ADVERTISEMENT

രാജ്യമാകമാനം ഇപ്പോൾ കൊറോണ വൈറൽ രോഗത്തിനെതിരെയുള്ള ജാഗ്രതയിലാണ്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ കിരീടം എന്നാണർഥം. പ്രസ്തുത വൈറസിന് കിരീടവുമായി രൂപസാദൃശ്യം ഉള്ളതിനാലാവാം ആ പേര് വന്നത്. സാധാരണ ഗതിയിൽ മനുഷ്യരിൽ മൂക്കൊലിപ്പ്,  തുമ്മൽ,  പനി എന്നിവയ്ക്ക് കരണമായേക്കാവുന്ന കൊറോണ വൈറസ് ചില സാഹചര്യങ്ങളിൽ  ന്യുമോണിയ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്.  ഇപ്പോൾ കണ്ടെത്തിയിട്ടുള്ള നോവൽ കൊറോണ വൈറസ് (2019-nCoV) ഉൾപ്പടെ മനുഷ്യരെ ബാധിക്കുന്ന ഏഴു തരം കൊറോണ വൈറസുകളെ കണ്ടെത്തിട്ടിട്ടുണ്ട്. 2003 ഇൽ 800 ഇൽ പരം ആളുകളുടെ  ജീവനെടുത്ത  SARS (Severe Acute Respiratory Syndrome), MERS-CoV (Middle East Respiratory Syndrome) എന്നിവ ഇവയിൽ ഉൾപ്പെടുന്നു. 

ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 2019-nCoV ഉൾപ്പടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ കെൽപുള്ള ജനിതക മാറ്റം സംഭവിച്ച  വൈറസുകൾ ജന്തു ജന്യമായിരുന്നു. ജന്തു ജന്യ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഈ കാലത്ത് മനുഷ്യ വൈദ്യവും,  മൃഗ വൈദ്യവും ഒന്നുചേർന്നുള്ള  one health approach അനിവാര്യമായി തീർന്നിരിക്കുകയാണ്. SARS-CoV മരപ്പട്ടികളിൽ നിന്ന് മനുഷ്യരിലേക്കും,  MERS-CoV ഒട്ടകത്തിൽനിന്ന് മനുഷ്യരിലേക്കും പടർന്നു എന്ന് കണ്ടെത്തിയപ്പോൾ,  nCoV യുടെ ഉത്ഭവം പാമ്പുകളിൽ നിന്നോ വവ്വാലുകളിൽ നിന്നോ ആണെന്നുള്ള നിരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം വൈറസുകൾ ജനിതക വ്യതിയാനം സംഭവിച് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടർന്ന് അവിടെനിന്നു മറ്റു മനുഷ്യരിലേക്ക് പടരുന്ന അവസ്ഥയാണ് ഭീകരമായിതീരുന്നത്‌. ഇത്തരത്തിൽ ജനിതക മാറ്റം സംഭവിച്ച വൈറസുകളിൽ ഒന്നാണ്  ചൈനയിൽ ഉത്ഭവിച്ച nCov. വൈറസ് രോഗങ്ങളുടെ വ്യാപനത്തിൽ നിതാന്ത ജാഗ്രത ആവശ്യമുള്ളതിനാൽ സർക്കാരും ആരോഗ്യ സംഘടനാ പ്രവർത്തകരും നൽകുന്ന മാർഗ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. 

വളർത്തു  മൃഗങ്ങളിലും കൊറോണ വൈറസ് പരത്തുന്ന രോഗങ്ങൾ  സാധാരണമാണ്. എന്നാൽ ഇവ മനുഷ്യരിലേക്ക് പടരുന്നവയല്ല. പക്ഷേ, നിലവിലെ സാഹചര്യങ്ങളിൽ മൃഗസംരക്ഷണ മേഖലയുമായി പ്രവർത്തിക്കുന്നവർ വ്യക്തി ശുചിത്വവും ജൈവസുരക്ഷയും നിർബന്ധമായും പാലിക്കണം. കോഴികളിൽ കൊറോണ വൈറസ് പരത്തുന്ന ഒരു രോഗമമാണ് ഐബി എന്നറിയപ്പെടുന്ന ഇൻഫെക്ഷ്യസ് ബ്രോങ്കൈറ്റിസ്. ചുമ,  തുമ്മൽ,  മുട്ടയുൽപ്പാദനത്തിലെ കുറവ്,  മുട്ടയുടെ രൂപ മാറ്റം,  തോടിനു കട്ടിയില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മരണ നിരക്ക് പൊതുവെ കുറവാണെങ്കിലും രോഗ വ്യാപനശേഷി തീവ്രമാണ്. ബ്രീഡർ ഫാമുകളിൽ നൽകുന്ന ഐബി വാക്‌സിൻ മുഖേന ഈ രോഗത്തെ ചെറുക്കാവുന്നതാണ്.  

കന്നുകാലികൾ,  പട്ടി, പന്നി, മുയൽ, ടർക്കി എന്നിവയ്ക്കും കൊറോണ ബാധ വരാറുണ്ട്. എന്നാൽ, ഇവയ്‌ക്കെല്ലാം പൊതുവിൽ ഉദരസംബന്ധമായ പ്രശ്നങ്ങളാണ് കണ്ടു വരാറുള്ളത്. തൂക്കം കുറയുക, വയറ്റിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പട്ടിക്കുഞ്ഞിന് കൊറോണ രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിൻ ലഭ്യമാണ്. പ്രധാനമായും അസുഖം ബാധിച്ചവയുടെ കാഷ്ഠത്തിലൂടെ പുറന്തള്ളപ്പെടുന്ന വൈറസ്,  ബാഹ്യവാഹകരാൽ മറ്റു  കൂടുകളിലേക്കും,  മറ്റ്  ഫാമുകളിലേക്കുമൊക്കെ പടരാൻ സാധ്യതയുണ്ട്.  മനുഷ്യർ,  ഉപകരണങ്ങൾ, വസ്ത്രങ്ങൾ,  വാഹനങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട  ബാഹ്യ വാഹകർ. 

പ്രായം കൂടിയ മൃഗങ്ങൾ പൊതുവെ രോഗ പ്രതിരോധ ശേഷി കൂടിയവരായതിനാൽ അവർ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത രോഗ വാഹകർ ആയേക്കാം.  അതിനാൽ വിവിധ പ്രായത്തിലുള്ള മൃഗങ്ങളെ ഫാമുകളിൽ ഒരുമിച്ചു വളർത്താതെ പ്രത്യേകം കൂടുകളിലായി വളർത്തണം. ഫലപ്രദമായ ചികിത്സാരീതികളിൽ ഇല്ലാത്ത ഇത്തരം വൈറസ് രോഗങ്ങൾ ഫാമിലേക്കെത്താതിരിക്കാൻ കർശന ജൈവ സുരക്ഷാ മാർഗങ്ങൾ അവലംബിക്കണം. ഫാമുകളിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കണം. 

സാധാരണ അണുനാശിനികൾ എല്ലാം തന്നെ മൃഗങ്ങളിൽ കണ്ടു വരുന്ന കൊറോണ വൈറസുകളെ നിർവീര്യമാക്കാൻ ശേഷിയുള്ളവയാണ്. അതിനാൽ കൂടും പരിസരവും അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം. തീറ്റപ്പാത്രം വെള്ളപ്പാത്രം എന്നിവ ദിവസേന കഴുകി വൃത്തിയാക്കണം. ദിവസവും ക്ലോറിൻ കലർന്ന വെള്ളം കുടിക്കാൻ ലഭ്യമാക്കുകയും രണ്ടാഴ്ചയിലൊരിക്കൽ കുടിവെള്ള ടാങ്കുകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. രോഗ വാഹകരായേക്കാവുന്ന ഈച്ചകളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ  ഉണ്ടായിരിക്കണം. 

കൂടാതെ ഫാമുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ കൈയുറ,  മാസ്ക് എന്നിവ ധരിക്കുന്നത് ശീലമാക്കുകയും,  ജോലിക്ക് മുമ്പും പിമ്പും അണുനാശിനികൾ ഉപയോഗിച്ച് കൈ കാലുകൾ വൃത്തിയായി കഴുകുന്നത് ശീലമാക്കുകയും വേണം. ഓർക്കുക, നിലവിൽ മൃഗങ്ങളിലും വളർത്തു പക്ഷികളിലും പലപ്പോഴായി കണ്ടു വരുന്ന കൊറോണ വൈറസ്  ബാധ മനുഷ്യരിലേക്ക് പകരുന്നവയല്ല.  അതിനാൽ ഒട്ടും പരിഭ്രമിക്കേണ്ട കാര്യമില്ല. എങ്കിലും ജന്തു ജന്യ രോഗങ്ങൾ അടിക്കടി പൊട്ടിപുറപ്പെടുന്ന ഈ കാലത്ത് മൃഗസംരക്ഷണ മേഖലയിൽ ഏർപ്പെടുന്നവർ കർശനമായും വ്യക്തി ശുചിത്വം,  പരിസര ശുചിത്വം,  ജൈവ സുരക്ഷ, രോഗ  പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com