പേവിഷബാധയേറ്റുള്ള ആ പതിനൊന്നുകാരന്റെ ദാരുണ മരണത്തിൽനിന്ന് നാം പഠിക്കേണ്ടതെന്ത്?

HIGHLIGHTS
  • ഭീകരമായ, അതിദാരുണമായ മരണമുറപ്പുള്ള രോഗമാണിത്
  • പേയുടെ കാര്യത്തിൽ പൂച്ചകളെ ഏറെ ശ്രദ്ധിക്കണം
vaccination
SHARE

പൂച്ച മാന്തിയതിനേത്തുടർന്ന് പേവിഷബാധയേറ്റു പതിനൊന്നു വയസുള്ള സ്കൂൾ വിദ്യാർഥി മരിച്ചെന്ന ഹൃദയം തകർക്കുന്ന വാർത്ത കഴിഞ്ഞയാഴ്ച പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്തയായിരുന്നു. അരുമകളോടും മറ്റു വളർത്തുമൃഗങ്ങളോടും ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെ പ്രധാനമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

പേവിഷബാധ പട്ടി, പൂച്ച, പശു, ആട്, എരുമ തുടങ്ങിയ വളർത്തുമൃഗങ്ങളെയൊക്കെ ബാധിക്കാം. ഇതിൽ നായ്ക്കളും പൂച്ചകളുമാണ് മുൻപന്തിയിൽ എന്നു മാത്രം.

പിടിപെട്ടു കഴിഞ്ഞാൽ ഭീകരമായ, അതിദാരുണമായ മരണമുറപ്പുള്ള രോഗമാണിത്. കൂടാതെ പലപ്പോഴും ഏറെ നാളുകൾ, മാസങ്ങൾ കഴിഞ്ഞു വരെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന രോഗമാണിത്. എന്നാൽ, പ്രതിരോധകുത്തിവയ്‌പ് കൃത്യസമയത്തെടുത്താൽ നൂറു ശതമാനവും ഒഴിവാക്കാവുന്നതുമാണ്. പേവിഷബാധയേപ്പറ്റി പൊതുജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേകിച്ച് അരുമമൃഗങ്ങളെ വളർത്തുന്നവർക്കും ശാസ്‌ത്രീയമായ ബോധവൽകരണം നടത്തുക തന്നെ പ്രധാനം. ഓമനമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതോടൊപ്പം, അവയിൽനിന്നുണ്ടാകുന്ന ചെറിയ പരിക്കുകൾ, മാന്തലുകൾ പോലും സംശയത്തോടെ കണ്ട് നാമും കത്തിവയ്പുകൾ എടുക്കുന്നതാണ് ഉചിതം. മേൽ പറഞ്ഞ രണ്ടു കാര്യങ്ങളിലും മൃഗ, മനുഷ്യ ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കണം.

പേ പിടിച്ച മൃഗങ്ങളുടെ കടി മാത്രമല്ല, മാന്തൽ, മുറിവുള്ള ഭാഗത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും. എപ്പോഴും ശരീരം വൃത്തിയാക്കുന്ന പൂച്ചയുടെ കൈകാലുകളും നഖങ്ങളും ഏറെ അപകടകരമാകുന്നു. 

സംശയാസ്പദമായ സാഹചര്യത്തിൽ വളർത്തു മൃഗങ്ങളിൽനിന് മുറിവ്, മാന്തൽ, നക്കൽ, സ്പർശനം ഉണ്ടായാൽ ആ ഭാഗം നന്നായി സോപ്പു തേച്ച്  കഴുകണം. വൈറസിനെ നശിപ്പിക്കാൻ ഇത് സഹായിക്കും. ഉടനെ അടുത്തുള്ള ആശുപത്രിയിൽ പോവുക. ഡോക്ടറുടെ  നിർദ്ദേശപ്രകാരം  ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് ‘0’ ഡോസ് എന്നു വിളിക്കപ്പെടുന്നത്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ് സൗജന്യമാണ്. ഇമ്യൂണോ ഗ്ലോബുലിൻ എന്ന മരുന്ന് കൂടി വേണോയെന്നത് മുറിവിന്റെ സ്വഭാവവും സ്ഥാനവും നോക്കി ഡോക്ടർ  തീരുമാനിക്കും. പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല.  ഉണങ്ങാനായി ആന്റിബയോട്ടിക്  ഡോക്ടർ നൽകിയാൽ കഴിക്കണം. 0, 3, 7, 28 ഇങ്ങനെയാണ്  പിന്നീട് കുത്തിവയ്‌പ് എടുക്കേണ്ട ദിവസങ്ങൾ.

കടിച്ച അല്ലെങ്കിൽ മാന്തിയ പട്ടി അല്ലെങ്കിൽ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടിയുടെ ദേഷ്യത്തിൽ തല്ലിക്കൊല്ലാൻ നോക്കരുത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ് കൂട്ടിലിടുന്നത്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അതു ചത്തുപോകുമെന്ന് ഉറപ്പ്.  ഈ സമയത്ത് സാധാരണ ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാം. 

10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ പേവിഷബാധയല്ലായെന്ന് ഉറപ്പിക്കാം. കുത്തിവയ്‌പ് ഡോക്ടറുടെ നിർദേശപ്രകാരം പൂർത്തിയാക്കാം. വളർത്തുമൃഗങ്ങൾക്ക് ( നായ,പൂച്ച ) വെറ്ററിനറി ഡോക്ടറുടെ ഉപദേശമനുസരിച്ച് വാക്സിൻ കൃത്യമായി നൽകണം. കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയും പൂച്ചയും  കടിച്ചാലും കുത്തിവയ്പ് എടുക്കുന്നതാണ് ഉത്തമം.  

പേയുടെ കാര്യത്തിൽ പൂച്ചകളെ ഏറെ ശ്രദ്ധിക്കണം. പേയുള്ള നായയുടെ കടിയിലൂടെയാണ് സാധാരണ പൂച്ചകള്‍ക്ക് ഈ രോഗം ബാധിക്കുന്നത്. രോഗം വന്നാല്‍ ചികിത്സ ഇല്ലാത്തതിനാല്‍ നൂറു ശതമാനം മരണത്തില്‍ കലാശിക്കുന്നു. രോഗം രണ്ടു രീതിയില്‍ കാണപ്പെടുന്നു. ക്രൂദ്ധ രൂപം (Furious form) എന്ന ആക്രമണ സ്വഭാവമുള്ള  രീതിയും, മൂകരൂപം (Dump form) എന്ന തളര്‍ച്ച കാണിക്കുന്ന  രീതിയും. ആദ്യ രീതിയില്‍ പൂച്ച അലഞ്ഞു നടക്കുക, അനുസരണയില്ലായ്മ കാണിക്കുക, ആക്രമണ സ്വഭാവം, കരച്ചിലിന്റെ ശബ്ദത്തിലുള്ള  വ്യത്യാസം തുടങ്ങി ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. രണ്ടാമത്തെ തരമായ മൂകരൂപത്തില്‍ കീഴ്ത്താടിക്കും, നാവിനും തളര്‍വാതം പിടിപെട്ട് തുടങ്ങി. ഉമിനീര്‍ ധാരാളമായി ഒഴുകുന്ന രീതിയില്‍ കാണപ്പെടുന്നു. ഈ രണ്ടു രീതിയിലും രോഗലക്ഷണം പ്രകടമാക്കിയ പൂച്ച 3-4 ദിവസത്തിനുള്ളില്‍ ചാകുന്നു. പേയുള്ള പൂച്ചയുടെ കടിയിലൂടെ മനുഷ്യര്‍ക്കും ഈ രോഗം ബാധിക്കാം. പൂച്ചയ്ക്ക് 3 മാസം പ്രായമാകുമ്പോള്‍ ആദ്യ ഡോസും തുടര്‍ന്ന് നാലാഴ്ച കഴിഞ്ഞ് ബൂസ്റ്ററും എല്ലാവര്‍ഷവും പ്രതിരോധ കുത്തിവയ്‌പ്പും നല്‍കിക്കൊണ്ട് ഈ രോഗം തടയാവുന്നതാണ്.

ഒരു കാര്യം പ്രത്യേകം ഓർക്കുക. ഇന്ത്യപോലെ പേവിഷബാധ വ്യാപകമായ ഒരു രാജ്യത്ത് വളർത്തു മൃഗങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ മുറിവുകൾ, നക്കലുകൾ പോലും സംശയത്തോടെ കണ്ട്  സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന കുത്തിവയ്‌പ് എടുക്കുക. ഓമനമൃഗങ്ങൾക്ക് കണിശമായ സമയക്രമം പാലിച്ച് പ്രതിരോധ കുത്തിവയ്‌പ് നൽകുക. ഒപ്പം റാബീസ് രോഗത്തേക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ ബോധവൽകരണം നടത്തുകയും വേണം. കാരണം പേ വിഷബാധ വന്നാൽ ദാരുണ മരണമല്ലാതെ മറ്റൊരു വഴി നമുക്കു മുമ്പിലില്ല.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA