sections
MORE

വെള്ള കപിലകള്‍ക്ക് ബ്രീഡ് പദവി - പുതുമകളോടെ ദേശിയ ബ്രീഡ് റജിസ്റ്റര്‍

HIGHLIGHTS
  • പൊഡാ തുറുപ്പു പശുക്കള്‍- തെലുങ്കാനയിലെ പ്രഥമ ബ്രീഡ്
white-kapila-cow
വെള്ള കപിലകള്‍
SHARE

ഗോവയുടെ തനതിനമായ വെള്ള കപില പശുക്കള്‍ ഇനി ഇന്ത്യയുടെ അംഗീകൃത പശുജനുസുകളില്‍ (ബ്രീഡ്) ഒന്നായി അറിയപ്പെടും. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്‌സസ് ബ്യൂറോ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പുതുക്കിയ  ദേശീയ ബ്രീഡ് റജിസ്റ്ററില്‍ ഉള്‍പ്പെട്ടതോടെയാണ് ബ്രീഡ് പദവിയെന്ന അംഗീകാരം വെള്ള കപിലകള്‍ക്ക് ലഭിച്ചത്. ഇതോടൊപ്പം തെലുങ്കാനയിലെ തനത് പശുക്കളായ പൊഡാ തുറുപ്പു,  ഗുജറാത്തില്‍ നിന്നുള്ള ഡാഗ്റി, രാജസ്ഥാനില്‍നിന്നുള്ള നാരി, ബീഹാറിന്‍റെ പൂര്‍ണിയ, ഹിമാചലില്‍നിന്നുള്ള പഹരി, നാഗാലാൻഡിലെ തുത്തോ ഉള്‍പ്പെടെ ഏഴു പശുവിനങ്ങളും പുതുക്കിയ ബ്രീഡ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

പഞ്ചാബിലെ ഗോജ്റി എരുമകളും, ബീഹാറിലെ പൂര്‍ണിയ ഇനം പന്നികളും ബീഹാറിലെ മൈഥിലി താറാവുകളും, ഹൈദരാബാദിലെ  പൗള്‍ട്രി ഗവേഷണ കേന്ദ്രം വികസിപ്പിച്ച വനരാജ കോഴികളും പുതുക്കിയ ബ്രീഡ് പട്ടികയിലുണ്ട്. ഇതോടെ രാജ്യത്തെ അംഗീകരിക്കപ്പെട്ട പശു, എരുമ, പന്നി, കോഴി, താറാവ് ജനുസുകളുടെ എണ്ണം യഥാക്രമം 50, 17, 10, 19, 2 ആയി ഉയര്‍ന്നു. നമ്മുടെ മലബാറി, അട്ടപ്പാടി  ഇനം ആടുകള്‍ ഉള്‍പ്പെട 34 ജനുസ് ആടുകളും, 44 ജനുസ് ചെമ്മരിയാടുകളും ബ്രീഡ് പട്ടികയില്‍ ഉണ്ട്.  

വെള്ള കപിലകള്‍ - വെളുപ്പിന്‍റെ ആഴക്

മുഖം മുതല്‍ വാല്‍മുടി വരെ വെള്ളനിറത്തില്‍ കാണപ്പെടുന്ന തനത് പശുക്കളാണ് വെള്ള കപിലകള്‍. എന്തിനേറെ കണ്‍പുരികങ്ങളും മൂക്കിനറ്റവും വരെ വെളുപ്പിന്‍റെ അഴകുതന്നെ. ഗോവയിലെ ദക്ഷിണ ഗോവ ജില്ലയാണ് വെള്ള കപില പശുക്കളുടെ വംശഭൂമിക. ശ്വേത കപിലകള്‍ എന്നാണ് ഈ പശുക്കളുടെ  പ്രാദേശിക വിളിപ്പേര്. ദിനേനയുള്ള പാലുല്‍പാദനം പരമാവധി 3 ലിറ്റര്‍ മാത്രമാണെങ്കിലും വെള്ള കപിലകള്‍ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട പശുക്കളാണ്. വിശ്വാസങ്ങളിലും ആചാരകര്‍മ്മങ്ങളിലുമെല്ലാം വെള്ള കപിലകള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത പ്രാധാന്യമുണ്ട്.  ഒരു കറവക്കാലത്ത് പരമാവധി 300 മുതല്‍ 650 ലിറ്റര്‍ വരെ പാല്‍ ലഭിക്കും. ഏകദേശം 22,000-ത്തോളമാണ്  ഗോവ സംസ്ഥാനത്ത് ഇന്ന് വെള്ള കപിലകളുടെ എണ്ണം. ഗോവയിലെ സെന്‍ട്രല്‍ കോസ്റ്റല്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വെള്ള കപിലകള്‍ക്ക് ബ്രീഡ് പദവി നേടിയെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത്. 

poda-thuruppu-cattle
പൊഡാ തുറുപ്പു പശുക്കള്‍

പൊഡാ തുറുപ്പു പശുക്കള്‍- തെലുങ്കാനയിലെ പ്രഥമ ബ്രീഡ് 

പുതിയ ബ്രീഡ് പട്ടിക പുറത്തുവന്നപ്പോള്‍ അതീവ പ്രാധാന്യത്തോടെയാണ് തെലുങ്കാനയിലെ മാധ്യമങ്ങള്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതിന്‍റെ കാരണങ്ങള്‍ രണ്ടായിരുന്നു. തെലുങ്കാന സംസ്ഥാനത്തുനിന്നുള്ള പൊഡാ തുറുപ്പു പശുക്കള്‍ പുതുക്കിയ ബ്രീഡ് റജിസ്റ്ററില്‍ ഇടംനേടിയിരുന്നു. മാത്രമല്ല, തെലുങ്കാന സംസ്ഥാനത്തുനിന്ന് ഇതാദ്യമായാണ് ഒരു പശുവിനം ദേശീയ തലത്തില്‍ ബ്രീഡായി അംഗീകരിക്കപ്പെട്ടത്.  വാര്‍ത്താപ്രാധാന്യം നേടാന്‍ മറ്റെന്തുവേണം?

തെലുങ്കാനയിലെ നഗര്‍കര്‍ണൂല്‍, മഹ്ബൂബ് നഗര്‍ ജില്ലകളിലെ വനമേഖലകളായ മന്നാനൂര്‍, അംറാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് പരമ്പരാഗതമായി പൊഡാ തുറുപ്പു പശുക്കളെ പരിപാലിക്കുന്നത്. ലംമ്പാടി, യാദവ സമുദായത്തില്‍പ്പെട്ടവരാണ് ഈ കര്‍ഷകരില്‍ ഏറെയും. വെളുപ്പ്, തവിട്ട് നിറങ്ങളിലും വെള്ളയില്‍ തവിട്ട് പുള്ളികളോടെയും,  തവിട്ടില്‍ വെള്ള പുള്ളികളോടെയും പശുക്കളെ കാണാം. കുത്തനെ മുന്നോട്ട് ആഞ്ഞ് അറ്റം അമ്പിന്‍ തുമ്പ് പോലെ കൂര്‍ത്ത കൊമ്പുകളും ബലിഷ്ഠമായ  കുളമ്പുകളും പൊഡാ തുറുപ്പു പശുക്കള്‍ക്കുണ്ട്. മന്നാനൂര്‍ പശുക്കള്‍ എന്നും ഈ പശുക്കള്‍ക്ക് പേരുണ്ട്.  

poda-thuruppu-cattle-1
പൊഡാ തുറുപ്പു പശുക്കള്‍

കായികക്ഷമതയ്ക്കും കരുത്തിനും കേളികേട്ടവരാണ് പൊഡാ തുറുപ്പു പശുക്കള്‍. കൃഷ്ണ നദിയൊക്കെ എളുപ്പത്തില്‍ നീന്തിക്കടക്കും. കര്‍ഷകര്‍ ഇവയെ മുഖ്യമായും ഉപയോഗിക്കുന്നത് നിലമുഴാന്‍ വേണ്ടിയാണ്. ദിവസവും 2 മുതല്‍ 3  ലിറ്റര്‍ വരെ  പാല്‍ ലഭിക്കും. വനത്തില്‍ മേയാനയച്ചാണ് പശുക്കളെ  കര്‍ഷകര്‍ പരിപാലിക്കുന്നത്. പകല്‍ മുഴുവന്‍  വനമേഖലയില്‍ കിലോമീറ്ററുകള്‍ കൂട്ടമായി ഇവര്‍ മേയും. ചുരുങ്ങുന്ന മേച്ചില്‍പ്പുറങ്ങളും, നല്ലമല, അംറാബാദ് വനമേഖലയില്‍ വ്യാപകമായ യുറേനിയം ഖനനവുമെല്ലാമാണ് പൊഡാ തുറുപ്പു പശുക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. മാംസാവശ്യങ്ങള്‍ക്കായും വില്‍പ്പന വ്യാപകമായതും മറ്റൊരു പ്രധാന പ്രശ്നമാണ്. അംറാബാദിലെ പൊഡാ ലക്ഷ്മി ഗോ സംഘമാണ്  സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊഡാ തുറുപ്പു പശുക്കള്‍ക്ക് ബ്രീഡ് പദവിലഭിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് തെലുങ്കാന ജൈവവൈവിധ്യബോര്‍ഡാണ്.  

ബ്രീഡ് റജിസ്റ്ററിനെ പറ്റി

രാജ്യത്തെ വളര്‍ത്തുമൃഗയിനങ്ങളെയും പക്ഷിയിനങ്ങളെയും റജിസ്റ്റര്‍ ചെയ്ത് ജനുസുകളായി പ്രഖ്യാപിക്കുന്നതിനായുള്ള  നോഡല്‍ ഏജന്‍സിയാണ് നാഷണല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്‌സസ് ബ്യൂറോ. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ  (ഐസിഎആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗ ജനിതക വിഭവ ബ്യൂറോയുടെ ആസ്ഥാനം ഹരിയാനയിലെ കര്‍ണാല്‍ ആണ്. ജൈവവൈവിധ്യബോര്‍ഡ്, കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരമന്ത്രാലയം, ഐസിഎആര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍  ഉള്‍പ്പെട്ട ബ്രീഡ് രജിസ്ട്രേഷന്‍ കമ്മിറ്റിയാണ് പുതിയ ജനുസുകള്‍ക്ക് അംഗീകാരം നല്‍കുക. ഈ കമ്മറ്റിയുടെ അംഗീകാരം നേടി ബ്രീഡ് പദവി സ്വന്തമാക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. പ്രസ്തുത ഇനത്തിന്‍റെ ജനിതക-ശാരീരിക പഠനങ്ങള്‍ നടത്തി മറ്റ് തദ്ദേശിയ ഇനങ്ങളില്‍നിന്നുള്ള വൈവിധ്യം കൃത്യമായി തെളിയിക്കപ്പെടേണ്ടതുണ്ട്. 

ബ്രീഡ് പദവി ലഭിക്കുന്നതോടെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടും എന്ന് മാത്രമല്ല ഗവേഷണ-സംരക്ഷണ സഹായങ്ങളും പിന്തുണയും ഏറെ ലഭ്യമാകുകയും ചെയ്യും. ദേശീയ ഗോകുല്‍ മിഷന്‍ അടക്കമുള്ള പദ്ധതികളില്‍ കര്‍ഷകര്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും സഹായങ്ങള്‍ ലഭ്യമാവാനും പ്രസ്തുത ഇനം  ബ്രീഡ് പട്ടികയില്‍ ഇടംപിടിച്ചേ തീരൂ. വെച്ചൂര്‍ പശുക്കള്‍, മലബാറി, അട്ടപ്പാടി ബ്ലാക്ക് ആടുകള്‍, തലശേരി കോഴികള്‍ എന്നീ നാലിനങ്ങള്‍ മാത്രമേ കേരളത്തില്‍നിന്ന് ഇതുവരെ ബ്രീഡ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളൂ. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA