ADVERTISEMENT

മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കുടുംബശ്രീ എന്നിവ സംയുക്തമായാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ബ്രീഡർ ഫാമുകളിൽനിന്നു വിരിഞ്ഞിറങ്ങിയ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് തിരഞ്ഞെടുത്ത കർഷകർക്കു നൽകുന്നത്. ഒരു യൂണിറ്റിൽ 1000 കുഞ്ഞുങ്ങൾ ഉൾപ്പെടും. 40–45 ദിവസം പ്രായമായ ഇറച്ചിക്കോഴികളെ വിവിധ യൂണിറ്റുകളിൽനിന്ന് തിരികെയെടുത്ത് സംസ്കരണ പ്ലാന്റിൽ സംസ്കരിച്ച് വിവിധ ഏജൻസികളിലൂടെ വിറ്റഴിക്കുകയാണ് പദ്ധതിയെന്ന് വനം–മൃഗസംരക്ഷണ–മൃഗശാല വകുപ്പു മന്ത്രി കെ. രാജു കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ കേരള ചിക്കൻ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്തെന്നുള്ള എം. സ്വരാജിന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

ബ്രോയിലർ ഇറച്ചി വിപണിയിൽ 5 ശതമാനം വിപണിവിഹിതം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കേരള ചിക്കൻ പദ്ധതി ആവിഷ്കരിച്ചത്. ഒന്നാം വർഷം 650 പുതിയ ബ്രോയിലർ ഫാമുകൾ തുടങ്ങുകയാണ് പദ്ധതി ലക്ഷ്യം. ഇതിലൂടെ 19.5 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയും. ഇങ്ങനെ വളർത്തുന്ന കോഴികളിൽനിന്ന് 2730 ടൺ ഇറച്ചി ശാസ്ത്രീയമായ പരിശോധനകൾക്കുശേഷം കേരള ചിക്കൻ എന്ന ലേബലിൽ വിപണിയിൽ ഇറക്കാനാണ് തീരുമാനം. ഒപ്പം മാലിന്യം ശാസ്ത്രീയമായ സംസ്കരിക്കുക എന്നതും കേരള ചിക്കന്റെ പദ്ധതിയിൽ ഉൾപ്പെടും. 

അടുത്ത വർഷം ബ്രോയിൽ ചിക്കൻ വിപണിയുടെ 20 ശതമാനം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇതിനായി അടുത്ത വർഷം 1950 ഫാമുകൾ തുടങ്ങും. ഓരോ ഫാമിലും 1000 കോഴികൾ വീതമായിരിക്കും ഉണ്ടാവുക. ഇതിലൂടെ കോഴിയിറച്ചി ഉൽപാദനം 25,480 ടൺ ആയി ഉയർത്താനാണ് തീരുമാനം. ഒപ്പം മാലിന്യം സംസ്കരിക്കാൻ റെൻഡറിങ് പ്ലാന്റുകളും കേരള ചിക്കൻ ഷോപ്പി എന്ന പേരിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും തുടങ്ങാനും പദ്ധതിയുണ്ട്. 

ബ്രഹ്മഗിരിയുടെയും ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിയുടെയും കൂട്ട ഉടമസ്ഥതയിൽ സർക്കാർ സഹായത്തോടെ 50,000 കോഴികളുള്ള ബ്രീഡർ ഫാം അട്ടപ്പാടയിൽ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. 

ബ്രീഡർ ഫാമുകളിലെ ഒരു ദിവസം പ്രായം മുതൽ ഇറച്ചിക്കായി ഉപയോഗിക്കുന്നതുവരെയുള്ള കാലയളവിൽ കോഴികൾ മൃഗസംരക്ഷണവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി ഒരു സോഫ്റ്റ്‌വേർ തയാറാക്കാനും സർക്കാരിന് പദ്ധതിയുണ്ട്. ഇതുവഴി കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായ ഹാച്ചറിയും ഏതു ഫാമിൽ വളർന്നു എന്നുമുള്ള വിവരങ്ങൾ ഉപഭോക്താവിന് മനസിലാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

കേരള ചിക്കൻ പദ്ധതി പൂർണമായും സജ്ജമാകാൻ രണ്ടു വർഷമെടുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com