ADVERTISEMENT

കുടുംബാംഗങ്ങളുമൊന്നിച്ച് പുറത്തുപോയി തിരിച്ചെത്തിയപ്പോഴേക്കും വയനാട് കമ്പളക്കാട് സ്വദേശി അഷ്റഫിന് നഷ്ടപ്പെട്ടത് ചെറുതും വലുതുമായി നൂറോളം മുയലുകളാണ്. വീടിനോടു ചേർന്നുള്ള ഷെഡ്ഡിലായിരുന്നു അദ്ദേഹം മുയലുകളെ വളർത്തിയിരുന്നത്. ഭാര്യയും മക്കളും വീട്ടിലെ അംഗങ്ങളേപ്പോലെ സംരക്ഷിച്ചുവന്നിരുന്ന മുയലുകൾ ഈ മാസം അഞ്ചാം തീയതിയാണ് പൊടുന്നനെ ചത്തുവീണത്. 

അഞ്ചാം തീയതി രാവിലെ മുയലുകൾക്കുള്ള ഭക്ഷണവും വെള്ളവും നൽകിയപ്പോൾ അവ വളരെ ഊർജസ്വലരായിരുന്നുവെന്ന് അഷ്റഫ് പറയുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കുടുംബത്തോടൊപ്പം അഷ്റഫ് പുറത്തുപോയി. നാലു മണിയോടെ തിരികെയെത്തിയപ്പോൾ മുയലുകൾ ജീവനറ്റ നിലയിലായിരുന്നു. ചിലത് മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയുമായിരുന്നു. മക്കൾ ഇതുകണ്ട് വല്ലാതായി. സ്കൂളിൽനിന്ന് തിരികെയെത്തിയാൽ മുയലുകളോട് കുശലം പറഞ്ഞിട്ടേ അഷ്റഫിന്റെ മകൾ വീട്ടിൽ കയറാറുള്ളൂ. അതുകൊണ്ടുതന്നെ മക്കളും ഭാര്യയും മാനസികമായി ആകെ തകർന്നുപോയെന്ന് അഷ്റഫ് പറയുന്നു. ഭാര്യയുടെയും മക്കളുടെയും അടുത്ത് താൻ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യം വന്നതിനാൽ ഒരു സുഹൃത്ത് വഴിയാണ് അഷ്റഫ് ഡോക്ടറുടെ സഹായം തേടിയത്.

rabbit
അഷ്റഫിന്റെ മുയൽ ഫാം (ഫയൽ ചിത്രം)

പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ ഡോക്ടർക്കു കഴിഞ്ഞില്ലെങ്കിലും വിശദമായ പരിശോധനകൾക്ക് മുയലുകളെ പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ചു. രോഗമോ അണുബാധയോ അല്ല എന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ടുതന്നെ ആന്തരീകാവയവങ്ങളും മുയലുകൾക്ക് നൽകിയ വെള്ളം, തീറ്റ എന്നിവയും വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ എന്താണ് മരണകാരണമെന്ന് കൃത്യമായി പറയാൻ സാധിക്കൂ എന്ന് കോളജ് അധികൃതർ അറിയിച്ചു. കുടിവെള്ളത്തിൽ ആരെങ്കിലും വിഷം കലർത്തിയതാകാം എന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം ഇത്രയേറെ മുയലുകൾ പെട്ടെന്ന് ഇല്ലാതാകാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ പറയുന്നു.

ചെറിയ കുഞ്ഞുങ്ങളടക്കം അഷ്റഫിന് നഷ്ടപ്പെട്ടത് നൂറിലധികം മുയലുകളാണ്. ഒന്നര മാസത്തിനു മുകളിൽ പ്രായമുള്ളവയുടെ കണക്കെടുത്താൽ 77 എണ്ണം വരും. ഇതിൽ 40 എണ്ണം മാതൃശേഖരമാണ്. ജീവനോടെ അവശേഷിച്ചത് മൂന്നു മുയലുകളും. ഇത്രയധികം മുയലുകൾ ഒരുമിച്ച് ഇല്ലാതായതിൽ ദുരൂഹതയുണ്ടെന്ന് അഷ്റഫും വെറ്ററിനറി ഡോക്ടർമാരും പറയുന്നു.

rabbit-4
മുയലുകൾ കൂടുകളിൽ ചത്തുകിടക്കുന്നു

രണ്ടു വർഷം മുമ്പ് ഏഴു മുയലുകളെ വാങ്ങിയാണ് മുയൽ വളർത്തൽ മേഖലയിലേക്ക് അഷ്റഫും കുടുംബവും കടന്നത്. വീട്ടിൽ എല്ലാവരുടെയും പിന്തുണ ലഭിച്ചതോടെ വിപുലീകരിക്കുകയായിരുന്നു. ഷെഡ‍് നിർമിച്ചതും കൂടുകൾ തയാറാക്കിയതും അഷ്റഫും കുടുംബാംഗങ്ങളും തനിയെയാണ്. അതുകൊണ്ടുതന്നെ മുയലുകൾ നഷ്ടപ്പെട്ടതിന്റെ ആഘാതം വളരെ വലുതാണ്. മുയലുകൾ നഷ്ടപ്പെട്ടതിന്റെ വിഷമഘട്ടത്തിൽ പോലീസിൽ പരാതിപ്പെടാനും കഴിഞ്ഞില്ല എന്ന് അഷ്റഫ് പറഞ്ഞു. ‌തകർച്ചയിൽ വിറങ്ങലിച്ചു നിൽക്കാതെ മുയലുകളെ വീണ്ടും വളർത്തിത്തുടങ്ങാനാണ് അഷ്റഫിന്റെ തീരുമാനം.

RABBIT-2
മുയലുകൾ ഇല്ലാതെ ഒഴിഞ്ഞ കൂടുകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com