ADVERTISEMENT

റാബീസ് വൈറസ് ബാധയേറ്റ ജീവികളുടെ കടിയേറ്റാല്‍ മനുഷ്യരെ മാത്രമല്ല നായ, പൂച്ച, പശു, ആട്, എരുമ, പന്നി, കുതിര  തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും പേവിഷരോഗം ബാധിക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം ഇരുനൂറിലധികം പശുക്കളുള്‍പ്പെടെ ആയിരത്തോളം  വളര്‍ത്തുമൃഗങ്ങള്‍ പേവിഷബാധയേറ്റ്  മരണപ്പെടുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റാല്‍

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാല്‍ പോറലേറ്റ ഭാഗം  സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ പതിനഞ്ച് മിനിറ്റോളം സമയമെടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം.  ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിനുമുണ്ട്. ശേഷം തുടര്‍ച്ചയായി അഞ്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ കടിയേറ്റതിന്‍റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. കടിയേറ്റ ദിവസം ചെയ്യുന്ന പ്രതിരോധകുത്തിവയ്പ്പാണ് 0 ദിവസത്തെ കുത്തിവയ്പ്. പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി കൃത്യമായി എടുത്തിട്ടുള്ള  നായ, പൂച്ച പോലുള്ള മൃഗങ്ങള്‍ക്കാണ് കടിയേറ്റതെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതിയാകും. 

റാബീസ് വൈറസുകള്‍ മുറിവില്‍നിന്നും നാഡികള്‍ വഴി സഞ്ചരിച്ച് തലച്ചോറിലെത്തിയാണ് രോഗമുണ്ടാക്കുന്നത് എന്നറിയാമല്ലോ. കഴുത്തിന‌ു  മുകളില്‍ കടിയേറ്റാല്‍ മുറിവില്‍നിന്നും വൈറസുകള്‍ വളരെ വേഗത്തില്‍ തലച്ചോറിലെത്തി രോഗമുണ്ടാക്കും. പശുക്കള്‍ക്കും ആടുകള്‍ക്കുമെല്ലാം കഴുത്തിന് മുകളില്‍ കടിയേല്‍ക്കാനാണ് കൂടുതല്‍ സാധ്യതയെന്നതിനാല്‍ പ്രത്യേകം ജാഗ്രത വേണം. 

പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാല്‍ അറിയാതെ കുടിച്ച് പോയെന്ന് കരുതി പരിഭ്രാന്തരാവേണ്ടതില്ല. പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ തന്നെയും ചൂടാക്കുമ്പോള്‍ സെക്കൻഡുകള്‍ക്കുള്ളില്‍ നശിക്കും. 60 ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കിയാല്‍  10 സെക്കൻഡിനുള്ളില്‍ വൈറസുകള്‍ നശിച്ചുപോകും. പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാല്‍ ചൂടാക്കാതെ കറന്നെടുത്ത ഉടന്‍ നേരിട്ടാണ് കുടിച്ചതെങ്കില്‍ പ്രതിരോധകുത്തിവയ്പ്പുകള്‍ ആവശ്യമാണന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

പ്രതിരോധകുത്തിവയ്പ്പിന്‍റെ പ്രാധാന്യം

പേവിഷബാധയ്ക്കെതിരായ പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂറായി കൃത്യമായി എടുത്ത വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ രോഗാണുവിനെതിരെ അവയുടെ ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാവും.  കടിയേറ്റതിനു ശേഷം വീണ്ടും ബൂസ്റ്റര്‍ കുത്തിവയ്പ് എടുക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയുടെ ശരീരത്തില്‍  ശക്തമായ പ്രതിരോധശേഷി രൂപപ്പെടുകയും രോഗാണുവിനെ പ്രതിരോധിക്കുകയും ചെയ്യും. മുന്‍കൂട്ടി കുത്തിവയ്പ്പുകള്‍ എടുക്കാതെ കടിയേറ്റതിനു ശേഷം മാത്രമാണ് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കുന്നതെങ്കില്‍ പ്രതിരോധശേഷി രൂപപ്പെടാന്‍  സമയമെടുക്കും. 

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്നു മാസം  (12 – 16 ആഴ്ച) പ്രായമെത്തുമ്പോള്‍  ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം.  പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം (16–18 ആഴ്ച) ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം. 

മൂന്ന് മാസത്തിലും ചെറിയപ്രായത്തില്‍ പ്രതിരോധ വാക്സിന്‍ നല്‍കിയാല്‍ ആവശ്യമായ പ്രതിരോധശേഷി  കുഞ്ഞുങ്ങളുടെ  ശരീരത്തില്‍ രൂപപ്പെടില്ല. പ്രതിരോധശേഷി രൂപപ്പെടാന്‍  വേണ്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെറിയപ്രായത്തില്‍ നടക്കാത്തതാണ് മുഖ്യകാരണം. പേവിഷബാധ പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത അമ്മയില്‍നിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്‍റിബോഡികള്‍ ആദ്യ മൂന്ന് മാസം വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍നിന്ന് സംരക്ഷിക്കും.

പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ പ്രതിരോധ കുത്തിവയ്പുകള്‍  നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ്  ആന്തരപരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍  നല്‍കാന്‍ വിട്ടുപോവരുത്. പ്രതിരോധ കുത്തിവയ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍  പ്രതിരോധശേഷി  രൂപപ്പെടും. പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പുകള്‍  എടുത്ത നായ്ക്കളില്‍  ബാഹ്യലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും  ഉമിനീരില്‍ വൈറസ് ഉണ്ടാവാനിടയുണ്ടെന്ന ആശങ്ക  ചിലര്‍ക്കെങ്കിലുമുണ്ട്. ഈ ആശങ്കകള്‍ അസ്ഥാനത്താണ്. രോഗാണുബാധയേറ്റാല്‍  മരണം തീര്‍ച്ചയായതിനാല്‍ ഒരു ജീവിയ്ക്കും പേവിഷബാധ വൈറസിന്‍റെ  നിത്യവാഹകരാവാന്‍ കഴിയില്ല എന്നതാണ് ശാസ്ത്രം . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com