ADVERTISEMENT

രക്തക്കുറവ്, വിളര്‍ച്ച, ദഹനമടക്കമുള്ള ഉപാപചയ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റല്‍, പോഷകലഭ്യതയും ആഗിരണവും തടസപ്പെടുത്തല്‍, പാലിന്‍റെ ഗുണമേന്മയിലും ഉല്‍പാദനത്തിലുമുള്ള കുറവ്, പശുക്കളുടെ അകാല മരണം ഇങ്ങനെ തുടങ്ങി ആന്തരിക പരാദബാധ മൂലം പശുക്കള്‍ക്കും ക്ഷീരമേഖലയ്ക്കുമുണ്ടാവുന്ന കഷ്ടനഷ്ടങ്ങളുടെ പട്ടിക നീണ്ടതാണ്. കേരള മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്കു പ്രകാരം സംസ്ഥാനത്തെ വളര്‍ത്തു മൃഗങ്ങള്‍ക്കിടയിലെ രോഗങ്ങളില്‍ 36 ശതമാനവും ബാഹ്യ-ആന്തരിക പരാദബാധയുമായി ബന്ധപ്പെട്ടതാണ്. പശുക്കളിലെ പരാദരോഗങ്ങള്‍ മൂലം ക്ഷീര സംരംഭം വിജയിപ്പിക്കുന്നതിന് പാലുല്‍പാദന മികവ് കൈവരിക്കാനും ആന്തരിക പരാദങ്ങളുടെ ഫലപ്രദമായ നിയന്ത്രണം അതീവ പ്രാധാന്യമുള്ളതാണ്. 

നാടവിരകള്‍, പത്രവിരകള്‍, ഉരുളന്‍ വിരകള്‍ തുടങ്ങി പശുക്കളുടെ ശരീരത്തിനുള്ളില്‍ കടന്നുകയറുന്ന പരാദങ്ങള്‍ ഏറെയുണ്ട്. മണ്ണില്‍നിന്നും പുല്ലടക്കമുള്ള തീറ്റകളിലൂടെയും ഒച്ചുപോലുള്ള മധ്യവാഹകരായ ജീവികള്‍ വഴിയും പശുക്കളുടെ വയറ്റിലെത്തുന്ന വിരകള്‍, ആമാശയത്തിലെ വിവിധ അറകളില്‍വച്ച് വളര്‍ച്ച പ്രാപിക്കുകയും, പ്രത്യുല്‍പാദനം നടത്തുകയും ചെയ്യും. പിന്നീട് ആമാശയ, കുടല്‍ഭിത്തികളില്‍ പറ്റിപ്പിടിച്ചിരുന്ന് രക്തവും പോഷകങ്ങളുമെല്ലാം ഊറ്റിക്കുടിക്കും. ഒപ്പം മുട്ടകള്‍ ചാണകത്തിലൂടെ പുറന്തള്ളുകയും ചെയ്യും. തീര്‍ന്നില്ല, ചിലയിനം പരാദങ്ങള്‍ ആമാശയത്തില്‍നിന്ന് കരളിലേക്കും, ശ്വാസകോശത്തിലേക്കും, പിത്തനാളിയിലേക്കും, രക്തക്കുഴലിലേക്കും എന്തിന് കണ്ണിലേക്ക് വരെ നുഴഞ്ഞുകയറി അവയവങ്ങളെ നശിപ്പിക്കുകയും ചെയ്യും. കരളിനെ ആക്രമിക്കുന്ന ഫാഷിയോള എന്നയിനം കരള്‍പത്രവിരകള്‍, രക്തക്കുഴലുകളില്‍ നുഴഞ്ഞുകയറുന്ന ഷിഷ്സ്റ്റോസോമ എന്നയിനം പത്രവിരകള്‍ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. 

മണ്ണ് തീറ്റ, താടയിലെ വീക്കം, വിളര്‍ച്ച, തീറ്റയോടുള്ള മടുപ്പും ക്ഷീണവും, ഇടവിട്ടുള്ള വയറിളക്കം, മെലിച്ചില്‍, രോമം കൊഴിച്ചില്‍ എന്നിവയെല്ലാം വിരബാധയുടെ പൊതുവായ ലക്ഷണങ്ങളാണ്. പാലുല്‍പാദനം ഗണ്യമായി കുറയുന്നതിനും, മദിലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍ അടക്കമുള്ള പ്രത്യുല്‍പാദന പ്രശ്നങ്ങള്‍ക്കും, വളര്‍ച്ചാനിരക്ക് കുറയുന്നതിനും, അകാല മരണത്തിനും വിരബാധ വഴിയൊരുക്കും. പശുക്കള്‍ക്ക് വിരമരുന്ന് നല്‍കുന്നതില്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ പൊതുവെ ശ്രദ്ധാലുക്കളാണ്. ഇടക്കിടെ മൃഗാശുപത്രി സന്ദര്‍ശിച്ച് വിരമരുന്നുകള്‍ വാങ്ങി തങ്ങളുടെ പശുക്കള്‍ക്ക് നല്‍കാന്‍ അവര്‍ മറക്കാറില്ല. എങ്കിലും ചില ശാസ്ത്രീയ വശങ്ങള്‍കൂടി മനസില്‍ സൂക്ഷിക്കണം. 

ആന്തരികപരാദങ്ങള്‍ക്കെതിരെ എപ്പോള്‍ മരുന്ന് നല്‍കണം? 

കുഞ്ഞുകിടാവിന് ജനിച്ചതിന്‍റെ പത്താം ദിവസം ആദ്യ വിരമരുന്ന് നല്‍കണം. ഗര്‍ഭസ്തരത്തിലൂടെയും പിന്നീട് പാലിലൂടെയും അമ്മപ്പശുവില്‍നിന്നു കുഞ്ഞിലേക്ക് പകരാന്‍ സാധ്യതയുള്ള ടോക്സോകാര വിറ്റുലോറം എന്നയിനം ഉരുണ്ട വിരയാണ് കിടാക്കളെ ബാധിക്കാന്‍ ഏറ്റവും സാധ്യത. കിടാക്കളിലെ  വയറിളക്കം, മണ്ണുതീറ്റ, വയറുചാടല്‍, വിളര്‍ച്ച, പല്ലരയ്ക്കല്‍, രോമം, കൊഴിച്ചില്‍, ഉന്മേഷക്കുറവ്,  ക്ഷീണം കാരണം കൂടുതല്‍ സമയം തറയില്‍ തന്നെ കിടക്കല്‍, പാല്‍ കുടിക്കാനുള്ള മടി, കണ്ണിലെയും മോണയിലെയും ശ്ലേഷ്മസ്തരങ്ങളുടെ രക്തവര്‍ണ്ണം നഷ്ടപ്പെടല്‍, താടവീക്കം എന്നിവയെല്ലാം വിരബാധയുടെ ലക്ഷണമാണ്.  

ഈ ഉരുളന്‍ വിരകള്‍ക്കെതിരെ ഏറ്റവും ഫലപ്രദമായ പൈപ്പറസിന്‍, പൈറാന്‍റല്‍, ഫെബാന്‍റല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകളാണ് പത്താം ദിവസം നല്‍കേണ്ടത്.  രണ്ടാഴ്ചകള്‍ക്ക് ശേഷം ഒരു തവണ കൂടി വിരമരുന്ന് നല്‍കാം. ആദ്യ ആറു മാസം വരെ മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായും വിരമരുന്ന് നല്‍കണം. പിന്നീട് ഒന്നരവയസുവരെ മൂന്നു മാസമിടവിട്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരമരുന്ന് നല്‍കണം. പിന്നീട് ചാണകം പരിശോധിച്ച് മരുന്ന് നല്‍കിയാല്‍ മതിയാവും.

ഗര്‍ഭിണിപശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്‍റെ 7-ാം മാസത്തില്‍ എല്ലാതരം വിരകളെയും തടയുന്ന ബ്രോഡ് സ്പെക്ട്രം മരുന്നുകള്‍ നല്‍കിയും, പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകള്‍ നല്‍കിയും ടോക്സോകാര എന്ന ഉരുളന്‍ വിരകള്‍ അമ്മപശുവില്‍നിന്ന് കിടാക്കളിലേക്ക് പകരുന്നത് തടയാം. 

ആന്തരികപരാദങ്ങളെ അറിഞ്ഞ് മരുന്ന്  

എല്ലാതരം വിരകളെയും പ്രതിരോധിക്കുന്ന ബ്രോഡ് സ്പെക്ട്രം മരുന്നുകള്‍ നല്‍കാമെങ്കിലും ചാണക പരിശോധന നടത്തി വിരമരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉത്തമം. ചാണക പരിശോധനയ്ക്കായി പശുവിന്‍റെ 10-20 ഗ്രാം ചാണകം മൃഗാശുപത്രിയില്‍ എത്തിച്ചാല്‍ മതി. കരള്‍ വിരകള്‍ക്കും, പണ്ടപ്പുഴുവിനുമൊക്കെയെതിരെ പ്രത്യേക മരുന്നുകള്‍ നല്‍കേണ്ടതിനാല്‍ ചാണക പരിശോധന പ്രധാനമാണ്. ഇടവിട്ടുള്ള വയര്‍സ്തംഭനം, രൂക്ഷഗന്ധത്തോട് കൂടിയ വയറിളക്കം, എണ്ണമയമുള്ള രക്തം കലര്‍ന്ന ചാണകം എന്നിവയെല്ലാം പണ്ടപ്പുഴു ബാധയുടെ ലക്ഷണമാണ്. ഇടവിട്ട് രക്തവും കഫവും കലര്‍ന്ന വയറിളക്കം ഷിസ്റ്റോസോമ എന്നയിനം പത്ര വിരബാധയുടെ ലക്ഷണമാണ്. ആംഫിസ്റ്റോം എന്നറിയപ്പെടുന്ന പണ്ടപ്പുഴുക്കള്‍ ദഹനം തകരാറിലാക്കുക മാത്രമല്ല പാലിലെ കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളുടെ അളവ് കുറച്ച് പാലിന്‍റെ മൂല്യവും, അളവും കുറയ്ക്കുകയും ചെയ്യും.

മഴക്കാലത്തിന്‍റെ തുടക്കത്തിലും മഴമാറിയ ശേഷവും, വേനല്‍ക്കാലത്തിന് മുന്‍പും, കുളമ്പ് രോഗത്തിനടക്കമുള്ള കുത്തിവയ്പ്പുകള്‍ക്ക് ഒരാഴ്ച മുന്‍പും, പുതുതായി കൊണ്ടുവരുന്ന പശുക്കള്‍ക്കും വിരമരുന്നുകള്‍ നല്‍കണം. പല പരാദങ്ങളെയും പടര്‍ത്തുന്നത് ഒച്ചടക്കമുള്ള മധ്യവാഹകരായതിനാല്‍ അവയുടെ നിയന്ത്രണവും പ്രധാനമാണ്.        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com