sections
MORE

ചെത്തിയൊതുക്കണം, രാകിമിനുക്കണം കുളമ്പുകള്‍

HIGHLIGHTS
  • പശുക്കളില്‍ ഹൂഫ് ട്രിമ്മിങിന്‍റെ പ്രാധാന്യമെന്ത് ?
  • കുളമ്പ് കണ്ടാലറിയാം ആരോഗ്യം
cow-hoof-1
SHARE

പശുക്കളുടെ ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഉറപ്പാക്കുന്നതില്‍ കുളമ്പുകളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. അകിടുവീക്കം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം ക്ഷീരമേഖലയിലുണ്ടാവുന്ന ഉൽപാദന-സാമ്പത്തിക നഷ്ടങ്ങളോട് കിടപിടിക്കാന്‍ പോന്നതാണ് കുളമ്പിന്‍റെ അനാരോഗ്യം മൂലമുണ്ടാവുന്ന നഷ്ടങ്ങളും. 

കുളമ്പ് കണ്ടാലറിയാം ആരോഗ്യം

പുതിയ പശുക്കളെ വാങ്ങുമ്പോഴും കറവപ്പശുക്കളെ പരിപാലിക്കുമ്പോഴുമെല്ലാം കുളമ്പില്‍ ഒരു കണ്ണ് വേണം. ശാസ്ത്രീയതീറ്റക്രമം പാലിച്ച് സമീകൃതാഹാരം നല്‍കിയും, മതിയായ വിശ്രമവും വ്യായാമവുമെല്ലാം ഉറപ്പുവരുത്തിയും വളര്‍ത്തുന്ന പശുക്കളുടെ കുളമ്പുകള്‍ ആകൃതിയും അളവും അഴകുമെല്ലാം ഒത്തിണങ്ങിയതായിരിക്കും. എന്നാല്‍, അശാസ്ത്രീയ തീറ്റക്രമം, വൃത്തിഹീനമായ തൊഴുത്ത്, കുഴികള്‍ നിറഞ്ഞ നിരപ്പില്ലാത്ത തൊഴുത്തിന്‍റെ തറ എന്നിവയെല്ലാം കുളമ്പിന്‍റെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. മതിയായ പോഷകാഹാരമോ സമീകൃതതീറ്റയോ വ്യായാമമോ നല്‍കാതെ വളര്‍ത്തിയ പശുക്കളുടെ കുളമ്പുകളില്‍ തേയ്മാനം, അധികവളര്‍ച്ച, വീക്കം, കുളമ്പിനടിയില്‍ പഴുപ്പ്, വ്രണങ്ങള്‍, വശങ്ങള്‍ ദ്രവിക്കല്‍, മുടന്ത് തുടങ്ങിയ ന്യൂനതകള്‍ ഏറെയായിരിക്കും. 

cow-hoof-3
വ്രണങ്ങൾ ബാധിച്ച കുളമ്പുകൾ

പരുഷാഹാരമായ തീറ്റപ്പുല്ല് മതിയായ അളവില്‍ നല്‍കാതെ സാന്ദ്രീകൃതാഹാരങ്ങള്‍ പ്രധാനമായും നല്‍കി വളര്‍ത്തുന്ന പശുക്കളില്‍ കുളമ്പുകളുടെ വശങ്ങള്‍ പൊട്ടാനും ദ്രവിക്കാനും സാധ്യത ഉയര്‍ന്നതാണ്. സാന്ദ്രീകൃതാഹാരങ്ങള്‍ സ്ഥിരമായി അമിതമായി നല്‍കുമ്പോള്‍ പശുവിന്‍റെ  ആമാശയത്തിലെ അമ്ലനില ഉയരുന്നതും ഇത് കുളമ്പിലെ മൃദുകോശങ്ങളെ നശിപ്പിക്കുന്നതുമാണ് കുളമ്പുനാശത്തിന് കാരണം. പശുക്കള്‍ക്ക് അത്യധികം അസഹനീയമായ വേദനയുളവാക്കുന്ന ഈ അവസ്ഥ ലാമിനൈറ്റിസ് (കുളമ്പ് ഫലകത്തിന്‍റെ നാശം) എന്നാണ് അറിയപ്പെടുന്നത്. കുളമ്പില്‍നിന്നു ദുര്‍ഗന്ധം, രക്തസ്രാവം, സന്ധിവേദന, മുടന്ത് എന്നിവയെല്ലാം ലാമിനൈറ്റിസ് കാരണമുള്ള കുളമ്പുനാശത്തിന്‍റെ ലക്ഷണങ്ങളാണ്

കുളമ്പിലെ പ്രശ്നങ്ങള്‍ കാരണം പാലുല്‍പാദനം 20% വരെ കുറയുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മികച്ച അളവില്‍ പാലുൽപാദിപ്പിക്കാന്‍ പശുക്കള്‍ ദിനംപ്രതി 12-14 മണിക്കൂറെങ്കിലും തറയില്‍ കിടന്ന് വിശ്രമിക്കുകയും അയവെട്ടുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍, കുളമ്പിന് അസുഖങ്ങള്‍ ബാധിച്ച പശുക്കള്‍ക്ക് അസഹനീയമായ വേദനയുണ്ടാവുമെന്നതിനാല്‍ ഇത്രയും സമയം സമാധാനമായി വിശ്രമിക്കാന്‍ കഴിയില്ല. വിശ്രമം കുറയുന്നതോടെ പാലുൽപാദനത്തിന്‍റെ അളവും മേന്മയുമെല്ലാം കുറയും. കുളമ്പുചീയല്‍, കുളമ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം ശരീരത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ ഇതിനു പുറമെയാണ്.

ചെത്തിയൊതുക്കാം രാകിമിനുക്കാം കുളമ്പുകള്‍

കുളമ്പുകള്‍ മാസം തോറും മുകളിലേക്കും വശങ്ങളിലേക്കും കാല്‍ മുതല്‍ അര സെന്‍റീമീറ്റര്‍ വീതം വളരുമെന്നാണ് കണക്ക്. മേച്ചില്‍ പുറങ്ങളില്‍ അഴിച്ചുവിട്ട് മതിയായ വ്യായാമം ഉറപ്പാക്കി വളര്‍ത്തുന്ന പശുക്കളാണെങ്കില്‍ അധികമായി വളരുന്ന കുളമ്പിന് സ്വാഭാവിക തേയ്മാനം നടക്കും. എന്നാല്‍, തറയില്‍ റബര്‍ മാറ്റുകള്‍ വിരിച്ച് ഒരിടത്ത് തന്നെ നിത്യവും കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയില്‍ പശുക്കളുടെ കുളമ്പുകള്‍ക്ക് സ്വാഭാവിക തേയ്മാനം സംഭവിക്കാന്‍  സാധ്യത കുറവാണ്. അധികമായി വളരുന്ന കുളമ്പുകളും  കുളമ്പിനടിയിലെ അധിക വളര്‍ച്ചയുമെല്ലം ക്രമേണ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.  

cow-hoof-2
ചെത്തിയൊരുക്കിയ കുളമ്പുകൾ

ഈ സാഹചര്യത്തില്‍ അധികമായി വളരുന്ന കുളമ്പുകള്‍ അളവിനും ആകൃതിയിലും വെട്ടിയൊതുക്കേണ്ടതും  അടിവശം ചെത്തിയൊതുക്കേണ്ടതും  പ്രധാനമാണ്. ഇങ്ങനെ കുളമ്പുകള്‍ വെട്ടിയൊതുക്കുന്നതിനെ ഹൂഫ് ട്രിമ്മിങ് എന്നാണ് വിളിക്കുന്നത്. കുളമ്പുകള്‍ വെട്ടിയൊതുക്കാന്‍ മാത്രമല്ല കുളമ്പിനടിവശം രാകി മിനുക്കാനും ഹൂഫ് ട്രിമ്മിങ് ഉപകരിക്കും. കുളമ്പിനടിവശത്ത് അധിക തേയ്മാനവും മുറിവുകളുമുണ്ടെങ്കില്‍ കൃത്രിമമായി നിര്‍മ്മിച്ച ഹൂഫ് പാളികള്‍  (ഹൂഫ് ബ്ലോക്ക്) കുളമ്പുസഹായിയായി വച്ചുപിടിപ്പിക്കയുമാകാം.

ഹൂഫ് ട്രിമ്മിങ് കുളമ്പിന്‍റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനൊപ്പം ശരിയായി ഭാരം താങ്ങാനുള്ള കൈകാലുകളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ചെയ്യും. ഒപ്പം കുളമ്പുരോഗങ്ങളെ  ഒരു പരിധിവരെ അകറ്റിനിര്‍ത്താനും ഉൽപാദനമികവിനും ഹൂഫ് ട്രിമ്മിങ് ഉപകരിക്കും. കുളമ്പുകള്‍ ചെത്തിയൊതുക്കാനും, രാകിമിനുക്കാനും പ്രത്യേക ട്രിമ്മറുകളും, കത്തികളും, നിപ്പറുകളും ലഭ്യമാണ്. വിദഗ്ദനായ ഒരു ഡോക്ടറുടെ സഹായത്തോടെ ട്രിമ്മിങ് നടത്താം. 

കറവപശുക്കളില്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും, ഗര്‍ഭിണി പശുക്കളില്‍ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ രണ്ട് മാസം മുന്‍പും ഹൂഫ് ട്രിമ്മിങ് നടത്തുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ ഫാമിലെ എല്ലാ പശുക്കളെയും ആറ് മാസത്തെ ഇടവേളകളില്‍ ഹൂഫ് ട്രിമ്മിങ്ങിന് വിധേയമാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പ്രസവമടുത്ത പശുക്കളെയും, ഇളം കറവയിലുള്ള പശുക്കളെയും ഹൂഫ് ട്രിമ്മിങില്‍നിന്ന് താൽകാലികമായി ഒഴിവാക്കണം.

cow-hoof
കുളമ്പുകൾ നിത്യവും വൃത്തിയായി സൂക്ഷിക്കാൻ ഹൂഫ് ബാത്ത്

ഹൂഫ് ട്രിമ്മിങ് നടത്തുന്നതിനൊപ്പം പശുക്കള്‍ക്ക് ശാസ്ത്രീയ ആഹാരക്രമം പാലിച്ച് തീറ്റനല്‍കാനും നിത്യവും രണ്ട് മണിക്കൂറെങ്കിലും പുറത്തിറക്കി നടത്തി മതിയായ വ്യായാമം നല്‍കാനും തൊഴുത്തില്‍ ശുചിത്വം പാലിക്കാനും കര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തണം. പശുക്കളുടെ തീറ്റയില്‍ മതിയായ അളവില്‍ പച്ചപ്പുല്ല് ഉള്‍പ്പെടുത്തണം.  ധാതുലവണ മിശ്രിതങ്ങള്‍ 30 ഗ്രാം എങ്കിലും നിത്യവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. പശുക്കള്‍ക്ക് ദിവസേന നല്‍കുന്ന തീറ്റയില്‍ ശുഷ്കഘടകങ്ങളുടെ (ഡ്രൈമാറ്റര്‍)  അടിസ്ഥാനത്തില്‍ പരുഷാഹാരങ്ങളും, സാന്ദ്രീകൃതാഹാരങ്ങളും തമ്മിലുള്ള അനുപാതം 60:40 ആയി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. പശുക്കളെ അഴിച്ചുവിടാന്‍ മേച്ചില്‍പ്പുറമില്ലെങ്കില്‍ തൊഴുത്തിന് പുറത്ത്  കുറച്ചു സ്ഥലം വളച്ച്കെട്ടി മേയാനുള്ള സ്ഥലമൊരുക്കാം. അതോടൊപ്പം കുളമ്പുകള്‍ നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ഫാമില്‍ ഒരു ഹൂഫ് ബാത്ത് ടാങ്ക് ഒരുക്കുകയുമാകാം. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA