sections
MORE

ഉഷ്ണസമ്മര്‍ദ്ദം: അരുമപക്ഷികള്‍ക്ക് പ്രഥമശുശ്രൂഷ എങ്ങനെ?

HIGHLIGHTS
  • നന്നായി തണുപ്പിച്ച വെള്ളം കുളിപ്പിക്കാന്‍ ഉപയോഗിക്കരുത്
  • വേനലില്‍ അരുമപ്പക്ഷികളില്‍ സാംക്രമിക രോഗബാധകളും ഏറെ
heat-stroke
SHARE

ക്ഷീണം, ഉന്മേഷക്കുറവ്, പറക്കാനുള്ള മടി, ചിറകുകളും  തൂവലും വിടര്‍ത്തിയിടല്‍, തളര്‍ച്ച, വരണ്ട് വിളറിയ കണ്ണുകള്‍, ഉയര്‍ന്ന നിരക്കിലും വേഗത്തിലും കൊക്കുകള്‍ തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസം, കഴുത്തിലെ പേശികളുടെ വിറയല്‍, പ്രത്യേക ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവയാണ് പക്ഷികളിലെ  ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍. പക്ഷികൾ ഉഷ്ണസമ്മര്‍ദ്ദത്തിലാണെങ്കില്‍ അവയുടെ ചിറകിനടിയിലെ തൂവലുകള്‍ കുറവുള്ള ഭാഗത്തും കാലുകളിലും കൈവെച്ച് പരിശോധിച്ചാല്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടും. 

ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചാല്‍ തണുപ്പുള്ള  ഇടങ്ങളിലേക്ക് മാറ്റി അവയുടെ മേനിയില്‍ ഇളം തണുപ്പുള്ള വെള്ളം നനച്ച് കുളിപ്പിക്കണം. ഐസ്ക്യൂബുകളിട്ട്  നന്നായി തണുപ്പിച്ച  വെള്ളം കുളിപ്പിക്കാന്‍ ഉപയോഗിക്കരുത്. കുളിപ്പിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ അൽപം സോപ്പ് ചേര്‍ത്താല്‍ എണ്ണമയം കലര്‍ന്ന തൂവല്‍പാളികള്‍ക്കിടയിലൂടെ വെള്ളം എളുപ്പത്തില്‍ വാര്‍ന്ന് പക്ഷികളുടെ ഉള്‍മേനിയെ തണുപ്പിക്കും.  ചെറുപക്ഷികളെ ഒന്നോ രണ്ടോ മിനിറ്റ് നേരം തല മുങ്ങാതെ ഇളം തണുപ്പുള്ള വെള്ളത്തില്‍ മുക്കിപ്പിടിക്കാം. 

ഐസ്ക്യൂബുകള്‍ ഒരു ടവ്വലില്‍ പൊതിഞ്ഞ് കൊക്കുകളോടും കാല്‍പാദങ്ങളോടും ചിറകിനടയിലെ തൂവലുകള്‍ കുറഞ്ഞ ഭാഗങ്ങളോടും ചേര്‍ത്ത് അല്പ സമയം വയ്ക്കണം. ഗ്ലൂക്കോസ്, ഇലക്ട്രോളൈറ്റുകള്‍ ചേര്‍ത്ത തണുത്ത വെള്ളം ആവോളം കുടിക്കാന്‍ നല്‍കണം. ഉഷ്ണ സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്ന പക്ഷികള്‍ക്ക് ഉടന്‍ ഈ പ്രഥമശുശ്രൂഷകള്‍ നല്‍കിയില്ലെങ്കില്‍ അവ വിറയലോടെ തറയില്‍ തളര്‍ന്ന് വീഴും. തുടര്‍ന്ന് മരണപ്പെടുകയും ചെയ്യാം. 

അരുമപക്ഷികളിലെ വേനല്‍ രോഗങ്ങള്‍

ചൂടിനൊപ്പം ഉയര്‍ന്ന ഈര്‍പ്പമുള്ള കാലാവസ്ഥ ബാക്ടീരിയല്‍, വൈറല്‍, പ്രോട്ടോസോവല്‍ രോഗാണുക്കള്‍ പെരുകാന്‍ ഏറ്റവും അനുകൂല സാഹചര്യമൊരുക്കും. അതുകൊണ്ട് തന്നെ വേനലില്‍ അരുമപ്പക്ഷികളില്‍ സാംക്രമിക രോഗബാധകളും ഏറെയാണ്. ഫിഞ്ചുകള്‍, കാനറികള്‍, ബഡ്ജറിഗര്‍, കൊന്യൂറുകള്‍, ലോറികള്‍, ലോറിക്കീറ്റുകള്‍ തുടങ്ങിയ പക്ഷികളില്‍ കോക്സീഡിയോസിസ് അഥവാ രക്താതിസാരരോഗം പിടിപെടാന്‍ വേനലില്‍ ഉയര്‍ന്ന സാധ്യതയുണ്ട്. കാല്‍പ്പാദത്തിനടിവശം നീരുവന്ന് ഒരു കുമിളപോലെ തടിക്കുന്ന ബംബിള്‍ ഫൂട്ട്/പാദവീക്കം എന്ന ബാക്ടീരിയകള്‍ രോഗം അലങ്കാരക്കോഴികളെയും ഫിഞ്ചുകളെയും കാനറിപ്പക്ഷികളെയും ബഡ്ജറിഗറുകളെയും കൊക്കറ്റുകളെയും ആമസോണ്‍ തത്തകളെയും തേടി വേനലില്‍ എത്തും.

കണ്ണുകളെയും ശ്വസനവ്യൂഹത്തെയും ദഹനവ്യൂഹത്തെയും ബാധിക്കുന്ന ഓര്‍ണിത്തോസിസ്/ക്ലമിഡിയരോഗത്തിന് മക്കാവുകളിലും കോക്‌ടെയിലുകളിലും ലൗബേര്‍ഡ്സുകളിലും ബഡ്ജറിഗറുകളിലും അലങ്കാരക്കോഴികളിലും പ്രാവുകളിലും വേനലില്‍ സാധ്യതകൂടും. കണ്‍പോള വീക്കവും, കണ്ണുകളില്‍ നിന്നുള്ള നീരൊലിപ്പും രോഗത്തിന്‍റെ ആരംഭ ലക്ഷണങ്ങളാണ്.  

പ്രാവുകള്‍, അലങ്കാരക്കോഴികള്‍, ലോറികള്‍, ലോറിക്കീറ്റുകള്‍, ലൗവ് ബേര്‍ഡ്സുകള്‍ തുടങ്ങിയ പക്ഷികളില്‍ വേനലില്‍ പാരമിക്സോ വൈറസ് രോഗം/വസന്ത രോഗം, പക്ഷിവസൂരി/പോക്സ് രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. കാപ്പിലേറിയ, അസ്കാരിസ് തുടങ്ങിയ ഉരുണ്ടവിരകള്‍, ശ്വസന വ്യൂഹത്തെയും, വായു അറകളെയും ബാധിക്കുന്ന വിരകള്‍ (എയര്‍ സാക്ക് മൈറ്റ്), പേനുകള്‍, ചെള്ളുകള്‍ തുടങ്ങിയ വ്യത്യസ്ഥങ്ങളായ ആന്തരിക ബാഹ്യപരാദങ്ങളും വേനലില്‍ പെരുകും.. 

ക്ഷീണം, ചിറകുകള്‍ താഴ്ത്തി തൂങ്ങി നില്‍ക്കല്‍, ഉന്മേഷക്കുറവ്, വയറിളക്കം, തീറ്റയോടുള്ള മടുപ്പ് തുടങ്ങിയ പൊതുവായ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ രോഗബാധയേറ്റവയെ മാറ്റിപ്പാര്‍പ്പിക്കണം. ഒന്നോ രണ്ടോ പക്ഷികള്‍ക്ക് മാത്രമാണ് രോഗബാധയേറ്റതെങ്കിലും രോഗപ്രതിരോധത്തിനായി മറ്റെല്ലാ പക്ഷികള്‍ക്കും ആന്‍റിബയോട്ടിക് മരുന്നുകളും കരള്‍ ഉത്തേജന മരുന്നുകളും മിത്രാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്കുകളും നല്‍കണം. 

വേനലിന്‍റെ കാഠിന്യമേറും മുന്‍പ് പക്ഷികളെയെല്ലാം ഒരു തവണ വിരയിളക്കണം. വേനല്‍ക്കാലത്ത് ആന്തരിക ബാഹ്യപരാദങ്ങളും, ബാക്ടീരിയല്‍ വൈറല്‍ പ്രോട്ടോസോവല്‍ അണുക്കളും കൂട്ടില്‍ പെരുകാനുള്ള സാധ്യത ഉയര്‍ന്നതായതിനാല്‍ അണുനാശിനികള്‍ ഉപയോഗിച്ച് (കൊര്‍സോലിന്‍,  ബയോക്ലീന്‍, ട്രൈക്വാട്ട്, നിയോഡൈന്‍, 33% ബ്ലീച്ചിംങ്ങ് പൗഡര്‍ തുടങ്ങിയവ) കൂടുകള്‍ നിത്യവും അണുവിമുക്തമാക്കേണ്ടത് പ്രധാനമാണ്.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA