ADVERTISEMENT

വടക്കന്‍ പാട്ടിന്‍റെ ഈരടികളിലൂടെയും കളരിപ്പയറ്റിന്‍റെ പെരുമയിലൂടെയും ലോകത്തിന് സുപരിചിതമായ നാടാണ് വടകരയും അതുള്‍പ്പെടുന്ന കടത്തനാടന്‍ ദേശവും. പേരും പെരുമയും ചരിത്രപ്രൗഢിയും ഏറെയുള്ള വടകരയെന്ന ദേശത്തിന് സ്വന്തമെന്ന് പറയാന്‍ ഒരു തനതിനം പശുക്കള്‍ കൂടിയുണ്ട്, അതാണ് വടകര പശുക്കള്‍. തീരസാമീപ്യം ഏറെയുള്ള കടത്തനാടിന്‍റെ മണ്ണില്‍ ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ നാടന്‍ പശുക്കളാണ് വടകര പശുക്കള്‍. 

വടകര പശുവിന്‍റെ വിശേഷങ്ങള്‍

വടകര താലൂക്കിലെ വളയം, ചെക്യാട്, നരിപറ്റ, വാണിമേല്‍, വേളം തുടങ്ങിയ പഞ്ചായത്തുകളിലെ പരമ്പരാഗത കര്‍ഷകരാണ് വടകര പശുക്കളെ പ്രധാനമായും സംരക്ഷിക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രത്യേക ബ്രീഡ് എന്ന പദവി നല്‍കിയ കേരളത്തിലെ ഏക പശുവിനമായ  വെച്ചൂര്‍ പശുക്കളുമായി സ്വഭാവത്തിലും ശരീരപ്രത്യേകതകളിലും ഏറെ സമാനതകള്‍ പുലര്‍ത്തുന്നവയാണ് വടകര പശുക്കള്‍. 

പരമാവധി 95 മുതല്‍ 105 സെന്‍റീമീറ്റര്‍ വരെയാണ് ഉയരം. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്.  ചെറുതും മുന്നോട്ട് ചാഞ്ഞ് നില്‍ക്കുന്നതുമായ മുതുകിലെ പൂഞ്ഞയും, വശങ്ങളിലേക്ക് വളര്‍ന്ന് അകത്തേക്ക് വളഞ്ഞ ചെറിയ കൊമ്പുകളും,  കഴുത്തിലെ നന്നായി ഇറങ്ങി വളര്‍ന്ന താടയും, നിലത്തറ്റം മുട്ടുന്ന വാലുകളുമെല്ലാം വടകര പശുവിന്‍റെ ശരീരപ്രത്യേകതകളാണ്. ചെറിയ മിനുമിനുത്ത രോമങ്ങളും ഉരുണ്ട അഗ്രത്തോട് കൂടിയ ചെറിയ മുലക്കാമ്പുകളും വടകര പശുവിന്‍റെ  ലക്ഷണങ്ങളാണ്. 

vadakara-cow-2
വടകര കാള

കേരളത്തിലെ മറ്റ് നാടന്‍ പശുക്കളുമായി താരതമ്യപ്പെടുത്തിയാല്‍ പാലുല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് വടകര പശുക്കള്‍. ദിവസം 3 മുതല്‍ 3.5 ലിറ്റര്‍ വരെ നല്ല കൊഴുപ്പുള്ള പാല്‍ ലഭിയ്ക്കും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന കറവക്കാലവും വടകര പശുക്കള്‍ക്കുണ്ട്. പരമാവധി പത്ത് മാസം വരെ കറവ നടത്താം. പ്രസവാനന്തരം മൂന്ന് മാസമെത്തുമ്പോള്‍  വീണ്ടും ഇണ ചേര്‍ക്കാം. വര്‍ഷത്തില്‍ ഒരു പ്രസവം വടകര പശുക്കളില്‍ സാധാരണയാണ്. 20 തവണയിലേറെ പ്രസവിച്ച പശുക്കള്‍ വടകര മേഖലയിലുണ്ട്. ആയുസിന്‍റെ കാര്യത്തിലും പശുക്കള്‍ മുന്നില്‍ തന്നെ. സാംക്രമികരോഗാണുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ പിടിപെടുന്നതും അപൂർവം.

വെച്ചൂര്‍, കാസര്‍ഗോഡ് പശുക്കളെ അപേക്ഷിച്ച് ആരോടും ഇണങ്ങുന്ന ശാന്ത സ്വഭാവക്കാരാണ് വടകര പശുക്കള്‍. മൂക്കുകയറിടാതെയും കെട്ടിയിടാതെയുമെല്ലാം വളര്‍ത്താം. വടകര പശുക്കളുടെ പരിപാലനച്ചെലവും തീരെ തുച്ഛമാണ്. പറമ്പില്‍ വളരുന്ന ഏത് പച്ചപ്പുല്ലും, പച്ചിലകളും, ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം വടകര പശുക്കള്‍ക്ക് പ്രിയമുള്ള ആഹാരങ്ങളാണ്.

വടകര പശുക്കള്‍ - വംശനാശത്തിന്‍റെ വക്കില്‍

കേരള കാര്‍ഷിക സര്‍വകലാശാല ദേശീയ കാര്‍ഷിക ടെക്നോളജി പദ്ധതിയുടെ  ഭാഗമായി 2003-ല്‍ നടത്തിയ സമഗ്രപഠനത്തില്‍ വടകര മേഖലയില്‍ 20,000ൽപരം തനതിനം പശുക്കള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍മാരായ ഡോ. കെ. അനില്‍കുമാറിന്‍റെയും, ഡോ. കെ.പി. രഘുനന്ദനന്‍റെയും നേതൃത്വത്തിലായിരുന്നു അന്ന് വടകര മേഖലയില്‍ പഠനം നടത്തിയത്. എന്നാല്‍, പത്തുവര്‍ഷം  കഴിഞ്ഞ് 2013ല്‍ വീണ്ടും കണക്കെടുത്തപ്പോള്‍ വടകര പശുക്കളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമായിരുന്നു. ഒരു തനത് ജീവിയിനം എത്ര വേഗത്തിലാണ് വംശനാശത്തിലേക്ക് നീങ്ങുന്നത് എന്നതിന്‍റെ ആഴം വ്യക്തമാക്കുന്ന കണക്കാണിത്. ഈയൊരു സാഹചര്യത്തിലാണ് മൃഗസംരക്ഷണവകുപ്പ് വടകര പശുക്കളുടെ സുസ്ഥിരമായ സംരക്ഷണത്തിനായുള്ള പദ്ധതിക്ക് തുടക്കമിടുന്നത്.

vadakara-cow-1
വടകര പശു സംരക്ഷണപദ്ധതി നാദാപുരം എംഎൽഎ ഇ.കെ. വിജയൻ ഉൽഘാടനം ചെയ്യുന്നു

സുസ്ഥിര വടകര പശു സംരക്ഷണ പദ്ധതി

കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് സുസ്ഥിര വടകര പശു സംരക്ഷണ പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. മൃഗസംരക്ഷണവകുപ്പിന്‍റെ മോഡല്‍ പഞ്ചായത്ത് പദ്ധതിക്കു കീഴില്‍ ഈ പദ്ധതിക്കായി അഞ്ചുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വടകര താലൂക്കില്‍ തനത് വടകര പശുക്കളെ വളര്‍ത്തുന്ന മുഴുവന്‍ കര്‍ഷകരെയും സുസ്ഥിര പദ്ധതിയുടെ ഗുണഭോക്താക്കളാക്കും.  താലൂക്കിലെ മുഴുവന്‍ വടകര പശുക്കളെയും പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി ഈ തനതിനത്തിന്‍റെ വംശവര്‍ദ്ധന  ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വടകര പശു പരിപാലന സൊസൈറ്റിയും  രൂപീകരിച്ചിട്ടുണ്ട്.

20 പശുക്കള്‍ ഉള്‍പ്പെടുന്ന വടകര പശു പ്രജനന കേന്ദ്രം സ്ഥാപിക്കാനും ഇവയുടെ പാല്‍, മൂത്രം, ചാണകം എന്നിവയും ഉപോല്‍പ്പന്നങ്ങളും നിർമിച്ച് വിതരണം ചെയ്യുന്നതിനും പദ്ധതിയിലുദ്ദേശിക്കുന്നുണ്ട്. വടകര പശുക്കളുടെ ചാണകവും, മൂത്രവും ശേഖരിക്കുന്നതിനായി 40 തൊഴുത്തുകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നടക്കും. പുതിയ വടകര പശുക്കളെ വാങ്ങാനും തീറ്റപ്പുല്‍കൃഷി വ്യാപകമാക്കാനുമുള്ള സാമ്പത്തിക സഹായങ്ങളും കര്‍ഷകര്‍ക്ക് പദ്ധതിയുടെ കീഴില്‍ ലഭ്യമാക്കും. പദ്ധതിയിലംഗങ്ങളായി ചേര്‍ന്ന കര്‍ഷകര്‍ക്ക് മാസം തോറും 30 കിലോഗ്രാം കടലപ്പിണ്ണാക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യും. 

vadakara-cow-3
വടകര പശു പരിപാലന സൊസൈറ്റി അംഗത്വ വിതരണം

ഇക്കഴിഞ്ഞ ഫെബ്രവരി 1-ാം തീയതിയാണ് പദ്ധതിയ്ക്ക് ഔദ്യോഗികമായ ആരംഭം കുറിച്ചത്. അന്യം നിന്നുപോവുന്ന വടകര പശുക്കളെ സംരക്ഷിക്കുന്നതിനായുള്ള  ഈ കര്‍മപദ്ധതിയ്ക്ക്  മുന്‍കൈയെടുത്തത് നാദാപുരം എംഎല്‍എ ഇ.കെ. വിജയനാണ്. സംസ്ഥാനമൃഗസംരക്ഷണ-വനംവകുപ്പ് മന്ത്രി കെ. രാജുവിന്‍റെ പ്രത്യേക താല്‍പര്യവും സുസ്ഥിര വടകര പശു സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സഹായകമായി തീര്‍ന്നു. കോഴിക്കോട് വളയം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് വടകര പശുക്കള്‍ക്കായുള്ള ഈ മാതൃകാവംശരക്ഷാപദ്ധതി രൂപപ്പെടുത്തിയത്. നിലവില്‍ വടകര പശു സംരക്ഷണ സൊസൈറ്റിയുടെ  മുഖ്യ ഭാരവാഹികൂടിയാണ് അദ്ദേഹം.

പദ്ധതിയെപ്പറ്റി കൂടുതലറിയാന്‍ 

ഡോ. ഗിരീഷ് കുമാര്‍, വെറ്ററിനറി സര്‍ജന്‍, വളയം ഗ്രാമപഞ്ചായത്ത്, കോഴിക്കോട്

പ്രകാശന്‍, വടകര, ഫോണ്‍ - 9447413339 

രാജീവ്, വളയം. ഫോണ്‍ - 9048328666

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com