sections
MORE

കുറഞ്ഞ മുതൽമുടക്കിൽ പെട്ടെന്നുള്ള വരുമാനത്തിന് വളർത്താം കാടയെ

HIGHLIGHTS
  • കുഞ്ഞുങ്ങൾക്ക് 6 മാസത്തിനു ശേഷം കാടമുട്ടകൾ നൽകിത്തുടങ്ങാം
  • ദിവസേന 16 മണിക്കൂർ വെളിച്ചം അത്യാവശ്യമാണ്
quail
SHARE

കോഴിവളർത്തൽ മേഖല പലരും തിരഞ്ഞെടുക്കുന്നത് കുറഞ്ഞ മുതൽമുടക്കും പെട്ടെന്നുള്ള വരുമാനവും ലഭിക്കുമെന്നതിനാലാണ്.  അങ്ങനെ ആഗ്രഹിക്കുന്നവർക്കുള്ള  ഏറ്റവും നല്ല സംരംഭങ്ങളിൽ ഒന്നാണ് കാട വളർത്തൽ. പെട്ടെന്ന് വളരുമെന്നതും  6 ആഴ്ചകൊണ്ട് മുട്ടകൾ കിട്ടും എന്നതുമാണ്  കാടകളെ കോഴികളേക്കാൾ പ്രിയങ്കരമാക്കുന്നത്. 

ശരാശരി 10 ഗ്രാം ഭാരമുള്ള മൊസൈക് നിറത്തിലുള്ള മുട്ടകളാണ് കാടകളുടെ പ്രത്യേകത.  മുട്ടകളിടുന്നത് വൈകുന്നേരങ്ങളിലായതിനാൽ പകൽ മറ്റു ജോലിക്ക് പോകുന്നവർക്ക്  കാട പരിചരണം കൂടുതൽ സൗകര്യമാണ്. കോഴിമുട്ടയേക്കാൾ പതിന്മടങ്ങ് വിറ്റാമിനുകളാൽ സമ്പുഷ്ടമായതിനാൽ കാടമുട്ടയെ വിറ്റാമിൻ ബോംബ് എന്ന വിളിപ്പേരിലാണ് ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്.  

നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾക്ക് 6 മാസത്തിനു ശേഷം കാടമുട്ടകൾ നൽകിത്തുടങ്ങാം. ഇത് കുട്ടികളുടെ മസ്തിഷ്ക വികാസത്തിന് സഹായിക്കുകയും,  ഓർമശക്തി,  രക്തയോട്ടം എന്നിവ  വർധിപ്പിക്കുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ ചിലർക്ക്  കോഴിമുട്ട  അലർജി പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും,  കാടമുട്ട ഉപയോഗിക്കുന്നവർക് അത്തരത്തിലുള്ള പ്രശ്നങ്ങൾ  ഒന്നും തന്നെ പറഞ്ഞു കേട്ടിട്ടില്ല. 

605767152

പൊരിച്ച  കാട ഇറച്ചി, ചില്ലി കാട എന്നിവ ഇന്ന് ജനഹൃദയങ്ങൾ കീഴടക്കിയ ഭക്ഷണ വിഭവമാണ്.  ചെറിയ എല്ലുകൾ പോലും കടിച്ചു മുറിച് പൂർണമായും ഭക്ഷിക്കമാണെന്നതാണ് കാട ഇറച്ചിയുടെ പ്രത്യേകത. ഒരു ദിവസം പ്രായമായ കാടക്കുഞ്ഞുങ്ങളെ വാങ്ങി,  കൃത്രിമ ചൂടും,  ബ്രോയ്‌ലർ തീറ്റയും നൽകി വളർത്താം.  5 ആഴ്ച പ്രായമാകുമ്പോൾ കഴുത്തിലെ കറുത്ത പുള്ളികളുള്ളവയെ പിടയായും,  ചാര നിറം മാത്രമുള്ളവയെ പൂവനായും തരം തിരിക്കാം.  200 ഗ്രാം ശരാശരി തൂക്കമെത്തുന്ന പൂവൻ കാടകളെ ഇറച്ചിക്കായി വിറ്റതിന് ശേഷം,  പിടകളെ മാത്രം മുട്ടയ്ക്കായി വളർത്തിയാൽ മതി.

മുട്ടയിട്ടു തുടങ്ങിയ ശേഷം നിർബന്ധമായും മുട്ടക്കാട തീറ്റ തന്നെ നൽകി വളർത്തണം. ഒരു ദിവസം 30 ഗ്രാം തീറ്റ തിന്നുന്ന ഇവ വർഷത്തിൽ 300 മുട്ടകൾ വരെ ഇടും. ഉയർന്ന ഉൽപാദനത്തിന് ദിവസേന 16 മണിക്കൂർ വെളിച്ചം അത്യാവശ്യമാണ്. കാടകൾ അടയിരിക്കൽ സ്വഭാവം കാണിക്കാറില്ലാത്തതിനാൽ  മുട്ടകൾ വിരിയിക്കാൻ ഇൻക്യൂബേറ്റർ സഹായം തന്നെ വേണം.  കൊത്തുമുട്ടകൾ ലഭിക്കാൻ 4 പിട കാടയ്ക്ക് ഒരു പൂവൻ എന്ന അനുപാതത്തിലാണ് കാടകളെ കൂട്ടിൽ വളർത്തേണ്ടത്. ഒരു ചതുരശ്ര അടി സ്ഥലത്ത് 5 മുതൽ 6 കാടകളെ വരെ വളർത്താം. അതായത് 7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച് ഉയരവുമുള്ള ഒരു കമ്പി വല കൂട്ടിൽ 100 കാടകളെ വരെ വളർത്താം. വെള്ളം നൽകാൻ നിപ്പിൾ സംവിധാനം ഉപയോഗിക്കാം. കൂടിന്റെ താഴത്തായി കാഷ്ടം ശേഖരിക്കാൻ ഒരു  ട്രേ കൂടി സ്ഥാപിക്കാം. അങ്ങനെ ശേഖരിക്കുന്ന വളം പൂച്ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കാം.

പൊതുവെ രോഗ സാധ്യത കുറവായതിനാൽ കാടകൾക്ക് പ്രതിരോധ മരുന്നുകൾ ഒന്നും തന്നെ നൽകേണ്ടതില്ല. ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ  നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.  

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള ഫാമിൽനിന്ന്  എല്ലാ വെള്ളിയാഴ്ചയും ഒരു ദിവസം പ്രായമായ കാടക്കുഞ്ഞുങ്ങളെ ലഭിക്കുന്നതാണ്.  100 കുഞ്ഞുങ്ങൾക്ക് മുകളിൽ  ബുക്ക്‌ ചെയ്യുന്നവർക്കായി ഫോൺ ബുക്കിങ് സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്.  ഫോൺ:  0487 2371178

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA