sections
MORE

പൂവാലിക്ക് ഒരു ലക്ഷം വരെ പോളിസി-പുതുമകളോടെ ഗോസമൃദ്ധി പ്ലസ്

HIGHLIGHTS
  • ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള രണ്ട് പോളിസികൾ
  • നാടന്‍ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് രക്ഷ
cow-insurance
SHARE

ഇന്ന് ക്ഷീരമേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ളതും കര്‍ഷകര്‍ക്കേറെ  പ്രിയമുള്ളതുമായ പദ്ധതിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി പ്ലസ്. 2017 മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ ഈ പശു ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന് തങ്ങളുടെ  ക്ഷീരസംരംഭങ്ങള്‍ സാമ്പത്തിക സുരക്ഷിതമാക്കിയ കര്‍ഷകര്‍ ഇന്ന് സംസ്ഥാനത്ത് ഏറെയുണ്ട്. ഒന്നും രണ്ടും പ്രളയകാലങ്ങളില്‍ ക്ഷീരമേഖലയില്‍ സംഭവിച്ച സാമ്പത്തികനഷ്ടങ്ങളില്‍നിന്നു കരകയറാന്‍ ഗോസമൃദ്ധി പദ്ധതി കര്‍ഷകരെ ഏറെ സഹായിച്ചിരുന്നു. 

പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ഏറ്റവും കുറഞ്ഞ  പ്രീമിയത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു എന്നതും  ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ മേന്മയാണ്. ഏറെ പുതുമകളോടെയും, പ്രീമിയം നിരക്ക്  മുന്‍ വര്‍ഷത്തേക്കാള്‍ കുറച്ചും ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ 2019-20  കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടത് ഈയിടെയാണ്. 

പൂവാലിപ്പശുവിന് ഒരു ലക്ഷം വരെ പോളിസി

ഗോസമൃദ്ധി പ്ലസ് പദ്ധതിയില്‍ ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള രണ്ട് പോളിസികളാണുള്ളത്. കര്‍ഷകര്‍ക്ക് ഇഷ്ടാനുസരണം ഇതില്‍നിന്നു പോളിസികള്‍ തെരഞ്ഞെടുക്കാം. കറവയുള്ള പശുക്കള്‍, എരുമകള്‍ എന്നിവയെ കൂടാതെ  7 മാസത്തിനു മുകളില്‍ ഗര്‍ഭമുള്ള കിടാരികളെയും എരുമക്കുട്ടികളെയും ഇന്‍ഷുര്‍ ചെയ്യാന്‍ പദ്ധതിയില്‍ അവസരമുണ്ട്. ഒരുവര്‍ഷത്തേക്ക് പോളിസിയെടുക്കാന്‍ ഉരുവിന്‍റെ മതിപ്പുവിലയുടെ 2.15 ശതമാനവും, മൂന്ന് വര്‍ഷത്തേക്ക് 5.419 ശതമാനവുമാണ് പ്രീമിയം തുക.  

65,000 രൂപ വരെ മതിപ്പുവില കണക്കാക്കി എടുക്കുന്ന  പോളിസികളുടെ പ്രീമിയം തുകയില്‍  സര്‍ക്കാര്‍ സബ്‌സിഡിയും അനുവദിക്കും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രീമിയത്തിന്‍റെ 50 ശതമാനവും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക്  പ്രീമിയം തുകയുടെ  70 ശതമാനവുമാണ് സബ്‌സിഡി. ഉദാഹരണത്തിന് പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ 65,000 രൂപ മതിപ്പുവിലയുള്ള ഒരു പശുവിനെ ഇന്‍ഷുര്‍ ചെയ്യാന്‍ സര്‍ക്കാര്‍ സബ്‌സിഡി കഴിച്ച് ഒരു വര്‍ഷത്തേക്ക് 700 രൂപയും മൂന്നുവര്‍ഷത്തേക്കാണെങ്കില്‍ 1762 രൂപയും മാത്രം പ്രീമിയമായി അടച്ചാല്‍ മതി. പട്ടികജാതി–പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക്  യഥാക്രമം 420, 1058 രൂപ വീതമായിരിക്കും പോളിസി പ്രീമിയം. 

പശുക്കള്‍ക്ക് 65,000 രൂപക്ക് മുകളില്‍ മതിപ്പുവിലയുണ്ടെങ്കില്‍  ഇതേ പ്രീമിയം നിരക്കില്‍ അധിക പോളിസികള്‍ എടുക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. എന്നാല്‍, 65,000 രൂപയ്ക്ക് മുകളിലുള്ള ഉരുവിന്‍റെ വിലയുടെ പ്രീമിയം പൂര്‍ണ്ണമായും ഗുണഭോക്താവ് തന്നെ വഹിക്കണം. ഈ അധിക തുകയില്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാകില്ല. ഒരു ലക്ഷം വരെ വിപണിവില കണക്കാക്കുന്ന പശുക്കളെയും, എരുമകളെയും ഇതേ പ്രീമിയം നിരക്കില്‍ ഇന്‍ഷുര്‍ ചെയ്യാമെന്നുള്ളത് പുതുക്കിയ ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ  നേട്ടമാണ്. 

ഇന്‍ഷുര്‍ ചെയ്ത വളര്‍ത്തുമൃഗങ്ങള്‍ മരണപ്പെട്ടാല്‍ പോളിസി പ്രകാരമുള്ള മുഴുവൻ തുകയും  അവയുടെ ഉല്‍പാദന-പ്രത്യുൽപാദന ശേഷികള്‍ നഷ്ടമാവുന്ന തരത്തിലുള്ള രോഗാവസ്ഥകള്‍ പിടിപെട്ടാല്‍ പോളിസിയുടെ 75 % തുകയും കര്‍ഷകന് ലഭിക്കും. പശുക്കളെ പോളിസി കാലയളവില്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോളിസി പുതിയ ഉടമയിലേക്ക് മാറ്റാനുളള സൗകര്യവും പദ്ധതിയില്‍ ലഭിക്കും.

cattle-tag

നാടന്‍ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് രക്ഷ

സങ്കരയിനം പശുക്കളെ മാത്രമല്ല വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളൻ, വടകര കുള്ളന്‍ അടക്കമുള്ള നമ്മുടെ നാടന്‍ പശുക്കളെയും ഇന്‍ഷുര്‍ ചെയ്യാന്‍ ഗോസമൃദ്ധി പ്ലസ് പദ്ധതിയില്‍ അവസരമുണ്ട്. 2.15 ശതമാനം വാര്‍ഷിക പ്രീമിയം തുകയില്‍ പരമാവധി 25,000 രൂപയ്ക്ക് വരെയാണ് തനതു കന്നുകാലികളെ  ഇന്‍ഷുര്‍ ചെയ്യാന്‍ സാധിക്കുക. ഇതൊഴിച്ച് നിര്‍ത്തിയാല്‍  സങ്കരയിനം കന്നുകാലികളെ  ഇന്‍ഷുര്‍ ചെയ്യുന്ന  അതേ നടപടിക്രമങ്ങള്‍ തന്നെയാണ് തനതു കന്നുകാലികളുടെ ഇന്‍ഷുറന്‍സിനും. 

പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷകര്‍ക്കും

ഉരുക്കള്‍ക്കൊപ്പം കര്‍ഷകന് രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സും  ഗോസമൃദ്ധി പ്ലസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകടമരണത്തിനും പൂര്‍ണ്ണമോ ഭാഗികമോ ആയ അംഗവൈകല്യം സംഭവിച്ചാലും പോളിസി തുക ലഭ്യമാകും. ഒരു വര്‍ഷത്തേക്ക് 22 രൂപയും മൂന്നുവര്‍ഷത്തേക്ക് 58 രൂപയും മാത്രമാണ് പോളിസിയുടെ പ്രീമിയം നിരക്കുകള്‍. കര്‍ഷകരുടെ  വ്യക്തിസുരക്ഷാ ഇന്‍ഷുറന്‍സിന് സര്‍ക്കാരിന്‍റെ സബ്‌സിഡിയില്ല.  

സംസ്ഥാനത്തെ അത്യുല്‍പ്പാദനശേഷിയുള്ള  50,000 ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യാനാണ്  ഗോസമൃദ്ധി പ്ലസ് ലക്ഷ്യമിടുന്നത്. ഫീല്‍ഡ് തലത്തില്‍ ഗോസമൃദ്ധി പദ്ധതിയിലേക്ക് പശുക്കളെ തെരഞ്ഞെടുക്കുന്നതും, കര്‍ഷകരുമായി ചര്‍ച്ചചെയ്ത്  വിപണിവില നിര്‍ണ്ണയിക്കുന്നതും, തിരിച്ചറിയല്‍ അടയാളമായ ഇയര്‍ ടാഗിങ് നടത്തുന്നതും മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി  സര്‍ജന്മാരാണ്.  ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ കര്‍ഷകവിഹിതം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് സമാഹരിക്കുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ കര്‍ഷകര്‍ക്ക്  പ്രീമിയം അടയ്ക്കാം.  മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ  പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും ഭൂമിക എന്ന ആപ്ലിക്കേഷന്‍റെ സഹായത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ പൂര്‍ണ്ണമായും ജിയോമാപ്പിംഗ് നടത്താനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. 

പൂവാലിക്ക് പോളിസിയെടുക്കാന്‍ ഇനി വൈകണ്ട 

ആശങ്കകള്‍ ഒന്നുമില്ലാതെ ക്ഷീരസംരംഭം നടത്താനും അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന  സാമ്പത്തിക നഷ്ടം  നികത്താനും ഇന്‍ഷുറന്‍സിനേക്കാള്‍ മികച്ച ഒരു വഴിയില്ല. ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഉണ്ടെങ്കില്‍ മറ്റൊരു സഹായത്തിനു കാത്തുനില്‍ക്കാതെ സ്വയം അതിജീവനം സാധ്യമാവും എന്നതില്‍ സംശയമില്ല. തങ്ങളുടെ ക്ഷീരസംരംഭത്തെയും ഗോസമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന  കര്‍ഷകര്‍  തൊട്ടടുത്ത സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ ബന്ധപ്പെട്ടാല്‍ മതി. മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പശുക്കളെ വീണ്ടും ഈ പദ്ധതികള്‍ക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യേണ്ടതില്ല.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA