ADVERTISEMENT

നിനച്ചിരിക്കാത്ത സമയങ്ങളില്‍ തൊഴുത്തിന്‍റെ പടികയറിയെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാനും, നിത്യജീവനോപാധി  തിരിച്ചുപിടിക്കാനും കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍.

ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്ന സമയത്ത് മൃഗങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. മതിയായ വാസസ്ഥലവും യഥേഷ്ടം കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പുവരുത്തുകയും വേണം. ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കാനും കൃത്യമായ ഇടവേളകളില്‍ ആന്തര–ബാഹ്യപരാദങ്ങള്‍ക്കെതിരെ മരുന്നുകള്‍ നല്‍കാനും ശ്രദ്ധിക്കണം. കുളമ്പുരോഗം, കുരലടപ്പന്‍, ബ്രൂസല്ലോസിസ്  തുടങ്ങിയ പ്രതിരോധകുത്തിവയ്പ്പുകള്‍ ലഭ്യമായ അസുഖങ്ങള്‍ പിടിപെട്ട് പശുക്കള്‍ മരണപ്പെട്ടാലും, ഈ രോഗങ്ങള്‍ക്കെതിരെ പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി എടുത്തിട്ടുള്ള ഉരുക്കളാണെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.  

കമ്മലില്ലെങ്കില്‍ പോളിസിയില്ല

  • ഏതെങ്കിലും കാരണവശാല്‍ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ സഹായത്തോടെ ഉരുവിന് പുതിയ ടാഗ് അടിച്ച് അതിന്‍റെ ഫോട്ടോ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ എഴുതി സമര്‍പ്പിക്കണം. ഇന്‍ഷുറന്‍സിനായുള്ള അപേക്ഷയോടൊപ്പം കാതിലെ കമ്മലും ഹാജരാക്കേണ്ടത് പ്രധാനമാണ്.
  • വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുമായി തന്നെ ബന്ധപ്പെട്ട് കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. അംഗീകൃത ഡോക്ടറുടെ ചികിത്സാരേഖയും സാക്ഷ്യപത്രവും ക്ലെയിം തീര്‍പ്പാക്കാന്‍ നിര്‍ബന്ധമാണ്. ഉൽപാദന–പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെട്ടതോ, സ്ഥിരമായ പൂര്‍ണ്ണ അംഗവൈകല്യം സംഭവിച്ചതോ ആയ സാഹചര്യങ്ങളില്‍ ചികിത്സയുടെ വിവരങ്ങള്‍ അടങ്ങിയ പൂര്‍ണ്ണ രേഖ, മരുന്നുപയോഗത്തിന്‍റെ രേഖകള്‍, മരുന്ന് ബില്ലുകള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ ലഭിയ്ക്കുന്ന ക്ലെയിം ഫോമിനോടൊപ്പം ഇത്തരം ചികിത്സാ രേഖകളും ബില്ലുകളുമെല്ലാം സുരക്ഷിതമായി  സൂക്ഷിക്കാന്‍  ക്ഷീരകര്‍ഷകര്‍ മറക്കരുത്.
  • വന്ധ്യതയടക്കം പ്രത്യുത്പാദനശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കൊപ്പം  മൃഗസംരക്ഷണവകുപ്പിന്‍റെ  ഓണ്‍ലൈന്‍  കൃത്രിമ ബീജധാന റജിസ്റ്ററിലെ വിവരങ്ങളുടെ പ്രിന്‍റൗട്ട്  എടുത്ത് ചേര്‍ക്കണം. ഓരോ പശുക്കളുടെയും കൃത്രിമ ബീജാധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വകുപ്പ് ഓണ്‍ലൈനായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് തന്നെ പശുക്കളിലെ കൃത്രിമ ബീജാധാനം നടത്താന്‍ ശ്രദ്ധിക്കണം.
  • പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങി ശസ്ത്രക്രിയയ്ക്കിടെ അപകടം സംഭവിച്ചാല്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടും. പശുവിനെ മനപ്പൂർവം പരിക്കേല്‍പ്പിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് ചുരുങ്ങിയത് 15 ദിവസത്തിനു ശേഷം മാത്രം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും ഓര്‍ക്കണം. 
  • പോളിസി കാലാവധി തീരും മുമ്പ് ഉരുവിനെ കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ വിവരം കമ്പനി/ബാങ്കിനെ അറിയിച്ച് ക്ലെയിം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റേണ്ടതാണ്. മൃഗങ്ങളെ കൈമാറ്റം ചെയ്താലും പദ്ധതിക്കു കീഴില്‍ എടുത്തിട്ടുള്ള  കര്‍ഷകരുടെ വ്യക്തിപരമായ ഇന്‍ഷുറന്‍സ് പോളിസി നിലനില്‍ക്കുമെന്ന കാര്യം ഓര്‍ത്തുവയ്ക്കണം.
  • പോളിസിയെടുക്കുന്ന സമയത്ത് ലഭിക്കുന്ന ക്ലെയിം ഫോറവും, മറ്റു രേഖകളും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കണം. അപകടങ്ങള്‍ സംഭവിച്ചാല്‍ ധനസഹായത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ വെറ്ററിനറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ക്ലെയിം ഫോം, മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ സഹിതം 15 ദിവസത്തിനുള്ളില്‍ കമ്പനിയില്‍ സമര്‍പ്പിക്കണം. തൃപ്തികരമാണെങ്കില്‍ 15 ദിവസത്തിനകം പണം കര്‍ഷകന്‍റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. പോളിസികള്‍ സംബന്ധമായ പരാതികള്‍ ഉണ്ടെങ്കില്‍ കമ്പനി നിയമിക്കുന്ന പരാതി പരിഹാര ഓഫീസറെയോ, ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്‌മാനെയോ സമീപിക്കാം. പോളിസി ഉടമകളുടെ താൽപര്യസംരക്ഷണ നിയമം - 2002 പ്രകാരം ഇതിനായി വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com