ADVERTISEMENT

കേരളത്തിലെ പശുക്കള്‍ക്കിടയില്‍ അടുത്ത കാലത്തായി വ്യാപകമായ സാംക്രമിക രക്താണുരോഗമാണ് തൈലേറിയ. പശുക്കളുടെ ശരീരം ക്ഷയിക്കുന്നതിനും, ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയും പ്രതിരോധശേഷിയുമെല്ലാം കുറയുന്നതിനും അകാലമരണത്തിനും കാരണമാവുന്ന തൈലേറിയ രോഗം ഇന്ന് ക്ഷീരമേഖലയ്ക്ക്  വന്‍ വെല്ലുവിളിയായിത്തീര്‍ന്നിട്ടുണ്ട്.

വില്ലന്‍ ഓറിയന്‍റല്‍ തൈലേറിയ

പ്രോട്ടോസോവ വിഭാഗത്തിലുള്‍പ്പെടുന്ന തൈലേറിയ എന്നയിനം ഏകകോശ രക്തപരാദജീവികളാണ് രോഗത്തിന് കാരണക്കാര്‍. രോഗകാരികളായ നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും തൈലേറിയ  ഓറിയെന്‍റാലിസ്, ആനുലേറ്റ എന്നീയിനങ്ങള്‍ കാരണമായുണ്ടാവുന്ന  രോഗമാണ്  കേരളത്തില്‍ സാധാരണ കാണപ്പെടുന്നത്. ചുവന്ന രക്തകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന  ഓറിയന്‍റല്‍ തൈലേറിയയാണ് ഏറ്റവും വ്യാപകം. 

രോഗാണുക്കളെ പശുക്കളിലേക്ക്  പടര്‍ത്തുന്നത് രക്തം ആഹാരമാക്കുന്ന പട്ടുണ്ണികള്‍ എന്ന ബാഹ്യപരാദങ്ങളാണ്. പട്ടുണ്ണികള്‍ രക്തമൂറ്റിക്കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ വഴി പശുക്കളുടെ ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ചുവന്ന രക്തകോശങ്ങളെയും വെളുത്ത രക്തകോശങ്ങളെയും ആക്രമിച്ച് നശിപ്പിക്കും. ക്രമേണ കരള്‍, വൃക്ക തുടങ്ങിയ വിവിധ അവയവങ്ങളിലേക്ക് കടന്ന് കയറുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യും. രക്തകോശങ്ങളുടെ നാശം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനും കുരലടപ്പന്‍, അകിടുവീക്കം  അടക്കമുള്ള  വിവിധ പാര്‍ശ്വാണുബാധകള്‍ക്കും  ഇടയാക്കും.

കിടാക്കളെ മുതല്‍ ഏത് പ്രായത്തിലുള്ള പശുക്കളെയും രോഗം ബാധിക്കും. ശരീര സമ്മര്‍ദ്ദം ഏറുന്നതിനാല്‍ മഴക്കാലത്തും വേനലിലും പ്രസവത്തോടനുബന്ധിച്ചും ദീര്‍ഘദൂരം യാത്ര ചെയ്ത് കൊണ്ടുവരുന്ന പശുക്കളിലും തൈലേറിയക്ക് സാധ്യതയേറെയാണ്. പശുക്കളുടെ ശരീരത്തില്‍ അവയുടെ സ്വാഭാവിക പ്രതിരോധശേഷി കാരണം നിഷ്ക്രിയരായി കഴിയുന്ന തൈലേറിയ രോഗാണുക്കള്‍ ഈയവസരത്തില്‍ പെരുകുന്നതാണ് രോഗത്തിലേക്ക് നയിക്കുന്നത്. പശുക്കളില്‍ മാത്രമല്ല, എരുമകളിലും ആടുകളിലുമെല്ലാം രോഗസാധ്യത ഉയര്‍ന്നതാണ്. 

രോഗവ്യാപനം എന്തുകൊണ്ട് ?

മതിയായ ആരോഗ്യപരിശോധനകളില്ലാതെ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി ഇറക്കുമതി, രോഗവാഹകരായ പശുക്കളുടെയും രോഗം പരത്തുന്ന പട്ടുണ്ണികളുടെയും വര്‍ധന, ഉല്‍പാദനശേഷി ഉയര്‍ന്ന സങ്കരയിനം പശുക്കളുടെ കുറഞ്ഞ രോഗപ്രതിരോധശേഷി, മതിയായ പോഷകാഹാരങ്ങളുടെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാണ്  രോഗനിരക്ക് ഉയരാന്‍ ഇടയാക്കിയത്. 

തൈലേറിയ - രോഗലക്ഷണങ്ങള്‍

ശക്തമായ പനി, വിറയല്‍,  ലിംഫ് ഗ്രന്ഥികളുടെ വീക്കം, തീറ്റയോടുള്ള മടുപ്പ്, പാല്‍ ഉൽപാദനം കുറയല്‍, കൈകാലുകളുടെ മുടന്ത്,  നടക്കാനുള്ള മടി, വരണ്ട ത്വക്ക്, വയറിളക്കം, വായില്‍നിന്ന് ഉമിനീര്‍ പുറത്തേക്കൊലിക്കല്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, ശ്വസനതടസ്സം, ചുമ തുടങ്ങിയവയാണ് രോഗത്തിന്‍റെ ആരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് മഞ്ഞപ്പിത്തം, വിളര്‍ച്ച, രക്തവും കഫവും കലര്‍ന്ന ചാണകം, കട്ടന്‍കാപ്പി നിറത്തിലുള്ള മൂത്രം തുടങ്ങിയ  ലക്ഷണങ്ങള്‍ പ്രകടമാവും. ക്രമേണ പശുക്കള്‍ തളര്‍ന്ന് കിടപ്പിലാവുകയും മഞ്ഞപ്പിത്തവും ശ്വാസതടസ്സവും മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും.

തൈലേറിയ ബാധിച്ച ഗര്‍ഭിണിപശുക്കളില്‍ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതല്‍ തീവ്രമാവാനും പ്രസവത്തെ തുടര്‍ന്ന് പശുക്കള്‍ വീണുപോവാനും സാധ്യതയുണ്ട്. പശുക്കളുടെ ഗര്‍ഭമലസാനുമിടയുണ്ട്.  

ചികിത്സയും പ്രതിരോധവും 

  • രോഗം സംശയിച്ചാല്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. സ്വയം ചികിത്സയോ മുറിവൈദ്യമോ അരുത്. ബബീസിയോസിസ്, അനാപ്ലാസ്മോസിസ്, അനാപ്ലാസ്മോസിസ്, ട്രിപ്പാനോസോമിയാസിസ്, എപ്ഹെമറല്‍ പനി തുടങ്ങിയ സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റ് രോഗങ്ങളില്‍ നിന്നെല്ലാം  തൈലേറിയയെ പ്രത്യേകം വേര്‍തിരിച്ച് മനസ്സിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി  വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്. 
  • ആന്‍റിപ്രോട്ടോസോവല്‍ മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ശരീരത്തിന്‍റെ പ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കരള്‍ സംരക്ഷണ-ഉത്തേജന മരുന്നുകളിലൊന്നും, പ്രോബയോട്ടിക്കുകളും,  അയേണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി എന്നിവയെല്ലാം അടങ്ങിയ ധാതുലവണമിശ്രിതവും പശുക്കള്‍ക്ക് നല്‍കണം. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 
  • തൈലേറിയക്കെതിരായ പ്രതിരോധവാക്സിനുണ്ടെങ്കിലും കേരളത്തില്‍ വ്യാപകമായ തൈലേറിയ ആനുലേറ്റ എന്നയിനം രോഗാണുവിനെതിരെ ഈ വാക്സിനിന്‍റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല. നിലവില്‍ തൈലേറിയ  തടയാനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. ഇതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.
  • ഓരോ തവണയും മുന്‍പ് ഉപയോഗിച്ചതില്‍ നിന്നും വ്യത്യസ്തമായ  പട്ടുണ്ണി കീടനാശിനികള്‍ വേണം ഉപയോഗിക്കാന്‍, പട്ടുണ്ണികള്‍ മരുന്നിനെതിരെ പ്രതിരോധശേഷിയാർജിക്കുന്നത് തടയാനാണിത്. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. 
  • തീവ്രരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ നിശബ്ദരൂപത്തിലും (കാരിയര്‍)  പശുക്കളില്‍ തൈലേറിയ രോഗം കാണാറുണ്ട്. എന്നാലിത് ക്രമേണ പ്രത്യുല്‍പ്പാദനക്ഷമതയെയും ഉല്‍പ്പാദന മികവിനെയുമെല്ലാം ബാധിക്കും. മറ്റു പശുക്കളിലേക്ക്  രോഗവ്യാപനത്തിനും കാരണമാവും. പ്രതിരോധശേഷി കുറയുന്ന അനുകൂലസാഹചര്യങ്ങളില്‍ നിശബ്ദവാഹകരായ പശുക്കളില്‍ തീവ്രരോഗബാധ ഉണ്ടാവുകയും ചെയ്യും.
  • മദി ലക്ഷണങ്ങള്‍  കാണിക്കാതിരിക്കല്‍, പ്രസവാനന്തരമദി വൈകല്‍, തുടര്‍ച്ചയായി കൃത്രിമ ബീജാധാനം നടത്തിയിട്ടും ചെന പിടിയ്ക്കാതിരിക്കല്‍, വന്ധ്യത, പാലിന്‍റെ കൊഴുപ്പളവ് കുറയല്‍, മെലിച്ചില്‍ എന്നീ ലക്ഷണങ്ങള്‍  തൈലേറിയയുടെതാവാം തൈലേറിയ രോഗാണുവിന്‍റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാര്‍ഗ്ഗമാണ്. ആടുഫാമുകളിലും, എരുമഫാമുകളിലും ഇത്തരം പരിശോധനകള്‍  നടത്തണം.
  • ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കാനും, രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം  മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.
  • പട്ടുണ്ണികള്‍ വഴി മാത്രമല്ല, ഉപയോഗിച്ച കുത്തിവെയ്പ്പ് സൂചികളും സിറിഞ്ചുകളും ശരിയായി  അണുവിമുക്തമാക്കാതെ മറ്റു പശുക്കളില്‍ വീണ്ടും ഉപയോഗിക്കുന്നതു വഴിയും തൈലേറിയ അടക്കമുള്ള രക്തപരാദങ്ങള്‍ പടരാന്‍ ഇടയുണ്ട്. സൂചികളും സിറിഞ്ചും അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com