sections
MORE

ബ്രോയിലർ വളർച്ചയ്ക്കു വേണ്ടത് ഗുണമേന്മയേറിയ 'ബ്രീഡും' 'ഫീഡും' മാത്രം

HIGHLIGHTS
  • 2 കിലോ ഗ്രാം തൂക്കം ലഭിക്കാൻ ഏതാണ്ട് 3.2 കിലോഗ്രാം തീറ്റ
  • കോബ്ബ് 400, റോസ് 308, ഹബ്ബാർഡ്, ഹൈബ്രോ തുടങ്ങിയവ ബ്രോയിലർ സ്ട്രെയിനുകൾ
chicken-1
SHARE

ഈയിടെയായി ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ബ്രോയിലർ കോഴികളിലെ ദ്രുത വളർച്ച. Zuidhof (2014)ന്റെ പഠനങ്ങൾ പ്രകാരം 1950കളിൽ 56 ദിവസം കൊണ്ട് 905 ഗ്രാം ഭാരം കൈവരിച്ചിരുന്ന ബ്രോയ്‌ലർ കോഴികൾ 2005 ആയപ്പോഴേക്കും 4202 ഗ്രാം വളർച്ച കൈവരിച്ചു. അതായത് വളർച്ചാനിരക്ക് കണക്കാക്കുമ്പോൾ ഏതാണ്ട് 400 ശതമാനത്തിലധികം! ഈ വളർച്ചാ നിരക്കിന്റെ എൺപതു ശതമാനം ക്രെഡിറ്റും ജനിതക പ്രജനന പ്രക്രിയയ്ക്ക്  അവകാശപെട്ടതാണ്. ആഗോള തലത്തിൽ പ്രമുഖ കമ്പനികളുടെ കൈയിൽ മാത്രമുള്ള നാലു ലക്ഷത്തോളം വരുന്ന 35 മുതൽ 40 പ്യൂർ ലൈനുകൾ (അടിസ്ഥാന ശുദ്ധ ഇനങ്ങൾ), അഞ്ചു ലക്ഷത്തോളം വരുന്ന ഗ്രേറ്റ്‌ ഗ്രാൻഡ് പേരെന്റ്സ് (മുതുമുത്തച്ഛന്മാർ) എന്നിവയിൽനിന്നും രൂപപ്പെടുത്തിയ ഗ്രാൻഡ് പേരെന്റ്സ് സ്റ്റോക്ക് (മുത്തച്ഛന്മാർ),  പേരെന്റ്സ് സ്റ്റോക്ക് (അച്ഛനമ്മമാർ) എന്നിവയെ ഇന്ത്യയിൽ എത്തിച്ചാണ് ഇന്ത്യൻ കമ്പനികൾ അവയിൽനിന്നു ബ്രോയിലർ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു വിപണനം നടത്തുന്നത്. 

കോടിക്കണക്കിനു രൂപയുടെ മുതൽ മുടക്കും വർഷങ്ങൾ നീണ്ട തുടർച്ചയായ ഗവേഷണങ്ങൾക്കുമൊടുവിലാണ് പ്രമുഖ കമ്പനികൾ പേരെന്റ് സ്റ്റോക്കിൽനിന്നു ബ്രോയിലർ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിതരണം നടത്തുന്നത്. കോബ്ബ് 400,  റോസ് 308,  ഹബ്ബാർഡ്,  ഹൈബ്രോ എന്നിവ ഉയർന്ന ഉൽപാദനക്ഷമത കൂടിയ ബ്രോയിലർ സ്ട്രെയിനുകളാണ്. 

കേവലം 35 ദിവസം കൊണ്ട് ശരാശരി 2 കിലോഗ്രാം തൂക്കമെത്തുന്ന ഇവയുടെ തീറ്റപരിവർത്തന ശേഷി 1.6 ഇൽ താഴെയും,  ജീവനക്ഷമത 97 ശതമാനത്തിനടുത്തുമാണ്. അതായത് 2 കിലോ ഗ്രാം തൂക്കം ലഭിക്കാൻ ഏതാണ്ട് 3.2 കിലോഗ്രാം തീറ്റയാണ് ആവശ്യമായി വരിക. ദ്രുതഗതിയിൽ വളർച്ച സാധ്യമായ ഇത്തരം ബ്രോയിലർ കുഞ്ഞുങ്ങൾക്ക് മികച്ച പാർപ്പിടം, തീറ്റക്രമം, ആരോഗ്യ പരിപാലനം എന്നിവ നൽകുക വഴിയാണ്  അവയെ ഗുണമേന്മയേറിയ ഭക്ഷണ വിഭവമായി മാറ്റാൻ സാധിക്കുന്നത്. 

ബ്രോയിലർ കുഞ്ഞുങ്ങൾക്ക് വളർച്ചയുടെ ആദ്യ ആഴ്ച പ്രീ സ്റ്റാർട്ടർ തീറ്റയും പിന്നീട് രണ്ടാഴ്ച കാലം സ്റ്റാർട്ടർ തീറ്റയും ഒടുവിലത്തെ മൂന്നാഴ്ച കാലം ഫിനിഷർ തീറ്റയുമാണ് നൽകേണ്ടത്. വളർച്ചയുടെ ആരംഭത്തിൽ നൽകുന്ന മാംസ്യം (പ്രോട്ടീൻ) കൂടുതലുള്ള പ്രീ സ്റ്റാർട്ടർ തീറ്റ നൽകുന്നതും,  വളർച്ചയുടെ ഒടുവിലായി ഊർജമേറിയ ഫിനിഷർ തീറ്റ  നൽകുന്നതുമാണ് ത്വരിത വളർച്ചയെ സഹായിക്കുന്ന രണ്ടാമത്തെ ഘടകം. ആദ്യ ആഴ്ചകളിൽ വിറ്റാമിൻ എ,   ബി2,  ഡി3,  കെ,  ബി കോംപ്ലക്സ് എന്നിവയടങ്ങിയ മരുന്നുകൾ നൽകുന്നത് കുഞ്ഞുങ്ങളിലെ കാല് തളർച്ച,  മറ്റു  വൈകല്യങ്ങൾ എന്നിവയെ   ഒഴിവാക്കാൻ സഹായിക്കും. തീറ്റയിൽ പ്രോബയോട്ടിക് സംയുക്തങ്ങൾ ഉപയോഗിക്കുക വഴി അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം പാടെ ഒഴിവാക്കാം. 

ചികിത്സയ്ക്കായി മാത്രം ഒരു ഡോക്ടറുടെ സഹായത്തോടെ ആന്റി ബയോട്ടിക് ഉപയോഗിക്കുന്ന രീതി നിലവിൽ വരണം. ചികിത്സയ്ക്കായി ആന്റി ബയോട്ടിക് നൽകിയ ശേഷം കുറഞ്ഞത് അഞ്ച് ദിവസങ്ങൾക്കു ശേഷം മാത്രമേ കോഴികളെ വിൽക്കാൻ പാടുള്ളൂ. അല്ലാത്ത പക്ഷം ആന്റി ബയോട്ടിക്കിന്റെ അംശം  പ്രസ്തുത കോഴികളിൽ അവശേഷിക്കുകയും, അത് അവയെ കഴിക്കുന്ന മനുഷ്യശരീരത്തിൽ പ്രവേശിക്കുകയും  ചെയ്യുന്നു. തുടർച്ചയായി ഇങ്ങനെ സംഭവിക്കുമ്പോൾ മനുഷ്യരിൽ ആന്റി ബയോട്ടിക് റെസിസ്റ്റൻസ് ഉടലെടുക്കുകയും തൽഫലമായി മനുഷ്യരിൽ ആന്റി ബയോട്ടിക് ചികിത്സ ബുദ്ധിമുട്ടേറിയതാവുകയും ചെയ്യുന്നു. ഈ  ഭീകരാവസ്ഥ മുന്നിൽ കണ്ടു കൊണ്ടാണ് മനുഷ്യരിൽ   ഉപയോഗിക്കുന്ന കോളിസ്റ്റിൻ എന്ന ആന്റി ബയോട്ടിക്കിന്റെ ഉപയോഗം കോഴികളിൽ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ  ഉത്തരവിറക്കിയിട്ടുള്ളത്. 

ബ്രോയിലർ വളർത്തലിലെ ആന്റി ബയോട്ടിക്കുകളുടെ  ദുരുപയോഗത്തെകുറിച്ചാണ് ചർച്ചകൾ പുരോഗമിക്കേണ്ടത്. അല്ലാതെ യുക്തിക്കു നിരക്കാത്ത ഹോർമോൺ,  മന്ത് സ്രവം  കുത്തിവയ്ക്കൽ എന്നീ അതിശയോക്തി കലർന്ന  കഥകളല്ല. ബ്രോയ്‌ലർ കോഴി വളർത്തലിൽ എഴുപത് ശതമാനത്തോളം  ചെലവും തീറ്റയ്ക്കാണ്,  പിന്നീടുള്ള 20-25 ശതമാനം കുഞ്ഞുങ്ങളുടെ വിലയാണ്. ബാക്കി പത്തു ശതമാനത്തിൽ താഴെ  മറ്റു അല്ലറ ചില്ലറ ചെലവുകളുമാണെന്നിരിക്കെ  ഉയർന്ന വിലയുള്ള ഹോര്മോണുകളാണ് ബ്രോയ്‌ലർ കോഴികളുടെ  വളർച്ചയ്ക്കുപയോഗിക്കുന്നത് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്?

പലപ്പോഴും പേരെന്റ്സ് സ്റ്റോക്കിന് മാത്രം നൽകുന്ന കുത്തിവയ്പ്പാണ് ഹോർമോൺ കുത്തി വയ്പ്പ് എന്ന രീതിയിൽ വീഡിയോയായി പ്രചരിക്കുന്നത്. ഒന്ന്,  മൂന്ന് ആഴ്ചകളിൽ നൽകുന്ന ലസോട്ട വാക്സിൻ,  രണ്ട്,  നാല് ആഴ്ചകളിൽ നൽകുന്ന ഐബിഡി വാക്സിൻ എന്നിവയാണ് നിര്ബന്ധമായും ബ്രോയിലർ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്സിനുകൾ. കോഴിവസന്തയെയും ഐബിഡി രോഗത്തെയും പ്രതിരോധിക്കുന്ന ഈ വാക്സിനുകൾ  കണ്ണിൽ ഉറ്റിക്കുകയോ, വെള്ളത്തിലൂടെ നൽകുകയോ ആണ് ചെയ്യുന്നത്. ഇതല്ലാതെ  ബ്രോയ്‌ലർ കുഞ്ഞുങ്ങൾക്ക് വളർച്ചയ്ക്കായി  യാതൊരു വിധ  കുത്തി വയ്‌പ്പുകളും നൽകേണ്ടതില്ല. 

ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളികൾ നേരിടുന്ന കാലത്ത്  അത്  പ്രതിരോധിക്കാൻ  ഏറ്റവും  ചെലവ് കുറഞ്ഞു ലഭിക്കുന്ന ഒരു മാംസ്യാഹാരമാണ് കോഴിയിറച്ചി. 100 ഗ്രാം കോഴി ഇറച്ചിയിൽനിന്ന് 240 കിലോ കാലറി ഊർജം,  27 ഗ്രാം മാംസ്യം, അവശ്യ അമിനോ അമ്ലങ്ങൾ,  വിറ്റാമിനുകൾ എന്നിവ ലഭിക്കുന്നു. കൂടാതെ കൊളസ്‌ട്രോൾ താരതമന്യേ കുറവായ ബ്രോയ്‌ലർ ഇറച്ചിയിൽ അപൂരിത കൊഴുപ്പമ്ലങ്ങൾ പൂരിത കൊഴുപ്പിനേക്കാൾ അധികമായതിനാൽ  ഇവ അപകടകാരിയാകുന്നുമില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ റിപ്പോർട്ട്‌ പ്രകാരം  ഒരു മനുഷ്യന് ഒരു വർഷം  11 കിലോ ഗ്രാം കോഴിയിറച്ചി  ഭക്ഷിക്കാമെന്നു കണക്കാക്കിയിട്ടുണ്ട്. അതായത് അനാവശ്യ വിവാദങ്ങളൊക്കെ മാറ്റിവച്ച് കാൽ കിലോയോളം  കോഴിയിറച്ചി ആഴ്ചയിലൊരിക്കൽ ഒരാൾക്ക് ധൈര്യമായി കഴിക്കാം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA