sections
MORE

അടുക്കള മുറ്റത്തൊരു ബ്രോയിലര്‍ യൂണിറ്റ് - ഇത് വട്ടംകുളം മോഡല്‍

HIGHLIGHTS
  • രണ്ട് സെന്‍റില്‍ ഒതുങ്ങുന്ന, അടുക്കള മുറ്റങ്ങള്‍ക്കനുയോജ്യമായ യൂണിറ്റുകൾ
  • 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 100 വാട്ടിന്‍റെ രണ്ട് ഇന്‍കാന്‍റസെന്‍റ് ബള്‍ബുകള്‍
broiler-chicken
SHARE

കോഴിയിറച്ചിയോടുള്ള മലയാളിയുടെ പ്രിയം ഒന്നുവേറെ തന്നെയാണ്. തൂവെള്ള ചോറും നാനാതരം കറിക്കൂട്ടുകളും ചേര്‍ത്ത് ഒരുഗ്രന്‍ സദ്യ വിളമ്പിയാല്‍ പോലും പലരുടെയും കണ്ണുകള്‍ തൂശനിലയില്‍ ചിക്കന്‍ എവിടെയെന്ന് തിരയും. അത്രയ്ക്കുണ്ട് മലയാളിയും ചിക്കനും തമ്മിലുള്ള രുചിയടുപ്പം. ബ്രോയിലര്‍ കോഴികളില്‍  ആന്‍റിബയോട്ടിക്, കൃത്രിമ ഹോര്‍മോണ്‍ ഉപയോഗങ്ങള്‍ വ്യാപകമാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഈ മറുനാടൻ കോഴികള്‍ വാങ്ങിക്കഴിക്കാന്‍ അൽപമൊന്ന് മടിക്കുന്നവരാണ് നമ്മളിലേറെയും. ബ്രോയിലര്‍ കോഴികളെ ഹോര്‍മോണ്‍ കുത്തിവച്ച് വലുതാക്കുന്നു എന്ന പ്രചാരണത്തില്‍ കഴമ്പൊന്നുമില്ലെങ്കിലും ആന്‍റിബയോട്ടിക്കുകള്‍, ഗ്രോത്ത് പ്രൊമോട്ടറുകള്‍ തുടങ്ങിയ മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം ബ്രോയിലര്‍ കോഴിഫാമുകളില്‍ വ്യാപകമാണെന്ന വാദത്തെ തള്ളിക്കളയാന്‍ സാധിക്കില്ല. 

നാടിനു വേണ്ടത് നാട്ടില്‍ തന്നെ 

നമ്മുടെ വീടിനും നാടിനും ആവശ്യമായ  സുരക്ഷിത ബ്രോയിലര്‍ മാംസം നമ്മുടെ നമ്മുടെ അടുക്കളമുറ്റങ്ങള്‍ തന്നെ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്ന ഒരു സംരംഭത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മരുന്നോ മായമോ കലരാത്ത, ആശങ്കകള്‍ ഒന്നുമില്ലാതെ, അറിഞ്ഞു വാങ്ങികഴിക്കാവുന്ന  ബ്രോയിലര്‍ ആയതിനാല്‍ വിപണിയും ഡിമാന്‍ഡും ഉണ്ടാവുമെന്നതുറപ്പാണ്. ഇത്തരം ഒരു സംരംഭകസാധ്യതയെ പരീക്ഷിച്ച്  വിജയിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള വട്ടംകുളം എന്ന ഗ്രാമം. 

ഉയര്‍ന്ന തുക നിക്ഷേപം നടത്തി ആയിരമോ പതിനായിരമോ ബ്രോയിലര്‍ കോഴികളെ വളര്‍ത്തുന്ന വലിയ യൂണിറ്റുകള്‍ അല്ല, മറിച്ച് രണ്ട് സെന്‍റില്‍ ഒതുങ്ങുന്ന, അടുക്കള മുറ്റങ്ങള്‍ക്കനുയോജ്യമായ, ചെറുകിട യൂണിറ്റുകളാണ് വട്ടംകുളം മോഡല്‍ പരിചയപ്പെടുത്തുന്നത്. വലിയ മുതല്‍മുടക്കോ  ജോലിഭാരമോ ഇല്ലാതെ  തന്നെ ആര്‍ക്കും ഇത്തരം മിനി ബ്രോയിലര്‍ യൂണിറ്റുകള്‍ ആരംഭിക്കാം. ബ്രോയിലര്‍ കൃഷിയില്‍  അൽപം പ്രായോഗിക പരിജ്ഞാനവും വിപണി കണ്ടെത്താന്‍ ഇത്തിരി മിടുക്കും മാത്രമാണ് കൈമുതലായി വേണ്ടത്. വീട്ടമ്മമാര്‍ക്കടക്കം ആര്‍ക്കും ചെറുകിട ബ്രോയിലര്‍ കൃഷിയില്‍ ഏര്‍പ്പെട്ട് ആദായം നേടാമെന്നതിന് വട്ടംകുളം ഗ്രാമത്തില്‍ തന്നെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. 

പരിചയപ്പെടാം മിനി ബ്രോയിലര്‍ യൂണിറ്റുകള്‍

ഒരു സമയം വിവിധ പ്രായത്തിലുള്ള  200 വീതം ബ്രോയിലര്‍ കോഴികളെ വളര്‍ത്താന്‍ കഴിയുന്ന 10 അടി വീതിയോടും 25 അടി നീളത്തോടും കൂടിയ 250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബ്രോയിലര്‍ ഷെഡുകളാണ് വട്ടംകുളം  മോഡലിന്‍റെ  പ്രധാന പ്രത്യേകത. ഒരു ദിവസം പ്രായത്തില്‍ ഫാമില്‍ എത്തിക്കുന്ന നൂറ് ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളെ  പതിനഞ്ച്  ദിവസം പ്രായമെത്തുന്നതു വരെ വളര്‍ത്താന്‍ കഴിയുന്ന 50 ചതുരശ്രഅടി വിസ്തീര്‍ണമുള്ള  ആദ്യ ഭാഗവും 15 മുതല്‍ 35 ദിവസം  അല്ലെങ്കില്‍ വിറ്റഴിക്കുന്നത് വരെ ഡീപ് ലിറ്റര്‍/വിരിപ്പ് രീതിയില്‍  വളര്‍ത്താവുന്ന  100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള  രണ്ട് ഭാഗങ്ങളും ചേര്‍ന്നതാണ് 250 ചതുരശ്രയടി വിസ്തീര്‍ണമുള്ള  ഓരോ യൂണിറ്റുകളും . 

പതിനഞ്ച് ദിവസം പ്രായമെത്തുന്നത് വരെ കോഴിക്കുഞ്ഞുങ്ങളുടെ വാസം ആദ്യ ഭാഗത്ത് ജിഐ കമ്പിയില്‍ ഉയര്‍ത്തി നിര്‍മ്മിച്ച രണ്ട്  കൂടുകളിലാണ്. ഓരോ കൂട്ടിലും  അന്‍പത് വീതം കോഴികളെ വളര്‍ത്താം. കുഞ്ഞുങ്ങളുടെ  ഉള്‍മേനിയെ  തണുപ്പില്‍നിന്ന് കാക്കാന്‍  ബ്രൂഡിങ്  സംവിധാനങ്ങള്‍ ഈ കൂട്ടില്‍  ഒരുക്കിയിരിക്കും. 15 ദിവസമെത്തുമ്പോള്‍ കുഞ്ഞുങ്ങളെ കൂട്ടില്‍ നിന്നിറക്കി  താഴെയുള്ള ഡീപ് ലിറ്ററിലേക്ക് മാറ്റും. കുഞ്ഞുങ്ങളെ  താഴെ ഡീപ് ലിറ്ററിലേക്ക്  മാറ്റുന്നതോടെ  ജിഐ  കൂടുകളില്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വീണ്ടും വളര്‍ത്താന്‍ തുടങ്ങും. അതുവഴി ഇടവേളകളില്ലാതെ തുടര്‍ച്ചയായ ബ്രോയിര്‍ ഉല്‍പ്പാദനവും വിപണനവും സാധ്യമാവും. 

കോഴികളെ വളര്‍ത്താനും  തീറ്റ സംഭരിക്കാനുമുള്ള  ഷെഡ്, മാംസസംസ്കരണത്തിനുള്ള മുറി എന്നിവയുള്‍പ്പെടുന്ന ഈ മിനിയൂണിറ്റുകള്‍ക്ക് ആകെ വേണ്ടത് വെറും രണ്ട് സെന്‍റ്  സ്ഥലം  മാത്രമാണ്. അടുക്കള മുറ്റങ്ങള്‍ക്കിണങ്ങുന്ന മിനി ബ്രോയിലര്‍  യൂണിറ്റുകള്‍ എന്ന ആശയം വട്ടംകുളം  ഗ്രാമപഞ്ചായത്തിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.കെ.പി. മോഹന്‍കുമാറിന്‍റെതാണ്. യൂണിറ്റുകള്‍ രൂപകല്‍പ്പന ചെയ്തതും അദ്ദേഹം തന്നെ. ഈ മാതൃകയിലുള്ള നിരവധി യൂണിറ്റുകള്‍ ഇന്ന് വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ വിജകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

broiler-chicken-1
ഡോ. വി.കെ.പി. മോഹൻ കുമാർ

ഒന്നേകാല്‍മാസംകൊണ്ട് രണ്ട് കിലോയോളം, വേണ്ട ബ്രോയിലറിന് ഒരു ഹോര്‍മോണും

ചെറുകിട യൂണിറ്റിനാവശ്യമായ കൂടുകളുടെ നിര്‍മ്മാണത്തില്‍ മാത്രമല്ല ബ്രോയിലര്‍ കോഴികളുടെ പരിപാലനത്തിലും വട്ടംകുളത്തിന് പ്രത്യേകം ചിട്ടവട്ടങ്ങള്‍ ഒക്കെയുണ്ട്. രാജ്യത്തെ പൗള്‍ട്രി  മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നായ വെങ്കിട്ടേശ്വര ഹാച്ചറിയില്‍ വികസിപ്പിച്ച വളര്‍ച്ചാനിരക്ക് ഏറെയുള്ള കോബ് ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് ഈ യൂണിറ്റുകളില്‍ പ്രധാനമായും വളര്‍ത്തുന്നത്. 

ഒരു ദിവസം പ്രായത്തില്‍ ഫാമുകളിലേക്ക് എത്തുന്ന കോഴിക്കുഞ്ഞുങ്ങളെ വരവേല്‍ക്കുക കൃത്രിമ ചൂട് നല്‍കുന്നതിനായി കൂടുകളില്‍ പ്രത്യേകം  ഒരുക്കിയ ബ്രൂഡറുകളാണ്. കൂടിന്‍റെ തറയില്‍നിന്ന് ഒരടി ഉയരത്തില്‍ തൂക്കിയ ഹോവറുകളില്‍ ഇന്‍കാന്‍റസെന്‍റ് ബള്‍ബുകള്‍ സജ്ജമാക്കിയാണ് ബ്രൂഡിങ് സംവിധാനം ഒരുക്കുക. ഒരു കോഴിക്കുഞ്ഞിന് രണ്ട് വാട്ട് എന്നതാണ് ഇന്‍കാന്‍റസെന്‍റ്  ബള്‍ബുകള്‍ ഒരുക്കേണ്ടതിന്‍റെ ക്രമം. ഒരു കോഴിക്കുഞ്ഞിന് രണ്ട് വാട്ട് എന്ന ക്രമത്തില്‍ 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 100 വാട്ടിന്‍റെ രണ്ട് ഇന്‍കാന്‍റസെന്‍റ് ബള്‍ബുകള്‍ ബ്രൂഡറുകള്‍ തയാറാക്കാന്‍ വേണ്ടിവരും. 

broiler-chicken-2
വട്ടംകുളം മോഡൽ ബ്രോയിലർ യൂണിറ്റിനരികിൽ കർഷകനായ ലത്തീഫ്

കോഴിക്കുഞ്ഞുങ്ങള്‍ എത്തിയാലുടന്‍ യാത്രാക്ഷീണമകറ്റി ഊര്‍ജ്ജസ്വലരാവാന്‍ ഗ്ലൂക്കോസ് ചേര്‍ത്ത വെള്ളം നല്‍കും. ഒരു ലിറ്റര്‍ കുടിവെള്ളത്തിന് 50 ഗ്രാം ഗ്ലൂക്കോസ് എന്നതാണ് കണക്ക്.  പിറ്റേന്ന് മുതല്‍ ഒരാഴ്ച ബി കോംപ്ലെക്സും മറ്റു വിറ്റാമിനുകളും, ഇലക്ട്രോലൈറ്റുകളും ചേര്‍ത്താണ് കുടിവെള്ളം നല്‍കുക. രണ്ടാം ദിവസം മുതല്‍ മാംസ്യത്തിന്‍റെ അളവുയര്‍ന്ന ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ കോഴിക്കുഞ്ഞുങ്ങള്‍ക്ക് കൊടുത്ത് തുടങ്ങും. ആദ്യ ദിവസം മുതല്‍ തന്നെ തീറ്റ നല്‍കി തുടങ്ങിയാല്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പോഷകങ്ങള്‍ സംഭരിച്ച് വച്ച മഞ്ഞക്കരുവില്‍ നിന്ന് ആഗിരണം കുറയാനും, അണുബാധയ്ക്കും സാധ്യതയേറെയാണ്.  

അഞ്ചു ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്തയ്ക്കെതിരായ വാക്സിന്‍ ഓരോ തുള്ളിവീതം കണ്ണിലും മൂക്കിലും നല്‍കും. ബ്രോയിലര്‍ കോഴി വളര്‍ത്തലിലെ പ്രധാന വെല്ലുവിളികളില്‍ ഒന്നായ ഗുംബാരോ രോഗത്തിനെതിരായ (ഐബിഡി രോഗം) വാക്സിന്‍ 14-ാം ദിവസം കുടിവെള്ളത്തില്‍ ചേര്‍ത്ത് നല്‍കും.  പതിനഞ്ച് ദിവസമാകുന്നതോടെ കുഞ്ഞുങ്ങളെ കൂട്ടില്‍ നിന്നിറക്കി. താഴെ തറയിലൊരുക്കിയ ഡീപ് ലിറ്റര്‍ വിരിപ്പിലേക്ക് മാറ്റും. 

നല്ല ഒന്നാന്തരം  ചകിരിച്ചോറ് കൊണ്ടാണ് നാലിഞ്ച് കനത്തില്‍ തറവിരിപ്പൊരുക്കുക. ലിറ്റര്‍ കട്ടപിടിക്കുന്നതും കോഴികള്‍ക്ക് ശ്വാസകോശരോഗങ്ങള്‍ പിടിപെടുന്നതും പരമാവധി ഒഴിവാക്കാം എന്നതാണ് ചകിരിച്ചോറുപയോഗിച്ച് ലിറ്ററൊരുക്കിയാലുള്ള മെച്ചം. കൂടുകളില്‍ 24 മണിക്കൂറും  വെളിച്ചം കൃത്രിമ വെളിച്ചം നല്‍കിയിരുന്നെങ്കില്‍ ഡീപ് ലിറ്ററില്‍  വെളിച്ചം നല്‍കുക രാത്രി മാത്രമാണ്. ഡീപ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ തറ വിരിപ്പില്‍ ഈര്‍പ്പമുയരാതെ കരുതേണ്ടത് പ്രധാനമാണ്.  മൂന്നാഴ്ച കഴിയുന്നതോടെ തീറ്റ ചിക്ക് സ്റ്റാര്‍ട്ടറിൽനിന്നു ബ്രോയിലര്‍ ഫിനിഷറിലേക്ക് മാറ്റും. ഒപ്പം നാലാമത്തെ ആഴ്ചയില്‍  ഗുബാറോ രോഗത്തിനെതിരായ വാക്സിന്‍ ഒരു തവണ കൂടി നല്‍കും. 

വന്‍കിട യൂണിറ്റുകളെ അപേക്ഷിച്ച് കോഴിക്കുഞ്ഞുങ്ങളെ കൂടുതല്‍  ശ്രദ്ധ നല്‍കി വളര്‍ത്താം എന്നതാണ് ചെറുകിട ബ്രോയിലര്‍ യൂണിറ്റുകളുടെ പ്രധാന നേട്ടം.  പരിപാലനത്തില്‍ മികവ് ഏറുന്നതോടെ കോഴികളുടെ വളര്‍ച്ചാനിരക്കും, തീറ്റ പരിവര്‍ത്തനശേഷിയുമെല്ലാം ഉയരും. മരണ നിരക്ക് തുലോം കുറയുകയും ചെയ്യും. ഇങ്ങനെ ശാസ്ത്രീയ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് വളര്‍ത്തുന്ന ബ്രോയിലര്‍ കോഴികള്‍ ഒരു ആന്‍റിബയോട്ടിക് പ്രയോഗമോ ഗ്രോത്ത് പ്രമോട്ടറുകളോ ഇല്ലാതെ തന്നെ ഒന്നര മാസം പ്രായമെത്തുമ്പോള്‍ രണ്ട് കിലോയിലധികം ഭാരം വെയ്ക്കും. അതോടെ വില്‍പ്പനക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാം. 

ആദായത്തിന്‍റെ  വഴികള്‍

വട്ടംകുളം മോഡലില്‍ 250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു ബ്രോയിലര്‍  ഷെഡ് നിര്‍മ്മിക്കാന്‍ ഏകദേശം  അന്‍പതിനായിരം രൂപയോളം ചെലവ് വരും. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനും, അവയുടെ  തീറ്റയ്ക്കുമാണ് പിന്നെ പണം  മുടക്കേണ്ടത്. വിപണി നിലവാരം അനുസരിച്ച് കോബ് ഇനത്തില്‍ പെട്ട ഒരു കുഞ്ഞിന് 25 രൂപയുടെ അടുത്ത് വിലവരും. ഒരു കിലോ കോഴിത്തീറ്റയ്ക്ക് വിപണിയില്‍ മുപ്പത്തിയഞ്ച് രൂപയോളം വിലവരും. ഒരു ബ്രോയിലര്‍ കോഴി ആറ് ആഴ്ച പ്രായമാവുമ്പോഴേക്കും ഏകദേശം 3-3.5 കിലോ തീറ്റ കഴിക്കുമെന്നാണ് കണക്ക്. വാക്സിന്‍, വൈദ്യുതി ചിലവുകള്‍ ഉള്‍പ്പെടെ  അടക്കമുള്ള  മറ്റ് ചിലവുകള്‍  ഉള്‍പ്പെടെ 200 കോഴികളുള്ള ഒരു യൂണിറ്റ്  നടത്താന്‍ മുപ്പതിനായിത്തോളം രൂപ ചെലവ് വരും. ഷെഡ് നിര്‍മ്മിക്കാനുള്ള പ്രാരംഭ മൂലധനം  ഒഴിച്ചുള്ള ചെലവാണിത്. 

അടുക്കള മുറ്റങ്ങളില്‍ വളര്‍ത്തി വലുതാക്കിയ  സ്വദേശി ബ്രോയിലര്‍ കോഴികളുടെ മാംസം സംസ്ക്കരിച്ച് സ്വദേശി ചിക്കനെന്നോ, നാടന്‍ ബ്രോയിലറെന്നോ, ഫാം ഫ്രഷ് ചിക്കനെന്നോ പേരിട്ട് പ്രത്യേകം പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ സാമ്പത്തികവിജയത്തില്‍ പ്രധാനം. ഇങ്ങനെ സുരക്ഷിത മാംസത്തെ ബ്രാന്‍ഡ് ചെയ്ത് കഴിഞ്ഞാല്‍  നേട്ടം ഉറപ്പ്. വിപണി വിലയേക്കാള്‍ അല്പം അധികവിലയിട്ട് വിപണനം നടത്തിയാലും, അല്ലലും ആശങ്കയുമില്ലാതെ  അറിഞ്ഞു വാങ്ങി കഴിയ്ക്കാവുന്ന സുരക്ഷിതമാംസമായതിനാല്‍ ഡിമാന്‍ഡ് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. 

200 കോഴികള്‍ അടങ്ങുന്ന ഒരു യൂണിറ്റില്‍നിന്ന് നല്ല വിപണി  കണ്ടെത്താന്‍ സാധിച്ചാല്‍ എല്ലാ ചിലവും കഴിച്ച് ഏകദേശം ഏഴായിരം മുതല്‍ പതിനായിരം  രൂപ ആദായം പ്രതീക്ഷിക്കാം. സൗകര്യവും സ്ഥലമുണ്ടെങ്കില്‍ യൂണിറ്റുകളുടെ എണ്ണം രണ്ടാക്കി ആദായം വര്‍ദ്ധിപ്പിക്കാം. സംസ്കരിച്ച മാംസം സൂക്ഷിക്കാന്‍ ഒരു ഫ്രീസര്‍ കൂടി സംഘടിപ്പിച്ചാല്‍ വില്‍പ്പന പൊടിപൊടിക്കും.  

broiler-chicken-3
വട്ടംകുളം മോഡൽ പഠിക്കാനെത്തിയ കർഷകർ ഡോ. വി.കെ.പി. മോഹൻ കുമാറിനൊപ്പം.

ഒരു ബ്രോയിലര്‍  യൂണിറ്റ് തുടങ്ങിയാല്‍  തീരാവുന്ന പ്രശ്നമേയുള്ളൂ

ബ്രോയിലര്‍ കോഴികള്‍ ഒന്നേകാല്‍ മാസംകൊണ്ട് രണ്ട് കിലോയോളം തൂക്കം വയ്ക്കുന്നത് കൃത്രിമ ഹോര്‍മോണ്‍ കുത്തിവച്ചും, മന്ത് രോഗികളുടെ  സിറം കുത്തിവച്ചുമാണെന്നൊക്കെയുള്ള  വാട്‌സാപ് സന്ദേശങ്ങള്‍ വായിച്ച് വിശ്വസിച്ച് വരും ആശങ്കപ്പെടുന്നവരും ഏറെയുണ്ട് നമ്മുടെ സമൂഹത്തില്‍. വട്ടംകുളം മാതൃകയില്‍ ഒരു ചെറുകിട ബ്രോയിലര്‍ യൂണിറ്റ് തുടങ്ങി കുറച്ച് ബ്രോയിലര്‍ കോഴികളെ വാങ്ങി വളര്‍ത്തിയാല്‍ ഒന്ന് ഒന്നേകാല്‍ മാസംകൊണ്ട് അവരുടെ എല്ലാ ആശങ്കകള്‍ക്കും വിരാമമാവുമെന്നത് തീര്‍ച്ചയാണ്.

വട്ടംകുളം ബ്രോയിലര്‍ യൂണിറ്റുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ 

ഡോ. വി.കെ.പി. മോഹന്‍ കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി ഹോസ്പിറ്റല്‍, വട്ടംകുളം, മലപ്പുറം.

ഇ. അബ്ദുല്‍ ലത്തീഫ്, മാതൃകാകര്‍ഷകന്‍, കര്‍ഷകോത്തമ ജേതാവ്, റോയല്‍ഫാം, കോലളമ്പ്, എടപ്പാള്‍. ഫോണ്‍- 9947841234

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA