sections
MORE

പോലീസ് നായ ജൂഡോയുടെ മരണകാരണം ഹീറ്റ് സ്ട്രോക്ക്; എന്തു ചെയ്യണം?

HIGHLIGHTS
  • പൂച്ചകളേക്കാള്‍ നായ്ക്കളാകും താപാഘാതത്തിന്റെ ഇരകള്‍
  • വേനല്‍ക്കാലത്ത് അധിക വ്യായാമം വേണ്ട
judo
SHARE

കേരള പോലീസിന്റെ ശ്വാനപ്പടയിലെ ജൂഡോ എന്ന നായ കഴിഞ്ഞ ദിവസം ചത്തതിനു കാരണം അമിതമായി ചൂടേറ്റതു മൂലമുള്ള ഹൃദയസ്തംഭനമാണ്. രോമം കൂടുതലുള്ള നായ്ക്കൾക്ക് അമിത ചൂട് താങ്ങാൻ കഴിയില്ല. അതുകൊണ്ടുതന്നെ വളർത്തുമൃഗങ്ങൾക്ക് വേനൽക്കാലത്ത് പ്രത്യേക കരുതൽ നൽകിയിരിക്കണം. നായ്ക്കൾക്ക് താപാഘാതമേറ്റാൽ ഡോക്ടറെ കാണുന്നതിനു മുമ്പ് ഉടമയ്ക്കു ചെയ്യാൻ കുറച്ചു കാര്യങ്ങളുണ്ട്.

അധിക സമയവും വീടിനുള്ളില്‍ ചെലവഴിക്കുന്ന  പൂച്ചകളേക്കാള്‍ നായ്ക്കളാകും താപാഘാതത്തിന്റെ ഇരകള്‍. താപാഘാതമേറ്റാല്‍ പ്രഥമ ശുശ്രൂഷ ഏറെ പ്രധാനമാണ്.  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ മൃഗത്തെ ചൂടുള്ളിടത്തുനിന്നും തണുപ്പുള്ള സ്ഥലത്തേക്കു മാറ്റണം. തല ഉയര്‍ത്തിപ്പിടിച്ച് കഴുത്തുവരെയുള്ള ഭാഗം വെള്ളത്തില്‍ മുക്കുക. ശരീരം നനയ്ക്കുക, തണുത്ത തുണികൊണ്ട് ശരീരം പൊതിയുക, പിന്‍കഴുത്തിലും, പിന്‍കാലുകളിലും നനഞ്ഞ തുണിവയ്ക്കുക എന്നിവയും നന്ന്. തണുത്ത ശുദ്ധജലം കുടിയ്ക്കാന്‍ നല്‍കുക, തനിയെ കുടിക്കുന്നില്ലെങ്കില്‍ തുള്ളി തുള്ളിയായി  വീഴ്ത്തി നാവു നനയ്ക്കുക. ബലം പ്രയോഗിച്ചു കുടിപ്പിച്ചാല്‍ വെള്ളം ശ്വാസകോശത്തില്‍ കയറാന്‍ ഇടയുണ്ട്.  ഐസ്‌കട്ട കൊടുത്താല്‍ പെട്ടെന്ന് താപനില കുറയാം. ഇതു നന്നല്ല. കാലുകള്‍ തിരുമ്മിക്കൊടുത്തും രക്തയോട്ടം കൂട്ടാം. ചൂടു കുറയ്ക്കാന്‍ ആസ്പിരിന്‍ ഗുളികകളും മറ്റും കൊടുക്കുന്നതും ദോഷം ചെയ്യും.  വേനലാകുംമുമ്പ് വൈദ്യ പരിശോധന നടത്തണം. ബാഹ്യ, ആന്തര പരാദങ്ങള്‍ക്കെതിരെയുള്ള മരുന്നും നല്‍കണം. 

വേനല്‍ക്കാലത്ത് അധിക വ്യായാമം വേണ്ട. കൂടുകള്‍ തണലുള്ള സ്ഥലത്തു പണിയുകയും എപ്പോഴും ശുദ്ധജലം ലഭിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യുക. ഈര്‍പ്പമുള്ള മണല്‍ നിറച്ച പെട്ടികള്‍ ഇരിക്കാനും നില്‍ക്കാനുമായി  നല്‍കാം. ദിവസേന ബ്രഷ് ചെയ്യുക, അധിക നീളമുള്ള രോമങ്ങള്‍ മുറിക്കുക, സൂര്യപ്രകാശം പെട്ടെന്നു പതിക്കുന്ന ശരീരഭാഗങ്ങളില്‍ സിങ്ക് ഓക്‌സൈഡ് ചേര്‍ക്കാത്ത സണ്‍ക്രീമുകള്‍ പുരട്ടുക. വേനല്‍ക്കാലത്ത് ഉച്ചഭക്ഷണം ഒഴിവാക്കി രാവിലെയും, വൈകുന്നേരവും  ഭക്ഷണം നല്‍കുക. കൊഴുപ്പ് കുറഞ്ഞതും, ജലാംശം കൂടിയതുമായ ഭക്ഷണം പാകംചെയ്ത ഉടനെ നല്‍കുക. മധുരക്കിഴങ്ങ് നല്ല അളവില്‍ ബീറ്റാകരോട്ടിന്‍ നല്‍കുമെന്നതിനാല്‍  ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തണുത്ത വെള്ളം  ധാരാളം നല്‍കുക. വെള്ളത്തില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ ധാതുലവണ നഷ്ടം കുറയ്ക്കാം. 

നായ്ക്കുട്ടികള്‍ക്ക് ഏത്തപ്പഴം, നുറുക്കി വേവിച്ച മാംസം, മുറിച്ച കാരറ്റ്, ആപ്പിള്‍ എന്നിവ തണുപ്പിച്ചു നല്‍കാം. വേവിച്ച കോഴിയിറച്ചിയോ, ബീഫോ,  ഐസ്‌ക്യൂബ്‌ട്രേയില്‍ വച്ചു തണുപ്പിച്ച് നല്‍കാം. നേന്ത്രപ്പഴം, കാരറ്റ്, ആപ്പിള്‍, ഇഷ്ടപ്പെട്ട  മറ്റു പഴങ്ങള്‍, യോഗര്‍ട്ട് എന്നിവ ചേര്‍ത്തുണ്ടാക്കിയ ഐസ്‌ക്രീമുകള്‍ നല്‍കാം. സവോള, വെളുത്തുള്ളി, മുന്തിരി, കശുവണ്ടി എന്നിവ ഒഴിവാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9446203839, drsabingeorge10@gmail.com

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA