sections
MORE

പൂച്ച വളർത്തുന്നവർ അറിയേണ്ടത്, ചെയ്യേണ്ടത്

HIGHLIGHTS
  • താമസിക്കുന്ന വീടിനോടും പരിസരത്തോടുമാണ് പൂച്ചകൾക്ക് ബന്ധം
  • പൂച്ചയ്ക്ക് പ്രോട്ടീന്‍ നല്‍കാന്‍ മാംസം, മത്സ്യം എന്നിവ നല്‍കാം
cat-4
SHARE

എലിയെ പിടിക്കുന്ന ചരിത്രദൗത്യത്തില്‍നിന്ന് വീടിന്റെ അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി പൂച്ചകള്‍  മാറിയിരിക്കുന്നു.  വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളില്‍ വളര്‍ത്തപ്പെടുന്ന അരുമയായതിനാല്‍ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള  അറിവ് പൂച്ചപ്രേമികള്‍ക്ക് ഏറെ പ്രധാനമാണ്.  പരിമിതമായ സ്ഥല സൗകര്യങ്ങളിലും കുറഞ്ഞ ചെലവിലും വളര്‍ത്താമെന്നത് ഓമനമൃഗമെന്ന നിലയില്‍ ഇവര്‍ക്ക് ആകര്‍ഷണം നല്‍കുന്നു. ഉടമയെ ഏറെ ആശ്രയിക്കാതെ,  ശാന്തനായി ഒറ്റയാനായി ഉറക്കവും അല്‍പ്പം കറക്കവുമായി  സ്വയം പര്യാപ്തനാവാന്‍ പൂച്ചയ്ക്ക് കഴിയുന്നു. യജമാനസ്‌നേഹത്തേക്കാള്‍ താമസിക്കുന്ന വീടിനോടും പരിസരത്തോടുമുള്ള ബന്ധമാണ് പൂച്ചയുടെ പ്രത്യേകത. 

ലോകത്താകമാനം അന്‍പതോളം പൂച്ച ജനുസുകളുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. നാടന്‍ എന്നോ സങ്കരയിനം എന്നോ വിളിക്കാവുന്ന പൂച്ചകളാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍, പേര്‍ഷ്യന്‍, സയാമിസ് തുടങ്ങിയ ഏതാനും വിദേശജനുസുകള്‍ നമ്മുടെ നാട്ടിലും ഇപ്പോള്‍ ജനപ്രിയതാരങ്ങളായിരിക്കുന്നു.  ഉടമയുടെ താമസ്ഥലത്തിന്റെ പ്രത്യേകത, സ്ഥലലഭ്യത, പ്രായം, കുട്ടികളുടെ പ്രായം, പൂച്ചകളുടെ ശരീര-സ്വഭാവ പ്രകൃതം, രോമാവരണം തുടങ്ങിയ ഗുണങ്ങള്‍ നോക്കിയാവണം ജനുസിന്റെ തിരഞ്ഞെടുപ്പ്‌. ഓമനമൃഗമെന്ന നിലയില്‍  വളര്‍ത്താന്‍ സങ്കരയിനമായാലും മതി. എന്നാല്‍, പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽക്കാനാണെങ്കില്‍ ശുദ്ധജനുസുകളെ വളര്‍ത്താം.  ബുദ്ധിയും  സ്‌നേഹവും സൗഹൃദഭാവവും  ആണ്‍, പെണ്‍ പൂച്ചകളില്‍ ഒരേപോലെയായതിനാല്‍  ഇവര്‍ തമ്മില്‍ വിവേചനം വേണ്ട. നീളന്‍ രോമങ്ങളുള്ള ഇനങ്ങള്‍ക്ക് കൂടുതല്‍ പരിചരണം വേണ്ടിവരുമെന്ന്  ഓര്‍ക്കുക. ഫ്ലാറ്റുകളിലും, വീടിനുള്ളിലും വളര്‍ത്താന്‍  അനുയോജ്യമായ പേര്‍ഷ്യന്‍ പൂച്ചകളുടെ  നീണ്ടരോമക്കുപ്പായം ചീകി മിനുക്കാന്‍ സമയവും ശ്രദ്ധയും വേണം.     

ഉടമയുടെ വീടുതന്നെയാണ് പൂച്ചയുടെ വീട്.  വീടിനുള്ളില്‍ തുറന്ന് വിട്ടോ, പ്രത്യേക പൂച്ചക്കൂടുകളിലോ വളര്‍ത്താം.  വീടിനുള്ളില്‍  ഉറങ്ങാനും വിശ്രമിക്കാനും ഉള്ള സ്ഥലം പൂച്ചതന്നെ കണ്ടെത്തും. അവിടെ മരപ്പെട്ടിയോ, ചൂരല്‍ കൊണ്ടുള്ള കൊട്ടയോ നല്‍കാം. സ്വന്തമായി താമസസൗകര്യം പൂച്ചയ്ക്ക് ആവശ്യമില്ലെങ്കിലും ചില പ്രത്യേക സൗകര്യങ്ങള്‍ പൂച്ചകള്‍ക്ക് ഒരുക്കി നല്‍കേണ്ടതുണ്ട്.  മലമൂത്ര വിസർജനം നടത്താനുള്ള ലിറ്റര്‍ ബോക്‌സ്, ടോയ്‌ലറ്റ് ട്രേ, തീറ്റ, വെള്ളപ്പാത്രങ്ങള്‍, വിരിപ്പ്, കിടക്ക, സ്‌ക്രാച്ചിങ്ങ്, പോസ്റ്റ് തുടങ്ങിയവയോടൊപ്പം നഖം വെട്ടി, ചീപ്പ്, ബ്രഷ്, കളിപ്പാട്ടങ്ങള്‍, ടൂത്ത്ബ്രഷ് എന്നിവയും ഒരുക്കാം.  

വീടിനകത്താണ് പൂച്ചകള്‍ മലമൂത്ര വിസർജനം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ലിറ്റര്‍ ബോക്‌സ് ഒരുക്കണം. ഇതിനായി പൂച്ചകള്‍ക്ക് അനായാസം കയറാന്‍ കഴിയുന്ന ട്രേയില്‍ മണ്ണോ, മണലോ, അറക്കപ്പൊടിയോ നിറയ്ക്കുക. ഭക്ഷണം നല്‍കി കുറച്ചു സമയത്തിനുശേഷം പൂച്ചക്കുട്ടിയെ ലിറ്റര്‍ ബോക്‌സിനുള്ളിൽവച്ച് മണ്ണ് ഒന്ന് മാന്തി കൊടുക്കണം.  വെളിയില്‍ കാഷ്ഠിക്കുന്ന പൂച്ചകൾ ചെയ്യാറുള്ള മണ്ണ് മാന്തി വിസർജനം ചെയ്ത് മൂടുന്ന സ്വഭാവം അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്.  ഒരിക്കല്‍ വിസർജിച്ച സ്ഥലത്തുതന്നെ അവ വീണ്ടും വിസർജിക്കും. നഖങ്ങള്‍ ഉരച്ച് മൂര്‍ച്ച വരുത്തുന്ന പൂച്ചകളുടെ സ്വഭാവം പലപ്പോഴും വീടിനുള്ളില്‍ ശല്യമാകാറുണ്ട്. പുറത്തേക്ക് പോകാന്‍ അവസരമുള്ള പൂച്ച മരത്തടിയിലും മറ്റും ഉരസി ഈ സ്വഭാവം കാണിക്കും.  വീടിനുള്ളില്‍ കഴിയുന്ന പൂച്ച പലപ്പോഴും  ഫര്‍ണീച്ചറുകള്‍ ഉരസി വൃത്തികേടാക്കുന്നു.  ഇതു തടയാന്‍ ഉരുണ്ട തടിയില്‍ കയര്‍ ചുറ്റി കുത്തിവച്ച് സ്‌ക്രാച്ചിങ്ങ് പോസ്റ്റ് നല്‍കാം. കുട്ടിക്കാലത്ത് പല്ലിന്റെ അസ്വസ്ഥത മാറ്റാന്‍  ഉടമയുടെ കൈകളില്‍ കടിക്കുന്ന  പൂച്ചയുടെ സ്വഭാവം ഒഴിവാക്കാന്‍ മുറിയില്‍ പ്ലാസ്റ്റിക് സ്‌ട്രോകളോ, കളിപ്പാട്ടങ്ങളോ നല്‍കണം.  

cat-3

8-10 മാസം പ്രായത്തില്‍ പൂച്ചകള്‍ പ്രായപൂര്‍ത്തിയെത്തുന്നു. ഒരു വയസാണ് ആരോഗ്യപരമായ പ്രജനനത്തിന് പറ്റിയ സമയം. 15-21 ദിവസമാണ് മദിചക്രത്തിന്റെ ദൈര്‍ഘ്യം. മദി സമയം 2-4 ദിവസം. 55-65 ദിവസമാണ് ഗര്‍ഭകാലം. ഗര്‍ഭാവസ്ഥയില്‍ മുലക്കാമ്പുകള്‍  ചുവന്നു തടിച്ചു വരികയും അകിടിനു ചുറ്റുമുള്ള  രോമങ്ങള്‍ കൊഴിയുന്നു.  പ്രസവം അടുക്കാറായാല്‍ പെട്ടിയില്‍ വിരിപ്പായി  ന്യൂസ് പേപ്പര്‍  നല്‍കി കിറ്റനിങ്ങ് ബോക്‌സ് ഒരുക്കുക. പ്രസവ ലക്ഷണങ്ങള്‍ തുടങ്ങി 12 മണിക്കൂര്‍  കഴിഞ്ഞും പ്രസവം നടന്നില്ലെങ്കില്‍  വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.  പ്രസവിച്ച ഉടനെ കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിച്ചു തുടങ്ങുന്നു. തള്ളപ്പൂച്ച കുട്ടികളുടെ ദേഹം തുടച്ചു വൃത്തിയാക്കുന്നു. ഈ സമയത്ത്  കുട്ടികള്‍ പൂച്ചയുടെ അടുത്ത് പോകരുത്.  7-10 ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണുകള്‍ തുറക്കുന്ന ഇവ 3 ആഴ്ച  പ്രായത്തില്‍ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നു.   പ്രജനനത്തിന് താല്‍പര്യമില്ലെങ്കില്‍ പൂച്ചകളെ ആറുമാസം പ്രായം കഴിയുമ്പോള്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കാം.

തനിയെ കളിച്ചും കറങ്ങി നടന്നും ഊർജസ്വലരായി  ജീവിക്കുന്ന പൂച്ചകള്‍ക്ക് ദിവസേന വ്യായാമം പ്രത്യേകം ആവശ്യമില്ല. നീണ്ട രോമങ്ങളുള്ള പൂച്ചകളുടെ ദേഹം എല്ലാ ദിവസവും  ചീകി മിനുസപ്പെടുത്തണം. എല്ലാ ദിവസവും കുറഞ്ഞത് പതിനഞ്ചു മിനിറ്റെങ്കിലും പൂച്ചയുടെ കൂടെ കളിക്കാന്‍ സമയം കണ്ടെത്തണം.  പതിവായി പല്ലുകള്‍ ബ്രഷ് ചെയ്യണം.  മൂന്നാഴ്ചയെങ്കിലും കൂടുമ്പോള്‍ നഖങ്ങള്‍ വെട്ടുകയും ആഴ്ചയിലൊരിക്കല്‍ ചെവിയുടെ ഉള്‍ഭാഗം വൃത്തിയാക്കുകയും വേണം. ഇടയ്ക്കിടെ  കുളിപ്പിക്കേണ്ട ആവശ്യമില്ല.  ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മാത്രം മതി. ഏറെ ശുചിത്വബോധമുള്ള പൂച്ചകള്‍  ശരീരം പതിവായി തുടച്ച് വൃത്തിയാക്കുന്നു. 

കറ തീര്‍ന്ന മാംസഭുക്കാണ് പൂച്ച. പൂച്ചകളെ പൂർണമായി  വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്.  മാംസത്തില്‍നിന്നു ലഭിക്കുന്ന ടോറിന്‍ പോലുള്ള അമിനോ ആസിഡുകള്‍ പൂച്ചകള്‍ക്ക് അനിവാര്യമാണ്. ടോറിന്‍ ഏറ്റവുമധികം ഉള്ള എലിയും, മീനും പൂച്ചകള്‍ക്ക് പ്രിയങ്കരമാകുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കും. നായകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ പൂച്ചകളുടെ ഭക്ഷണത്തില്‍ വേണം. കൂടാതെ പത്തുശതമാനത്തോളം കൊഴുപ്പും വേണം. നായയുടെയും, മനുഷ്യന്റെയും ഭക്ഷണം ശാസ്ത്രീയമായി പൂച്ചകള്‍ക്ക് ചേര്‍ന്നതല്ല.  

പൂച്ചയ്ക്ക് പ്രോട്ടീന്‍ നല്‍കാന്‍ മാംസം, മത്സ്യം എന്നിവ നല്‍കാം.  കൂടെ പുഴുങ്ങിയ മുട്ട, നേര്‍പ്പിച്ച പാല്‍,  എന്നിവയും നല്‍കാം.  അന്നജം ലഭിക്കാന്‍  ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം.  വിറ്റാമിനുകള്‍ ലഭിക്കാന്‍ അല്‍പ്പം കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ നല്‍കാം. സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് പൂച്ചകള്‍ക്ക് കുറവാണ്. വീട്ടില്‍ തയാറാക്കുന്ന തീറ്റ വൈവിധ്യമുള്ളതാക്കാം.  ഇത്തരം തീറ്റ 25-50 ഗ്രാം/ ഒരു  കിലോഗ്രാം ശരീരഭാരത്തിന് എന്ന അളവില്‍ നല്‍കാം. എല്ലില്ലാത്ത മാംസവും, മത്സ്യവും മാത്രം നല്‍കുമ്പോള്‍ കാല്‍സ്യം, വിറ്റമിന്‍ എ എന്നിവയുടെ കുറവുണ്ടാകാണെമെന്നതിനാല്‍ എല്ലിന്‍ പൊടി, ലിവര്‍ എന്നിവ നല്‍കാം. മീനെണ്ണയും വിറ്റമിന്‍ എ നല്‍കും. ചിക്കന്റെ കഴുത്ത് വേവിച്ച് നല്‍കുന്നത്  നല്ലത്. ധാരാളം ശുദ്ധജലം നല്‍കണം. വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം. പൂച്ചകള്‍ പലപ്പോഴും പുല്ല് തിന്നാറുണ്ട്. വിറ്റമിനുകള്‍ ലഭിയ്ക്കുന്നതോടൊപ്പം ശരീരം വൃത്തിയാക്കുമ്പോള്‍ ഉള്ളില്‍ പോകുന്ന രോമം ഛര്‍ദ്ദിച്ച പുറത്ത് കളയാനും ഇത് സഹായിക്കുന്നു. 

വേവിക്കാത്ത മാംസം, മത്സ്യം, പച്ചമുട്ട ഇവ പൂച്ചകള്‍ക്ക് നല്‍കരുത്.  ഇത് ബാക്ടീരിയ, പരാദബാധകള്‍ക്ക് കാരണമാകും. വലിയ അളവില്‍ പാല്‍ നല്‍കരുത്.  വിറ്റമിന്‍ മിശ്രിതം നല്‍കുമ്പോള്‍ ലിവര്‍ അധികമായി നല്‍കരുത്.  ചോക്കളേറ്റ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കാം.  എല്ലും, മുള്ളും പൂച്ചയ്ക്ക് വേണ്ട. ഭക്ഷണക്രമത്തില്‍ ഏറെ ശുചിത്വം പാലിക്കുന്നതിനാല്‍ വൃത്തിയുള്ള, പുതിയ തീറ്റ നല്‍കണം.  അമിത ഭക്ഷണം ജീവിതശൈലീരോഗങ്ങള്‍ക്ക് വഴി വയ്ക്കുന്നു.  ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും അധിക ഭക്ഷണവും, ശുദ്ധജലവും വേണം. പൂച്ചകള്‍ക്ക്  ഖരരൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകള്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്നുണ്ട്. വില കൂടുതലാണെങ്കിലും  പോഷകാഹാരപ്രദമായിരിക്കും ഇത്തരം തീറ്റകള്‍.  പൂച്ചകളുടെ പ്രായത്തിനും, തൂക്കത്തിനും  അനുസരിച്ച് നല്‍കേണ്ട കൃത്യമായ അളവുകള്‍ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA