ADVERTISEMENT

പശുക്കളില്‍ പ്രസവാനന്തരം പിടിപെടാനിടയുള്ള രോഗങ്ങള്‍ തടയേണ്ടത് മികച്ച പാലുല്‍പ്പാദനം കൈവരിക്കാന്‍ പ്രധാനമാണ്. മാത്രമല്ല, പ്രസവാനന്തരം ചുരുങ്ങിയ ഇടവേളയ്ക്കുള്ളില്‍ പശുക്കള്‍ വീണ്ടും മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനും മൂന്നു മാസത്തിനുള്ളില്‍ അടുത്ത ഗര്‍ഭധാരണം നടക്കുന്നതിനും പ്രസവാനന്തരരോഗങ്ങള്‍ തടയേണ്ടത് പ്രധാനം തന്നെയാണ്. പശുക്കളില്‍ ഒരു പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ അടുത്ത ഗര്‍ഭധാരണം നടന്നെങ്കില്‍ മാത്രമേ വര്‍ഷത്തില്‍ ഒരു പ്രസവം ഉറപ്പുവരുത്താന്‍ സാധിക്കൂ. കറവപ്പശുക്കളില്‍ വര്‍ഷത്തില്‍  ഒരു പ്രസവം ഉറപ്പാക്കുക എന്നത് ക്ഷീരസംരംഭത്തിന്‍റെ  സാമ്പത്തികവിജയത്തില്‍ പരമപ്രധാനമാണ്.

പ്രസവാനന്തരമുണ്ടാവാനിടയുള്ള പ്രധാനരോഗങ്ങള്‍

വിവിധ ബാക്ടീരിയകള്‍, ഫംഗസുകള്‍ തുടങ്ങിയ രോഗാണുക്കള്‍ കാരണമായുണ്ടാവുന്ന അകിടുവീക്കം, ഗര്‍ഭാശയവീക്കം, ഗര്‍ഭാശയ പഴുപ്പ്, ഉപാപചയരോഗങ്ങളായ ക്ഷീരസന്നി, മഗ്നീഷ്യത്തിന്‍റെ അപര്യാപ്തതരോഗം, കീറ്റോസിസ്, ഫാറ്റിലിവര്‍ രോഗം എന്നിവയെല്ലാമാണ് പ്രസവാനന്തരമുണ്ടാവിനിടയുള്ള പ്രധാനരോഗങ്ങള്‍.

ക്ഷീരസന്നി

പ്രസവാന്തരം ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ് ക്രമാതീതമായി കുറയുന്നതാണ് ക്ഷീരസന്നിക്ക് കാരണമാവുന്നത്. പ്രസവം കഴിഞ്ഞുള്ള ആദ്യ പത്തുദിവസങ്ങളിലാണ് ക്ഷീരസന്നി പ്രകടമാവുക. ക്ഷീരസന്നി തടയുന്നതിനായി വറ്റുകാലം മുതല്‍ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ രണ്ടാഴ്ച വരെയുള്ള കാലയളവില്‍ കാത്സ്യം അടങ്ങിയ ധാതുലവണമിശ്രിതങ്ങള്‍ അധിക അളവില്‍ നല്‍കുന്നത് ഒഴിവാക്കണം. ക്ഷീരസന്നി സാധാരണയായി കണ്ടുവരുന്ന പശുക്കള്‍ക്ക് പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പു മുതല്‍ പ്രസവശേഷം രണ്ടുദിവസം വരെ 40-50 ഗ്രാം കാത്സ്യം അടങ്ങിയ പോഷകമിശ്രിതങ്ങള്‍ മൂന്ന് നാല് തവണകളായി നല്‍കണം.

