sections
MORE

സുരേഷിന്റേത് സീറോ ബജറ്റ് പന്നിവളർത്തൽ

HIGHLIGHTS
  • 350 പന്നികളാണ് ഒരേ സമയം സുരേഷിന്റെ ഫാമിലുണ്ടാവുക
  • 125 കിലോ തൂക്കമെത്തിയാൽ വെട്ടി മാംസമാക്കും
suresh
സുരേഷ് പന്നിഫാമിൽ
SHARE

തീറ്റച്ചെലവ് തീരെയില്ലാത്തതും വലിയ വരുമാനം നേടാവുന്നതുമായ മൃഗസംരക്ഷണ സംരംഭമേതാണ്? ഏതു മൃഗമായാലും തീറ്റ നൽകാനാവാതെ വളർത്താനാവില്ല. എന്നാൽ വില നൽകേണ്ടാത്ത തീറ്റ കിട്ടുന്നത് പന്നിക്കു മാത്രം.  കോഴിക്കടകളിലും ഹോട്ടലുകളിലുമൊക്കെ തലവേദനയായി മാറുന്ന അവശിഷ്ടമാലിന്യങ്ങൾ ആഹാരമാക്കുന്ന പന്നികൾ മൃഗസംരക്ഷണരംഗത്തെ ഏറ്റവും മികച്ച വരുമാന സാധ്യത തന്നെ.  ആ സാധ്യത 30 വർഷം മുമ്പ് തിരിച്ചറിഞ്ഞവരാണ് തൃശൂർ പൊങ്ങണംകാട് സ്വദേശി സുരേഷും ഭാര്യ സ്മിതയും.  മാടക്കത്തറ പഞ്ചായത്തിലെ കോതറയിലുള്ള വിജനമായ റബർ തോട്ടത്തിലേക്ക് മാറ്റി അ‍‌ഞ്ചുവർഷം മുമ്പ് വിപുലമാക്കിയ സുസ്മിതം ഫാമിൽനിന്നും ഇവർ ഒരു വർഷം നേടുന്നത് ഏകദേശം 20 ലക്ഷം രൂപ.  

ആകെ 350 പന്നികളാണ് ഒരേ സമയം സുരേഷിന്റെ ഫാമിലുണ്ടാവുക. പ്രജനനം, കൊഴുപ്പിക്കൽ, മൊത്തവിൽപന, ചില്ലറ വിൽപന– സുരേഷ് ഈ മേഖലയിൽ നടത്താത്ത പ്രവർത്തനങ്ങളില്ല.  വർഷംതോറും പ്രജനനത്തിലൂടെ 600 പന്നിക്കുഞ്ഞുങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. അവയിൽ പകുതിയോളം ഫാമിൽ തന്നെ കൊഴുപ്പിച്ച് ഇറച്ചിയാക്കി മാറ്റും. ബാക്കി പന്നിക്കുഞ്ഞുങ്ങളെ രണ്ടു മാസം പ്രായത്തിൽ 4000 രൂപ നിരക്കിൽ വിൽക്കും.  കൊഴുപ്പിക്കുന്ന പന്നികൾ പത്തുമാസം കൊണ്ട് 125 കിലോ തൂക്കമെത്തിയാൽ വെട്ടി മാംസമാക്കും. 

തീരെ ചെലവില്ലാതെ വലിയ വരുമാനം നൽകുന്ന സംരംഭമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പന്നിക്ക് ഒരു ദിവസം ആറു കിലോ തീറ്റയാണ് വേണ്ടത്. 350 പന്നികൾക്കും കൂടി രണ്ടു ടൺ തീറ്റ മതി. തൃശൂരിലെ 3 കോഴിക്കടകളിലും 10 ഹോട്ടലുകളിലുമായി ഇത്രയും തീറ്റ കിട്ടും. തീറ്റയ്ക്കു വില നൽകേണ്ടതില്ലെന്നു മാത്രമല്ല കോഴിക്കടകളിലെ അവശിഷ്ടമെടുക്കുന്നതിന് കിലോയ്ക്ക് 6 രൂപ നിരക്കിൽ പ്രതിഫലം കിട്ടുകയും ചെയ്യും. തീറ്റ കൊണ്ടുവരുന്നതിനുള്ള കടത്തുകൂലി അങ്ങനെ ലഭിക്കും– സുരേഷ് ചൂണ്ടിക്കാട്ടി.  വൃത്തിയുള്ള സാഹചര്യങ്ങളിൽ ഈ ചെലവില്ലാ തീറ്റ നൽകി പന്നിയെ വളർത്തുകയേ വേണ്ടൂ.

നാട്ടിലെ മാലിന്യം നീക്കുന്ന സാമൂഹിക സേവനമായി പന്നിവളർത്തലിനെ അംഗീകരിക്കാൻ കഴിയുന്ന സമൂഹങ്ങൾക്ക് ഇതുവഴി ഇരട്ടിനേട്ടമാണുണ്ടാവുക– മാലിന്യം നീക്കപ്പെടുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ മാംസവും കിട്ടുന്നു.

ജനവാസകേന്ദ്രത്തിൽനിന്ന് ഏറെയകലെയാണെങ്കിലും ഫാമിൽനിന്നുള്ള മാലിന്യസംസ്കരണത്തിൽ സുരേഷ് സീറോ ബജറ്റുകാരനല്ല. പണം ചെലവഴിച്ച് വലിയ 3 ബയോഗ്യാസ് പ്ലാന്റും അവിടെ നിന്നുള്ള ജലം ഭൂമിയിലേക്കു താഴ്ത്താൻ ആഴമേറിയ കുഴിയുമുണ്ടാക്കി. അതുകൊണ്ടുതന്നെ മലിനീകരണം ഇവിടെ വിഷയമേയല്ല.

വീടിനോടു ചേർന്ന് പന്നിയിറച്ചിയുടെ ചില്ലറ വിൽപനയുണ്ട്. എല്ലാ ഞായറാഴ്ചയും സീസണനുസരിച്ച് ഒന്നു രണ്ടു പന്നികളെ കൊന്നു ഫ്രഷ് മീറ്റ് വിൽക്കും. മിച്ചം വരുന്ന മാംസം ഫ്രീസറിൽ സൂക്ഷിച്ച് തുടർന്നുള്ള ദിവസങ്ങളിലും ആവശ്യക്കാർക്ക് നൽകും. മാസം തോറും 20 പന്നികളെയെങ്കിലും മാംസത്തിനായി തൂക്കി നൽകാറുണ്ട്.  ഇപ്രകാരം പല വഴിക്കു വരുമാനമെത്തുന്ന ഫാമിന്റെ പ്രവർത്തച്ചെലവ് എത്രയാണെന്നോ?. കൂലിച്ചെലവും വൈദ്യുതിച്ചാർജും മറ്റുമടക്കം പ്രതിമാസം 60,000 രൂപ മാത്രം. പന്നിയെക്കാൾ വേഗത്തിൽ പഴ്സ് വീർക്കുന്ന സംരംഭമാണിതെന്ന് വ്യക്തം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA