sections
MORE

ഖുഷിക്ക് ജീവിക്കാം, ജീവൻ തിരിച്ചുനൽകിയ പേസ് മേക്കറിന്റെ സഹായത്തോടെ... ഖുഷി ഒരു നായയാണ്

HIGHLIGHTS
  • ഇന്ത്യയിലെ മൃഗചികിൽസാ രീതികളുടെ ചരിത്രത്തിൽ പുതിയ ഏട്
khushi
SHARE

മന്ദചലനങ്ങളും പ്രാണനില്ലാത്തതുപോലെയുള്ള പെരുമാറ്റവും കാരണം ഖുഷി എന്ന കോക്കർ സ്പാനിയൽ നായയെ എല്ലാവരും മടിയനെന്ന് മുദ്രകുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഗുഡ്‌ഗാവ് സ്വദേശിയായ ഖുഷിയുടെ ഉടമ മനുവിന്റെ വാക്കുകളിൽ ആഹ്ളാദവും അഭിമാനവും നിറയുന്നു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ കളിയും ചിരിയുമായി കുട്ടിക്കാലം വീണ്ടെടുത്തിരിക്കുന്നു. നന്ദി പറയേണ്ടത് ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തുള്ള മാക്സ് വെറ്റ്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഒരു സംഘം വെറ്ററിനറി ഡോക്ടർമാരോടാണ്. കാരണം ഇന്ത്യയിലെ മൃഗചികിൽസാ രീതികളുടെ ചരിത്രത്തിൽ പുതിയ ഏട് എഴുതിച്ചേർത്തുകൊണ്ട് ഇന്ത്യയിലാദ്യമായി ഏഴര വയസുണ്ടായിരുന്ന ഖുഷിക്കായി അസാധാരണമായ ഒരു ശസ്ത്രക്രിയയിലൂടെ ഹൃദയത്തിൽ ഒരു പേസ് മേക്കർ സ്ഥാപിച്ചിരിക്കുന്നു.

ഖുഷി എന്ന പെൺനായയുടെ ഏകദേശം സമ്പൂർണ്ണമായി തടസപ്പെട്ടിരുന്ന ഹൃദയത്തിലാണ് ഇറക്കുമതി ചെയ്യപ്പെട്ട ഒരു പീഡിയാട്രിക്ക് പേസ് മേക്കർ സ്ഥാപിച്ചത് ഒരു മിനിട്ടിൽ. 60-120 എന്ന നിരക്കിൽ മിടിക്കേണ്ട ഹൃദയം ഖുഷിയെന്ന പെൺനായയിൽ 20 എന്ന അപകടകരമായ നിലയിലേക്ക് താന്നിരുന്നു. ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിക്കാനാവശ്യമായ പ്രചോദനം നൽകാൻ അവളുടെ ഹൃദയം പരാജയപ്പെട്ടിരുന്നു. ഹൃദയത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തത്തിന്റെ അളവ് സാരമായി കുറഞ്ഞതിനാൽ പലപ്പോഴും അവൾ ബോധരഹിതയായി നിലംപതിക്കുമായിരുന്നു.

മടിച്ചിയാണെന്ന പരാതി മാത്രമാണ് മനുവിനു പറയാനുണ്ടായിരുന്നത്. ഹൃദയത്തിന്റെ പ്രശ്നങ്ങളൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ ചെവിയിൽ ഒരു അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനിടയിൽ ഖുഷിക്ക് ബോധം നഷ്ടപ്പെട്ടു. പക്ഷേ ഡോക്ടർമാരുടെ കഠിന പരിശ്രമം കാരണം അന്ന് അവളുടെ ജീവൻ തിരിച്ചുകിട്ടി. ആ സംഭവത്തോടെയാണ് ഖുഷിയെ ബാധിച്ചിരിക്കുന്ന ഗൗരവമായ ആരോഗ്യ പ്രശ്നം ഡോക്ടർമാർ തുടർപരിശോധനയിലൂടെ സ്ഥിരീകരിക്കുന്നത്. 

ഏകദേശം സമ്പൂർണ്ണമെന്ന് പറയാവുന്ന ഹൃദയതടസം. മാക്സ് വെറ്റ്സ് ആസ്പത്രിയിലെ ഡോ. ഭാനുദേവ് ശർമ്മ, ഡോ. കുനാൽ ദേവ് ശർമ്മ എന്നിവർ യൂറോപ്പിലെ തങ്ങളുടെ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താകയും ഖുഷിക്ക് ഒരു പേസ് മേക്കർ ശസ്ത്രക്രിയ വിധിക്കുകയും ചെയ്തു. ലക്സംബർഗ് സർവകലാശാലയിൽ നിന്ന് കാർഡിയോളജിയിൽ മാസ്റ്റർ ബിരുദം നേടിയ ഡോ. ഭാനു ശർമ്മ നേതൃത്വം നൽകി. ഇക്കഴിഞ്ഞ ഡിസംബർ 15-ന് നടന്ന ഒന്നര മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിൽ ഖുഷിയുടെ ഹൃദയത്തിന് ശക്തിയേകുന്ന പേസ് മേക്കർ സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലാദ്യമായി മൃഗങ്ങളിൽ നടന്ന ശസ്ത്രക്രിയ മൃഗചികിൽസാരംഗത്തെ നാഴികക്കല്ലായി അറിയപ്പെടും. ഖുഷിയാകട്ടെ മടി പിടിച്ച പഴയ കാലം ഓർമ്മയിൽ പോലും ഇല്ലാത്ത പോലെ ഒരു കുട്ടിയുടെ ചുറുചുറുക്കോടെ മനുവിന് കളിത്തോഴിയുമാകുന്നു.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA