ADVERTISEMENT

കന്നുകാലികളിലെ ചർമ മുഴ രോഗം (ലംബി സ്കിൻ ഡിസീസ്) ‌കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചു. ഏറ്റവുമൊടുവിൽ അപ്പർ കുട്ടനാട്ടിൽ പശുക്കൾക്ക് വൈറസ് രോഗമായ ചർമ മുഴ രോഗം സ്ഥിരീകരിച്ചു. പനി വരുന്നതാണ് തുടക്കം. അതിനുശേഷം ശരീരത്തിൽ ചെറിയ മുഴകൾ പ്രത്യക്ഷപ്പെടും. പിന്നീട് ശരീരം മുഴുവൻ ബാധിക്കും. രൂക്ഷമാകുന്ന പക്ഷം മുഴകൾ പൊട്ടി വ്രണമാകുന്നു. കീഴ്‌താടി, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളിൽ  നീരും വരും. പശുക്കൾക്ക് നടക്കുന്നതിന് ബുദ്ധിമുട്ടും ഉണ്ടാകും. രോഗം മരണകാരണമാകുന്നില്ലെങ്കിലും പാൽ ഉൽപാദനത്തിൽ കുറവു വരുന്നതായാണ് റിപ്പോർട്ട്. തിരുവല്ല മേഖലയിൽ  40 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നഗരസഭ, പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര, കുറ്റൂർ, കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം, ആറന്മുള, തോട്ടപ്പുഴശേരി, കുളനട എന്നീ പഞ്ചായത്തുകളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  അപ്പർകുട്ടനാടൻ മേഖലയായ ആലപ്പുഴ ജില്ലയിലെ തലവടി, എടത്വ, മുട്ടാൽ പഞ്ചായത്തുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ രോഗത്തിനു കൃത്യമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു ഡോ.എം. മാത്യു അറിയിച്ചു. എങ്കിലും ഗുജറാത്തിലെ സ്വകാര്യ കമ്പനി നിർമിക്കുന്ന വാക്സിനേഷൻ രോഗത്തിനു ഫലപ്രദമാണെന്നാണ് അനുഭവം. ഗർഭിണികളായ പശുക്കൾക്ക് ഗർഭം അലസാനും സാധ്യതയുണ്ട്. ഇതുവരെ മരണം സ്ഥിരീകരിക്കാത്തതിനാൽ രോഗം ഗുരുതരമല്ലെന്നാണ് വിലയിരുത്തൽ. അസുഖം വന്ന കന്നുകാലികളെ മാറ്റിത്താമസിപ്പിക്കുകയും തൊഴുത്തിൽ ശുചിത്വം പാലിക്കുകയും വേണമെന്നാണ് നിർദേശം. 

  • ഇന്ത്യയിൽ ഗുജറാത്തിലെ സ്വകാര്യ കമ്പനി മാത്രമാണ് ഈ വാക്സിനേഷൻ ഉത്പാദിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ആവശ്യത്തിനു മരുന്ന് എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. 
  • 2 വർഷം മുൻപ് ആഫ്രിക്കയിൽ ഈ രോഗം  പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിൽ ആദ്യം കണ്ടത് ഒഡീഷയിൽ 2019 ഒക്ടോബറിലാണ്. തിരുവല്ല നഗരസഭയിൽ ഒരു മാസം  മുൻപാണ് രോഗം കണ്ടത്. തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ അയച്ചുകൊടുത്ത് രോഗം സ്ഥിരീകരിച്ചത് ഈ മാസം 15 നാണ്.
  • മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചാണ് വാക്സിനേഷൻ നൽകുന്നത്. തിരുവല്ല നഗരസഭ-4, കുറ്റൂർ-4, നെടുമ്പ്രം-4, കുന്നന്താനം-2, കടപ്ര-2, കല്ലൂപ്പാറ -1, സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. കന്നുകാലികളിൽ വന്നിരിക്കുന്ന ചെറിയ പ്രാണികൾ, കൊതുക് എന്നിവ മുഖേനയും സ്പർശനത്തിലൂടെയും മറ്റുമാണ് രോഗം പടരുന്നത്. ഇതു മനുഷ്യരിലേക്കു പകരില്ലെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com