അമ്ല സ്വഭാവമുള്ള അമോണിയം ക്ലോറൈഡ്, മഗ്നീഷ്യം സള്‍ഫേറ്റ്, അമോണിയം സള്‍ഫേറ്റ് പോലുള്ള ആനയോണിക്ക് ലവണങ്ങളോ അവയുടെ മിശ്രിതങ്ങളോ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീരസന്നി തടയാന്‍ ഫലപ്രദമാണ്. ആനയോണിക്ക് ലവണങ്ങള്‍ ശരീരഭാരമനുസരിച്ച് പ്രതിദിനം 50 മുതല്‍ 100 ഗ്രാം വരെ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ മൂന്നാഴ്ച മുന്‍പു മുതല്‍ പശുക്കള്‍ക്ക് നല്‍കാം.

cow
രക്തത്തിൽ കാൽസ്യം കുറഞ്ഞത് കാരണം ഉണ്ടാവുന്ന ക്ഷീരസന്നി

അകിടുവീക്കം തടയാന്‍

തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് അകിടുവീക്കമടക്കമുള്ള സാംക്രമികരോഗങ്ങള്‍ തടയാന്‍ പ്രധാനമാണ്. ജൈവമാലിന്യങ്ങള്‍ നീക്കിയശേഷം തൊഴുത്തിന്‍റെ തറ അണുനാശിനികള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ബ്ലീച്ചിങ് പൗഡര്‍, നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി എന്നിവ ഇതിനായി ഉപയോഗിക്കാം. അരകിലോഗ്രാം വീതം കുമ്മായം നാലുലിറ്റര്‍ വീതം വെള്ളത്തില്‍ ചേര്‍ത്തും തൊഴുത്ത് കഴുകി വൃത്തിയാക്കാം. ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ അണുനാശിനികളും തൊഴുത്ത് വൃത്തിയാക്കുന്നതിനായി വിപണിയില്‍ ലഭ്യമാണ്. 

കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകാനും ടിഷ്യൂ പേപ്പറോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ച് തുടയ്ക്കാനും മറക്കരുത്. കറക്കാന്‍ ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നീട് ആകിടുകള്‍ നനയ്ക്കുന്ന ശീലം അകിടുവീക്കം പിടിപെടാനുള്ള സാധ്യത കൂടും. പൂര്‍ണ്ണകറവയ്ക്കു ശേഷം അകിടുകള്‍ നേര്‍പ്പിച്ച പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്‍ഡ് വീതം മുക്കിവയ്ക്കുന്ന ടീറ്റ് ഡിപ്പിംഗ് രോഗാണുക്കള്‍ അകിടിലേക്ക് കടന്നുകയറുന്നത് തടയാന്‍ ഉത്തമമാണ്. കറവ കഴിഞ്ഞുടനെ പശു തറയില്‍ കിടക്കുന്നതൊഴിവാക്കാന്‍ കറവശേഷം പുല്ലോ വൈക്കോലോ തീറ്റയായി നല്‍കാം.

മാംഗനീസ്, കോപ്പര്‍, സെലീനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും വിറ്റാമിന്‍ എ, ഡി, ഇ, ബയോട്ടിന്‍ എന്നീ ജീവകങ്ങളും അടങ്ങിയ മിശ്രിതങ്ങള്‍ പ്രസവത്തോടനുബന്ധിച്ചും കറവക്കാലത്തും പശുക്കള്‍ക്ക് നല്‍കണം. അകിടിന്‍റെ ആരോഗ്യം ഉറപ്പുവരുത്താന്‍ ഈ പോഷകങ്ങള്‍ സഹായിക്കും. 

ദിവസത്തില്‍ രണ്ടും മൂന്നും തവണ പശുക്കളെ തേച്ചുരച്ച് കഴുകി കുളിപ്പിക്കുന്നത്  കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ശീലമാണ്. അകിടുവീക്കരോഗങ്ങള്‍,  കുളമ്പിന്‍റെ ബലക്ഷയം, മേനിയിലെ സ്വാഭാവിക എണ്ണമയം നഷ്ടമാവല്‍ തുടങ്ങി ഈ അധിക നനകൊണ്ടും കുളിപ്പിക്കലുകൊണ്ടുമുള്ള നഷ്ടങ്ങള്‍ ഏറെയാണ്, ജലനഷ്ടം വേറെയും. കറവയ്ക്ക് മുന്‍പായി  അകിടുകള്‍ മാത്രം അണുനാശിനികൊണ്ട് കഴുകി വൃത്തിയാക്കുന്നതാണ് മേനി മുഴുവന്‍ നനച്ച് കുളിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം. ഒപ്പം പശുക്കളുടെ മേനി കൗ ബ്രഷുകള്‍ ഉപയോഗിച്ച് ഗ്രൂം ചെയ്ത വൃത്തിയാക്കണം. മേനിയുടെ സ്വാഭാവിക എണ്ണമയം നിലനിര്‍ത്തുന്നതിനും കുളമ്പിന്‍റെ ആരോഗ്യത്തിനും ഈ രീതി സഹായിക്കും. 

cow-1
പശുക്കളുടെ ഗർഭപാത്രം പുറന്തള്ളൽ ക്ഷീരസന്നിയുടെ ലക്ഷണമാകാം

അകിടുവീക്കം മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന അകിടുവീക്ക നിര്‍ണയ കിറ്റുകള്‍ മൃഗാശുപത്രികളില്‍ ലഭ്യമാണ്. പാലിന്‍റെ അളവിലോ രൂപത്തിലോ മാറ്റങ്ങള്‍ കാണുന്ന പക്ഷം പ്രസ്തുത കിറ്റുപയോഗിച്ച് ഓരോ മുലക്കാമ്പിലെയും പാല്‍ പ്രത്യേകം പരിശോധിക്കാന്‍ ശ്രദ്ധിക്കണം. അഞ്ചു മില്ലി ലിറ്റര്‍ പാലില്‍ തുല്യ അളവില്‍ പരിശോധനലായനി ചേര്‍ത്തിളക്കുമ്പോള്‍ കുഴമ്പുരൂപത്തില്‍ വ്യത്യാസപ്പെടുകയാണെങ്കില്‍ അത് നിശബ്ദ അകിടുവീക്കത്തെ (Subclinical mastitis) സൂചിപ്പിക്കുന്നു. രോഗം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. യൂറിയ സാന്നിധ്യമടങ്ങിയ  തീറ്റകള്‍  വറ്റുകാലത്തും  കറവക്കാലത്തും നല്‍കുന്നത് പൂർണമായി ഒഴിവാക്കണം. തീറ്റയും യൂറിയ സാന്നിധ്യവും അകിടുവീക്കത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങളുണ്ട്.

പാലളവ് കുറയ്ക്കും കീറ്റോണ്‍ രോഗം

തീറ്റയില്‍ ഊര്‍ജത്തിന്‍റെ അപര്യാപ്തതയാണ് പാലിന്‍റെ അളവ് ക്രമേണ കുറയുന്ന കീറ്റോണ്‍ രോഗത്തിന് വഴിയൊരുക്കുന്നത്. പ്രസവശേഷം പശുക്കള്‍ക്ക് സ്വാഭാവികമായുണ്ടാവുന്ന തീറ്റമടുപ്പ് ഊര്‍ജാപര്യാപ്തതയ്ക്ക് ആക്കം കൂട്ടും. അത്യുല്‍പ്പാദനശേഷിയുള്ളവയില്‍  ആദ്യ രണ്ടുമാസത്തെ കറവ കാലത്ത് കീറ്റോണ്‍ രോഗത്തിന് സാധ്യത ഉയര്‍ന്നതാണ്. 

പ്രസവാനന്തരം 56-60 ദിവസം ആവുമ്പോഴാണ് പാല്‍ ഉല്‍പ്പാദനം അതിന്‍റെ പരമാവധിയില്‍ എത്തുക. ഈ സമയത്ത് ലഭിക്കുന്ന പ്രതിദിന പാലിന്‍റെ ഏകദേശം 200 മടങ്ങായിരിക്കും ആ കറവക്കാലത്ത് ലഭിക്കുന്ന ആകെ പാലിന്‍റെ അളവ്. പാല്‍ ഉല്‍പ്പാദനം പരമാവധിയില്‍ എത്തുന്ന ഈ ഒന്നര-രണ്ട് മാസത്തെ കാലയളവില്‍ തന്നെയാണ് കീറ്റോണ്‍ രോഗത്തിനും ഉയര്‍ന്ന സാധ്യത. അത്കൊണ്ട് തന്നെ പരമാവധി പാലുല്‍പ്പാദന കാലയളവില്‍ പശുക്കളില്‍ പിടിപെടുന്ന കീറ്റോണ്‍ രോഗവും തുടര്‍ന്നുള്ള ഉല്‍പ്പാദനക്കുറവും ആ കറവക്കാലത്തെ മൊത്തം ഉല്‍പ്പാദനത്തെ തന്നെ ബാധിക്കും.

കീറ്റോണ്‍ രോഗം  തടയാന്‍ ശാസ്ത്രീയമായ തീറ്റരീതി പാലിക്കുന്നതിനൊപ്പം ഓരോ രണ്ടര ലിറ്റര്‍ പാലിനും ഒരു കിലോഗ്രാം വീതം അധിക കാലിത്തീറ്റ നല്‍കണം. ഗര്‍ഭിണി പശുക്കള്‍ക്ക് ആറാം മാസം മുതല്‍ ഒരു കിലോഗ്രാം കാലിത്തീറ്റയും അര കിലോ വീതം ചോളം പോലുള്ള ഊർജപ്രധാനമായ തീറ്റയും നല്‍കുന്ന അധികമായി നല്‍കുന്ന സ്റ്റീമിംഗ് അപ്പ് രീതി കീറ്റോണ്‍ രോഗം തടയാന്‍ ഫലപ്രദമാണ്. കോബാള്‍ട്ട്, ഫോസ്ഫറസ്, അയഡിന്‍ എന്നീ ധാതുലവണങ്ങള്‍ അടങ്ങിയ മിശ്രിതങ്ങള്‍, നിയാസിന്‍ (ജീവകം ബി 3) അടങ്ങിയ ഗുളികകള്‍ തുടങ്ങിയവ തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധവേണം. 

പതിനഞ്ച് ലിറ്ററിന് മുകളില്‍ പ്രതിദിന കറവയുള്ള പശുക്കളുടെ തീറ്റയില്‍ ഊര്‍ജക്കമ്മി തടയുന്നതിനായി ഊര്‍ജസാന്ദ്രത ഉയര്‍ന്ന ചോളമടക്കമുള്ള ധാന്യപ്പൊടികള്‍, കപ്പപ്പൊടി, പുളിങ്കുരുപ്പൊടി, ബിയര്‍വേസ്റ്റ്, ബൈപ്പാസ് ഫാറ്റ് തുടങ്ങിയവയിലേതെങ്കിലും  ഉള്‍പ്പെടുത്തണം. ഇത്തരം ദഹനശേഷി ഉയര്‍ന്ന തീറ്റകള്‍ നല്‍കുമ്പോള്‍ 50 മുതല്‍ 100 ഗ്രാം വരെ അപ്പക്കാരമോ റൂമന്‍ ബഫറുകളോ തീറ്റയില്‍ ഉള്‍പ്പെടുത്തണം. ആമാശയ അമ്ലനില ഉയര്‍ത്താനുളള സാധ്യതയെ തടയാനാണിത്. 

പ്രസവസമയത്ത് പശുക്കള്‍ വല്ലാതെ തടിച്ച് കൊഴുത്തിരുന്നാല്‍ കീറ്റോണ്‍ രോഗത്തിന് സാധ്യത കൂടും. ഇതൊഴിവാക്കാന്‍ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ  അവസാന മൂന്ന് മാസം ഗര്‍ഭിണി പശുക്കള്‍ക്ക് മതിയായ വ്യായാമം ഉറപ്പാക്കണം. 

മറുപിള്ള പൂർണമായും പുറത്തുപോയില്ലെങ്കില്‍

ഗര്‍ഭാശയപഴുപ്പും വീക്കവും തടയുന്നതിനായി മറുപിള്ള പൂർണമായും പുറത്തുപോയതായി ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രസവശേഷം 8–12 മണിക്കൂറിനുള്ളില്‍ മറുപിള്ള പശു സ്വമേധയാ പുറംതള്ളിയിട്ടില്ലെങ്കില്‍ ശാസ്ത്രീയമായി പുറത്തെടുക്കാന്‍ ഡോക്ടറുടെ സേവനം തേടണം.

മഗ്നീഷ്യത്തിന്‍റെ അപര്യാപ്തത പാലുല്‍പ്പാദനം കുറയുന്നതിന് മാത്രമല്ല കൈകാലുകള്‍ കോച്ചി വലിക്കുന്ന ടെറ്റനി രോഗത്തിനും വഴിവയ്ക്കും. പ്രതിദിനം 50 മുതല്‍ 60 ഗ്രാം വരെ മഗ്നീഷ്യം ഓക്സൈഡ് പൊടി തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗം തടയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com