sections
MORE

കാലാവസ്ഥ മാറുന്നു, അരുമകളെ ആക്രമിക്കാനൊരുങ്ങി രോഗാണുക്കൾ, നേരിടാൻ കരുതൽ വേണം

HIGHLIGHTS
  • താപാഘാതത്തില്‍ പ്രഥമശുശ്രൂഷ ഏറെ പ്രധാനം
dog-care
SHARE

അരുമ മൃഗങ്ങളുമായി ബന്ധപ്പെട്ട വ്യവസായം പ്രത്യേകിച്ച് അവരുടെ ഭക്ഷണ ഉല്‍പാദന മേഖല നാള്‍ക്കുനാള്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ നേരിട്ടു കൊണ്ടിരിക്കയാണ്. മാറുന്ന കാലാവസ്ഥയും ഉയരുന്ന താപനിലയുമൊക്കെ ഓമനകളായി വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളേയും, പൂച്ചകളേയും സാരമായി ബാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് ഏല്‍പ്പിക്കുന്ന  നേരിട്ടുള്ള ആഘാതത്തിനൊപ്പം, വർധിച്ചു വരുന്ന രോഗസാധ്യതതയും ഈ മേഖലയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ബാഹ്യപരാദങ്ങളുടേയും കൊതുകുകളുടേയും വര്‍ധന മൂലം അവ പരത്തുന്ന രോഗങ്ങള്‍  ഓമനകളുടെ ആരോഗ്യത്തിന് ഭാവിയിൽ കടുത്ത ഭീഷണിയാകും.

ആഗോള താപനം ശാരീരിക മാറ്റങ്ങളെന്തൊക്കെ? നേരിടുമോ അരുമകൾ?

ജീവന്റെ നിലനില്‍പിന് കോശങ്ങളില്‍ രാസപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കേണ്ടതുണ്ട്. ഉത്തമവും, നിശ്ചിതമായ പരിധിയില്‍ ശരീരതാപനില നിലനിര്‍ത്താനുളള സ്വാഭാവിക കഴിവ് സസ്തനികളുടെ ശരീരത്തിനുണ്ട്. തികച്ചും സങ്കീര്‍ണ്ണമായ സംവിധാനമാണിത്. നായ്ക്കളിലും പൂച്ചകളിലും (എല്ലാ സസ്തനികളിലും) ഈ സംവിധാനം ശരീരത്തിന്റെ ആന്തരസംസ്ഥിതി (homeostasis) നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ നിരവധി വ്യവസ്ഥകളാണ് വിജകരമായി പ്രവര്‍ത്തിച്ച് ഈ പ്രക്രിയയെ നിലനിലനിര്‍ത്തുന്നത്. ശ്വസന, ഹൃദയ-രക്തധമനികള്‍, അന്തഃസ്രാവീഗ്രന്ഥികള്‍, നാഡീവ്യൂഹം, മൂത്രാശയം, ചര്‍മ്മം തുടങ്ങി ചര്‍മ്മത്തിലെ രോമത്തിന്റെ അളവും തരവും വരെ ശരീരതാപനിലയെ നിശ്ചിത പരിധിയില്‍ നിലനിര്‍ത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനം മുതിര്‍ന്നവരില്‍ അതിസമര്‍ത്ഥമായി പ്രവര്‍ത്തനനിരതമാകുമ്പോള്‍ കുഞ്ഞുങ്ങളിലും, വയസായവരിലും അല്‍പം പിറകിലായിരിക്കുമെന്ന് ഓര്‍ക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടു തന്നെ ഉയര്‍ന്ന താപനിലയുമായി സാവധാനം താദാത്മ്യം പ്രാപിക്കാനുള്ള കഴിവും (acclimatisation) ഇവര്‍ക്കുണ്ട്. പക്ഷേ, മാറ്റങ്ങള്‍ പടിപടിയായിരിക്കണമെന്നുമാത്രം. ഇത്തരം അനുരൂപീകരണത്തിനുള്ള സമയം സാധാരണയായി 10-60 ദിവസം ആയിരിക്കും.

അന്തരീക്ഷ താപനില ഉയരുമ്പോള്‍ മൃഗങ്ങളുടെ ശരീരോഷ്മാവ് വർധിക്കുന്നു. ഇത്തരം താപവ്യതിയാനങ്ങള്‍ക്കനുസരിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ശരീര ഊഷ്മാവിനെ സ്വാഭാവിക നിലയില്‍ നിലനിര്‍ത്താന്‍ ശരീരം ശ്രമിക്കുന്നു. അന്തരീക്ഷ താപനില ശരീരതാപനിലയുടെ നിശ്ചിതപരിധിയുടെ മുകളിലേക്കുയരുമ്പോള്‍ തലച്ചോറിലെ ഹൈപ്പോതലാമസിലുള്ള താപമാപിനികളായ നാഡീകോശങ്ങള്‍ പ്രതികരിക്കുകയും ശരീരവ്യവസ്ഥകളെ (താപക്രമീകരണത്തില്‍ പങ്കുവഹിക്കുന്ന) ഉത്തേജിപ്പിക്കുകയും ശരീരോഷ്മാവിനെ നിശ്ചിത പരിധിയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ ശരീരം താരതമ്യേന ചൂട് കുറഞ്ഞ അല്ലെങ്കില്‍ തണുപ്പുള്ള പ്രതലങ്ങളുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ ചൂട് ആ പ്രതലത്തിലേക്ക് താപവാഹനം വഴി കൈമാറ്റം ചെയ്യപ്പെടുന്നു. ഉയര്‍ന്ന ശരീരതാപനിലയിലുള്ള മൃഗങ്ങളെ തണുത്ത സ്റ്റീല്‍ മേശയില്‍ കിടത്തുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. മൃഗങ്ങളുടെ ശരീര പ്രതലത്തിലൂടെ വായുകടന്നുപോകുമ്പോഴാണ് താപസംവഹനം വഴി ചൂട് നഷ്ടപ്പെടുന്നത്. ഫാന്‍, നല്ലകാറ്റുള്ള സ്ഥലം എന്നിവയൊക്കെ ഇതിനെ സഹായിക്കുന്നു. പ്രസരണമെന്ന സ്വാഭാവിക പ്രതിഭാസത്തിലൂടെയും ശരീരം ചൂട് ചുറ്റുപാടിലേക്ക് തള്ളുന്നു. ജലം നീരാവിയാകുന്നതാണ് ബാഷ്പീകരണം. അന്തരീക്ഷ താപനില 32 ഡിഗ്രിക്കു മുകളില്‍ ഉയര്‍ന്നാല്‍ ബാഷ്പീകരണമാണ് ശരീരതാപനില നിലനിര്‍ത്താനുള്ള പ്രധാന മാര്‍ഗം.

ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളില്‍നിന്ന് ചൂട് താപസംവഹനം വഴി ശരീരത്തിന്റെ ഉപരിതലത്തിലേക്ക് എത്തിക്കാനായി ഹൃദയ രക്തധമനികള്‍ പ്രവര്‍ത്തനനിരതമാകുന്നു. വ്യായാമത്തിന്റെ നേരത്തും ചൂടു കൂടി നില്‍ക്കുന്ന സമയത്തും ശരീര ചര്‍മ്മത്തിലെ രക്തധമനികള്‍ വികസിക്കുകയും ചൂട് ശരീരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്ന് ഉപരിതലത്തിലെത്തുകയും ചെയ്യുന്നു. ഇതിനൊപ്പം നടക്കുന്ന വിയര്‍പ്പുല്‍പാദനവും ബാഷ്പീകരണവും ശരീരതാപം കുറയ്ക്കാന്‍ സഹായിക്കുന്നു. നായ്ക്കളില്‍ രക്തധമിനികളുടെ വികാസം നാവിലും, രോമരഹിതമായ ചെവിയുടെ രോമരഹിത ഭാഗങ്ങളിലുമായി പരിമിതപ്പെട്ടിരിക്കുന്നു. മറ്റു ഭാഗങ്ങളിലെ കനത്ത രോമാവരണം മേല്‍പറഞ്ഞ പ്രക്രിയകളുടെ കാര്യക്ഷമത പരിമിതപ്പെടുത്തുന്നു. മാത്രമല്ല നായ്ക്കളില്‍ പരിമിതമായ എണ്ണം വിയര്‍പ്പുഗ്രന്ഥികള്‍ കാല്‍പ്പാദങ്ങളില്‍ മാത്രമാണുള്ളത്. ശരീരത്തിന്റെ പുറംഭാഗങ്ങളിലേക്ക് രക്തപ്രവാഹം കൂടുമ്പോള്‍ ആന്തരികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. വിയര്‍ക്കാത്ത നായ്ക്കള്‍ക്ക് ബാഷ്പീകരണം വഴിയുള്ള താപനഷ്ടം സംഭവിക്കുന്നത് വായിലെയും, ശ്വസനനാളിയുടെ മുന്‍ഭാഗത്തേയും ശ്ലേഷ്മ പാലത്തിലൂടെയാണ്. പക്ഷേ കാല്‍പാദത്തില്‍ നിന്നോ മൂക്ക്, വായ, നാവ് തുടങ്ങിയ ഭാഗങ്ങളിലുള്ള സ്രവങ്ങള്‍, വിയര്‍പ്പ് പ്രസ്തുത ഭാഗങ്ങളെ ജലാംശമുള്ളതാക്കാനും സംരക്ഷണം നല്‍കാനുമുള്ളതാണ്. ഇവയുടെ ബാഷ്പീകരണം രക്തതാപനിലയെ കുറയ്ക്കാന്‍ പര്യാപ്തവുമല്ല, ഇതിനൊപ്പം ശക്തമായി അണയ്ക്കുക  കൂടി ചെയ്താണ് ഒരുപരിധിവരെ  നായ്ക്കൾ താപനിലനിയന്ത്രണം നടത്തുന്നത്.

dog-care-1

ശരീരത്തിന്റെ ആവശ്യമറിഞ്ഞ് കിതപ്പിന്റെ രീതിയിലും മാറ്റം വരും. ശ്വസിക്കുമ്പോള്‍ വായു ഉള്ളിലേക്കും, പുറത്തേക്കും വിടുന്നത് ആദ്യം മൂക്കിലൂടെയായിരിക്കും. അതും കൂടിയ നിരക്കില്‍. പിന്നീട് മൂക്കിലൂടെ വായു ഉള്ളിലേക്കെടുക്കുകയും, നിശ്വാസം മൂക്കിലും, ഉച്വാസം വായിലൂടേയും ആയിരിക്കും. അവസാനം ഉച്ഛനിശ്വാസങ്ങള്‍ വായും മൂക്കും ഉപയോഗിച്ചാവുകയും നാവ് ആവശ്യത്തിനനുസരിച്ച് പുറത്തേക്കിടുകയും ചെയ്യുന്നു. ആരോഗ്യമുള്ള നിര്‍ജ്ജലീകരണം സംഭവിക്കാത്ത നായ്ക്കളില്‍ ഈ പ്രവര്‍ത്തനം താപനില ക്രമീകരിക്കുവാന്‍ സഹായിക്കുന്നു. 

‌അപകടത്തിലേക്ക്

അണപ്പിന്റെ ശക്തി കൂടുന്നതോടെ കൂടുതല്‍ ഊര്‍ജ്ജവ്യയവും ജലനഷ്ടവുമുണ്ടാകുന്നു. താപാഘാതത്തിനുമുമ്പ് തന്നെ നിര്‍ജ്ജലീകരണം സംഭവിച്ച നായ്ക്കളില്‍ മേല്‍പറഞ്ഞ പല പ്രവര്‍ത്തനങ്ങളും പരാജയമായിരിക്കും. ഉയര്‍ന്ന ഊഷ്മാവിനൊപ്പം അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രത കൂടിയാല്‍ ബാഷ്പീകരണം തടസ്സപ്പെടുകയും താപക്രമീകരണ   സംവിധാനം അവതാളത്തിലാവുകയും ചെയ്യുന്നു. 

ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവിനോടും, ആര്‍ദ്രതയോടും താദാത്മ്യം പ്രാപിക്കാത്ത അരുമ മൃഗങ്ങള്‍ ദീര്‍ഘസമയത്തേക്ക് ഉയര്‍ന്ന താപനിലയില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ നിര്‍ജ്ജലീകരണവും തല്‍ഫലമായി രക്തധമനികള്‍ ചുരുങ്ങുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറയുകയും ചെയ്യുന്നു. കോശങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുകയും അവയുടെ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം രക്തം കലര്‍ന്ന വയറിളക്കം, വ്യാപകമായി ധമനികളില്‍ രക്തം കട്ടപിടിക്കല്‍, ഹൃദയതാളത്തില്‍ വ്യതിയാനം, വൃക്കകളുടെ പ്രവര്‍ത്തന തടസം എന്നിവയുണ്ടാകുന്നു. വൃക്കകളുടെ പരാജയമാണ് താപാഘാതത്തിന്റെ പ്രധാന പരിണിതഫലം. രക്തസമ്മര്‍ദ്ദം കുറയുക, അസിഡോസിസ്, നേരിട്ട് താപം ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ മാറ്റങ്ങള്‍ എന്നിവയും ഉണ്ടാകുന്നു. ശരീരവ്യവസ്ഥകളും, കോശപ്രര്‍ത്തനങ്ങളും, കോശജാലങ്ങളും ക്ഷയിച്ചു തുടങ്ങുന്നു. അപകടകരമായ വിഷമവൃത്തത്തിന്റെ ആരംഭം കുറിക്കപ്പെടുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. 

തേടണം വെറ്ററിനറി സഹായം

നീണ്ട സമയത്തേക്ക് ചൂടുള്ള അവസ്ഥ തുടര്‍ന്നാല്‍ അരുമമൃഗങ്ങളില്‍ വ്യക്തമായ ലക്ഷണങ്ങളുടെ അഭാവത്തില്‍ പോലും വെറ്ററിനറി പരിശോധന നടത്തണം. ലക്ഷണങ്ങള്‍ കണ്ടാല്‍ അതിദ്രുതമായ ചികിത്സ നടത്തേണ്ടതും ആവശ്യമാണ്.

ഉന്മേഷക്കുറവ്, ബലക്ഷയം, ഉടമയുടെ ആജ്ഞകളോടുള്ള തണുപ്പന്‍ പ്രതികരണം എന്നിവയില്‍ തുടങ്ങി ദ്രുതഗതിയിലുള്ള അണപ്പ്, ഉമിനീരൊലിപ്പ് തുടര്‍ച്ചയായ കുര, നീലനിറം പ്രാപിക്കുന്ന നാവ്, പനി, ഉയര്‍ന്ന ഹൃദയസ്പന്ദനം, വരണ്ട ശ്ലേഷ്മ സ്തരങ്ങള്‍, ദുര്‍ബലമായ താളം തെറ്റിയ നാഡിസ്പന്ദനം, നടക്കാനുള്ള ബുദ്ധിമുട്ട്, അന്ധത, കോച്ചിപ്പിടുത്തം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ പലതും കാണപ്പെടുന്നു. ചെറിയ നാസാരാന്ധ്രങ്ങളുള്ള ഷിവാവ, പിറ്റ്ബുള്‍, പഗ്, പരന്ന മുഖമുള്ള ബോക്‌സര്‍ എന്നീ ഇനങ്ങള്‍, ഇളം നിറത്തിലോ, പിങ്ക് നിറത്തിലോ, മൂക്കുള്ളവ, നീളം തീരെ കുറഞ്ഞ രോമങ്ങളുള്ളവ എന്നിവയെ സൂര്യാതാപം എളുപ്പത്തില്‍ കീഴടക്കും. ചര്‍മ്മത്തില്‍ ചെറിയ ചുവന്ന രക്തസ്രാവപ്പൊട്ടുകള്‍ കാണപ്പെടാം. ഇക്ത പരിശോധനയില്‍ പിസിവി മൊത്തം ഖരപദാര്‍ത്ഥങ്ങള്‍ ബിലിറൂബിന്‍, BUN, ക്രിയാറ്റിനിന്‍ എന്നിവയില്‍ വ്യത്യാസം കാണാം. 

പ്രശ്നം വഷളാകുന്നത്

ഓമന മൃഗങ്ങളെ എളുപ്പം താപാഘാതത്തിന് കീഴടങ്ങാൻ ആന്തരികവും ബാഹ്യവുമായ കാരണങ്ങളുണ്ട്. കാലാവസ്ഥ അനുരൂപണമില്ലായ്മ, മുഴുവന്‍ സമയം കെട്ടിയിട്ട് വളര്‍ത്തുക, വായുസഞ്ചാരമില്ലായ്മ, ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത, ആവശ്യത്തിനുള്ള കുടിവെള്ളം കിട്ടാതിരിക്കുക തുടങ്ങിയ കാരണങ്ങൾ പ്രശ്നം വഷളാക്കുന്നു.

ഇവർക്കു വേണം പ്രത്യേക ശ്രദ്ധ

ബ്രാക്കിസിഫാലിക് സ്വഭാവം, പൊണ്ണത്തടി, ഹൃദയസംബന്ധമായ അസുഖം, നാഡിവ്യൂഹസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവർ, പ്രായമായവര്‍, കുഞ്ഞുങ്ങള്‍ ഇവരൊക്കെ താപാഘാതത്തിന് കൂടുതല്‍ സാധ്യതയുള്ളവരാണ്. കൂടുതല്‍ രോമങ്ങളുള്ള, ഇരുണ്ട നിറമുള്ളവര്‍ക്കും കൂടുതല്‍ പ്രശ്‌നമുണ്ടാകും. തണുപ്പു കാലത്ത് സംരക്ഷണം ചെയ്യുന്ന രോമാവരണം വേനല്‍ക്കാലത്തും ചെറിയ സഹായങ്ങള്‍ ചെയ്യുന്നു. അധികതാപം ശരീരത്തില്‍ ഏല്‍ക്കാതെ കാക്കുകയും, സൂര്യകിരണങ്ങള്‍ നേരിട്ടേല്‍ക്കുന്നതു മൂലമുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍, നിര്‍ജ്ജലീകരണം, ഈച്ചശല്യം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ വേനല്‍ക്കാലത്ത് രോമം ഷേവു ചെയ്യുന്നതോ അമിതമായി മുറിച്ചു കളയുന്നതോ നല്ലതല്ല. കനം കൂടിയ അടിയിലുള്ള രോമാവരണത്തേക്കാള്‍ പുറമെയുള്ള രോമാവരണമാണ് ചൂടുകാലത്ത് പ്രയോജനപ്പെടുക. വേനലില്‍ രോമം പൊഴിയുന്നത് ഒരു പരിധിവരെ ചൂടില്‍ നിന്നും സംരക്ഷണം നല്‍കുന്നു. നല്ല വായുസഞ്ചാരവും, കുളിക്കുന്നതും, ഫാന്‍ നല്‍കുന്നതുമൊക്കെ താപസംവഹനത്തിന് സഹായിക്കുന്നു. 

ഇവർക്കാവില്ല  അധികം ചൂടു താങ്ങാൻ

പതിഞ്ഞ മുഖമുള്ള ബ്രാക്കിസിഫാലിക് ജനുസുകളില്‍ (ഉദാഹരണം പഗ്, ബോക്‌സര്‍) താപനിയന്ത്രണം ബുദ്ധിമുട്ടായിരിക്കും. 

dog-care-2

കാലാവസ്ഥാമാറ്റം... മുന്നേ ഒരുങ്ങി രോഗവാഹകർ... നമ്മളോ?

കാലാവസ്ഥാവ്യതിയാനം മൂലം ചെള്ള്, പട്ടുണ്ണി തുടങ്ങിയവയുടെ വലിപ്പത്തില്‍ കുറവുണ്ടാവുകയും, എണ്ണത്തില്‍ കൂടുകയും, തീറ്റക്കാര്യത്തില്‍ മുന്നിലാവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഹാര്‍ട്ട്‌വേം പോലെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകുകളും പെരുകുന്നു. അതിനാല്‍ ഇത്തരം ബാഹ്യപരാദങ്ങള്‍ പരത്തുന്ന രോഗങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി നായ്ക്കളില്‍ കൂടുതലായി കണ്ടുവരുന്നു. റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ്, ഇത്തരം രോഗങ്ങള്‍ക്കെതിരെ നായ്ക്കളിലും, പൂച്ചകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. 

താപാഘാതത്തില്‍ പ്രഥമശുശ്രൂഷ ഏറെ പ്രധാനം

വേനല്‍ക്കാലത്ത് താപാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മൃഗത്തെ ചൂടുള്ള ഇടത്തുനിന്നും തണുത്ത സ്ഥലത്തേക്ക് മാറ്റണം. വീടിനുള്ളില്‍ അധിക സമയവും ചിലവഴിക്കുന്ന പൂച്ചകളേക്കാള്‍ നായ്ക്കളാകും താപാഘാതത്തിന്റെ ഇരകള്‍. തല ഉയര്‍ത്തിപ്പിടിച്ച്, കഴുത്തുവരെയുള്ള ഭാഗം വെള്ളത്തില്‍ മുക്കുക, ശരീരം നനയ്ക്കുക, തണുത്ത തുണികൊണ്ട് ശരീരം പൊതിയുക, പിന്‍കഴുത്തിലും പിന്‍കാലുകളിലും നനഞ്ഞ തുണി വയ്ക്കുന്നതുമൊക്കെ നല്ലതാണ്. തണുത്ത ശുദ്ധജലം കുടിക്കാന്‍ നല്‍കുക, തനിയെ കുടിക്കുന്നില്ലെങ്കില്‍ തുള്ളി തുള്ളിയായി നാവ് നനയ്ക്കുക. ബലം പ്രയോഗിച്ച് വെള്ളം കുടിപ്പിച്ചാല്‍ ശ്വാസകോശത്തില്‍ പ്രവേശിച്ച് പ്രശ്‌നമുണ്ടാകാം. ഐസ്‌കട്ട കൊടുത്താല്‍ പെട്ടെന്ന് താപനില കുറഞ്ഞ് പ്രശ്‌നമാകാം. കാലുകള്‍ തിരുമ്മിക്കൊടുത്ത് രക്തയോട്ടം കൂട്ടാം. ചൂട് കുറയ്ക്കാന്‍ ആസ്പിരിന്‍ ഗുളികയും മറ്റും കൊടുക്കരുത്. 

വേനലിൽ കരുതൽ

വേനല്‍ക്കാലത്തിനു മുമ്പ് വൈദ്യപരിശോധനയും, ബാഹ്യ, ആന്തര്‍ പരാദങ്ങള്‍ക്കെതിരെയുള്ള മരുന്നും നല്‍കണം. വേനല്‍ക്കാലത്ത് അധിക വ്യായാമം വേണ്ട. ഫാനുകള്‍ നല്‍കാം, നീന്താനും കുളിക്കാനും സൗകര്യം നല്‍കാം. തണലുള്ള സ്ഥലത്ത് കൂടുകള്‍ പണിയുകയും എപ്പോഴും ശുദ്ധജലം ലഭിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യുക. ഈര്‍പ്പമുള്ള മണല്‍ നിറച്ച് പെട്ടികള്‍ ഇരിക്കാനും നില്‍ക്കാനുമായി നല്‍കാം. ദിവസേന ബ്രഷ് ചെയ്യുക. അധിക നീളമുള്ള രോമങ്ങള്‍ മുറിക്കുക. സൂര്യപ്രകാശം പെട്ടെന്ന് പതിക്കുന്ന സ്ഥലങ്ങളില്‍ സിങ്ക് ഓക്‌സൈഡ് ചേര്‍ക്കാത്ത സണ്‍ക്രീമുകള്‍ പുരട്ടുക. വേനല്‍ക്കാലത്ത് ഉച്ചഭക്ഷണം ഒഴിവാക്കി രാവിലെയും വൈകുന്നേരവും ഭക്ഷണം നല്‍കുക. കൊഴുപ്പ് കുറഞ്ഞ ജലാംശം കൂടിയ ഭക്ഷണം പാകം ചെയ്ത ഉടനെ നല്‍കുക. തൊലിയോടെ വേവിച്ച് ഉടച്ച് നല്‍കുക. മധുരക്കിഴ് ധാരാളം ബീറ്റാ-കരോട്ടിന്‍ നല്‍കും. ആയതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക തണുത്ത വെള്ളം ധാരാളം നല്‍കുക. വെള്ളത്തില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ധാതുലവണ നഷ്ടം കുറയ്ക്കാം. നായ്ക്കുട്ടികള്‍ക്ക് ഏത്തപ്പഴം, നുറുക്കി വേവിച്ച മാംസം, മുറിച്ച കാരറ്റ്, ആപ്പിള്‍ എന്നിവ തണുപ്പിച്ച് നല്‍കാം. വേവിച്ച കോഴിയിറച്ചിയോ, ബീഫോ, ഐസ്‌ക്യൂബ് ട്രേയില്‍ വച്ച് തണുപ്പിച്ച് നല്‍കാം. നേന്ത്രപ്പഴം, കാരറ്റ്, ആപ്പിള്‍, ഇഷ്ടപ്പെട്ട മറ്റു പഴങ്ങള്‍, യോഗര്‍ട്ട് എന്നിവ ചേര്‍ത്തുണ്ടാക്കിയ ഐസ്‌ക്രീമുകള്‍ നല്‍കി ചൂട് കുറയ്ക്കാം. സവോള, വെളുത്തുള്ളി, മുന്തിരി, കശുവണ്ടി എന്നിവ ഒഴിവാക്കണം. 

കാലാവസ്ഥാമാറ്റത്തിന്റെ പരിണിതഫലങ്ങളെ ഫലപ്രദമായി നേരിടാൻ അരുമൃഗങ്ങളുമായി ബന്ധപ്പെട്ട വ്യവസായവും ഒരുക്കങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA