ADVERTISEMENT

നിങ്ങളുടെ അരുമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കർഷകശ്രീ അവസരം നൽകുന്നു. കർഷകശ്രീ ഫെയ്‌സ്‌ബുക്ക് പേജിൽ സന്ദേശമായി നിങ്ങൾക്ക് നിങ്ങളുടെ അരുമയുടെ വിശേഷങ്ങളും കഥകളും ഫോട്ടോയും പങ്കുവയ്ക്കാം. കോട്ടയം സ്വദേശിനി ലിൻസി ജോൺ തന്റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ച് പങ്കുവച്ച കുറിപ്പ് ചുവടെ. 

ചെറിയ നായ്ക്കളോടാണ് എനിക്ക് കമ്പം കൂടുതലെങ്കിലും ഇന്നും മനസിൽ മായാതെ നിൽക്കുന്നത് എന്റെ ബെല്ല വാവയോടാണ്. ബെല്ല സെന്റ് ബെർണാഡ് ഇനത്തിൽപ്പെട്ട നായയായിരുന്നു. സ്നേഹംകൊണ്ട് ഞാനവളെ ബെല്ല വാവ എന്നു വിളിക്കും. അവളെ എനിക്കു കിട്ടിയ കാര്യം ഇന്നും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നാണ്. കാരണം പക്ഷിമൃഗാദികളെ വളരെയേറെ സ്നേഹിക്കുന്നവർ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത സാഹചര്യത്തിലായിരുന്നു ബെല്ല. എങ്കിലും അത് പങ്കുവയ്ക്കണമെന്ന് തോന്നി.

വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്. എന്റെ പരിചയത്തിലുള്ള ഒരാൾ ഒരു ദിവസം എന്നെ ഫോൺ വിളിച്ച് വീട്ടിലേക്ക് ചെല്ലണം, അത്യാവശ്യമാണെന്ന് അറിയിച്ചു. ഞാൻ അവിടെ ചെല്ലുമ്പോൾ വലിയൊരു കൂട്ടിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ ഒരു നായ എഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്നു. സെന്റ് ബെർണാഡ് ആണെന്നു പോലും തിരിച്ചറിയാൻ പറ്റാതെ എല്ലും തോലുമായി വികൃത രൂപത്തിലായിരുന്നു ആ നായ. ഏകദേശം നാലു വയസോളം പ്രായവുമുണ്ടായിരുന്നു.

നായയെ ഏറ്റെടുക്കാൻവേണ്ടിയായിരുന്നില്ല ചെന്നത് എങ്കിലും അപ്പോഴത്തെ അവസ്ഥ കണ്ട് ഒരു ഓട്ടോ വിളിച്ച് ആ നായയെ ഞാൻ വീട്ടിലേക്കു കൊണ്ടുപോന്നു. ശരീരത്തിൽ  നിറയെ അതിന്റെ വിസർജ്യം ഉണങ്ങിപ്പിടിച്ച അവസ്ഥയിലായിരുന്നു. വീട്ടിലെത്തിച്ച് നന്നായി കുളിപ്പിച്ച് ബെല്ലയെ ഞാൻ ഡോക്ടറുടെ അടുത്തെത്തിച്ചു. അരയ്ക്കു താഴേക്ക് തളർന്നതാണ്. രക്ഷപ്പെടുത്തിയെടുക്കാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞു. എങ്കിലും, പരിചരിക്കാൻ തയാറാണെന്ന എന്ന ഉറച്ച തീരുമാനത്തിൽ ഡോക്ടർ കുറച്ചു മരുന്നുകൾ നൽകി.

എഴുന്നേൽക്കാൻ പോലും കഴിയാതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന ബെല്ലയുടെ അവസ്ഥ കണ്ടിട്ട് എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുറ്റപ്പെടുത്താത്ത ദിവസങ്ങളില്ല. ആറു മാസത്തെ ചികിത്സയ്ക്കു ശേഷമാണ് ബെല്ല എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയത്. പിന്നീട് പിച്ചവച്ചുതുടങ്ങി. ഒപ്പം ശരീരമൊക്കെ വണ്ണംവെച്ച് സുന്ദരിയുമായി. പിന്നീട് ഡോക്ടർ കണ്ടപ്പോൾ പറഞ്ഞു തന്റെ നിശ്ചയദാർഢ്യം കണ്ടപ്പോൾ മരുന്നു തന്നതാണ്. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ബെല്ല എഴുന്നേറ്റു നടന്നെന്ന്.

dog
ബെല്ല എഴുന്നേറ്റു നിൽക്കാറായപ്പോൾ

എന്നാൽ, കുറ്റപ്പെടുത്തലുകൾ അവിടെ തീർന്നില്ല. പ്രസവിക്കാൻ കഴിവില്ലാത്ത നായയെ ഇത്ര തുക മുടക്കി വളർത്തിയിട്ട് എന്തു കാര്യം എന്നു പലരും ചോദിച്ചു. ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ അതിനുള്ള സപ്ലിമെന്റുകൾ തന്നു. പിന്നീട് മൂന്നു തവണ ബെല്ല പ്രസവിച്ചു. 

ഒരിക്കൽ എന്റെ വലിയൊരു അപകടത്തിൽനിന്ന് ബെല്ല രക്ഷിച്ചു. വൈകുന്നേരം ഭക്ഷണം നൽകി കൂട് അടയ്ക്കാൻ തുടങ്ങിയ എന്നെ അവൾ ഡ്രെസിൽ കടിച്ച് പിറകിലേക്ക് വലിച്ചു. ആദ്യമായിട്ടായിരുന്നു അവളിൽനിന്ന് അങ്ങനെയൊരു സമീപനം. അവൾ ശബ്ദമുണ്ടാക്കാൻ തുടങ്ങിയതോടെ കൂടിന്റെ പരിസരം ഞാൻ ശ്രദ്ധിച്ചു. എന്റെ കാൽപ്പാദത്തിന് ഏതാനും അകലെ ഒരു പാമ്പ്. അതിനെ കണ്ടായിരുന്നു അവൾ എന്റെ ഡ്രെസിൽ കടിച്ചുവലിച്ചത്. ഒരുപക്ഷേ അവൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ എനിക്ക് പാമ്പിന്റെ കടിയേൽക്കുമായിരുന്നു.

ഞാൻ ഇത് എഴുതുമ്പോൾ ബെല്ല ജീവനോടെ ഇല്ല. വാർധക്യസഹജമായ ശാരീരികബുദ്ധിമുട്ടുകളിൽ വിശ്രമത്തിലായിരുന്ന അവൾ ഏതാനും നാളുകൾക്കു മുമ്പാണ് എന്നെ വിട്ടുപിരിഞ്ഞത്. ലാസാ ആപ്സോ ഇനം നായ്ക്കളെ വളർത്തുകയും ബ്രീഡ് ചെയ്യുകയും ചെയ്യുന്ന എനിക്ക് അന്നും ഇന്നും ബെല്ലയാണ് എല്ലാം. അവൾ വിട്ടുപോയെ വേദനയെത്തുടർന്ന് എന്റെ കൈവശമുണ്ടായിരുന്ന ബെല്ലയുടെ 3 മക്കളെയും ഞാൻ വിറ്റു. ഇനിയൊരു സെന്റ് ബെർണാഡിനെ വളർത്താൻ മനസ് അനുവദിക്കുന്നില്ല.

ലിൻസി ജോൺ, കോട്ടയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com