ADVERTISEMENT

ഏതൊരു ആട് വളര്‍ത്തല്‍ സംരംഭത്തിന്‍റെയും വിജയത്തിന്‍റെ അടിസ്ഥാനമാണ് ആ ഫാമില്‍ പ്രസവിച്ചുണ്ടാവുന്ന കുഞ്ഞാട്ടിന്‍കുട്ടികള്‍. അവയ്ക്കുണ്ടാവുന്ന  രോഗബാധകളും മരണനിരക്കും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ ആട് വളര്‍ത്തല്‍ സംരംഭത്തില്‍ മികച്ച നേട്ടം ഉറപ്പാണ്. 

ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക്  മൃതസഞ്ജീവനിയെന്ന് കേള്‍ക്കുമ്പോള്‍ ആരിലും ഒരു കൗതുകമുയരുക സ്വാഭാവികം. ആ മൃതസഞ്ജീവനി ഏതാണന്നല്ലേ?

ആട്ടിന്‍കുഞ്ഞുങ്ങള്‍ ജനിച്ചുവീണ അന്ന് മുതല്‍ മൂന്ന് മാസം വരെയുള്ള പ്രായയളവില്‍ അവയെ ബാധിക്കാനിടയുള്ള  ബാക്ടീരിയ, വൈറസ് രോഗാണുക്കളില്‍നിന്നു സംരക്ഷണം ഉറപ്പുവരുത്തുന്ന മൃതസഞ്ജീവനിയാണ് കന്നിപ്പാല്‍ അഥവാ കൊളസ്ട്രം. ശാസ്ത്രീയമായി നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ കൃത്യമായ സമയത്ത് കന്നിപ്പാല്‍ ആട്ടിന്‍ക്കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ഈ രോഗാണുക്കളില്‍നിന്നെല്ലാം ഒരു പരിധിവരെ സംരക്ഷണം ഉറപ്പാക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും. 

കന്നിപ്പാല്‍ നുണഞ്ഞാല്‍ പലതുണ്ട് നേട്ടം

തള്ളയാട് വിവിധ പ്രതിരോധ കുത്തിവയ്പുകള്‍ വഴി ആര്‍ജിച്ചതും, അതിന്‍റെ ജീവിതകാലത്ത് നേരിട്ട രോഗങ്ങള്‍, രോഗാണുക്കള്‍ എന്നിവയ്ക്കെതിരെയെല്ലാം ശരീരം ഉല്‍പ്പാദിപ്പിച്ചതുമായ  ഗാമഗ്ലോബുലിന്‍, ആല്‍ബുമിന്‍ അടക്കമുള്ള  പ്രതിരോധ പ്രോട്ടീനുകള്‍ കന്നിപ്പാല്‍ വഴി ആട്ടിന്‍കുട്ടികള്‍ക്ക് ലഭ്യമാവും. സ്വന്തം പ്രതിരോധസംവിധാനം രൂപപ്പെടുന്ന മൂന്നു മാസം വരെയുള്ള കാലയളവില്‍ ഈ പ്രതിരോധ പ്രോട്ടീനുകള്‍ ആട്ടിന്‍കുഞ്ഞുങ്ങള്‍ സംരക്ഷണകവചം തീര്‍ക്കും. 

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ കേരളത്തില്‍  നടത്തിയ പഠനത്തില്‍ (ഐസിഎആര്‍) ഒരു മാസത്തിനും മൂന്ന് മാസത്തിനും ഇടയിലുള്ള  ആട്ടിന്‍കുഞ്ഞുങ്ങളുടെ മരണത്തിന്‍റെ പ്രധാനകാരണങ്ങള്‍ സാംക്രമികരോഗാണുക്കള്‍ കാരണമുണ്ടാവുന്ന വയറിളക്കവും, ടെറ്റ്നസ്  രോഗബാധയുമാണെന്ന് കണ്ടെത്തിയിരുന്നു. കോളിഫോം, സാല്‍മൊണെല്ല, ക്ലോസ്ട്രിഡിയം തുടങ്ങിയ ബാക്ടീരിയല്‍ അണുക്കളും, കോക്സീഡിയ പരാദങ്ങളും, റോട്ടാ പോലുള്ള ചില വൈറസുകളുമാണ് ആട്ടിന്‍കുഞ്ഞുങ്ങളിലെ വയറിളക്കത്തിന്‍റെ മുഖ്യ കാരണം. ക്ലോസ്ട്രിഡിയം ബാക്ടീരിയകളാണ് ടെറ്റനസ് രോഗത്തിന്‍റെ കാരണം. ഈ രോഗാണുക്കളെയെല്ലാം പ്രതിരോധിക്കാന്‍ കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന  പ്രതിരോധഘടകങ്ങള്‍ കുഞ്ഞാടുകളെ തുണയ്ക്കും. പ്രത്യേക ശാരീരികപ്രവര്‍ത്തനങ്ങള്‍ ഒന്നും കൂടാതെ കന്നിപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്ക് നേരിട്ട് ലഭ്യമാവുന്ന പ്രതിരോധശേഷിയായതിനാല്‍ ഇതിനെ നിഷ്ക്രിയ പ്രതിരോധശേഷി അഥവാ പാസ്സീവ് ഇമ്മ്യൂണിറ്റി എന്നാണ് വിളിക്കുന്നത്.

പ്രതിരോധഘടകങ്ങള്‍ കൂടാതെ വളര്‍ച്ചക്കും  വികാസത്തിനും വേണ്ട ജീവകം എ, ബി അടക്കമുള്ള വിവിധ ജീവകങ്ങള്‍, ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം, കോപ്പര്‍, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുമൂലകങ്ങള്‍ എന്നിവയെല്ലാം കന്നിപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  

മാത്രമല്ല,  ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ  അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ആദ്യ കാഷ്ടം ശരീരത്തില്‍നിന്നു പുറന്തള്ളാന്‍ കന്നിപ്പാല്‍ ആട്ടിന്‍കുട്ടികളെ സഹായിക്കും. മാത്രമല്ല കുഞ്ഞുങ്ങള്‍ അകിടില്‍നിന്ന് കന്നിപ്പാല്‍ നുണയുന്നത് തള്ളയാടിന്‍റെ ഗര്‍ഭപാത്രത്തില്‍നിന്നു മറുപിള്ള പുറന്തള്ളുന്നതിനായുള്ള  ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. 

goat-1

കുഞ്ഞുങ്ങള്‍ക്ക് കന്നിപ്പാല്‍ കൊടുക്കേണ്ടതെങ്ങനെ?

ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് അവയുടെ ശരീരഭാരത്തിന്‍റെ 10 ശതമാനം അളവില്‍ കന്നിപ്പാല്‍ പിറന്നുവീണതിന്‍റെ 2-6 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കേണ്ടതുണ്ട്. മാത്രമല്ല ഇതിന്‍റെ ആദ്യ ഘഡു കന്നിപ്പാല്‍ ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ ആട്ടിന്‍കുഞ്ഞുങ്ങള്‍ കുടിച്ചു എന്നുറപ്പിക്കേണ്ടതുമുണ്ട്. ഉദാഹരണത്തിന്  2.5 കിലോഗ്രാം ശരീരഭാരത്തോടെ ജനിച്ച  ആട്ടിന്‍കുട്ടിക്ക് 250-300 മില്ലി ലിറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട്-ആറ് മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം. 

പ്രസവിച്ച് വീഴുന്ന കിടാക്കള്‍ സാധാരണഗതിയില്‍  സ്വമേധയാ എഴുന്നേറ്റ് തള്ളയാടിന്‍റെ  അകിടില്‍നിന്നു പാല്‍ നുണയുമെങ്കിലും ഇത്രയും അളവില്‍ കുടിക്കാന്‍ സാധ്യത കുറവാണ്. നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ കന്നിപ്പാല്‍ കുടിച്ചു എന്നുറപ്പാക്കുന്നതിനായി പലതവണകളായി പാല്‍ കുടിക്കാന്‍ ആട്ടിന്‍കുഞ്ഞുങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ആരോഗ്യം കുറഞ്ഞ കുട്ടികളാണെങ്കില്‍ കന്നിപ്പാല്‍ കറന്നെടുത്ത്  ഒരു ചെറിയ നിപ്പിള്‍ ബോട്ടിലോ സിറിഞ്ചോ ഉപയോഗിച്ച് കുഞ്ഞുങ്ങളെ കുടിപ്പിക്കുന്നതാണ് ഉചിതം. 

ആട്ടിന്‍ കുഞ്ഞ് കുടിക്കുന്നതിന് മുമ്പായി അകിടില്‍ കെട്ടിനില്‍ക്കുന്ന പാലില്‍ നിന്നല്‍പ്പം കറന്നു കളയാനും, മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കാനും മറക്കരുത്. 

കൂടുതല്‍ കന്നിപ്പാല്‍ കുടിച്ചാല്‍ ആട്ടിന്‍കുഞ്ഞിന്‍റെ വയറിളകുമോ?

ഇത്രയും അളവില്‍ കന്നിപ്പാല്‍ നല്‍കുന്നത് ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് വയറിളകുന്നതിന് കാരണമാവും എന്ന് കരുതി കര്‍ഷകര്‍ പലപ്പോഴും ഈ അളവില്‍ കന്നിപ്പാല്‍ നല്‍കാന്‍ മടിക്കാറുണ്ട്. ദഹനവ്യൂഹത്തില്‍ വിഘടനത്തിനു വിധേയമാവാതെ കന്നിപ്പാല്‍  നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഈ ആശങ്ക അസ്ഥാനത്താണ്. മാത്രവുമല്ല കന്നിപ്പാലില്‍ ദഹനവ്യൂഹത്തിലെ രാസാഗ്നികളെ തടയുന്ന ആന്‍റിട്രിപ്സിന്‍ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രോട്ടീനുകളുടെ കലവറയായ കന്നിപ്പാല്‍ രോഗപ്രതിരോധത്തിനായുള്ള ദിവ്യൗഷധമാണെന്ന കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കണം. 

തുടര്‍ന്നും അഞ്ചുദിവസം വരെ ശരീരഭാരത്തിന്‍റെ പത്തുശതമാനം കന്നിപ്പാല്‍ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കണം. പാല്‍ ഒറ്റസമയത്തു കുടിപ്പിക്കാതെ വിവിധ തവണകളായി നല്‍കാന്‍ ശ്രദ്ധിക്കണം. ദഹനവ്യൂഹത്തില്‍ രാസാഗ്നികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് കാരണം പ്രതിരോധപ്രോട്ടീനുകള്‍ ദഹിച്ച് നഷ്ടമാവാന്‍ ഇടയുണ്ടെങ്കിലും ധാതുക്കളും ജീവകങ്ങളും അടങ്ങിയ മറ്റു പോഷകാംശങ്ങള്‍ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാവും. അധികമുള്ള കന്നിപ്പാല്‍ കറന്നെടുത്ത് ശീതീകരിച്ച് സൂക്ഷിച്ചാല്‍, മുതിര്‍ന്ന മറ്റു കുട്ടികള്‍ക്ക് വെള്ളം ചേര്‍ത്ത് ലയിപ്പിച്ച് നല്‍കുകയും ചെയ്യാം.                  

കന്നിപ്പാല്‍ ഇല്ലെങ്കില്‍ കൃത്രിമ കന്നിപ്പാല്‍

പ്രസവത്തെ തുടര്‍ന്ന് തള്ളയാടിന് മരണം സംഭവിക്കുകയോ, എല്ലാ കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ കന്നിപ്പാല്‍ അകിടില്‍ ഇല്ലാതിരിക്കുകയോ വരുന്ന സാഹചര്യത്തില്‍ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് കൃത്രിമമായി കന്നിപ്പാല്‍ തയാറാക്കി നല്‍കാവുന്നതാണ്. ഒരു കോഴിമുട്ട 300 മില്ലിലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ഉടച്ചു ചേര്‍ത്ത്, അതില്‍ അര ടീസ്പൂണ്‍ ആവണക്കെണ്ണയും, ഒരു ടീസ്പൂണ്‍ മീനെണ്ണയും ചേര്‍ക്കണം. ഈ മിശ്രിതം അര ലിറ്റര്‍ ചൂടാക്കിയ പാലില്‍ കലക്കി ശരീരതാപനിലയില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ഇത് ദിവസം മൂന്ന് നാലു തവണകളായി നല്‍കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com