ADVERTISEMENT

സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ്, ഡച്ച്, വൈറ്റ് ജയന്‍റ്, അങ്കോറ തുടങ്ങിയ നമ്മുടെ വളര്‍ത്തുമുയലുകളില്‍ ഏതാണ്ട് എല്ലാം തന്നെ മിതമായി തണുപ്പും ചൂടും അനുഭവപ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞുണ്ടായവരാണ്. ഒരു പരിധിവരെയൊക്കെ ഉഷ്ണത്തെ പ്രതിരോധിക്കാന്‍ മുയലുകള്‍ക്ക് കഴിയുമെങ്കിലും പൊള്ളുന്ന ഈ വേനല്‍ ചൂടിനെയും ഉയര്‍ന്ന ഈര്‍പ്പത്തെയും. അതിജീവിക്കാന്‍  മുയലുകള്‍ക്കാവില്ല. 

ഉഷ്ണസമ്മര്‍ദ്ദം ഏറുന്നതോടെ മുയലുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നൊന്നായി  പ്രകടിപ്പിച്ചു തുടങ്ങും. വളര്‍ച്ചനിരക്കും, തീറ്റ പരിവര്‍ത്തനശേഷിയും, പ്രത്യുല്‍പാദനക്ഷമതയും, രോഗപ്രതിരോധശേഷിയുമെല്ലാം കുറയുന്നതിന് ഉഷ്ണസമ്മര്‍ദ്ദം മുയലുകളില്‍ കാരണമാവും. മാത്രമല്ല, അധിക ചൂടേറ്റ്  അകാലമരണം സംഭവിക്കാനും  സാധ്യതയേറെ.  നമ്മുടെ മുയല്‍  വളര്‍ത്തല്‍ സംരംഭങ്ങള്‍ വേനലില്‍ വാടാതിരിക്കാന്‍ മുയലുകളുടെ വേനല്‍ പരിചരണമുറകള്‍ ചിലതറിഞ്ഞിരിക്കേണ്ടതുണ്ട്. 

മുയലുകളിലെ ഉഷ്ണസമ്മര്‍ദ്ദം എങ്ങനെ തിരിച്ചറിയാം?

കനത്ത ചൂടില്‍ നന്നായൊന്ന് വിയര്‍ത്ത് ശരീരം തണുപ്പിച്ചാണ് നമ്മള്‍ ശരീര താപനില താളംതെറ്റാതെ നിയന്ത്രിച്ച് നിര്‍ത്തുന്നത്. എന്നാല്‍, മുയലുകളുടെ കാര്യം അങ്ങനെയല്ല. വിയര്‍ത്ത് ശരീരം തണുപ്പിക്കുന്നതിനായി വേണ്ടത്ര സ്വേദഗ്രന്ഥികള്‍ അവയുടെ ശരീരത്തിലില്ല, ആകെയുള്ളത് കാല്‍പ്പാദത്തില്‍ അല്‍പ്പം ചില സ്വേദഗ്രന്ഥികള്‍ മാത്രം. പിന്നെങ്ങനെയാണ് വേനലില്‍ തളരാതെ അവര്‍ ശരീരതാപനില ക്രമീകരിച്ച് നിര്‍ത്തുന്നത്?

ശരീരതാപനില ഉയരുമ്പോള്‍ വാ തുറന്ന് അധികമായി അണച്ച് ഉച്ഛ്വാസവായുവിലൂടെയും ഉമിനീരിലൂടെയും അധിക ശരീരതാപത്തെ മുയലുകള്‍ പുറന്തളളും. എന്നാല്‍, അന്തരീക്ഷതാപനില  85 ഡിഗ്രി ഫാരന്‍ഹിറ്റിനും (30 ഡിഗ്രി സെല്‍ഷ്യസ്)  മേല്‍ ഉയരുകയും ഈര്‍പ്പം ഏറുകയും ചെയ്യുന്നതോടെ ഉൾച്ചൂടിനെ കാര്യക്ഷമമായി പുറത്തുവിടാന്‍ ഈ മാർഗങ്ങള്‍ മതിയാവാതെ വരും. അതോടെ മുയലുകള്‍ ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ ഒരോന്നായി  പ്രകടിപ്പിച്ചു തുടങ്ങും. മുയലുകളുടെ വളര്‍ച്ചയ്ക്കും പ്രജനനത്തിനുമെല്ലാം ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 55–75 ഡിഗ്രി ഫാരന്‍ഹീറ്റ് (12 -24 ഡിഗ്രി സെല്‍ഷ്യസ് ) ആണെന്ന കാര്യവും ഓര്‍ക്കണം.

ഉയര്‍ന്ന ശരീരതാപനില, ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, വായില്‍നിന്നു കട്ടികൂടിയ ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, മൂക്കിനു ചുവടെയുള്ള രോമകൂപങ്ങള്‍ കൂടുതല്‍ നനഞ്ഞിരിക്കല്‍, ചെവിക്കുടയുടെ ഉള്‍ഭാഗത്തെ  രക്തക്കുഴലുകള്‍ വികസിച്ച് ഉള്‍ഭാഗം രക്തവര്‍ണ്ണമാകല്‍, ഉന്മേഷക്കുറവ്, തളര്‍ച്ച, കൈകാലുകളിലേയും തലയിലെയും പേശികളില്‍ വിറയല്‍, വിളറി അടഞ്ഞ കണ്ണുകള്‍, ഒരു വശം മാത്രം ചെരിഞ്ഞ് നീണ്ട് നിവര്‍ന്ന് കിടക്കല്‍ എന്നിവയെല്ലാം മുയലുകളിലെ ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണ്. നീളമേറിയ രോമാവരണമുള്ള അങ്കോറ പോലുള്ള ഇനങ്ങളില്‍ ഉഷ്ണാഘാതസാധ്യത കൂടും. 

മുയലുകള്‍ ഉഷ്ണസമ്മര്‍ദ്ദത്തിലാണെങ്കില്‍ അവയുടെ കാല്‍പ്പാദങ്ങളിലും ചെവികളിലും കൈവെച്ച് പരിശോധിച്ചാല്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടും. പ്രജനനത്തിന്  ഉപയോഗിക്കുന്ന പെണ്‍മുയലുകള്‍ മദിലക്ഷണങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാതിരിക്കുന്നതിനും, ഇണചേര്‍ന്നാലും ഗര്‍ഭധാരണം നടക്കാതിരിക്കാനും, ആണ്‍മുയലുകളില്‍ വന്ധ്യതക്കും ഉയര്‍ന്ന ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥ കാരണമാവും. ഗര്‍ഭിണിമുയലുകളില്‍ ഗര്‍ഭമലസലും വേനലില്‍ കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭിണിയായ മുയലുകളെയും, മുലയൂട്ടുന്ന തള്ളമുയലുകളെയും കുഞ്ഞുങ്ങളെയും വേനലില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വേനല്‍പരിചരണം- ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

നല്ല വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതും എന്നാല്‍ അധികമായി ചൂട് ഏല്‍ക്കാത്തതുമായ  സ്ഥലത്തായിരിക്കണം മുയലുകളുടെ കൂടുകളും ഷെഡുകളും ക്രമീകരിക്കേണ്ടത്. തുറസായ  മുറ്റത്തോ, ടെറസിലോ കൂടുകള്‍ സ്ഥാപിക്കരുത്. കൂടുകള്‍ ഒട്ടും തണലേല്‍ക്കാത്ത സ്ഥലങ്ങളിലാണെങ്കില്‍ തണലിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. കൂടുകളുടെ മുകളില്‍ തെങ്ങോല മടഞ്ഞോ പനയോല കൊണ്ടോ ഓട്, ഗ്രീന്‍നെറ്റ് കൊണ്ടോ ഒരു ചെറിയ മേലാപ്പൊരുക്കിയാല്‍ ഒരു പരിധിവരെ കൂടിനുള്ളിലെ ചൂടു കുറയ്ക്കാം. മുയലുകളെ പാര്‍പ്പിച്ച ഷെഡിന്‍റെ മേല്‍ക്കൂര അലൂമിനിയം, ടിന്‍ ഷീറ്റ് എന്നിവ കൊണ്ടാണെങ്കില്‍ മേല്‍ക്കൂരയ്ക്കു മുകളില്‍ ചണച്ചാക്കോ, പനയോലയോ  തെങ്ങോലമടഞ്ഞോ വിരിക്കുന്നതും വൈക്കോല്‍ പാകുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും. മേല്‍ക്കൂര നനച്ചും നല്‍കാം. വായുസഞ്ചാരത്തിന് തടസമില്ലാത്ത വിധത്തില്‍ പനയോല, തെങ്ങോല, ഗ്രീന്‍നെറ്റ് എന്നിവ ഉപയോഗിച്ച് മേല്‍ക്കൂരയ്ക്കു കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും ഉള്ളിലെ താപം കുറയ്ക്കും. 

കൂടിന്‍റെ വശങ്ങളിലും അഴികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകളും അവശിഷ്ടങ്ങളും മാറ്റി മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. അന്തരീക്ഷതാപനില 25 ഡിഗ്രി സെൽഷ്യസിനും മുകളില്‍  ഉയരുന്ന സാഹചര്യത്തില്‍ കൂടിന് സമീപം ഫാനുകള്‍ ഒരുക്കണം. സീലിങ് ഫാനുകളും ക്രമീകരിക്കാം. ഫാനുകള്‍ മുയലുകളുടെ ശരീരത്തിലേക്ക് നേരിട്ട് ആഞ്ഞടിക്കാത്ത വിധത്തില്‍ വേണം ക്രമീകരിക്കേണ്ടത്.

rabbit-5
കുടിവെള്ളം 24 മണിക്കൂറും

കുടിവെള്ളത്തില്‍ പിശുക്ക് വേണ്ട

ഒരു മുയല്‍  ദിവസം എത്ര വെള്ളം കുടിക്കുമെന്നറിയാമോ? സാധാരണയായി 100 ഗ്രാം ശരീരഭാരത്തിന് 10 മുതല്‍ 15 മില്ലീലീറ്റര്‍ വരെ വെള്ളം മുയലുകള്‍ കുടിക്കും. പ്രസവത്തോടടുക്കുമ്പോഴും, മുലയൂട്ടുന്ന കാലത്തും കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് ഇതിലുമേറും. മുലയൂട്ടുന്ന മുയലുകള്‍ 100 ഗ്രാം ശരീരഭാരത്തിന്  90 മില്ലീലീറ്റര്‍ വരെ വെള്ളം ഒരു ദിവസം അകത്താക്കുമെന്നാണ് കണക്ക്. കുടിക്കുന്ന വെള്ളത്തിന്‍റെ അളവ്  വേനലില്‍ ഇതിലും ഇരട്ടിയാവുമെന്നതിനാല്‍  യഥേഷ്ടം ശുദ്ധജലം കൂടുകളില്‍ 24 മണിക്കൂറും ലഭ്യമാക്കണം.  ഇതിനായി വെള്ളപ്പാത്രങ്ങളോ നിപ്പിള്‍ ഡ്രിങ്കറുകളോ സജ്ജമാക്കാം. 

കൂടുകളില്‍ ഒരുക്കിയിരിക്കുന്ന വെള്ളപ്പാത്രങ്ങളിലെ കുടിവെള്ളം ചൂട് പിടിക്കാന്‍ ഇടയുള്ളതിനാല്‍ കഴിയുമെങ്കില്‍ ഇടയ്ക്കിടയ്ക്ക് മാറ്റി നല്‍കണം.  വെള്ളപ്പാത്രങ്ങളില്‍ ഐസ്ക്യൂബുകളിട്ട് കുടിവെള്ളം തണുപ്പിക്കാം. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനമാണെങ്കില്‍ ടാങ്കും ജലവിതരണ പൈപ്പുകളും നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് മൂടണം. കുടിവെള്ളത്തിന്‍റെ ശുചിത്വമുറപ്പുവരുത്തേണ്ടതും ഏറെ പ്രധാനമാണ്. അല്ലാത്തപക്ഷം സാല്‍മൊണെല്ല, കോളിഫോം, കോക്സീഡിയ പോലുള്ള രോഗങ്ങളെല്ലാം മുയല്‍ ഫാമിന്‍റെ പടികയറിയെത്തും.

വേനല്‍ ചൂടേറും തോറും മുയലുകള്‍ തീറ്റയെടുക്കുന്നത് കുറയും. ചൂട് കൂടിയ സമയങ്ങളില്‍ പെല്ലറ്റ്/മെഷ് തീറ്റ നല്‍കുന്നത് ഒഴിവാക്കണം. ആകെ സാന്ദ്രീകൃത തീറ്റ രാവിലെയും വൈകീട്ടും രണ്ടോ മൂന്നോ തവണകളായി നല്‍കണം. മൃദുവായ പച്ചപ്പുല്ലും, പനികൂര്‍ക്ക, മുരിങ്ങയില, ചീര, ചുവന്ന ചീര, അസോള, മള്‍ബറിയില, പപ്പായയില, പ്ലാവില, വാഴയില, മല്ലിയില, മുരിക്കില, പീലിവാക, അല്‍ഫാല്‍ഫ, കാരറ്റ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, മത്തന്‍ തുടങ്ങിയ പച്ചിലകളും പച്ചക്കറികളും അരിഞ്ഞ്  പകല്‍ സമയങ്ങളില്‍ മുയലുകള്‍ക്ക് നല്‍കാം.  ധാരാളം ജലാംശം അടങ്ങിയ പുല്ലും പച്ചിലകളും പച്ചക്കറികളും മുയലുകളുടെ ശരീരത്തിന് ഒരു കൂളിങ് ഇഫക്‌ട് നല്‍കും. ശരീരസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ധാതുജീവക മിശ്രിതങ്ങള്‍ പതിവായി തീറ്റയിലോ വെള്ളത്തിലോ ചേര്‍ത്ത് നല്‍കണം.

rabbit-3
ചൂട് കുറയ്ക്കാൻ രോമം മുറിക്കാം

രോമവളര്‍ച്ച കൂടുതലുള്ള ഇനങ്ങളുടെ അധികമായി  വളര്‍ന്ന രോമങ്ങള്‍ വെട്ടിയൊതുക്കി ബ്രഷ് കൊണ്ട് ഗ്രൂമിങ്ങ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും താപസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

ഗ്ലാസ് ബോട്ടിലുകളില്‍ വെള്ളം നിറച്ച് തണുപ്പിച്ച് മുയലുകളുടെ കൂട്ടില്‍ ക്രമീകരിച്ചാല്‍ മുയലുകള്‍ക്ക് മേനിയുരുമ്മി ശരീരം തണുപ്പിക്കാന്‍ സഹായകമാവും. നല്ല വലിപ്പമുള്ള  സിറാമിക് ടൈലുകള്‍ ഒരല്‍പ്പം തണുപ്പിച്ച ശേഷം മുയലുകളുടെ കൂടിന്‍റെ തറയില്‍  ഒരുക്കുന്നതും മുയലുകള്‍ക്ക് മേനി തണുപ്പിക്കാന്‍ സഹായകമാവും. 

ചൂട് കൂടിയ പകല്‍ സമയങ്ങളില്‍ മുയലുകളെയും കൊണ്ടുള്ള വാഹനയാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

മുയലുകളില്‍ ഉഷ്ണാഘാതം കണ്ടാല്‍ എന്ത് ചെയ്യണം?

മുയലുകള്‍  ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചാല്‍ അവയെ തണുപ്പുള്ള ഇടങ്ങളിലേക്ക് മാറ്റി മേനിയില്‍ ഇളം തണുപ്പുള്ള  ജലം തുള്ളികളായി  നനച്ചു നല്‍കാം. തലയുടെ പിന്‍ഭാഗത്തും കഴുത്തിലും തണുത്തവെള്ളം കൊണ്ട് നന്നായി നനയ്ക്കണം.  തണുത്ത വെള്ളത്തില്‍ മുക്കിയ ടവ്വല്‍ മേനിയില്‍ പുതപ്പിക്കുകയും ചെയ്യാം. യാതൊരു കാരണവശാലും  മുയലുകളെ തണുത്ത വെള്ളത്തില്‍ മുഴുവനും മുക്കിയെടുക്കാന്‍ പാടില്ല. ഇത് ഗുണത്തേക്കാളേറെ  ദോഷം ചെയ്യും.  കാൽപ്പാദങ്ങള്‍ മാത്രമായി ഒന്നോ രണ്ടോ മിനിറ്റ് നേരം ഇളം തണുപ്പുള്ള വെള്ളത്തില്‍ മുക്കിപിടിക്കാം. ഐസ്ക്യൂബുകള്‍ ഒരു ടവ്വലില്‍ പൊതിഞ്ഞ് ചെവിക്കുടയുടെ  ഉള്‍ഭാഗത്തെ രക്തക്കുഴലുകളോടും കാൽപ്പാദങ്ങളോടും ചേര്‍ത്ത് അൽപസമയം വയ്ക്കണം.  

ഗ്ലൂക്കോസും ഇലക്ട്രോളൈറ്റുകളും ചേര്‍ത്ത തണുത്ത വെള്ളം ആവോളം കുടിക്കാന്‍ മുയലുകള്‍ക്ക് നല്‍കണം.  എന്നാല്‍, വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിക്കരുത്. ശരീരതാപനില സാധാരണ നിലയില്‍ ആവുന്നതുവരെ ഈ ക്രമീകരണങ്ങള്‍ ചെയ്യണം. മലദ്വാരത്തില്‍ ഒരു തെര്‍മോമീറ്ററിന്‍റെ അറ്റം അമര്‍ത്തി പിടിച്ച് ശരീരതാപനില പരിശോധിക്കാം. താപാഘാതലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com