ADVERTISEMENT

എന്റെ നായ സൈബീരിയന്‍ ഹസ്‌കി അല്ലെങ്കിൽ സെയ്ന്റ് ബെര്‍ണാഡ് എന്നൊക്കെ പറഞ്ഞു തലയുയര്‍ത്തി നാട്ടുകാരുടെ മുന്‍പില്‍ വിലസാനായി നായയെ വലിയ വില നൽകി വാങ്ങുന്നതിനു മുമ്പ് നായ ജനുസകളേക്കറിച്ച് അൽപം പഠിക്കുന്നത് നല്ലതാണ്. മുമ്പൊരിക്കലും കാണാത്തവിധം വേനല്‍ച്ചൂട് ഉയരുമ്പോൾ മെട്രോ നഗരങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഫോണുകള്‍ക്കു വിശ്രമമില്ലാതായിരിക്കുന്നു. ഇന്ത്യന്‍ കാലാവസ്ഥയോട് ഇണങ്ങാന്‍ കഴിയാത്ത നായ്ക്കളെ സ്വന്തമാക്കിയ ഉടമകളുടെ പരിഭ്രാന്തി നിറഞ്ഞ വിളികളാണ് ഏറിയ പങ്കും. നാടിനിണങ്ങുന്ന നായ്ക്കള്‍ തെരുവില്‍ തെണ്ടിനടക്കുമ്പോഴാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന, സ്റ്റാറ്റസ് സിംബലായ ജനുസുകളെ തേടി ആളുകള്‍ പരക്കംപായുന്നത്. പൊങ്ങച്ചം കാട്ടാനുള്ള പരക്കംപാച്ചിലിനിടെ ഇറക്കുമതി ഇനങ്ങള്‍ക്കുള്ള ശാരീരിക, ജനിതക സവിശേഷതകളും, പ്രശ്‌നങ്ങളും ആരും തിരക്കാറില്ല. സ്വഭാവ വിശേഷങ്ങള്‍പോലും പഠിക്കാതെയാണ് പലരും ഇവയെ സ്വന്തമാക്കുന്നതെന്ന് മൃഗപ്രേമികള്‍ ആരോപിക്കുന്നു. വെറ്ററിനറി ഡോക്ടര്‍മാരും ഒരുപരിധിവരെ ഇതു ശരിവയ്ക്കുന്നുണ്ട്.

ഓരോ പ്രദേശത്തിനും കാലാവസ്ഥ, ഭൗമ പ്രത്യേകതകളുണ്ട്. അവിടെനിന്നുള്ള നായ്ക്കള്‍ മറ്റു സ്ഥലങ്ങളില്‍ ചെന്നാല്‍ പലപ്പോഴും യാതനയേറിയ ജീവിതം വിശേഷിച്ച് ഉഷ്ണകാലത്ത് നയിക്കേണ്ടിവരും. ഓരോ നാടിന്റെയും കാലാവസ്ഥയ്ക്ക് യോജിച്ച നാടന്‍ നായ്ക്കളെയോ അല്ലെങ്കില്‍ പുതിയ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന വിദേശ ഇനങ്ങളെയോ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നു വിദഗ്‌ധാഭിപ്രായം.

നായ ഉള്‍പ്പെടുന്ന സസ്തനികള്‍ അടക്കമുള്ള വലിയ വിഭാഗം ജീവികളുടെ ശരീരത്തിലെ  കോശങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നത് പ്രത്യേക പരിധിയിലുള്ള താപനിലയിലാണ്. ഓരോ ജീവിയ്ക്കും സ്വന്തമായി താപനിലയുടെ പരിധിയുണ്ടാകും. ഈ ശരീരതാപനില പരിസര താപനിലയുടെ  ഉയര്‍ച്ചതാഴ്ച്ചകള്‍ക്കനുസരിച്ച് ക്രമീകരിക്കാനുള്ള സംവിധാനം ശരീരത്തില്‍ തന്നെയുണ്ട്. ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകള്‍, ഹോര്‍മോണുകള്‍, മൂത്രാശയ വ്യൂഹം, നാഡീവ്യൂഹം, ചര്‍മം തുടങ്ങി പല വ്യവസ്ഥകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാണ്  ഇതു സാധ്യമാക്കുന്നത്. പുതിയ പ്രദേശങ്ങളിലെത്തുമ്പോള്‍ അവിടത്തെ കാലാവസ്ഥയുമായി  10-60 ദിവസംകൊണ്ട് ഒത്തുചേര്‍ന്നു പോകാനും ഈ സംവിധാനം സഹായിക്കുന്നു.

ശരീര താപനിലയുടെ ക്രമീകരണം അവതാളത്തിലാക്കുന്ന പല ഘടകങ്ങളുണ്ട്. 

ഒന്ന്: നായ്ക്കളുടെ സ്വതവേയുള്ള പ്രശ്‌നങ്ങള്‍. ഉദാഹരണങ്ങള്‍: ബ്രാക്കിസിഫാലിക് സിന്‍ഡ്രോം കാണുന്ന പഗ് പോലെ പതിഞ്ഞ മൂക്കുള്ള ഇനങ്ങൾ, അമിതവണ്ണം, ഹൃദയസംബന്ധമായ രോഗം, നാഡീവ്യൂഹ രോഗം. 

രണ്ടാമതായി പുറമേനിന്നുള്ള പ്രശ്‌നങ്ങള്‍. ഉദാ: കാലാവസ്ഥയോടു യോജിക്കാന്‍ കഴിയാത്ത സ്ഥലത്തേക്കു മാറ്റുക, വായു സഞ്ചാരമില്ലാത്ത സ്ഥലത്ത് കെട്ടിയിടുക, ആവശ്യത്തിനു വെള്ളം നല്‍കാതിരിക്കുക, ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത. അതുകൊണ്ടുതന്നെ ആല്‍പ്‌സ് പര്‍വതത്തില്‍ വളര്‍ന്നുവന്ന സെയ്ന്റ് ബെര്‍ണാഡും, മഞ്ഞുമലകളില്‍ പിച്ചവെച്ചു നടന്ന സൈബീരിയന്‍ ഹസ്‌കിയുമൊക്കെ നമ്മുടെ ചൂടില്‍  ഉരുകിയൊലിച്ചു പോകുന്നു.

ഇത് മനസിൽ കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള  വാണിജ്യ വകുപ്പിന്റെ ഭാഗമായ  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) 2016 ഏപ്രില്‍ 25ന് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് വാണിജ്യാവശ്യങ്ങള്‍ക്കായോ, പ്രജനനനത്തിനായോ നായ്ക്കളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. മൂന്ന് ആവശ്യങ്ങള്‍ക്ക് ഈ നിരോധനത്തിന് ഇളവ് നൽകിയിട്ടുണ്ട്. നിയമപരമായ  പെറ്റ്ബുക്കുള്ള വളര്‍ത്തുനായ്ക്കളെ കൃത്യമായ രേഖകള്‍ സഹിതം വളർത്താനായി മാത്രം കൊണ്ടുവരാം. ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മൃഗക്ഷേമ ബോര്‍ഡിന്റെ ശുപാര്‍ശയോടെ  ഗവേഷണത്തിനായി നായ്ക്കളെ ഇറക്കുമതി ചെയ്യാം. രാജ്യസുരക്ഷയുടെ ഭാഗമായി സൈന്യത്തിനും, പോലീസിനും നായ്ക്കളെ കൊണ്ടുവരാം. ഇന്റര്‍നെറ്റ് വ്യാപാര പോര്‍ട്ടലുകള്‍ വഴി ചുളുവില്‍ വിലയേറിയ വിദേശ ഇനങ്ങളെ നാട്ടിലെത്തിച്ചു പ്രജനനം നടത്തി ഞെളിയാന്‍ അനുവദിക്കാത്തതായിരുന്നു പുതിയ നിയമമെന്നു ചുരുക്കം. അതിനാല്‍തന്നെ ഈ നടപടിയെ മൃഗസ്‌നേഹികളുടെ സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു.

നാട്ടിൽ അപൂർവമായി കാണുന്ന  ജനുസുകൾ എണ്ണത്തിൽ കുറവായതിനാൽ അവർ  തമ്മില്‍ പ്രജനനം ചെയ്താല്‍  അതു പലപ്പോഴും ബന്ധുക്കള്‍ തമ്മിലുള്ള അന്തഃപ്രജനനം (Inbreeding) ആവുകയും  അതുവഴി പല ജനിതക പ്രശ്‌നങ്ങളുടെയും നിരക്ക് കൂടുകയും ചെയ്യും.  കൂടാതെ ഓരോ നായ ജനുസും പലവിധ ജനിതകരോഗങ്ങൾ വരാൻ പാരമ്പര്യമായി കൂടുതൽ സാധ്യതയുള്ളവയാണ്. ഉദാഹരണത്തിന് ലാബ്രഡോറിന് സ്തനാർബുദം വരാൻ സാധ്യത കൂടുതലുണ്ട്. ജർമൻ ഷെപ്പേഡിന് ഇടുപ്പെല്ലിന്റെ പ്രശ്നവും കൂടുതലാകാം. അതിനാല്‍ വളർത്തുന്ന ജനുസിനേക്കുറിച്ച് പഠിച്ചിട്ടു മാത്രം വളർത്താൻ വാങ്ങുക. കൂടുതലറിഞ്ഞ് മാത്രം പ്രജനനം നടത്തുക.

ഫോണ്‍‌: 9446203839

drsabingeorge10@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com