sections
MORE

വീട്ടിൽ നായയോ പൂച്ചയോ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചിരിക്കണം

HIGHLIGHTS
  • മേൽനോട്ടം മുതിർന്നവർക്ക്
  • കുട്ടികൾക്കിണങ്ങിയ ഇനം വേണം
dog-1
ചിത്രങ്ങൾക്ക് കടപ്പാട്: Denny Daniel, Esa den's kennel, Kayamkulam, Alappuzha
SHARE

വീട്ടിലെ അരുമയുടെ ഹൃദയം കവരുന്ന ചങ്ങാതിമാർ നിങ്ങളുടെ കുട്ടികളായിരിക്കും. രണ്ടു പേരും നിഷ്കളങ്ക സ്നേഹത്തിന്റെ ഉടമകൾ.  കുട്ടികളുടെ  സ്വപ്നവും ആഗ്രഹവും നിര്‍ബന്ധവും കാരണമാകും അരുമയെ നിങ്ങൾ വാങ്ങിയിട്ടുണ്ടാവുക. അരുമകളുമായുള്ള കൂട്ട് കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും സ്വഭാവരൂപീകരണത്തിലും സ്വാധീനം ചെലുത്തുമെന്ന്  പഠനങ്ങള്‍ പറയുന്നു. എങ്കിലും കുട്ടികള്‍ അരുമകളുമായി ഇടപെടുമ്പോള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ കാര്യത്തില്‍. 

മേൽനോട്ടം മുതിർന്നവർക്ക്

മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടികളെ പ്രത്യേകിച്ച് അഞ്ചു വയസില്‍ താഴെയുള്ളവരെ അനുവദിക്കാവൂ. അരുമകളുടെ പരിപാലനത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് നല്ലതാണെങ്കിലും ഓരോ കുട്ടിക്കും അവന്റെ പ്രായത്തിനനുസരിച്ചുള്ള ജോലികള്‍ മാത്രം നല്‍കുക. നായ്ക്കള്‍ക്ക് ഭക്ഷണം, പരിശീലനം, വ്യായാമം, ഗ്രൂമിങ്ങ് എന്നിവയൊക്കെ ചെയ്യാന്‍ അവരെ പഠിപ്പിക്കുന്നതില്‍ തെറ്റില്ല. 

അടുപ്പം കരുതലോടെ

എത്ര അടുപ്പമുള്ളവരായാലും ഒരിക്കലും കുട്ടിയുടെയും, നായയുടെയും മുഖങ്ങള്‍ അത്രയ്ക്കു ചേര്‍ത്തു പിടിക്കാന്‍ സമ്മതിക്കരുത്. ഒരിക്കലും നായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയെ ശല്യപ്പെടുത്താന്‍ പാടില്ല. അതുപോലെ ഉറങ്ങുന്ന നായയെ തൊടാനോ, പേടിപ്പിക്കാനോ പാടില്ല. അതുപോലെ അപകടകരമാണ് നായ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയെ ശല്യപ്പെടുത്തുന്നത്. അതുപോലെ അപകടകരമാണ് നായ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണമോ, കളിക്കുന്ന കളിപ്പാട്ടമോ എടുത്തുകൊണ്ടുപോകുവാന്‍ ശ്രമിക്കുന്നത്. വളരെ സൗമ്യമായും, സ്‌നേഹത്തോടെയും കൈകാര്യം ചെയ്യണം. കര്‍ശനമായി പെരുമാറാനോ, അലോസരപ്പെടുത്താനോ, ഉറക്കെ ബഹളംവച്ച് പേടിപ്പിക്കാനോ തുനിയരുത്. അശ്രദ്ധമായി ഓടിയും ചാടിയും നടന്ന് നായയെ ചവിട്ടുന്നതും, അവയുടെ മുകളില്‍ വീഴുന്നതുമൊക്കെ അപകടം ക്ഷണിച്ചുവരുത്തും. 

dog

നായയും പൂച്ചയുമൊന്നും വെറും കളിപ്പാട്ടങ്ങളല്ലെന്ന് കുട്ടികള്‍ അറിയണം. ചെവിയിലും, വാലിലും, കാലിലുമൊക്കെ പിടിച്ച് എടുക്കാന്‍ ശ്രമിക്കുന്നതും, ഈ ഭാഗങ്ങളില്‍ പിടിച്ചു വലിക്കുകയും തിരിക്കുകയും ചെയ്യുന്നതും നായയെ പ്രകോപിപ്പിക്കും. നായയുടെ പുറത്ത് കയറിയിരിക്കുന്നതും ശരിയായ ശീലമല്ല. കളിപ്പാട്ടവും, കല്ലും മറ്റും എറിഞ്ഞ് നായയെ ഉപദ്രവിക്കുന്നത് അപകടകരമാണ്. മൃഗങ്ങളുടെ വായില്‍ കയ്യിടുന്നതൊക്കെ ഏറ്റവും അപകടം തന്നെ. നായ്ക്കള്‍ കുട്ടികളുടെ മുഖത്തോ മറ്റു ശരീരഭാഗങ്ങളോ നക്കിത്തുടയ്ക്കാന്‍ അനുവദിക്കരുത്. 

കുട്ടികൾ അറിയേണ്ടത്

അരുമ മൃഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും, ശരീരഘടനയേക്കുറിച്ചും കുട്ടികളെ പഠിപ്പിച്ചു കൊടുക്കണം.  

കുട്ടികൾക്കിണങ്ങിയ ഇനം വേണം

നായയെ  വാങ്ങുമ്പോള്‍ കുട്ടികള്‍ക്കിണങ്ങിയ ജനുസ്സിനെ വാങ്ങുക. കുട്ടികളോടുള്ള  ഇണക്കം നായ ജനുസ്സുകളെ തിരഞ്ഞെടുക്കുന്നതില്‍ പ്രധാന ഘടകമാണ്. ടെറിയര്‍, ടോയ് വിഭാഗത്തില്‍പ്പെട്ട ഇനങ്ങളെ കുട്ടികളുള്ള വീട്ടിലേക്ക് വാങ്ങുന്നത് ശ്രദ്ധയോടെ വേണം. വലുപ്പം കൂടിയ ജനുസ്സുകള്‍ ചിലപ്പോള്‍ ചെറിയ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഇടത്തരം വലുപ്പമുള്ള ആക്രമണ സ്വഭാവമുള്ള ഇനങ്ങളെ ഒഴിവാക്കണം. എങ്കിലും നല്ല പരിശീലനവും, പരിചരണവും, സ്‌നേഹവും ലഭിക്കുന്ന വീട്ടില്‍ നായകള്‍ കുട്ടികളുമായി എളുപ്പം ഇണങ്ങും.

dog-2

അരുമകളുടെ ആരോഗ്യം പ്രധാനം

മൃഗങ്ങളുടെ കൂടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഓമനമൃഗങ്ങളെ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രം വീട്ടില്‍ വാങ്ങിക്കൊണ്ടുവരിക. കുറച്ചു ദിവസം മാറ്റിപ്പാര്‍പ്പിച്ചതിനു ശേഷമാവാം വീട്ടിലേക്ക് പ്രവേശനം. വിരമരുന്നുകളും, വാക്‌സിനേഷനും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കണം. രോഗലക്ഷണങ്ങളുള്ള നായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കണം. ഗുണമേന്മയുള്ള ഭക്ഷണവും ശുദ്ധജലവും നായ്ക്കള്‍ക്ക് ഉറപ്പാക്കണം. പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങളില്ലാതെ ചില രോഗങ്ങളുടെ വാഹകരായി  പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കണം. നായ്ക്കളുടെ ശരീര ശുചിത്വം, ഗ്രൂമിങ്ങ് എന്നിവ കൃത്യമായി ശ്രദ്ധിക്കുക. 

കുട്ടികളുടെ ആരോഗ്യം

മൃഗങ്ങളില്‍നിന്നുണ്ടാകുന്ന അപകടങ്ങള്‍, രോഗബാധ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള കരുതലാണ് ആവശ്യം. അതിന് പകരം ഭയംകൊണ്ട് മൃഗങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താനും പാടില്ല. പൂര്‍ണ്ണമായ രോഗപ്രതിരോധ സംവിധാനം കുട്ടികള്‍ക്കില്ലായെന്നത് ഓര്‍ക്കുക. അതുപോലെ കുട്ടികള്‍ എപ്പോഴും ശുചിത്വ ബോധമുള്ളവരായിരിക്കണമെന്നുമില്ല. നായ്ക്കളും പൂച്ചയുമൊക്കെ പല്ലോ, നഖമോ ഉപയോഗിച്ചുണ്ടാക്കുന്ന മുറിവുകള്‍ ശ്രദ്ധിക്കണം. രോഗബാധയുള്ള നായ്ക്കളുടെ കടിയും മാന്തുമൊക്കെ അപകടകരമാകാം. കൂടാതെ  നായ്ക്കളുടെ ചര്‍മ്മം, ഉമിനീര്‍, മൂത്രം, ശരീരസ്രവങ്ങള്‍, കാഷ്ഠം എന്നിവയൊക്കെ രോഗബാധയുള്ള നായ്ക്കളില്‍ ശ്രദ്ധിക്കണം.വയറിളക്കം മുതലായ ലക്ഷണങ്ങള്‍ കാണിക്കുന്ന മൃഗങ്ങളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തണം.

ശുചിത്വ ബോധം കുട്ടികൾക്കും

മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. മൃഗങ്ങളെ സ്പര്‍ശിച്ച ശേഷം നഖം കടിക്കുന്നതും, കൈ വായിലിടുന്നതുമൊക്കെ വ്യക്തി ശുചിത്വത്തിന് നിരക്കുന്നതല്ല. 

മൃഗങ്ങളുടെ വിസർജ്യത്താല്‍ മലിനമായ വെള്ളവും, ഭക്ഷണവും ഉള്ളില്‍ ചെല്ലുന്നതും, അവയെ സ്പര്‍ശിക്കുമ്പോഴും, അവയുടെ കാഷ്ഠം വീണ മണ്ണില്‍ കളിക്കുമ്പോഴുമൊക്കെ വിരബാധ കുട്ടികള്‍ക്കുണ്ടാകാനിടയുണ്ട്. ഉരുണ്ട വിര, കൊക്കപ്പുഴു, നാടവിരബാധ ഇവയൊക്കെ സാധ്യതകളാണ്. നായയുടെയും, പൂച്ചയുടെയും കൂടെയുള്ള ഉറക്കം ഒഴിവാക്കണം. ഓമന മൃഗങ്ങളുടെ ത്വക്കിലും, രോമത്തിലും ഉള്ള ചെള്ള്, പട്ടുണ്ണി, മണ്ഡരി തുടങ്ങിയവ കുട്ടികളുടെ ശരീരത്തിലെത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കാം. കൂടാതെ ഇവ പരത്തുന്ന ചില രോഗങ്ങളും ഉണ്ട്. പൂച്ചക്കാഷ്ഠവുമായി സമ്പര്‍ക്കം ഒഴിവാക്കണം. എലിപ്പനി ബാധയുള്ള നായ്ക്കളുടെ  മൂത്രവുമായുള്ള സമ്പര്‍ക്കും രോഗകാരണമാകാം. ഓമന മൃഗങ്ങളുടെ ത്വക്കും, ഉമിനീരും, മൂത്രവും ഒക്കെ ദേഹത്തു പറ്റിയാല്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. 

വീടിന്റെയും, മൃഗങ്ങളുടെ കൂടിന്റെയും ശുചിത്വവും, മൃഗങ്ങളുടെയും, കുട്ടികളുടെയും വ്യക്തി ശുചിത്വവും, മൃഗങ്ങളുടെ ആരോഗ്യ പരിപാലനവും,  ശ്രദ്ധയോടെയുള്ള ഇടപെടലും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അവരുടെ കൂട്ടുകാരെ ഒപ്പം കൂട്ടാം.

കൂടുതൽ വിവരങ്ങൾക്ക്: 9446203839, drsabingeorge10@gmail.com

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA