കിലും പരുഷതീറ്റ ശുഷ്കരൂപത്തിൽ അല്ലെങ്കിൽ ഖരരൂപത്തിൽ നല്‍കണം. അതായത് 5 കിലോ ഖരരൂപത്തിലുള്ള പരുഷാഹാരം ലഭിക്കുന്നതിന് പുല്ലാണ് നൽകുന്നതെങ്കിൽ 20 കിലോയെങ്കിലും നൽകണം. കാരണം പച്ചപ്പുല്ലിന്റെ 75 ശതമാനവും ജലമാണ്. മഴക്കാലത്തു പുല്ലിൽ ജലാംശം കൂടും. ചുരുക്കത്തിൽ 20 കിലോ പുല്ല് നൽകിയാൽ 5 കിലോ ഖരരൂപത്തിലുള്ള പരുഷാഹാരം പശുവിനു കിട്ടും. ഇനി പുല്ല് തീരെയില്ലെങ്കിൽ ഉണങ്ങിയ വൈക്കോൽ 5 കിലോയെങ്കിലും പ്രതിദിനം നൽകി പരുഷാഹാരവും, തീറ്റയിലെ നാരും ഉറപ്പാക്കണം. ആമാശയദഹനം സുഗമമാക്കാൻ നാരിനു കഴിയുന്നു. എന്നാൽ ഒരു കാര്യം ഓർക്കണം, പോഷകങ്ങൾ കുറഞ്ഞ അളവിൽ മാത്രമുള്ള വൈക്കോലിനു പാലുല്‍പാദനത്തിൽ കാര്യമായ സഹായം ചെയ്യാനാവില്ല.

നല്ല വലുപ്പമുള്ള പുൽക്കഷണങ്ങൾ പശു 10 മണിക്കൂറെങ്കിലും ചവച്ചരയ്‌ക്കുകയും, 6 മണിക്കൂറെങ്കിലും അയവെട്ടുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്‌താൽ പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്നത് 30 ഗാലന്‍ ഉമിനീ രായിരിക്കും. പശുവിന്റെ റൂമന്റെ അമ്ലക്ഷാരനില കൃത്യമായി നിലനിർത്തി ദഹനം കൃത്യമാക്കാൻ ഇതു സഹായിക്കും. പശുക്കൾക്കു നൽകുന്ന തീറ്റയിൽ നാരിന്റെ അളവ് കൃത്യമായി ഉറപ്പാക്കണം. മൊത്തം ശുഷ്കാഹാരത്തിന്റെ 27 ശതമാനം ന്യൂട്രൽ ഡിറ്റർജന്റ് ഫൈബർ(എന്‍ഡിഎഫ്) ആയിരിക്കണം. ഇതിൽതന്നെ 70 ശതമാനം തീറ്റപ്പുല്ലിൽനിന്നുമായിരിക്കണം. തീറ്റപ്പുല്ല് അരിഞ്ഞു നൽകുമ്പോൾ വലുപ്പം 3.5 സെ.മീറ്ററിൽ കുറയാൻ പാടില്ല. വലുപ്പം കൂടിയാൽ പശു തിന്നാത്ത അവസ്ഥയും വരും. കൃത്യമായ അളവിൽ നാരുകളടങ്ങിയ തീറ്റ നൽകുന്ന ഫാമിൽ 40 ശതമാനം പശുക്കളും ഒരേ സമയത്ത് അയവെട്ടുന്ന പണിയിലായിരിക്കും

വിശേഷ വിഭവങ്ങൾ  

പലവിധ ആവശ്യങ്ങൾക്കായി കാലിത്തീറ്റയോടൊപ്പം ചേർക്കാവുന്ന ഒട്ടേറെ ചേരുവകൾ ഇന്നു ലഭ്യമാണ്. ആമാശയത്തിന്റെ അമ്ലക്ഷാരനില കൃത്യമായി നിലനിർത്താനുള്ള ബഫറുകൾ മുതൽ പ്രോബയോട്ടിക്കുകൾവരെ ഇവയിലുള്‍പ്പെടും. അപ്പക്കാരം(സോഡിയം ബൈകാർബണേറ്റ്), സോഡിയം മഗ്നീഷ്യം ഓക്‌സൈഡ്, കാൽസ്യം കാർബണേറ്റ്, സോഡിയം ബെന്റോണൈറ്റ്, പൊട്ടാസ്യം കാർബണേറ്റ് എന്നിവ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ബഫറുകളാണ്. ദഹനത്തിനും പിഎച്ച് ക്രമീകരണത്തിനും, സമ്മർദാവസ്ഥ അതിജീവിക്കാനും സഹായിക്കുന്ന ഫംഗസ് ഉൽപന്നങ്ങളും ലഭ്യമാണ്. പ്രത്യുൽപാദനം, രോഗപ്രതിരോധം, അകിടുവീക്കം, പ്രതിരോധം എന്നിവയ്‌ക്ക് ബീറ്റാ കരോട്ടിൻ, സിങ്ക് മെത്തിയോണിൻ എന്നിവ ഉപയോഗിക്കാറുണ്ട്.

പ്രോബയോട്ടിക്കുകൾക്കു ഗുണമേറെ

സൂക്ഷ്‌മജീവികളായ ബാക്‌ടീരിയയും, ഫംഗസുമൊക്കെ നമ്മുടെ നോട്ടത്തില്‍ രോഗകാരികളാണ്. ഇവയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാൽ കന്നുകാലികളുടെ ഉല്‍പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടേറെ ഉപകാരികളായ സൂക്ഷ്‌മാണുക്കളുണ്ട്. കാലിത്തീറ്റയിൽ നിശ്ചിത അളവിൽ ചേർക്കാൻ കഴിയുന്ന പ്രയോജനപ്രദമായ സൂക്ഷ്‌മാണുക്കൾ അടങ്ങിയ ഉല്‍പന്നങ്ങളാണ് പ്രോബയോട്ടിക്കുകൾ. ഇവയിൽ അടങ്ങിയ ഉപകാരികളായ സൂക്ഷ്‌മാണുക്കൾ കന്നുകാലികളുടെ ആമാശയത്തിലെ സൂക്ഷ്‌മജീവികളെ സംതുലിതമാക്കുകയും തൽഫലമായി ഗുണപരമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു. പ്രോബയോട്ടിക്ക് എന്ന നിലയിൽ യീസ്റ്റ് ചേർത്താല്‍ തീറ്റയുടെ മണവും, രുചിയും വർധിക്കുന്നു. ഇത് നാരുകളുടെ ദഹനം ത്വരിതപ്പെടുത്തുന്നു. കറവപ്പശുക്കൾ, എരുമകൾ, ആടുകൾ ഇവയിലൊക്കെ യീസ്റ്റ് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പാലുല്‍പാദനം, പാലിലെ കൊഴു പ്പിന്റെ അളവ്, വളർച്ചനിരക്ക്, തീറ്റ പരിവർത്തനശേഷി, രോഗപ്രതിരോധശേഷി ഇവയിലൊക്കെ വർധനയുണ്ടാക്കുന്നു. ദഹനസഹായിയായി പ്രവർത്തിച്ച്, ശരീരതൂക്കം കൂട്ടുന്നു. വളർച്ചനിരക്ക് ത്വരിതപ്പെടു ത്തുന്ന ഘടകമെന്ന നിലയിലും ആടുകളിൽ യീസ്റ്റ് ഫലപ്രദമാണ്. അയവെട്ടുന്ന മൃഗങ്ങളിൽ മറ്റു സൂക്ഷ്‌മ ജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, അമ്ല, ക്ഷാരനില തുലനം ചെയ്യാനും യീസ്റ്റ് സഹായിക്കുന്നു.

സൈലേജ് വരദാനം

പച്ചപ്പിന്റെ ഗുണമേന്മ ഒട്ടും നഷ്‌ടപ്പെടാതെ പ്രത്യേക രീതിയിൽ വായു കടക്കാത്ത അറകളിൽ സൂക്ഷിച്ച്, പുളിപ്പിക്കൽപ്രക്രിയ നടത്തിയുണ്ടാകുന്ന ഉൽപന്നമാണ് സൈലേജ്. പച്ചപ്പുല്ലിനൊപ്പം പോഷകഗുണവും, വൈക്കോലിനെക്കാൾ ഗുണമേന്മയുമുള്ളതുമാണ് സൈലേജ്. ഒരു പശുവിനു ശരാശരി 15 കിലോവരെ സൈലേജ് ദിവസവും കൊടുക്കാം. കറവയ്‌ക്കു ശേഷം നൽകുന്നതാണ് നല്ലത്. കറവയ്‌ക്കു മുമ്പു കൊടുത്താൽ സൈലേജിന്റെ പ്രത്യേക ഗന്ധം പാലിലെത്താനിടയുണ്ട്. സൈലേജ് തയാറാക്കി ബാഗുകളിലാക്കി വിപണിയിലെത്തിക്കുന്ന ഒട്ടേറെ സംരംഭകരുണ്ട്. ചോളംപോലെയുള്ള ധാന്യവിളകളാണ് ഇതിന് ഏറ്റവും യോജ്യം. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ കൂടിയ അളവ് പുളിപ്പിക്കൽ പ്രക്രിയയെ സഹായിക്കുന്നു. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA