ADVERTISEMENT

മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി തൊടുപുഴ കോലാനി ഫാമിലെ ഇരുപതോളം പന്നികളെ ദയാവധത്തിന് വിധേയമാക്കിയ വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. പന്നികളുടെ രക്തപരിശോധനയിൽ അവയ്ക്ക് ബ്രൂസല്ല എന്ന എന്ന സാംക്രമിക രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ദയാവധം. ബ്രൂസല്ല രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു വർഷം മുമ്പ് വെറ്ററിനറി സർവകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്ന് കന്നുകാലി ഫാമിലും നൂറിലധികം കന്നുകാലികളെ കൊന്നൊടുക്കിയിരുന്നു. 

ബ്രൂസല്ല രോഗം കണ്ടെത്തിയാൽ മറ്റു ചികിത്സകൾക്കൊന്നും ശ്രമിക്കാതെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? അതറിയണമെങ്കിൽ ബ്രൂസല്ല രോഗത്തെ കുറിച്ചറിയേണ്ടതുണ്ട്. മാത്രമല്ല,  ബ്രൂസല്ല രോഗം നമ്മുടെ നാട്ടിലും കണ്ടുവരുന്ന സാഹചര്യത്തിൽ ചില മുൻകരുതലുകളും നാം സ്വീകരിക്കേണ്ടതുണ്ട്.

എന്താണ് ബ്രൂസല്ല രോഗം?

സസ്തനികളായ മൃഗങ്ങളെ ബാധിക്കുന്ന  സാംക്രമികരോഗങ്ങളിലൊന്നാണ് ബ്രൂസല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള ജന്തുജന്യരോഗങ്ങളിലൊന്ന് കൂടിയാണ് ബ്രൂസല്ല. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ക്രിമിയൻ പനി, ബാംഗ്സ് രോഗം, ജിബ്രാൾട്ടർ പനി , സൈപ്രസ് പനി തുടങ്ങിയ വിവിധ പേരുകളിലും ഈ രോഗം  അറിയപ്പെടുന്നുണ്ട്. ഈ പേരുകളുടെ പിറവിക്ക് പിന്നിലെല്ലാം ചരിത്രങ്ങൾ ഏറെയുണ്ട്. 1853ലെ ക്രിമിയൻ യുദ്ധകാലത്ത് മാൾട്ടാ നഗരത്തിൽ തമ്പടിച്ച ബ്രിട്ടീഷ് സൈനികരിലും അവർക്ക് ആട്ടിൻ പാലും ആട്ടിറച്ചിയും നൽകിയിരുന്ന പ്രദേശത്തെ ആടുകർഷകരിലും ആദ്യമായി കണ്ടെത്തിയതിനാലാണ് മാൾട്ടാപ്പനിയെന്ന പേര് ബ്രൂസല്ലക്ക് ലഭിച്ചത്.

രോഗകാരി ബാക്ടീരിയ

ബ്രൂസല്ല കുടുംബത്തിലെ വിവിധ വർഗങ്ങളിൽപ്പെട്ട ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്. ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാ മെലിറ്റന്‍സിസ് ആടുകളിലും ബ്രൂസല്ലാ സുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു. ബ്രൂസല്ല കാനിസ് ബാക്ടീരിയകളാണ് നായ്ക്കളിൽ രോഗമുണ്ടാക്കുന്നത്.  മിക്ക ബ്രൂസല്ല ബാക്ടീരിയകളും ഒന്നിലേറെ ജീവിവർഗങ്ങളിൽ രോഗമുണ്ടാക്കാൻ ശേഷിയുള്ളവരാണ്.

ഇന്ത്യയില്‍ കന്നുകാലികള്‍ക്കിടയില്‍ ബ്രൂസല്ലോസിസ് രോഗത്തിന്‍റെ നിരക്ക് ഉയര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രൂസല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവര്‍ഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വെറെയും. രോഗ ബാധയേറ്റ പന്നികളിൽനിന്ന് പകരാനിടയുള്ള ബ്രൂസല്ലാ സുയിസ് രോഗാണുക്കളും ആടുകളിൽനിന്ന് ബാധിക്കാനിടയുള്ള ബ്രൂസല്ലാ മെലിറ്റന്‍സിസ് രോഗാണുക്കളുമാണ് മനുഷ്യർക്ക് ഏറ്റവും മാരകം.

ലക്ഷണങ്ങൾ എന്തെല്ലാം? പകരുന്നത് എങ്ങനെ?

മൃഗങ്ങളുടെ പ്രത്യുൽപാദനവ്യവസ്ഥയെയാണ് രോഗാണുക്കൾ  പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭകാലത്തിന്‍റെ അവസാനത്തെ മാസങ്ങളില്‍ ഗര്‍ഭമലസല്‍, മറുപിള്ള പുറന്തള്ളാന്‍ തടസം, ആരോഗ്യശേഷി കുറഞ്ഞതോ അല്ലെങ്കിൽ ഗര്‍ഭാശയത്തില്‍വച്ചു തന്നെ ചത്തതോ ആയ കുഞ്ഞുങ്ങളുടെ ജനനം, മദിയുടെ ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കല്‍, സന്ധികളില്‍ വീക്കം എന്നിവയെല്ലാമാണ് വളർത്തുമൃഗങ്ങളിലെ പ്രധാന ബ്രൂസല്ല രോഗലക്ഷണങ്ങൾ. രോഗബാധയേറ്റുള്ള മരണനിരക്ക് കുറവാണെങ്കിലും ഗർഭമലസൽ, പ്രത്യുൽപാദന പരാജയം എന്നിവയെല്ലാമാണ് രോഗം കാരണമുണ്ടാവുന്ന പ്രധാന ആഘാതങ്ങൾ. ഇത് വഴി കർഷകർക്ക് ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും ഏറെ.

ഒരിക്കൽ ബ്രൂസല്ല അണുബാധയേറ്റ  മൃഗങ്ങളുടെ ശരീരത്തിൽ അവയുടെ ജീവിതകാലമത്രയും രോഗാണുക്കൾ വിഘടിച്ച് പെരുകികൊണ്ടിരിക്കും.   പ്ലീഹ, മജ്ജ, പശുക്കളുടെയും ആടുകളുടെയുമെല്ലാം അകിടുകൾ, പ്രത്യുൽപാദനവ്യൂഹത്തിലെ അവയവങ്ങൾ എന്നിവയെല്ലാമാണ് പ്രധാന പെരുകൽ കേന്ദ്രങ്ങൾ. ബാക്ടീരിയ രോഗാണുവിന്റെ ഈ പെരുകൽ  തടയാൻ ചികിത്സകൾ ഒന്നും തന്നെ പൂർണമായും ഫലപ്രദവുമല്ല.  ഇങ്ങനെയുണ്ടാവുന്ന രോഗാണുക്കൾ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയുമെല്ലാം  നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കും. രോഗം ബാധിച്ച മൃഗങ്ങളുടെ പ്രസവസമയത്തും, ഗര്‍ഭമലസുകയാണെങ്കില്‍ ആ വേളയിലും പുറന്തള്ളപ്പെടുന്ന ഗര്‍ഭാവശിഷ്ടങ്ങളിലും സ്രവങ്ങളിലും രോഗാണു സാനിധ്യം ഉയര്‍ന്ന തോതിലായിരിക്കും. 

മാത്ര‌മല്ല, തണുത്തതും നനവാര്‍ന്നതുമായ കാലാവസ്ഥയില്‍ മണ്ണിൽ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള ശേഷി ബ്രൂസല്ലാ ബാക്ടീരിയകള്‍ക്കുണ്ട്. എന്തിനേറെ പറയുന്നു, ഈയിടെ ഈജിപ്തിൽ 3000 വർഷത്തോളം പഴക്കമുള്ള ഒരു പിരമിഡിൽനിന്നു കണ്ടെടുത്ത പാൽകട്ടിയിൽ (ചീസ്) പോലും ഗവേഷകർ ബ്രൂസല്ല മെലിറ്റൻസ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.  എങ്കിലും വെയിലേറ്റാൽ മണിക്കൂറുകള്‍ക്കുള്ളില്‍ രോഗാണുക്കൾ നശിക്കും.

രോഗാണുബാധയേറ്റ മൃഗങ്ങളുമായും, അവയുടെ വിസർജ്യങ്ങൾ, ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മറ്റ് മൃഗങ്ങളിലേക്ക് രോഗം പടരും. തൊലിപ്പുറത്തെ മുറിവുകളിലൂടെയും കണ്ണിലെയും മൂക്കിലെയും ശ്ലേഷ്മസ്തരങ്ങളിലൂടെയുമെല്ലാം ബാക്ടീരിയകൾ കടന്ന് കയറും. രോഗാണുമലിനമായ തീറ്റയും കുടിവെള്ളവും ആഹാരമാക്കുന്നതിലൂടെയും രോഗം വ്യാപിക്കും. അണുബാധയേറ്റവയുടെ ബീജം കൃത്രിമ ബീജധാനത്തിന് ഉപയോഗിക്കുന്നത് വഴിയും ഇണചേരലിലൂടെയും വളർത്തുമൃഗങ്ങളിൽ രോഗവ്യാപനം നടക്കും. ശരിയായി അണുവിമുക്തമാക്കാതെ കുത്തിവെയ്പ്പ് സൂചികൾ വീണ്ടും കന്നുകാലികളിൽ ഉപയോഗിക്കുന്നത് വഴിയും രോഗപകർച്ചയുണ്ടാവാം. വായുവിലൂടെ പകരാനും ബ്രൂസല്ല ബാക്റ്റീരിയകൾക്ക് ശേഷിയുണ്ടെന്ന് പുതിയ ശാസ്ത്ര പഠനങ്ങൾ പറയുന്നു. രോഗാണുക്കൾ മൃഗങ്ങളുടെ   ശരീരത്തില്‍ പ്രവേശിച്ച് ചുരുങ്ങിയത് രണ്ടാഴ്ചയോ, കൂടിയത് ഒരു വര്‍ഷമോ സമയപരിധിക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും.

മനുഷ്യരിലേക്ക് രോഗപകർച്ച എങ്ങനെ?

നട്ടെല്ലുള്ള ജീവികളില്‍നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരാനിടയുള്ള രോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍. പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യ രോഗം ബ്രൂസല്ലോസിസ് രോഗമാണ്. മാംസവും മറ്റ് മാംസോൽപന്നങ്ങളും ശരിയായി വേവിക്കാതെയും, പാല്‍, പാലുൽപന്നങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ അണുവിമുക്തമാക്കാതെ നേരിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗബാധയേറ്റ മൃഗങ്ങളുടെ വിസർജ്യങ്ങൾ, രക്തം,മറ്റ് ശരീരസ്രവങ്ങൾ  എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാനിടയുണ്ട്. വളർത്തു മൃഗങ്ങളുടെ പ്രസവവും, ഗര്‍ഭമലസിയതിന്‍റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധവും അശാസ്ത്രീയവുമായി കൈകാര്യം ചെയ്യുന്നതും രോഗബാധയ്ക്ക് ഇടയാക്കും.

രോഗബാധയേല്‍ക്കുന്ന പക്ഷം വിട്ടുമാറാത്ത തലവേദന, പേശി വേദന, നടുവേദന, ഇടവിട്ടുള്ള പനി,  രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം അടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ഹൃദ്രോഗത്തിനും, ഗര്‍ഭച്ഛിദ്രത്തിനും, വന്ധ്യതയ്ക്കും രോഗം ബാധിച്ചവരില്‍ സാധ്യതയേറെ. ശരിയായ രോഗനിർണയവും തുടർന്ന് ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിക്കേണ്ടതും പ്രധാനമാണ്. രക്തപരിശോധനയിലൂടെ രോഗനിർണയം നടത്താം. രോഗവിമുക്തി നേടാൻ നിശ്ചിത കാലയളവിൽ ആന്റിബയോട്ടിക് ചികിത്സകൾ വേണ്ടി വരും. ക്ഷീരകര്‍ഷകര്‍, ഫാം തൊഴിലാളികള്‍, അറവുശാലകളില്‍ ജോലി ചെയ്യുന്നവര്‍, മൃഗപരിപാലകർ തുടങ്ങി ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബ്രൂസല്ലോസിസിനെതിരെ അതീവ കരുതല്‍ പുലര്‍ത്തണം.

ജന്തുജന്യരോഗമായതിനാല്‍ ജാഗ്രത

പാൽ, മാംസം തുടങ്ങിയവ തിളപ്പിച്ച് അല്ലെങ്കിൽ നന്നായി വേവിച്ചതിനുശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മൃഗങ്ങളുടെ പ്രസവശേഷമുള്ള  മറുപിള്ള, ഗര്‍ഭമലസിയതിന്‍റെ  അവശിഷ്ടങ്ങള്‍, ചാപിള്ള എന്നിവയെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. ഗർഭമലസിയതിന്റെ അവശിഷ്ടങ്ങൾ, മറുപിള്ള, ചാപിള്ള എന്നിവയെല്ലാം ബ്ലീച്ചിംഗ് പൗഡർ, കുമ്മായം തുടങ്ങിയ അണുനാശകങ്ങൾ ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചിടണം. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വെയില്‍ കൊള്ളിക്കുകയും വേണം.

രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽനിന്നു വളർത്തുമൃഗങ്ങളെ വാങ്ങുന്നത് ഒഴിവാക്കാനും, പശുകുട്ടികള്‍ക്ക് നാലു മുതല്‍ എട്ട് മാസം വരെ പ്രായത്തില്‍ ബ്രൂസല്ലോസിസിനെതിരായ ഒറ്റതവണ പ്രതിരോധ കുത്തിവയ്പ് എടുക്കാനും ശ്രദ്ധിക്കണം. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ  അവസാന മാസങ്ങളിൽ ഗർഭമലസലും തുടർന്ന് വന്ധ്യതയുമെല്ലാം ഫാമുകളിലെ മൃഗങ്ങളിൽ സ്ഥിരമായി കാണുന്നുണ്ടെങ്കിൽ ബ്രൂസല്ലാ രോഗബാധ സംശയിക്കാവുന്നതാണ്. പ്രത്യേകിച്ച് പന്നി, ആട് ഫാമുകളിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൃഗങ്ങളുടെ രക്തം, പാല്‍ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനങ്ങൾ മൃഗസംരക്ഷണവകുപ്പിൽ ലഭ്യമാണ്. രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം രോഗം കണ്ടെത്തിയ മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുക എന്നത് മാത്രമാണ് രോഗ പകർച്ച തടയാനുമുള്ള ഏറ്റവും ഉചിതവും ഫലപ്രദവുമായ മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com