ADVERTISEMENT

എന്റെ നായ മാന്യനും സൽസ്വഭാവിയുമാണെന്ന് അഭിമാനത്തോടെ നിങ്ങൾക്ക് പറയാൻ ആഗ്രഹമുണ്ടോ?എങ്കിൽ ഇതിനുള്ള പരിശീലനം ചെറുപ്പത്തിലേ നൽകണം. മനുഷ്യരോടും മറ്റ് മൃഗങ്ങളോടും ചേര്‍ച്ചയോടെ ജീവിക്കാനാണ് അവരെ പഠിപ്പിക്കേണ്ടത്. നായയെ ഉടമയുടെ ആജ്ഞകളെ അനുസരിക്കുന്ന, വീട്ടിലെത്തുന്നവരോടും മറ്റു നായ്ക്കളോടും മാന്യമായി പെരുമാറുന്ന സല്‍സ്വഭാവിയായി വളര്‍ത്തിയെടുക്കണം.

മലമൂത്ര വിസർജനം കൃത്യ സ്ഥലത്ത്

പുതിയ അംഗമായി വീട്ടിൽ എത്തുന്ന നായ്ക്കുട്ടിയെക്കൊണ്ട് ആദ്യമുണ്ടാകുന്ന ബുദ്ധിമുട്ട് വീട്ടിനുള്ളിലും പുറത്തും പലസ്ഥലത്തും മൂത്ര വിസർജനം നടത്തുന്നതാവും. ആദ്യ തവണ മൂത്രമൊഴിച്ച, മലവിസര്‍ജ്ജനം നടത്തിയ സ്ഥലത്തുതന്നെ വീണ്ടും അത് ചെയ്യാനുള്ള പ്രവണത നായ്ക്കള്‍ക്കുണ്ട്. അതുകൊണ്ട് ആഹാരം കൊടുത്തു വയറു നിറഞ്ഞയുടനെ അവയെ പുറത്തേക്കുവിട്ട്  എവിടെയാണോ മലമൂത്രവിസർജനത്തിന് നിശ്ചയിച്ചിരിക്കുന്നത് അവിടെയെത്തിക്കുക. ക്രമേണ ആ സ്ഥലം അവര്‍ക്ക്  ശീലമായിക്കൊള്ളും. വീടിനുള്ളിലോ, അനുവദനീയമല്ലാത്ത സ്ഥലത്തോ മലമൂത്ര വിസർജനം നടത്തിയാല്‍ ആ സ്ഥലം മണമില്ലാത്ത രീതിയില്‍ വൃത്തിയാക്കണം. ഇതിനായി പ്രത്യേക ലോഷനുകളും മറ്റും പെറ്റ് സ്റ്റോറുകളില്‍  ഇപ്പോള്‍ ലഭിയ്ക്കും. 

dog-training-1

ദഹനക്കേടുള്ള നായ്ക്കുട്ടികള്‍ക്ക് സ്വന്തം മലം കഴിക്കുന്ന സ്വഭാവമുണ്ട്. ഇങ്ങനെ കാണിച്ചാല്‍ ആദ്യംതന്നെ വിസർജ്യത്തില്‍ മുളകുപൊടിയോ മറ്റോ ഇട്ട് അത് കഴിക്കുന്നത് നല്ലതല്ലെന്ന മുന്നറിയിപ്പു കൊടുക്കണം. കൂടാതെ  ദഹനത്തെ സഹായിക്കുന്ന  മരുന്നുകളോ വിറ്റാമിന്‍, മിനറല്‍, ലിവര്‍ ടോണിക്കുകളോ നല്‍കാം. ദഹനം സുഗമമാക്കാന്‍  പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ നല്‍കുന്നവരുമുണ്ട്. ഭക്ഷണശേഷം പുറത്ത് വിട്ട് അല്‍പ്പം  ഓടിക്കുന്നപക്ഷം നായ  മലമൂത്ര വിസർജനം നടത്തിക്കൊള്ളും. അതു കൃത്യസ്ഥലത്ത് നടത്തുമ്പോള്‍ പ്രശംസിച്ചും ശീലം തെറ്റിച്ചാല്‍  അനിഷ്ടം കാണിച്ചും പരിശീലിപ്പിക്കണം. 

dog-training-2

കിട്ടുന്നതെല്ലാം കടിക്കുക

ജനന സമയത്ത് പല്ലുകളെല്ലാം മുളച്ചിട്ടുണ്ടാവില്ല നായ്ക്കുട്ടികള്‍ക്ക്. പക്ഷേ, രണ്ടുമാസം പ്രായമാകുമ്പോഴേക്കും 28 പാല്‍പ്പല്ലുകള്‍ അവയ്ക്കുണ്ടാകും. സാധാരണയായി  5-6 മാസത്തിനുള്ളില്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് പുതിയ സ്ഥിരം പല്ലുകള്‍ വരും. ഈ സമയത്ത് കിട്ടുന്നതൊക്കെ കടിക്കാനുള്ള  പ്രവണതയുണ്ടാകും.  വിശേഷിച്ച് മനുഷ്യരുടെ കയ്യുംകാലുമൊക്കെ കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കും ഈ ദുശീലം തടയണം. വിപണിയില്‍  ലഭ്യമായ ലെതര്‍ ബോണുകള്‍, ച്യൂബോണുകള്‍ എന്നിവ ഇടയ്ക്കിടെ കടിക്കാന്‍ കൊടുത്താല്‍  നായ്ക്കുട്ടികളുടെ  പല്ലിന്റെ കിരുകിരുപ്പ്  മാറിക്കിട്ടും. ഇവയൊന്നുമില്ലെങ്കില്‍  മരക്കഷ്ണമോ, തേങ്ങയോ ഇട്ടുകൊടുക്കുക. കടിക്കുന്ന ശീലമുള്ള നായ്ക്കുട്ടിയുടെ മൂക്കില്‍ ശക്തമായി ഞൊട്ടുകൊടുക്കുകയും 'No' എന്ന് ആജ്ഞാപിക്കുകയും ചെയ്യണം. 

dog-training-3

മണ്ണു തിന്നുന്ന നായ്ക്കുട്ടി

മനുഷ്യനായാലും, നായയായാലും ചെറുപ്രായത്തില്‍ മണ്ണുതിന്നുന്ന പ്രവണതയുണ്ടാകും. ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍  ഈ ശീലമുള്ള  നായ്ക്കുട്ടികളെ വെളിയില്‍ വിടുന്നത് കുറയ്ക്കുക. വിറ്റാമിന്‍, മിനറല്‍ മിശ്രിതങ്ങള്‍ ഒരു പരിധിവരെ ഗുണം ചെയ്‌തേക്കാം. നായ്ക്കള്‍ പുല്ലുതിന്നുന്നത് ദുശീലമെന്ന നിലയില്‍ കാണാന്‍ പറ്റില്ല. എങ്കിലും കീടനാശിനി പ്രയോഗമേറ്റ, ആന്തരീക പരാദങ്ങളുടെ മുട്ടകളുള്ള പുല്ലു തിന്നുന്നത് ആരോഗ്യപ്രശ്‌നമുണ്ടാക്കാം. പുല്ല് തിന്നുകയും, ഛര്‍ദ്ദിക്കുകയും ചെയ്യുന്ന നായ്ക്കള്‍ക്ക് ഡോക്ടര്‍മാര്‍ വിരമരുന്ന് നല്‍കുകയാണ് പതിവ്. അല്‍പ്പം പുല്ലു തിന്നുന്നത് നായ്ക്കളുടെ പതിവാണ്. മാംസാഹാരത്തിലില്ലാത്ത നാരുകളും, ധാതുലവണ വിറ്റാമിനുകളും ലഭിയ്ക്കാന്‍ പുല്ലു തിന്നുന്ന ശീലം നായ്ക്കളെ  സഹായിക്കുന്നുണ്ടെന്ന് കരുതുന്നു. പുല്ലു തിന്നുന്നത് പോലെ പഴയ വനജീവിത സ്വഭാവവും നായ്ക്കള്‍ കാണിക്കാറുണ്ട്. ആഹാരം സൂക്ഷിക്കാനും ഇരതേടാനും, സുരക്ഷയ്ക്കും, കുഞ്ഞുങ്ങളെ സൂക്ഷിക്കാനും, കാലാവസ്ഥയില്‍നിന്ന് സംരക്ഷണത്തിനും ആണ് നായ്ക്കള്‍ ഇതു ചെയ്തിരുന്നത്. എന്നാല്‍ വീട്ടിലെ നായ  മണ്ണു മാന്തല്‍ ശീലമാക്കിയാല്‍ അതൊഴിവാക്കുക തന്നെ വേണം. മണ്ണു മാന്തുന്ന സമയത്തു  ശക്തമായ ഭാഷയില്‍  'No' പറഞ്ഞ് തടയുകയും  മറ്റു കളികളിലേക്കോ, കളിപ്പാട്ടത്തിലേക്കോ ശ്രദ്ധ മാറ്റുകയും ചെയ്യുക. ചൂടുള്ള സ്ഥലമാണെങ്കില്‍ തണലിലേക്ക്  മാറ്റി നിര്‍ത്താനും ശ്രമിക്കണം.  

dog-training--4

അനാവശ്യമായ കുര

നായയ്ക്ക് ആവശ്യമുള്ള  കുര നമുക്ക് അനാവശ്യമായിരിക്കും. നായ അനാവശ്യമായി കുരയ്ക്കുന്നുവെന്ന് പല ഉടമകളും പരാതി പറയാറുണ്ട്.  നമുക്ക് അനാവശ്യമെന്ന് തോന്നുമെങ്കിലും നായയ്ക്ക് അതിന്റേതായ കാരണമുണ്ടാകാം.  കാരണത്തിന് അനുസരിച്ച് കുരയുടെ  രീതിയിലും മാറ്റമുണ്ടാകാം. എന്നാല്‍, നായ സദാ കുരയ്ക്കുന്നത് അയല്‍ക്കാര്‍ക്കും നമുക്കും ശല്യമുണ്ടാക്കും. അനാവശ്യമായി കുറയ്ക്കുന്ന  നായയുടെ അടുത്ത് ചെന്ന് ഇടതുകൈകൊണ്ട് അതിന്റെ വായ പതുക്കെ അടച്ചുപിടിക്കുകയും 'No' എന്ന് ആജ്ഞാപിക്കുകയും ചെയ്യുക. കുരനിര്‍ത്തുന്ന സമയത്ത് Good boy എന്ന് സ്‌നേഹം കലര്‍ത്തി പറഞ്ഞ് പ്രശംസിക്കുകയും, വാത്സല്യം  പ്രകടിപ്പിക്കുകയും ചെയ്യണം. 

കട്ടിലിൽ കയറുന്ന നായ

വീടിനുള്ളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ കട്ടിലിലും സോഫയിലുമൊക്കെ കയറിക്കിടക്കാറുണ്ട്. ഇത് തടയുകയും  അവര്‍ക്കായി പ്രത്യേക സ്ഥലം ഒരുക്കുകയും ചെയ്യണം.

കൂട്ടില്‍ കയറാന്‍ മടിക്കുന്ന നായ്ക്കളുടെ മനസിലെന്താവും? വേറൊന്നുമല്ല, കയറിയാല്‍ പിന്നെ ഇറങ്ങാന്‍ കഴിയില്ലെന്ന അനുഭവപാഠം തന്നെ. അതിനാല്‍ കൂട്ടില്‍ സ്ഥിരമായി പാര്‍പ്പിക്കാതെ ഇടയ്ക്കിടെ അഴിച്ചു വിടണം. കയറിയാലും ഇറങ്ങാം എന്നു വിശ്വാസമുണ്ടായാല്‍ നായ കൂട്ടില്‍ കയറാനുള്ള ആജ്ഞ അനുസരിക്കും. മുറ്റത്തു നടക്കുന്ന നായ്ക്കളെ  കാര്‍, സൈക്കിള്‍ തുടങ്ങിയ വാഹനങ്ങള്‍ വരുമ്പോഴും അതിഥികള്‍ വരുമ്പോഴും കൂട്ടില്‍ കയറ്റുകയും ആവശ്യശേഷം തുറന്നു വിടുകയും ചെയ്യുക. ഇങ്ങനെ ചെയ്ത് ശീലമായാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നായ്ക്കള്‍ സ്വയം കൂട്ടില്‍ കയറുന്നത് കാണാം. ഉടമ പുറത്തേക്ക് വാഹനത്തിലോ മറ്റോ പോകുമ്പോഴും, അവയെ കൂട്ടില്‍ കയറാന്‍ പരിശീലിപ്പിക്കാം. 

വാഹനങ്ങളുടെ പുറകെ ഓട്ടം

കാറിന്റെയും, ബൈക്കിന്റെയും പിന്നാലെയുള്ള ഓട്ടം നായ്ക്കളുടെ മറ്റൊരു  മോശം ശീലമാണ്. ഇത് അപകടമുണ്ടാക്കുന്നതുമാണ്. ഇത്തരം നായ്ക്കളെ റോഡിലിറക്കുമ്പോള്‍ ചോക്ക്,  ചങ്ങല, ഹാര്‍ണസ് എന്നിവ കൂടി കരുതണം. കൂടാതെ റോഡിലെ ഈ ശീലം തടയാന്‍ വേറൊരു പരിശീലനം നല്‍കാം. ഏകദേശം ആറു മീറ്റര്‍ നീളമുള്ള കയറിന്റെ അറ്റത്ത് ഹാര്‍ണസില്‍ നായയെ കെട്ടിയിടണം. വാഹനം വരുന്ന സമയത്ത്  നായ ഓടിയാലും കയറിന്റെ നീളം ഹാര്‍ണസില്‍  മുന്‍പിലത്തെ കാല്‍ വലിഞ്ഞു പൊങ്ങിയ നിലയില്‍ നിന്നുപോകും. ഈ അനുഭവം ആവര്‍ത്തിച്ചാല്‍ ഈ ശീലത്തിന് ശമനമുണ്ടാകും. മറ്റൊരു രീതിയിലും ഈ ശീലം മാറ്റാം. കപ്പിലോ ഗാര്‍ഡന്‍ സ്‌പ്രെയറിലോ വെള്ളമെടുത്ത് വാഹനത്തിന്റെ പിന്നിലെ സീറ്റിലിരുന്ന് ഓടിവരുന്ന നായയുടെ മുഖത്തേക്ക് ഒഴിച്ചോ, സ്‌പ്രേ ചെയ്‌തോ 'No' എന്ന് ആജ്ഞാപിക്കുക. ഇതു പല തവണ ആവര്‍ത്തിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്തതാണ് താന്‍ ചെയ്യുന്നതെന്ന് നായയ്ക്കു മനസ്സിലാകും. 

dog-training-5

ചെരുപ്പുകൾ സൂക്ഷിക്കുക

വീട്ടിലെ ചെരുപ്പുകളും, ഷൂസുകളും കടിച്ചു നശിപ്പിക്കുന്ന ശീലം തടയാനും വിദ്യകളുണ്ട്. നായയുടെ മുന്നില്‍ വച്ച്  ഷൂസോ, ചെരുപ്പോ അഴിച്ചിടുക.  കടിക്കാന്‍ വന്നാല്‍ 'No' എന്ന് ശക്തമായി പറയുക. അൽപം കുരുമുളക്‌പൊടി, പച്ചമുളകരച്ചത് എന്നിവയിലൊന്ന് വിനാഗിരിയില്‍ ചേര്‍ത്ത് ഒരു നുള്ള് നായയുടെ  മൂക്കിലും, ഒരു നുള്ള് അവന്റെ കണ്‍മുമ്പില്‍ വച്ച് ഷൂസിലും ചെരുപ്പിലും പുരട്ടുന്നതും അവനൊരു സന്ദേശം നല്‍കും. വൈദ്യുതി  വയര്‍, കേബിള്‍ എന്നിവ നശിപ്പിക്കുന്നവയ്ക്കും ഇത്തരം ചെറുശിക്ഷ മുന്നറിയിപ്പാകും. 

വെറുതേ. മോങ്ങുന്ന നായ

വെറുതെ മോങ്ങുന്ന, ഓരിയിടുന്ന സ്വഭാവമുള്ള നായ്ക്കളും ശല്യക്കാര്‍ തന്നെ. പലപ്പോഴും മോങ്ങല്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്. നായ്ക്കുട്ടികള്‍ മോങ്ങി മോങ്ങി തള്ളയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു.  എന്നാല്‍, വലുതായിട്ടും മോങ്ങുന്ന നായ വീടിനു ഭാരമാകും. മോങ്ങുന്ന നായയെ അവഗണിക്കുന്നതാണ് നല്ലത്. അതിനാല്‍ നായ മോങ്ങുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനു പകരം ശാസിക്കുകയും അവഗണിക്കുകയും ചെയ്യണം. ശ്വാനവർഗത്തില്‍പ്പെട്ട മൃഗങ്ങള്‍ ഓരിയിടുന്നതിന് കാട്ടില്‍ പല അർഥങ്ങളുണ്ട്. വീട്ടിലെ നായ ഓരിയിടുന്നതിനും കാരണമുണ്ടാകും. കാരണങ്ങള്‍ അനുസരിച്ച് ഓരിയിടുന്ന രീതിക്കും വ്യത്യാസമുണ്ടാകും. സന്തോഷം, സന്താപം, വിരഹം, കാലാവസ്ഥാമാറ്റം, ഇടിയും, മിന്നലും, ഇണചേരല്‍ എന്നിങ്ങനെ പല അവസരത്തില്‍  പലതരത്തില്‍ ഓരിയിടാം. അതിനാല്‍ ഓരിയിടുന്ന സമയത്തു ശ്രദ്ധിച്ചാല്‍ കാരണം കണ്ടെത്താന്‍ കഴിയും. 

വെറുതെ കടിക്കുന്ന നായ

ഇണങ്ങിയ നായ അതിന്റെ ഉടമയെ അല്ലെങ്കില്‍ വീട്ടുകാരെ പെട്ടെന്നൊരു ദിവസം കടിയ്ക്കാന്‍ തുടങ്ങുന്നു. ഇതിനും കാരണങ്ങള്‍ കണ്ടുപിടിക്കാം. ഉദാഹരണത്തിന് തന്റെ സ്വന്തമായി കരുതുന്ന വീട്ടിലേക്ക്  പുതിയ ഒരു നായക്കുട്ടിയെത്തുകയും ഉടമയും, വീട്ടുകാരും അതിനോട് അമിത വാത്സല്യം  കാണിക്കുകയും ചെയ്യുന്നത് നായയ്ക്ക് താങ്ങാന്‍  കഴിയാതെ വരും.  പുതിയ നായ്ക്കുട്ടി വരുമ്പോള്‍ മാത്രമല്ല വീട്ടിലേക്ക് അപരിചിതനായ  പുതിയൊരു അംഗം വന്നാലും, പുതിയ കുട്ടി ജനിച്ചാലുമൊക്കെ നായ ഇത്തരം സ്വഭാവം കാണിക്കാം. നായ കടിയ്ക്കാന്‍ വരുമ്പോള്‍ ഓടാതെ ഒഴിഞ്ഞുമാറുക, വീട്ടിലെ  ഉടമയെ പേരെടുത്ത് വിളിക്കുക. ഒരു കാരണവശാലും നായയുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കരുത്. കാരണം കണ്ണുകളിലേക്കുള്ള തുറിച്ചു നോട്ടം നായയെ സംബന്ധിച്ച് പോര്‍വിളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com