ADVERTISEMENT

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നു.  പൂച്ചയിൽനിന്നാണ് കുട്ടിക്ക്  പേവിഷബാധയേറ്റതെന്നാണ് നിഗമനം. പൂച്ചയുടെ മാന്തേറ്റാലും പേവിഷബാധ പ്രതിരോധകുത്തിവയ്പ്പെടുക്കണമെന്ന അറിവില്ലായ്മയോ അതുമല്ലെങ്കില്‍ അശ്രദ്ധയോ ആവാം രോഗം പിടിപെടാന്‍ കാരണമായത്.  വളര്‍ത്തുമൃഗങ്ങളിലെ പേവിഷബാധയെപ്പറ്റിയും രോഗപ്പകര്‍ച്ചയെപ്പറ്റിയും നാം ഇനിയും അവബോധം ഉള്ളവരാവേണ്ടതുണ്ടെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. 

പേവിഷബാധ-ഓരോ പതിനഞ്ചു മിനിറ്റിലും ഒരു മരണം, പത്തില്‍ നാലും കുട്ടികള്‍

ഓരോ പതിനഞ്ച് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് റാബീസ് അഥവാ പേവിഷബാധ. രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും കുട്ടികളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിക്കുന്നതും, ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍  മരണം നൂറുശതമാനം ഉറപ്പായതുമായ പേവിഷബാധയ്ക്ക്  കാരണം റാബ്ഡോ വൈറസ്  കുടുംബത്തിലെ ലിസ റാബീസ്  എന്നയിനം ആര്‍എന്‍എ വൈറസുകളാണ്. നായ്ക്കളാണ് പേവിഷബാധയുടെ  പ്രധാന സ്രോതസെങ്കിലും പൂച്ച , കീരി, പെരുച്ചാഴി, കുറുക്കന്‍, കുറുനരി, കാട്ടുപൂച്ച തുടങ്ങിയ ജീവികളും രോഗാണുവാഹകരാകാന്‍ സാധ്യതയേറെയാണ്. 

പേവിഷബാധ ലക്ഷണങ്ങള്‍ വളര്‍ത്തുമൃഗങ്ങളില്‍

രോഗാണുബാധയേറ്റാല്‍ സാധാരണ മൂന്നു മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നായ്ക്കളിലും പൂച്ചകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന  ഈ ഇന്‍കുബേഷന്‍ കാലം അപൂര്‍വമായി എട്ട് മാസം വരെ നീളാനുമിടയുണ്ട്. അക്രമണ സ്വഭാവത്തോടെ ക്രുദ്ധരൂപത്തിലോ, ക്രമേണയുള്ള ശരീരതളര്‍ച്ച കാണിക്കുന്ന തരത്തില്‍  മൂകരൂപത്തിലോ ആയിരിക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുക. പതിവിന് വിപരീതമായി യജമാനനെ അനുസരിക്കാതിരിക്കുന്നതും, വായില്‍നിന്ന് ഉമിനീര്‍ ഒലിപ്പിച്ച്  ലക്ഷ്യമില്ലാതെ ഓടുന്നതും, കണ്ണില്‍ കാണുന്നതിനെയെല്ലാം കാരണമൊന്നുമില്ലാതെ കടിയ്ക്കുന്നതും ക്രുദ്ധരൂപത്തിലുള്ള പേവിഷബാധയുടെ സൂചനകളാണ്. നായ്ക്കളുടെ കണ്ണുകള്‍ ചുവക്കുകയും തൊണ്ടയിലെ പേശി മരവിപ്പ് മൂലം കുര വ്യത്യാസപ്പെടുകയും ചെയ്യും. 

ഉന്മേഷമില്ലായ്മ, തളര്‍ച്ച, ഇരുളടഞ്ഞ മൂലകളില്‍ ഒളിച്ചിരിക്കല്‍, കീഴ്ത്താടിയും നാവും തളര്‍വാതം പിടിപെട്ട് സാധാരണയില്‍ കവിഞ്ഞ് താഴേക്ക് തൂങ്ങല്‍, വേച്ചുവേച്ചുള്ള നടത്തം, വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും അതിന് കഴിയാതിരിക്കല്‍, ശ്വസനതടസം എന്നിവയെല്ലാമാണ് മൂകരൂപത്തിലുള്ള  പേവിഷബാധയുടെ ലക്ഷണങ്ങള്‍.  രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 3-5 ദിവസം മുമ്പ് മുതല്‍ ഉമിനീരില്‍ റാബീസ് വൈറസ് സാന്നിധ്യമുണ്ടാവും. രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ പത്തു ദിവസത്തിനുള്ളില്‍ അവയുടെ മരണമുറപ്പാണ്. 

പശുക്കളിലും, ആടുകളിലും  രോഗം പ്രകടമാകാന്‍  രണ്ട് മുതല്‍ പന്ത്രണ്ട് ആഴ്ചവരെയെടുക്കും. വെപ്രാളം, വിഭ്രാന്തി, അക്രമിക്കാന്‍ ഓടിയടുക്കല്‍,  പേശികള്‍ വലിഞ്ഞുമുറുക്കി പ്രത്യേക ശബ്ദത്തില്‍ നീട്ടിയുള്ള തുടര്‍ച്ചയായ കരച്ചില്‍, കൈകാലുകള്‍ കൊണ്ട് തറയില്‍ മാന്തുകയും ചവിട്ടുകയും ചെയ്യല്‍, വായില്‍നിന്ന് ഉമിനീര്‍ അമിതമായി പതഞ്ഞൊലിക്കല്‍, തീറ്റയിറക്കാനുള്ള പ്രയാസം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കെട്ടിയ കയറും കുറ്റിയും കടിച്ചുപറിയ്ക്കല്‍, പല്ലുകള്‍ കൂട്ടിയുരുമ്മല്‍, ഒടുവില്‍ കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച് വീഴല്‍ എന്നിവയെല്ലാം കന്നുകാലികളിലെ പേവിഷബാധ ലക്ഷണങ്ങളാണ്. 

പശുക്കളുടെ തുടര്‍ച്ചയായ കരച്ചില്‍ കാരണം മദിയുടെ ലക്ഷണമായും, തീറ്റയിറക്കാന്‍ പ്രയാസപ്പെടുന്നതിനാല്‍  അന്നനാളത്തിലെ  തടസമായും ക്ഷീരകര്‍ഷകര്‍ പശുക്കളിലെ പേവിഷബാധയെ തെറ്റിദ്ധരിക്കാറുണ്ട്.  രോഗലക്ഷണങ്ങള്‍ പ്രകടമായതിന്  മൂന്നു മുതല്‍ ഏഴ് ദിവസത്തിനകം മരണം സംഭവിക്കും.

പേവിഷബാധ പ്രതിരോധിക്കാന്‍

രോഗം സംശയിക്കുന്ന മൃഗങ്ങളുടെ മാന്തോ കടിയോ അവയുടെ ഉമിനീരുമായി മുറിവുകളില്‍ ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമോ ഉണ്ടായിട്ടുള്ളവര്‍  ശരീരഭാഗം സോപ്പ് പതപ്പിച്ച് പതിനഞ്ച് മിനിറ്റോളം സമയമെടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. തുടര്‍ന്ന് ഒട്ടും സമയം കളയാതെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കണം. 0, 3, 7, 28 ദിവസങ്ങളിലായി നാല്  പ്രതിരോധകുത്തിവയ്പ്പുകള്‍ ആവശ്യമാണ്. കടിയേറ്റ ദിവസം ചെയ്യുന്ന പ്രതിരോധകുത്തിവയ്പ്പാണ്   0 ദിവസത്തെ കുത്തിവയ്‌പ്. ശരീരത്തിനേറ്റ മുറിവുകളുടെ തീവ്രതയനുസരിച്ച് ആവശ്യമെങ്കില്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ ചികിത്സയും ഡോക്ടര്‍ നിര്‍ദ്ദേശിക്കും.

പേവിഷബാധയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പുകള്‍ കൃത്യമായി എടുത്ത വളര്‍ത്തുമൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും അവയുടെ കടിയോ മാന്തോ മുറിവുകളില്‍ ഉമിനീരുമായി സമ്പര്‍ക്കമോ  ഉണ്ടായിട്ടുള്ളവര്‍ പ്രതിരോധകുത്തിവയ്‌പ് എടുക്കുന്നതാണ് ഉചിതം. ഇന്ത്യയില്‍ പൊതുവെ പേവിഷബാധയുടെ നിരക്ക് ഉയര്‍ന്നതായതിനാലാണ് ഈയൊരു മുന്‍കരുതല്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മാത്രമല്ല പ്രതിരോധകുത്തിവയ്പ്പുകള്‍ എടുത്താലും വൈറസുകള്‍ക്കെതിരെ പൂര്‍ണ്ണപ്രതിരോധം നായ്ക്കള്‍ക്ക് ഉണ്ടോയെന്ന് ഉറപ്പുപറയാനാവില്ല. വാക്സിനെടുത്ത സമയവും വാക്സിന്‍ ഗുണനിലവാരവും അനുസരിച്ച് പ്രതിരോധശേഷി വ്യത്യാസപ്പെടാം. 

പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പുകള്‍ പൂര്‍ണ്ണമായും ഒരിക്കല്‍ എടുത്തയാളുകളുടെ  ശരീരത്തില്‍ വര്‍ഷങ്ങളോളം പ്രതിരോധശക്തിയുണ്ടാവും. എങ്കിലും വീണ്ടും കടിയേല്‍ക്കുന്ന സാഹചര്യത്തില്‍ രണ്ട് ഡോസ് കുത്തിവയ്പ്പുകള്‍ ആവര്‍ത്തിക്കുന്നതാണ് ഉചിതം. 

പേവിഷബാധ-  ശാസ്ത്രീയ  രോഗനിര്‍ണ്ണയം എങ്ങനെ?

വളര്‍ത്തുമൃഗങ്ങള്‍ അകാരണമായി കടിക്കുകയോ മാന്തുകയോ പേവിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍  അവയെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി പാര്‍പ്പിച്ച്  ആഹാരവും വെള്ളവും നല്‍കി പത്തു ദിവസം നിരീക്ഷിക്കണം. ഒരു കാരണവശാലും അവയെ ഉടനെ തല്ലിക്കൊല്ലാന്‍ പാടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. കാരണം രോഗമൂര്‍ധന്യത്തില്‍ മാത്രമേ രോഗം ശാസ്ത്രീയമായി നിര്‍ണ്ണയിക്കാന്‍ തക്കരീതിയില്‍ വൈറസ് സാന്നിധ്യം തലച്ചോറില്‍ കാണപ്പെടുകയുള്ളൂ. 

മാറ്റിപ്പാര്‍പ്പിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് പത്തു ദിവസത്തിനുള്ളില്‍ സ്വാഭാവിക മരണം സംഭവിച്ചാല്‍ രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി മൃതശരീരം അടുത്തുള്ള രോഗനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ എത്തിക്കണം. പ്രദേശത്തെ വെറ്ററിനറി സര്‍ജന്‍റെ കത്തും ഒപ്പം ഹാജരാക്കണം.  ചെറിയ മൃഗങ്ങളാണെങ്കില്‍  ശരീരം മുഴുവനും വലിയ മൃഗങ്ങളാണെങ്കില്‍ വിദഗ്ധ സഹായത്തോടെ തലമാത്രം അറുത്തു മാറ്റിയും പരിശോധനയ്ക്കായി  അയയ്ക്കാം. 

മൃതശരീരം പ്രത്യേകം തെര്‍മോക്കോള്‍/മരപ്പെട്ടികളിലാക്കി ഐസ്പാക്ക് ഉപയോഗിച്ച് പൊതിഞ്ഞാണ് രോഗനിര്‍ണ്ണയ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവില്‍ വൈറസുകള്‍ പെട്ടെന്ന് നിര്‍വീര്യമാവാനിടയുള്ളതിനാലാണ് ഐസില്‍ പൊതിയാന്‍ നിഷ്കര്‍ഷിക്കുന്നത്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ ശരീരം കൈകാര്യം ചെയ്യുമ്പോള്‍  ശ്രദ്ധ പുലര്‍ത്തണം.  ഉമിനീരടക്കമുള്ള  ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍  കൈയ്യുറകളും, മുഖാവരണവും, പാദരക്ഷകളും ധരിക്കണം. 

 

തലച്ചോറില്‍ വൈറസ് സാന്നിധ്യം പരിശോധിച്ചാണ്  പേവിഷബാധയുടെ  ശാസ്ത്രീയ  രോഗനിര്‍ണ്ണയം നടത്തുക. ഫ്ളൂറസെന്‍റ്  ആന്‍റിബോഡി ടെക്നിക്കിലൂടെയും (എഫ്എടി), നിഗ്രിബോഡി പരിശോധനയിലൂടെയും പേവിഷബാധ സ്ഥിരീകരിക്കാന്‍ കഴിയും. ഫ്ളൂറസെന്‍റ് ആന്‍റിബോഡി ടെക്നിക്ക്  പരിശോധന വഴി 95-98 ശതമാനം കൃത്യമായ പേവിഷബാധ നിര്‍ണ്ണയം സാധ്യമാവും. കാലപ്പഴക്കം മൂലം ചീഞ്ഞ് പോയ തലച്ചോറില്‍ നിന്ന് പോലും റാബീസ് വൈറസിനെ കണ്ടെത്തി രോഗനിര്‍ണ്ണയം നടത്താന്‍ എഫ്എടി  പരിശോധനയ്ക്ക്  സാധിക്കും. വയനാട്, തൃശ്ശൂര്‍ വെറ്ററിനറി കോളേജുകളിലും  മൃഗസംരക്ഷണവകുപ്പിന്‍റെ  മേഖലാതലത്തിലും  സംസ്ഥാനതലത്തിലുള്ള മുഖ്യരോഗനിര്‍ണ്ണയ കേന്ദ്രങ്ങളിലും  എഫ്എടി പരിശോധനയ്ക്ക് സൗകര്യമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com