ADVERTISEMENT

കന്നുകാലികളിൽ പടരുന്ന ലംപി സ്കിൻ ഡിസീസ് (ചർമ മുഴ രോഗം) എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ കൂടുതൽ പശുക്കളിൽ കണ്ടെത്തി. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലാണു വൈറസ് രോഗബാധ കണ്ടെത്തിയത്. കോതമംഗലം താലൂക്കിലെ പിണ്ടിമന, ഊന്നുകൽ, കവളങ്ങാട് ഭാഗത്തും മൂവാറ്റുപുഴ താലൂക്കിലെ മണീട്, വാളകം, മാറാടി പഞ്ചായത്തുകളിലും കുന്നത്തുനാട് പഞ്ചായത്തിലെ നെല്ലാട്, വളയൻചിറങ്ങര, രായമംഗലം പഞ്ചായത്തുകളിലുമാണു കൂടുതൽ പശുക്കളിൽ രോഗബാധ കണ്ടെത്തിയത്. മണീട് 5 പശുക്കളിലാണു രോഗലക്ഷണം. വാളകത്ത് 2 പശുക്കളിലും മാറാടി കായനാട് 3 പശുക്കളിലും രോഗബാധ പുതുതായി കണ്ടെത്തിയിട്ടുണ്ട്.

ക്ഷീരമേഖലയെ ആശങ്കയിലാഴ്ത്തിയ രോഗത്തിന്റെ വ്യാപ്തി അറിയുന്നതിന് കഴിഞ്ഞ ദിവസം ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. ലൈബി പോളിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഡപ്യൂട്ടി ഡയറക്ടർ ഡോ. ബേബി ജോസഫ്, താലൂക്ക് കോ ഓർഡിനേറ്റർ ഡോ. ഷമീം അബൂബക്കർ, മിൽമ മേഖല ചെയർമാൻ ജോൺ തെരുവത്ത് എന്നിവരാണു സംഘത്തിലുണ്ടായത്. തുടർന്നു മൂവാറ്റുപുഴയിൽ ചേർന്ന അവലോകന യോഗം രോഗബാധ തടയുന്നതിനു രോഗ പ്രതിരോധത്തിനും ചികിത്സകൾക്കും വേണ്ട കർമ പരിപാടി ആവിഷ്കരിച്ചു.

കുളമ്പ് രോഗം വായുവിലൂടെ പകരുമെങ്കിൽ ‌ചർമമുഴ രോഗം സമ്പർക്കത്തിലൂടെയും ഈച്ച, കൊതുക് തുടങ്ങിയവയിലൂടെയുമാണു പകരുന്നത്. അതുകൊണ്ടുതന്നെ മുൻകരുതൽ സ്വീകരിച്ചാൽ രോഗവ്യാപനം തടയാനാകുമെന്നും യോഗം വിലയിരുത്തി. രോഗ ബാധിതരായ പശുക്കളുടെ പാൽ മനുഷ്യർ കുടിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ കിടാരി കുടിച്ചാൽ രോഗം പിടിപെടും കിടാരി രോഗം ബാധിച്ച പശുവിന്റെ പാൽ കുടിക്കാതെ ശ്രദ്ധിക്കണം. 

രോഗ ലക്ഷണം പ്രകടമാകുന്ന കാലികളെ മേയാൻ വിടരുതെന്നും പൊതു ജലസ്രോതസ്സുകളിൽ കുളിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്. രോഗം ബാധിച്ചവയെ തൊഴുത്തു മാറ്റിക്കെട്ടുകയും ചെയ്യരുത്.

ദ്രുത കർമ പരിപാടികൾ

  • കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ രോഗബാധ കണ്ടെത്തിയതിനെത്തുടർന്നു കോതമംഗലം താലൂക്കിൽ പൂർണമായി പ്രതിരോധ കുത്തിവയ്പു നടത്തും.
  • വാളകം, മാറാടി പഞ്ചായത്തുകളിലും പ്രതിരോധ കുത്തിവയ്പു നടത്തും.
  • തദ്ദേശസ്വയം ഭരണ സ്ഥാപന അധികരികളുമായും ക്ഷീര വികസന വകുപ്പ്, മിൽമ, കർഷക കൂട്ടായ്മകൾ എന്നിവയുമായി സഹകരിച്ചു ബോധവൽക്കരണം നടത്തും.
  • രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിനേഷൻ സ്ക്വാഡ് രൂപീകരിക്കും.
  • ചികിത്സകൾക്കും രോഗ വ്യാപനം തടയുന്നതിനും ആവശ്യമായ അണുനാശിനികളും ആവശ്യം മരുന്നുകളും ലഭ്യമാക്കുന്നതിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേർന്നു പ്രവർത്തനങ്ങൾ ഊർജിതമാക്കും.
  • നിലവിൽ രോഗം റിപ്പോർട്ട് ചെയ്ത മാറാടി, മണീട്, വാളകം, പണ്ടിമന, ഊന്നുകൽ, കവളങ്ങാട്, രായമംഗലം, മഴുവന്നൂർ എന്നിവിടങ്ങൾക്കു പുറമേ, സമീപ പഞ്ചായത്തുകളിൽ കൂടി ജാഗ്രതാ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾ വഴി നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
  • മൃഗങ്ങളിൽ സമാന രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വിവരം വെറ്ററിനറി ഡിസ്പെൻസറികളിൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ കർശന നിർദേശം.

പ്രതിരോധ വാക്സിൻ

കൂടുതൽ കന്നുകാലികളിലേക്ക് രോഗ ബാധ പടരുന്ന സാഹചര്യത്തിൽ ഗുജറാത്തിൽനിന്ന് കാൽ ലക്ഷം കന്നുകാലികൾക്ക് പ്രതിരോധ വാക്സിൻ എത്തിക്കും. സംസ്ഥാനത്ത് ആവശ്യമായ പ്രതിരോധ വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത്. 12ന് വാക്സിൻ സംസ്ഥാനത്തെത്തിക്കും. ജില്ലയിലെ ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ട് (എഡിസിപി) ഓഫിസിൽ രോഗത്തിനുള്ള പ്രതിരോധ വാക്സിനുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി കൂടുതൽ പ്രദേശത്ത് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ഗുജറാത്തിൽ നിന്ന് വാക്സിൻ എത്തിക്കുന്നത്. പ്രതിരോധ കുത്തിവയ്പു മൂലം പശുക്കളിൽ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com