sections
MORE

അറിയുമോ കേരളത്തിന്റെ സ്വന്തം അനങ്ങന്‍മല പശുക്കളെ?

HIGHLIGHTS
  • ഒരു മീറ്ററിനടുത്ത് മാത്രമാണ് അനങ്ങന്‍മല പശുക്കളുടെ ഉയരം
  • പരമാവധി മൂന്ന് ലിറ്റര്‍ വരെയാണ് പാലുൽപാദനം
ananganmala-cow
അനങ്ങൻമല പശു
SHARE

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന കൂറ്റന്‍ കരിങ്കല്‍ മലയായ അനങ്ങന്‍മല പ്രകൃതിസ്നേഹികളുടെയും സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്. പ്രകൃതിസൗന്ദര്യം കൊണ്ടും ജൈവവൈവിധ്യത്താലും മാത്രമല്ല ഐതിഹ്യപെരുമകളാലും അനങ്ങന്‍മല സമ്പന്നമാണ്. വള്ളുവനാടിന്‍റെ തനത് നാട്ടുവൈദ്യപാരമ്പര്യത്തെ പരിപോഷിപ്പിച്ചതില്‍ അനങ്ങന്‍മലയിലെ ഔഷധസസ്യസമ്പത്ത് വഹിച്ച സ്ഥാനം സമാനതകളില്ലാത്തതാണ്. രാമരാവണയുദ്ധത്തില്‍ അതിദാരുണമായി മുറിവേറ്റ  രാമലക്ഷ്മണന്‍മാരെ  രക്ഷിക്കാനായി മൃതസഞ്ജീവനി തേടിയിറങ്ങിയ ഹനുമാനുമായി ബന്ധപ്പെട്ടതാണ് അനങ്ങന്‍മലയുടെ ഐതിഹ്യം. മൃതസഞ്ജീവനി ഔഷധം നിറഞ്ഞ ദ്രോണഗിരി പര്‍വ്വതവുമായി ഹനുമാന്‍ പറക്കുന്നതിനിടയില്‍ പര്‍വ്വതത്തിന്‍റെ ഒരു ഭാഗം ഈ മേഖലയില്‍ അടര്‍ന്നുവീണ് മണ്ണിലുറച്ചെന്നാണ് വിശ്വാസം. ഹനുമാന്‍ അതിശക്തനായിരുന്നിട്ടും അടര്‍ന്നുവീണ മലയുടെ ഭാഗം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അന്നു മുതല്‍ ഇവിടം അനങ്ങാമല അഥവാ അനങ്ങന്‍മല എന്നറിയപ്പെട്ടുതുടങ്ങി എന്നുമാണ് ഐതിഹ്യം. അനങ്ങന്‍മലയിലെ ഔഷധസസ്യപെരുമയുടെ പിന്നിലെ രഹസ്യവും ഇതാണത്രേ. 

കാര്‍ഷികസമൃദ്ധിയിലും അനങ്ങന്‍മലയടിവാരം കീര്‍ത്തികേട്ടതാണ്. പേരുകേട്ട പരമ്പരാഗത നെല്‍വിത്തിനങ്ങളിലൊന്നായ ചുനങ്ങാടന്‍ നെല്ല് അനങ്ങന്‍മലയടിവാരത്തെ ചുനങ്ങാടന്‍ ഗ്രാമത്തിലെ വയലേലകളില്‍ ഉരുത്തിരിഞ്ഞയിനമാണ്. ഇന്ന് പാലക്കാടിന്‍റെ ടൂറിസം ഭൂപടത്തില്‍ സവിശേഷമായ ഒരു സ്ഥാനം അനങ്ങന്‍മലയ്ക്കുണ്ട്. പേരും പെരുമയുമേറെയുള്ള ഈ ഗിരിനിരയുടെ താഴ്വാരത്തില്‍ ഉരുത്തിരിഞ്ഞ വള്ളുവനാടിന്‍റെ തനതുപശുക്കളാണ് അനങ്ങന്‍മല പശുക്കള്‍. അനങ്ങന്‍മലയുടെയും സമാന്തരമായുള്ള കൂനന്‍മലയുടെയും ഇടയിലുള്ള കാര്‍ഷികഗ്രാമങ്ങളാണ് അനങ്ങന്‍മല തനത് പശുക്കളുടെ വംശഭൂമിക (ബ്രീഡിംഗ് ട്രാക്ക്). ആയിരത്തി ഇരുനൂറ് മീറ്റര്‍ വരെ ഉയരത്തില്‍ ഇരുപത് കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന അനങ്ങന്‍മലയെന്ന പരിസ്ഥിതിവ്യൂഹവുമായി ചേര്‍ന്ന് രൂപപ്പെട്ട പ്രത്യേക സ്വഭാവ സവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് അനങ്ങന്‍മല പശുക്കളെ മറ്റിനങ്ങളില്‍നിന്നും വേറിട്ടുനിര്‍ത്തുന്നത്.

ananganmala-cow-1
അനങ്ങൻമലയടിവാരത്തിൽ മേഞ്ഞുനടക്കുന്ന അനങ്ങൻമല പശുക്കൾ

ഒരു കാലത്ത് ഈ മേഖലയില്‍ എണ്ണത്തില്‍ ഏറെയുണ്ടായിരുന്ന ഈ കുറിയ ഇനം പശുക്കള്‍ ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്. സങ്കരയിനം പശുക്കളെ അപേക്ഷിച്ച് പാലുല്‍പ്പാദനവും ആദായവും കുറഞ്ഞ നാടന്‍പശുക്കളെ പരിപാലിക്കാനുള്ള കര്‍ഷകരുടെ വിമുഖതയും, മാംസാവശ്യങ്ങള്‍ക്കായുള്ള വില്‍പ്പന വ്യാപകമായതുമാണ് അനങ്ങന്‍മല പശുക്കള്‍ക്ക് ഭീഷണിയായത്. അനങ്ങന്‍മലയുടെയും സമാന്തരമായുള്ള കൂനന്‍മലയുടെയും താഴ്വാരത്തെ മേലൂര്‍, കീഴൂര്‍, അനങ്ങനടി, അമ്പലപ്പാറ  തുടങ്ങിയ ചില ഗ്രാമങ്ങളിലാണ് ഈ പശുക്കള്‍ ഇന്ന് അവശേഷിക്കുന്നത്, അതും ചുരുങ്ങിയ എണ്ണം മാത്രം. 'കന്നില്ലാതെ കൃഷിയിക്കിറങ്ങരുതെ'ന്ന നാട്ടുപ്രമാണം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഈ ഗ്രാമങ്ങളിലെ പരമ്പരാഗതകര്‍ഷകരാണ് വംശനാശത്തിന്  വിട്ടുനല്‍കാതെ അനങ്ങന്‍മല പശുക്കളെ പ്രധാനമായും സംരക്ഷിക്കുന്നത്.

അറിയാം, അനങ്ങന്‍മല പശുക്കളെ

പൊതുവെ ശാന്തസ്വഭാവവും ഏറെയിണക്കമുള്ളതുമാണ് അനങ്ങന്‍മല പശുക്കള്‍. കര്‍ഷകര്‍ രാവിലെ തൊഴുത്തുകളില്‍നിന്ന് അഴിച്ചുവിടുന്ന പശുക്കള്‍ പകലന്തിയോളം  മലയടിവാരത്തും മലമുകളിലും മേഞ്ഞു നടക്കും. കറവയുള്ള പശുക്കളെ കറവ കഴിഞ്ഞതിനു ശേഷമാണ് മേയാൻ വിടുക. കഠിനമായ പാറക്കെട്ടുകള്‍ മറികടക്കാനും കുത്തനെയുള്ള മലമടക്കുകള്‍ കയറിയിറങ്ങാനും തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ കൈകാലുകളും അതിനനുയോജ്യമായ കുളമ്പുകളും അനങ്ങന്‍മല പശുക്കള്‍ക്കുണ്ട്. തീറ്റതേടലും ഇണയെക്കണ്ടെത്തലും ഇണചേരലുമെല്ലാം ഈ മലകയറ്റത്തിനിടയ്ക്കു തന്നെ. പശുക്കിടാക്കള്‍ ജനിച്ച് വീഴുന്നതുപോലും അനങ്ങന്‍മലയുടെ  കരിങ്കല്‍ മാറിലേക്കാണ്.  ഇടക്ക് ദാഹമകറ്റാന്‍ മലഞ്ചെരുവുകളിലെ ഉറവകള്‍ക്കരികില്‍ പശുക്കള്‍ കൂട്ടമായി ഒത്തുചേരും. പകല്‍ മുഴുവന്‍ കിലോമീറ്ററുകളോളം നീണ്ട പര്‍വ്വതസഞ്ചാരത്തിനൊടുവില്‍ സന്ധ്യമയങ്ങുമ്പോള്‍ മലയിറങ്ങി കര്‍ഷകഭവനങ്ങളിലെ തൊഴുത്തിലേക്ക് പശുക്കള്‍ തിരികെയെത്തും. കര്‍ഷകര്‍ ഈ രീതിയില്‍ ഇണക്കി വളര്‍ത്തുന്ന പശുക്കളെ കൂടാതെ  സ്വതന്ത്രരായി  വിഹരിക്കുന്ന പശുക്കളും കാളകളും അനങ്ങന്‍മലയുടെ മുകളിലുണ്ട്. 

ananganmala-cow-2
അനങ്ങൻമല പശു

ഒരു മീറ്ററിനടുത്ത് മാത്രമാണ് അനങ്ങന്‍മല പശുക്കളുടെ ഉയരം. ശരീരഭാരം ഏകദേശം 150 - 200 കിലോഗ്രാം വരെയാണ്. വെളുപ്പ്, ചുവപ്പ് കലര്‍ന്ന തവിട്ട്, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്.  നീണ്ട മുഖവും, വീതിയേറിയ നെറ്റിത്തടവും, ഇരുവശങ്ങളിലേക്കും വിരിഞ്ഞ് അകത്തേക്ക് വളര്‍ന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള കൊമ്പുകളും, ആലില പോലെ നീണ്ട ചെവികളും, കണ്ണിന് ചുറ്റും വാല്‍ക്കണ്ണെഴുതിയതുപോലുള്ള കറുപ്പ് നിറവും, മുതുകിലെ  ചെറിയ പൂഞ്ഞയും, കഴുത്തിലെ ഇറക്കമുള്ള താടയും, നിലത്തറ്റം മുട്ടുന്ന വാലും വാല്‍മുടിയും, കുറുകിയ കാലുകളും, അനങ്ങന്‍മല പശുവിന്‍റെ  ഒത്തലക്ഷണങ്ങളാണ്. 

ആണ്ടിലൊരു പ്രസവം അനങ്ങന്‍മല പശുക്കളില്‍  സാധാരണയാണ്. പരമാവധി മൂന്ന് ലിറ്റര്‍ വരെയാണ് പ്രതിദിന പാല്‍ ഉല്‍പ്പാദനമെങ്കിലും പാലിലെ കൊഴുപ്പും മറ്റ് ഖരപദാര്‍ഥങ്ങളുടെ അളവും ഉയര്‍ന്നതാണ്. രുചിയിലും  ഗുണത്തിലുമെല്ലാം പാലും തൈരും നെയ്യുമെല്ലാം ഒരു പടി മുന്നില്‍ തന്നെ. അനങ്ങന്‍മലയില്‍ ഏറെയുള്ള ഔഷധ സസ്യങ്ങളാണ് പശുക്കളുടെ പ്രധാന ആഹാരമെന്നതിനാല്‍ പാലിനും പാലുൽപന്നങ്ങള്‍ക്കും ഔഷധഗുണമുണ്ടാവുമെന്നാണ് കര്‍ഷകരുടെ വിശ്വാസം. ഒപ്പം അനങ്ങന്‍മല പശുക്കളുടെ ചാണകവും മൂത്രവും ഏറെ പ്രാധാന്യത്തോടെ ജൈവകൃഷിക്കായി ഉപയോഗിച്ച് പോരുന്നു.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA